UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരക്ഷ ‘ഗുജറാത്ത് മോഡല്‍’; മോദിയുടെ സംഭാവന

Avatar

അഴിമുഖം പ്രതിനിധി

2011ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1954 കൂടുതല്‍ ശക്തമായത്. ഉനയില്‍ ദളിതരെ മര്‍ദ്ദിച്ചതു സംബന്ധിച്ചുണ്ടായ രാഷ്ട്രീയ കലാപത്തെ തുടര്‍ന്നു മുപ്പത്തൊന്ന് ഗോ രക്ഷകരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം “ഗോസംരക്ഷകരെ” അവരുടെ “സംഭാവന”കള്‍ക്കായി ആദരിച്ച ചരിത്രമാണ് ആ സംസ്ഥാനത്തിനുള്ളത്. ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് പ്രകാരം അവര്‍ നല്കിയ പരാതികളിന്മേലുള്ള എഫ്‌ഐ‌ആറുകളും “രക്ഷിച്ച” കന്നുകാലികളുടെ എണ്ണവും ഇക്കാര്യം വ്യക്തമാക്കുന്നു.

പരിഷ്കരിച്ച ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1954 പ്രകാരം പശുവിനെയോ ആ പരമ്പരയില്‍ പെട്ട മൃഗങ്ങളേയോ കൊല്ലുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ബീഫിന്‍റെ ഏതു രൂപത്തിലുമുള്ള സംഭരണം, കടത്തല്‍, വില്‍പ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാലുള്ള ശിക്ഷ ഏഴു വര്‍ഷം തടവായി ഉയര്‍ത്തി; ഇവ കടത്താനുപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. വാഹനങ്ങളില്‍ കടത്തുന്ന മാംസം ബീഫാണോ എന്നു പരിശോധിക്കുന്നതിന് മൊബൈല്‍ യൂണിറ്റുകള്‍ തുടങ്ങാനുള്ള അധികാരം ഡയറക്റ്ററേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സസിന് ലഭിച്ചു.

12 വര്‍ഷങ്ങളായി താന്‍ “ഗോ സംരക്ഷണം” നടത്തുന്നതായി ടാക്സി ഡ്രൈവറായ സന്ദീപ് ഗധ്വി (35) പറയുന്നു; ഇയാള്‍ക്ക് സ്വന്തമായി രണ്ട് ഗോശാലകളുമുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 285 എഫ്‌ഐ‌ആറുകളും രക്ഷപ്പെടുത്തിയ 29,000 കന്നുകാലികളുമാണ് ഇയാളുടെ നേട്ടം. ഗുജറാത്തിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രിക്കള്‍ച്ചര്‍  ആന്‍ഡ് കോ-ഓപ്പറേഷന് കീഴിലുള്ള ഗൌസേവ ആന്‍ഡ് ഗൌചര്‍ വികാസ് ബോര്‍ഡ് (പശു രക്ഷാ, മേച്ചില്‍പ്പുറ വികസന ബോര്‍ഡ്, GGVB) ഇയാളുടെ “സേവന”ങ്ങളെ ആദരിച്ചിട്ടുണ്ട്. ശിവസേനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ 2005ലാണ് ഹരേഷ് ചൌഹാന്‍ (31) “ഗോ രക്ഷക”നായത്. ഇപ്പോള്‍ കോണ്‍ഗ്രസ്സ് അംഗവും ചോടില മുന്‍സിപ്പാലിറ്റിയിലെ വൈസ് പ്രസിഡന്‍റുമായ ചൌഹാന്‍ കരകൌശലവസ്തുക്കള്‍ വില്‍ക്കുന്ന കട നടത്തുകയാണ്. 200 എഫ്‌ഐ‌ആറിന്‍റെയും 7,000 കന്നുകാലികളെ രക്ഷിച്ചതിന്‍റെയും കണക്കുകള്‍ പറഞ്ഞുകൊണ്ട് ചൌഹാന്‍ കാണിച്ച ഫോട്ടോ വനിതാ ശിശുസംരക്ഷണ വകുപ്പു മന്ത്രി വസുബെന്‍ ത്രിവേദിയില്‍ നിന്നു GGVBയുടെ 2012ലെ “ഗൌ രക്ഷക് അവാര്‍ഡ്” ഏറ്റുവാങ്ങുന്നതിന്‍റെയായിരുന്നു.

പശുവിന് “രാഷ്ട്ര മാത” പദവി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ രാജ്കോട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച ഏഴു ഗൌരക്ഷകരില്‍ ഒരാളാണ് മോര്‍ബിയില്‍ നിന്നുള്ള ദിനേഷ് ലോറിയ (42). അവരില്‍ ഒരാള്‍ മരിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്പനി കടത്തുന്ന ലോറിയ അവകാശപ്പെടുന്നത് താന്‍ അഖില്‍ വിശ്വ ഗൌസംവര്‍ദ്ധന്‍ പരിഷദിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റാണ് എന്നാണ്. ഇയാള്‍ക്ക് സ്വന്തമായി ഒരു ഗോശാലയുമുണ്ട്.

ഗോ സംരക്ഷണം രാഷ്ട്രീയ, ജാതീയ, മതാര്‍ത്തികള്‍ ലംഘിക്കുമ്പോള്‍ 
ഗോസംരക്ഷണ ഗ്രൂപ്പുകള്‍ രാഷ്ട്രീയമായും ജാതിമതപരമായുമുള്ള വരമ്പുകള്‍ കടന്ന് വ്യാപിക്കുകയാണ്. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ്സിന്‍റെ ശങ്കര്‍സിംഗ് വഗേല പറഞ്ഞത് ഈ ദിശയിലുള്ള ബി‌ജെ‌പിയുടെ ഏതു നടപടിക്കും കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാകുമെന്നാണ്.

തെക്കന്‍ ഗുജറാത്തിലെ ഗോസംരക്ഷണ സംഘങ്ങളുടെ നേതാവായ 37കാരന്‍ സജന്‍ ഭര്‍വാദിന് അടുത്ത കോണ്‍ഗ്രസ്സ് ബന്ധമാണുള്ളത്. ഭാവ്നഗറിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായിരുന്ന കാബഭായി ഭര്‍വാദിന്‍റെ മകനായ ഇയാള്‍ വിവാഹം ചെയ്തിരിക്കുന്നത് മറ്റൊരു കോണ്‍ഗ്രസ്സ് നേതാവായ ഭരത് ഭുദാലിയയുടെ മകളെയാണ്. കന്നുകാലികളെ വളര്‍ത്തുന്ന കുടുംബത്തില്‍ നിന്നുള്ള താന്‍ 13 വര്‍ഷമായി അവയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അയാള്‍ പറയുന്നു. നവ്സാരി ജില്ലയില്‍ 100 ബീഘ ഭൂമിയുള്ള ഭര്‍വാദിനു രണ്ടു ഫാക്റ്ററികളും ട്രക്കുകള്‍ നന്നാക്കുന്ന ഒരു വര്‍ക്ക്ഷോപ്പുമുണ്ട്; കൂടാതെ പാല്‍ വില്‍പ്പനയും. അനധികൃതമായി കന്നുകാലികളെയും ബീഫും കടത്തിയവര്‍ക്കെതിരെ 450 പരാതികള്‍ കൊടുത്തിട്ടുണ്ടെന്നു പറയുന്ന ഭര്‍വാദിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. 2011ല്‍ അറവുകാരുടെ ട്രക്ക് തീയിട്ടതിന് തപിയില്‍ ഒരെണ്ണം,കന്നുകാലികളെ കൊണ്ടു പോയിരുന്ന ട്രക്കിന്‍റെ ഡ്രൈവറെയും ക്ലീനറേയും കയ്യേറ്റം ചെയ്തതിന് 2013ല്‍ നവ്സാരിയില്‍ ഒന്ന്, നവ്സാരിയില്‍ തന്നെ ബീഫ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈ ജൂലൈ 24നു the SC/ST Prevention of Atrocities Act പ്രകാരം വേറൊന്ന്.

വഡോദരയില്‍ നിന്നുള്ള നേഹ പട്ടേല്‍ (38) മാനേജ്മെന്‍റ് പ്രൊഫഷണലാണ്; ഗുജറാത്തിലെ ഏക സ്ത്രീ “ഗൌ രക്ഷക” എന്നു കരുതപ്പെടുന്ന ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനരീതി വിശദീകരിച്ചു. തന്‍റെ മോട്ടോര്‍ സൈക്കിളില്‍ വഡോദര- അഹ്മദാബാദ് ഹൈവേക്കരികില്‍ നിന്നിരുന്ന അവര്‍ പറഞ്ഞത് “അറക്കാന്‍ കൊണ്ടുപോകുന്ന കന്നുകാലികളെ നിറച്ച, അല്ലെങ്കില്‍ ടണ്‍ കണക്കിനു ബീഫ് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു ഒളിച്ചു കടത്തുന്ന” ഒരു വണ്ടിക്കു വേണ്ടി കാത്തു നില്‍ക്കുകയാണ് താനെന്നാണ്. മുപ്പതുകളില്‍ എത്തിയ, വളരെ അടുത്ത സഹായിയായ ഒരു മുസ്ലീമാണ് ഗോധ്രയില്‍ നിന്ന് ഈ വിവരം അവര്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. കച്ചിലെ പ്രശസ്ത നാടോടി-ഭജന ഗായികയായ ഫരീദ മിര്‍ സൌരാഷ്ട്രയിലെ ഗോസംരക്ഷണ സംഘങ്ങളെ സജീവമായി നയിച്ചിട്ടുണ്ട്. 2013ല്‍ രാജ്കോട്ടില്‍ വച്ച് കന്നുകാലികളെയും പശുക്കുട്ടികളെയും കടത്തിയ ട്രക്ക് ആക്രമിച്ചതിന് അവര്‍ക്കെതിരെ കേസുണ്ട്. തങ്ങളുടെ ജോലിയില്‍ മുസ്ലീങ്ങള്‍ പ്രധാനമാണെന്ന് ഗോരക്ഷകര്‍ പറയുന്നു. പണത്തിനു വേണ്ടിയോ ബിസിനസ്സിലെ എതിരാളികളെ തോല്‍പ്പിക്കാനോ വേണ്ടി അറവുകാരും സഹായികളും ചിലപ്പോള്‍ അനധികൃത കാലിക്കടത്തിനെ കുറിച്ച് വിവരങ്ങള്‍ നല്‍കാറുണ്ട്. ഇങ്ങനെ വിവരങ്ങള്‍ നല്‍കുന്നതില്‍ 30% ദളിതരാണ്; അറവുകാരാണ് ഏറ്റവും സജീവമായി ഇത് ചെയ്യാറ്.

ഗോരക്ഷകരുടെ പ്രവര്‍ത്തനങ്ങളെ നവ്സാരി ജില്ലയിലെ സബ്-ഇന്‍സ്പെക്റ്റര്‍ ഡി കെ സോണി പ്രശംസിച്ചു, “അവര്‍ തരുന്ന വിവരങ്ങള്‍ വച്ച് മാത്രമാണു ഞങ്ങള്‍ പ്രവര്‍ത്തിക്കാറ്. കാലികളും ബീഫും കൊണ്ടുപോകുന്ന വണ്ടികള്‍ തടഞ്ഞു ഞങ്ങളെ വിവരമറിയിക്കും. ചിലപ്പോള്‍ അവര്‍ വണ്ടി തടയാന്‍ പോകുമ്പോള്‍ ഞങ്ങള്‍ കൂടെപ്പോകും.” കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൌരക്ഷകര്‍ ഗവണ്‍മെന്‍റില്‍ നിന്ന് ഐ‌ഡി കാര്‍ഡുകള്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് അവരുടെ ആവശ്യം നിരാകരിക്കപ്പെട്ടു.

ഗോസംരക്ഷകര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍
ചത്ത പശുവിന്‍റെ തോലുരിച്ചതിന് ഊനയില്‍ ദളിതരെ മര്‍ദ്ദിച്ച സംഭവം ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനും തുടര്‍ന്നു മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്‍റെ രാജി വരെയെത്തിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും കാരണമായി. ഈ പ്രശ്നത്തില്‍ ഇന്ത്യയൊട്ടാകെ നടന്നിട്ടുള്ള പ്രധാന സംഭവങ്ങള്‍:

ജമ്മു & കശ്മീര്‍, ഹിമാചല്‍ പ്രദേശ്
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സ്വതന്ത്ര എം‌എല്‍‌എയായ എഞ്ചിനിയര്‍ റാഷിദ് ശ്രീനഗറില്‍ നടത്തിയ “ബീഫ് പാര്‍ട്ടി”യില്‍ പ്രതിഷേധിച്ച് ഒരു പ്രാദേശിക സംഘം 2015 ഒക്ടോബര്‍ 9നു ഉധംപൂരില്‍ താഴ്വരയിലേക്ക് പോകുകയായിരുന്ന ഒരു ട്രക്കിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. വണ്ടിയുടെ ക്ലീനറായ അനന്ത്നാഗില്‍ നിന്നുള്ള സാഹിദ് അഹ്മെദിന് പൊള്ളലേല്‍ക്കുകയും ഒക്ടോബര്‍ 18നു അഹ്മെദ് മരണമടയുകയും ചെയ്തു. ഹിമാചലിലെ സിര്‍മൌര്‍ ജില്ലയിലെ ലാവാസ ഗ്രാമത്തില്‍ 2015 ഒക്ടോബര്‍ 17നു നോമന്‍ (20) എന്ന യുവാവിനെ ഗ്രാമവാസികള്‍ എന്നു കരുതപ്പെടുന്നവര്‍ കൊലപ്പെടുത്തി. നോമന്‍ സഹാരണ്‍പൂരിലേക്ക് പശുക്കളെ കൊണ്ടുപോയിരുന്ന ട്രക്ക് പിന്തുടര്‍ന്നാണ് ഇതു ചെയ്തത്.

പഞ്ചാബ്
ജനുവരി 2: എരുമകളുടെ കൊഴുപ്പ് കടത്തി എന്നാരോപിച്ച് രണ്ടു ട്രക്കുകള്‍ രൂപ്നഗര്‍ ജില്ലയില്‍ തടഞ്ഞു; ഒരെണ്ണം കത്തിച്ചു. രണ്ടു ഡ്രൈവര്‍മാരും ഓടി രക്ഷപ്പെട്ടു.

മാര്‍ച്ച് 28: എരുമക്കൊഴുപ്പ് കടത്തി എന്ന ആരോപണമുന്നയിച്ച് രൂപ്നഗര്‍- കുറാലി റോഡില്‍ ട്രക്ക് തടഞ്ഞു. ഡ്രൈവര്‍ ബാല്‍ക്കര്‍ സിംഗിന് മര്‍ദ്ദനമേറ്റു; ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു.

ജൂലൈ 31: മുക്ത്സര്‍ ജില്ലയിലെ മാലൌട്ടില്‍ പശുക്കളെ കൊന്നു എന്നാരോപിച്ച് രമേഷ് കുമാര്‍, രാകേഷ് കുമാര്‍ എന്നിവരെ മര്‍ദ്ദിച്ചു. ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു.

ഗുജറാത്ത്
ജൂലൈ 11: ഗിര്‍ സോംനാഥ് ജില്ലയിലെ ഊന താലൂക്കിലെ മോട സമാധിയാല ഗ്രാമത്തില്‍ ഗോവധം ആരോപിച്ച് 35 ഗോരക്ഷകര്‍ ഏഴു ദളിതരെ ആക്രമിച്ചു.

ജൂലൈ 27: പ്ലാസ്റ്റിക് ബാഗില്‍ കന്നുകാലിയുടെ മാംസം കൊണ്ടുപോകുകയായിരുന്ന നവ്സാരിയിലെ ഗിരീഷ് സോസയെ ഗോരക്ഷകര്‍ തല്ലി.

ഹരിയാന
ഏപ്രില്‍ 2: സഹാരണ്‍പൂരില്‍ നിന്ന് മാര്‍ച്ച് 6 മുതല്‍ കാണാതായ മുസ്താന്‍റെ (27) മൃതദേഹം കുരുക്ഷേത്രയില്‍ കണ്ടെത്തി. പിതാവായ താഹിര്‍ ഹസന്‍ ഗോരക്ഷാദള്‍ അംഗങ്ങളായ നാലുപേരാണ് കൊല നടത്തിയതെന്ന് ആരോപിച്ചു.

മേയ് 6: ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് മൂന്നുപേര്‍ സോനയില്‍ വസീം (20) എന്നൊരാളെ ഉപദ്രവിച്ചു. മൂന്നുപേര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ നാലാമന്‍ അടിച്ചു.

ജൂണ്‍ 10: ഫരീദാബാദില്‍ ബീഫ് കടത്തി എന്നുപറഞ്ഞു റിസ്വാന്‍, മുക്തിയാര്‍ എന്നിവരെ ഗോരക്ഷകര്‍ ബലമായി ചാണകം തീറ്റിച്ചു.

ഝാര്‍ക്കണ്ഡ്
മാര്‍ച്ച് 18: ലത്തെഹാര്‍ ജില്ലയിലെ ഝാബ്ര ഗ്രാമത്തിലെ ബാലുമഠ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കാലിക്കച്ചവടക്കാരായ മജ്ലൂം അന്‍സാരി (35), ഇംതിയാസ് ഖാന്‍ (12) എന്നിവരെ മര്‍ദ്ദിച്ച് കൊള്ളയടിച്ച ശേഷം ഒരു മരത്തില്‍ കെട്ടിത്തൂക്കി. എട്ടു പ്രതികളില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു; മറ്റു മൂന്നുപേര്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി.

മധ്യപ്രദേശ്
ജനുവരി 13: ബാഗ് പരിശോധിക്കാന്‍ നല്കാന്‍ വിസമ്മതിച്ചതിന് ഗോരക്ഷകര്‍ ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ മുസ്ലീം ദമ്പതികളെ മര്‍ദ്ദിച്ചു. മാംസം അടങ്ങിയതായി കണ്ടെത്തിയ മറ്റൊരു ബാഗ് അവരുടേതായിരുന്നില്ല. കേസ് നടക്കുന്നു.

ജനുവരി 28: ടോങ്ക്കുര്‍ദിലെ ബി‌ജെ‌പിയുടെ ന്യൂനപക്ഷ സെല്ലിന്‍റെ ഭാരവാഹിയായ അന്‍വര്‍ മേവിന്‍റെ വീട് പോലീസും ഗോസംരക്ഷകരും ചേര്‍ന്ന് റെയ്ഡു ചെയ്തു മാംസം കണ്ടെടുത്തു. അത് ബീഫ്രോ ആണെന്നാരോപിക്കപ്പെടുന്നു.

ജൂലൈ 26: ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് മണ്ട്സൌര്‍ റെയില്‍വേ സ്റ്റേഷനില്‍ മുസ്ലീം സ്ത്രീകളെ മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോയില്‍ കണ്ട നാലു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്തു.

രാജസ്ഥാന്‍
മാര്‍ച്ച് 14: ചിത്തോര്‍ഗഡിലെ പ്രൈവറ്റ് മേവാര്‍ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് പ്രദേശവാസികളായ കുട്ടികള്‍ അവരുമായി സംഘര്‍ഷമുണ്ടാക്കി.

മേയ് 31: പ്രതാപ്ഗഡിലെ ഛോട്ടി സദാദിയിലെ ഒരു പിക്കറ്റില്‍ രണ്ടു ട്രക്കുകളിലായി 96 കാളകളെ കടത്തിയതിന് ഗോരക്ഷകര്‍ ഏഴുപേരെ പിടിച്ചു. നൂറു നൂറ്റമ്പത് പേര്‍ വരുന്ന ജനക്കൂട്ടം ട്രക്കില്‍ ഉണ്ടായിരുന്ന മൂന്നു പേരെ ആക്രമിച്ചു. ട്രക്കുകള്‍ക്ക് തീ കൊളുത്തിയ അവര്‍ ഇടപെടാന്‍ ശ്രമിച്ച പോലീസിനെയും ആക്രമിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍