UPDATES

ബീഫ് രാഷ്ട്രീയം

പശുവിന്റെ പേരില്‍ മനുഷ്യക്കുരുതി; ഇരകള്‍ ഭൂരിപക്ഷവും മുസ്ലിങ്ങള്‍

മോദി പ്രധാനമന്ത്രിയായശേഷമാണ് 97 ശതമാനം ആക്രമണങ്ങളും നടന്നത്

2010നും 2017നും ഇടയില്‍ പശുകേന്ദ്രീകൃതമായി നടന്ന ആക്രമണങ്ങളിലെ ഇരകളില്‍ 51 ശതമാനവും മുസ്ലിങ്ങളാണെന്ന് വാര്‍ത്തകളെ അധിഷ്ടിതമാക്കി ഇന്ത്യസ്‌പെന്റ്.കോം നടത്തിയ അവലോകനത്തില്‍ വ്യക്തമാകുന്നു. 63 ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 28 ഇന്ത്യക്കാരില്‍ 86 ശതമാനവും മുസ്ലിങ്ങളാണ്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് ഇതില്‍ 97 ശതമാനം ആക്രമണങ്ങളും നടന്നത്. 63 കേസുകളില്‍ പകുതിയോളം അതായത് ഏകദേശം 32 എണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത് എന്നും പഠനം വ്യക്തമാക്കുന്നു. 2017 ജൂണ്‍ 27 വരെ ഇംഗ്ലീഷ് വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് അവലോകനത്തിന് വിധേയമാക്കിയത്.

മരിച്ച 28 പേരില്‍ 24 പേരും മുസ്ലിങ്ങളാണ്. 124 പേര്‍ക്കാണ് ഇത്തരം ആക്രമണങ്ങളില്‍ പരിക്കേറ്റത്. ആക്രമണങ്ങളില്‍ എട്ട് ശതമാനം ദളിതര്‍ക്കെതിരെയും 4.8 ശതമാനം സിഖുകാര്‍ക്കെതിരെയും ആയിരുന്നു. 20.6 ശതമാനം കേസുകളില്‍ ഇരകളുടെ ജാതി വ്യക്തമല്ല. ഹിന്ദുക്കള്‍ക്കെതിരെ 14.3 ശതമാനമാണ് ആക്രമണമെങ്കിലും ഇവരുടെ ജാതി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ആക്രമണങ്ങളില്‍ പകുതിയില്‍ അധികവും കിംവദന്തികളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ ശേഖരിക്കുന്ന കുറ്റകൃത്യ വിവരങ്ങളില്‍ പൊതുകലാപങ്ങളും പശുകേന്ദ്രീകൃത ആക്രമണങ്ങളും തല്ലിക്കൊല്ലലും തമ്മില്‍ വേര്‍തിരിക്കാറില്ല. അതിനാല്‍ തന്നെ ഇത് രാജ്യത്ത് ആദ്യമായി നടക്കുന്ന കണക്കെടുപ്പാണെന്നും വിലയിരുത്തപ്പെടുന്നു.

2017 ന്റെ ആദ്യത്തെ ആറുമാസത്തിനുള്ളില്‍ മാത്രം 20 പശുകേന്ദ്രീകൃത ഭീകരാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2010ന് ശേഷം ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്ന 2016നെ അപേക്ഷിച്ച് 75 ശതമാനം വര്‍ദ്ധനയാണ് ആക്രമണങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍, സ്വയം പ്രഖ്യാപിത നിരീക്ഷകര്‍ നടത്തുന്ന അതിക്രമങ്ങള്‍, കൊലപാതകവും കൊലപാതക ശ്രമവും, അവഹേളനം, മര്‍ദ്ദനം, കൂട്ടബലാല്‍സംഗം എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് സംഭവങ്ങളില്‍ ഇരകളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചപ്പോള്‍, മറ്റ് രണ്ട് സംഭവങ്ങൡ ഇരകളെ തൂക്കിലേറ്റുകയായിരുന്നു.

ഗോതങ്കവാദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്രമണ പരമ്പര ഇന്ത്യയിലെ 29ല്‍ 19 സംസ്ഥാനങ്ങളിലും അരങ്ങേറിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് (10), ബരിയാന (9), ഗുജറാത്ത് (6), മധ്യപ്രദേശ് (4), ഡല്‍ഹി (4), രാജസ്ഥാന്‍ (4) എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. 63ല്‍ 13 എണ്ണമാണ് ഒഡിഷയും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള തെക്ക്, കിഴക്ക് സംസ്ഥാനങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. ഇതില്‍ 13 എണ്ണവും കര്‍ണാടകയിലാണ്. 2017 ഏപ്രില്‍ 30ന് അസാമില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതാണ് വടക്കുകിഴക്ക് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഏക സംഭവം.
സംഭവങ്ങളുടെ നിജസ്ഥിതി അതാത് സ്ഥലങ്ങളിലെ പോലീസുമായി ബന്ധപ്പെട്ട് ഉറപ്പിച്ചതിന് ശേഷമാണ് ഇന്ത്യ സ്‌പെന്റ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ശതമാനം ആക്രമണങ്ങളില്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ 13 ആക്രമണങ്ങളില്‍ (അതായത് 21 ശതമാനം) ഇരകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നതാണ് വിചിത്രം. മൊത്തം ആക്രമണങ്ങളില്‍ 23 എണ്ണം നടത്തിയത് തീവ്രഹിന്ദു സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബംജ്രംഗ് ദള്‍, പ്രാദേശിക പശു സംരക്ഷണ സമിതികള്‍ തുടങ്ങിയവയാണ്.

"</p

2012 ജൂണ്‍ 12നാണ് ഇത്തരം ആക്രമണങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ഫാക്ടറിക്ക് സമീപം 25 പശുക്കളുടെ ശവം കണ്ടതോടെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രാദേശീക പശുസംരക്ഷണ സമിതിയുടെയും ആളുകള്‍ സംഘം ചേര്‍ന്ന് ഫാക്ടറി തല്ലിപ്പൊളിക്കുകയും ഉടമകളായ അജാബ് സിംഗിന്റെയും മേവ സിംഗിന്റെയും വീടുകള്‍ക്ക് തീവെക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.

2016 ഓഗസ്റ്റില്‍ ഹരിയാനയിലെ മേവത്തില്‍, ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീയെയും അവരുടെ 14 വയസുകാരിയായ അര്‍ദ്ധസഹോദരിയെയും കൂട്ടബലാല്‍സംഗം ചെയ്തു. ഇവരുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. ഇവര്‍ ബീഫ് കഴിച്ചിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. ബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി നാലുപേരെ അറസ്റ്റ് ചെയ്തു. 2016 ജൂണില്‍ പശുവിനെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നവര്‍ വെടി വെച്ചപ്പോള്‍ ഗുര്‍ഗാവിലെ ബജ്രംഗ് ദള്‍ കണ്‍വീനര്‍ക്കും ഒരു പശുരക്ഷ പ്രവര്‍ത്തകനും പരിക്കേറ്റു. തിരിച്ചറിയാന്‍ സാധിക്കാത്ത പശുക്കടത്തുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

സംസ്ഥാനത്തിന് അകത്തോ പുറത്തോ കശാപ്പ് ചെയ്യുന്ന പശു, കാള എന്നിവയുടെ ഇറച്ചി കൈവശം വെക്കുന്നത് നിരോധിച്ചുകൊണ്ട് 2016ല്‍ മഹാരാഷ്ട്ര തങ്ങളുടെ ബീഫ് നിരോധന നിയമം ഭേദഗതി ചെയ്തു. ഇതിന് ശേഷം രണ്ട് പശുഭീകരാക്രമണമാണ് സംസ്ഥാനത്ത് നടന്നത്. ആന്ധപ്രദേശ്, അസാം, ഹിമാചല്‍ പ്രദേശ്, കേരളം, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആക്രമണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017 മേയ് 30ന്, മദ്രാസ് ഐഐടിയുടെ സസ്യഭക്ഷണ കാന്റീല്‍ വ്ച്ച് ബീഫ് തിന്നുവെന്ന് ആരോപിച്ച് ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. ആക്രമണകാരിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയും മര്‍ദ്ദനമേറ്റ ഗവേഷകവിദ്യാര്‍ത്ഥിക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ണിന് സാരമായി പരിക്കേറ്റ ആക്രമണത്തെ കുറിച്ച് അക്രമി വിശേഷിപ്പിച്ചത് ഒരു ചെറിയ ഉന്തുംതള്ളും എന്നാണ്.

"</p

52 ശതമാനം ആക്രമണങ്ങളും കിംവദന്തികളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. 2017 ഏപ്രില്‍ ഒന്നിന് ഹരിയാനയില്‍ നിന്നുള്ള പെഹ്‌ലു ഖാന്‍ എന്ന 55 കാരനെ രാജസ്ഥാനില്‍ ആല്‍വാര്‍ ജില്ലയില്‍ വച്ച് പശുസംരക്ഷകര്‍ എന്ന് വിളിക്കുന്ന ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മരണമടഞ്ഞു. ജയ്പൂരിലെ ശനിയാഴ്ച ചന്ത കഴിഞ്ഞ മടങ്ങുകയായിരുന്നു തങ്ങളെന്ന് പെഹ്ലു ഖാനോടൊപ്പം ഉണ്ടായിരുന്ന അസ്മത്ത് എന്ന 22കാരന്‍ പറയുന്നു. അവര്‍ വാങ്ങിയ രണ്ട് പശുക്കളും ഒപ്പം ഉണ്ടായിരുന്നു. ഇവയ്ക്ക് കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നുവെന്ന് 2017 ഏപ്രില്‍ അഞ്ചിന് ഇ്ന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും വിശ്വഹിന്ദു പരിഷത്ത് ബജ്രംഗ് ദള്‍ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ അവരെ ആക്രമിക്കുകയായിരുന്നു. പശുവിനെ കള്ളക്കടത്തുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഡ്രൈവറുടെ പേര് അര്‍ജ്ജുന്‍ എന്നായതിനാല്‍ അയാളെ ഓടി രക്ഷപ്പെടാന്‍ അനുവദിച്ചു. ക്രൂരമായ മര്‍ദ്ദനത്തില്‍ പെഹ്ലു ഖാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

2017 ജൂണ്‍ 11ന്, തമിഴ്‌നാട് മൃഗസംരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് രാജസ്ഥാനില്‍ വച്ച് പശു സംരക്ഷകരുടെ മര്‍ദ്ദനമേറ്റു. അഞ്ചു പശുക്കളുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. പശുവിെ കൊണ്ടു പോകുന്നതിനുള്ള എന്‍ഒസിയും പോലീസിന്റെ അധികാരികളുടെയും ഔദ്ധ്യോഗിക അനുമതിയും ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലും വെറുതെ വിടാന്‍ പശുസംരക്ഷണ തെമ്മാടികള്‍ തയ്യാറായില്ല. ഒടുവില്‍ അവരെ പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അമ്പത് പേര്‍ക്കെതിരെ കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യവിലോപത്തിന് ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി 2017 ജൂണ്‍ 12ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍