UPDATES

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സിപിഐ ഓഫിസില്‍ സഹായം തേടിയെത്തിയ കാര്യം സ്വരാജ് മറക്കരുത്; പി രാജു

അഴിമുഖം പ്രതിനിധി 

സിപിഎം വിചാരിച്ചാല്‍ എറണാകുളം ജില്ലയില്‍ സിപിഐ ഇല്ലാതാകുമെന്ന സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്റെ  പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി കണ്ടാല്‍ മതിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു. സ്വന്തം അടിത്തറ ഇളകുമ്പോള്‍ നടക്കുന്ന ജല്പനമായി മാത്രം  രാജീവിന്റെ വാക്കുകള്‍ എടുത്താല്‍ മതിയെന്നും രാജു.

സിപിഎം ജില്ലാ സെക്രട്ടറി വിദ്യാ സമ്പന്നനാണെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഏഴുപേര്‍ മാത്രമാണ് സിപിഎമ്മില്‍ നിന്നു പോയതെന്ന് പറയുന്നതിലൂടെ അദ്ദേഹത്തിന് ഏഴുവരെ മാത്രമേ എണ്ണാന്‍ അറിയുള്ളു എന്നും സിപിഐയ്ക്ക് മനസ്സിലായി എന്നും പി രാജു പറയുന്നു.

നേരത്തെ സിപിഐയെ കളിയാക്കി എം സ്വരാജ് എംഎല്‍യും സിപിഎം എറണാകുളം ജില്ലാ സേക്രട്ടറി പി രാജീവും രംഗത്തെത്തിയിരുന്നു. സിപിഎം ഒന്ന് വിളിക്കാന്‍ കാത്തു നില്‍ക്കുന്ന സിപിഐക്കാര്‍ ഉണ്ട് എന്നും അങ്ങനെ ചെയ്താല്‍ എറണാകുളം ജില്ലയില്‍ ഇടതു പക്ഷം എന്നത് സിപിഎം മാത്രമാകും എന്നുമായിരുന്നു പി രാജിവിന്‍റെ പ്രസംഗം. ഉദയംപേരൂരില്‍ സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നതിനു ബദലായി  സിപിഎം സംഘടിപ്പിച്ച ബഹുജന റാലിയില്‍ ആണ് പി രാജീവ്‌ സിപിഐക്കാരെ പരിഹസിച്ചത്.

രാജിവിന്‍റെ പ്രസംഗത്തിന് ശേഷം സംസാരിച്ച എം സ്വരാജ് എംഎല്‍എയും സിപിഐക്കാരെ കളിയാക്കിയിരുന്നു.

ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. അതിന് മലപ്പുറത്ത് നിന്ന് തൃശൂര്‍ വരെ വരേണ്ടി വന്നു. അതില്‍ ഇപ്പോഴും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് എം സ്വരാജ് പറഞ്ഞത്. ഇതിനെതിരെയാണ് സിപിഐ തുറന്ന പോരിന് ഇറങ്ങിയിരിക്കുന്നത്.

എം സ്വരാജ് തെരഞ്ഞെടുപ്പ് സമയത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ വന്നു സിപിഐഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തി പൂജയും ആണ് എന്നും സിപിഐയുടെ സമ്പൂര്‍ണ്ണ സഹായം ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്നും പറഞ്ഞ കാര്യങ്ങള്‍ മറക്കാറായില്ല എന്ന് പി രാജു തന്‍റെ പത്ര കുറിപ്പില്‍ എം സ്വരജിനുള്ള മറുപടിയായി പറയുന്നു.

നേതാക്കള്‍ മാത്രമല്ല സമൂഹ്യമാധ്യമങ്ങളില്‍ അണികളും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. പരസ്പരം ട്രോളുകള്‍ നിരത്തിയും അണികളുടെ കണക്കുകള്‍ നിരത്തിയും ചരിത്രം കുത്തിപ്പൊക്കിയും ഒക്കെ സമൂഹ്യമാധ്യമങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പോര് അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നിലക്കുകയാണ്. അതിനിടിയില്‍ സിപിഐയുടെ യുവജന സംഘടന എഐവൈഎഫിന്‍റെ എറണാകുളം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ വിഎസ് അച്യുതാനന്ദന്‍ എത്തുന്നത് സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തില്‍ കല്ലുകടി ഉണ്ടാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍