UPDATES

അടിക്കുമ്പോള്‍ മസ്തകത്തിന് തന്നെ; സിപിഐയുടെ പിണറായി വിമര്‍ശനത്തിന്റെ രാഷ്ട്രീയ രഹസ്യങ്ങള്‍

അവതാരങ്ങളുടെ ഭരണം; കാനവും പന്ന്യനും ലക്ഷ്യമിടുന്നതെന്ത്?

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സിപിഐ സ്വീകരിച്ചിരിക്കുന്ന വിമര്‍ശനാത്മക നിലപാട് തുടരാന്‍ തന്നെയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് കാനം രാജേന്ദ്രന് പുറമെ പന്ന്യന്‍ രവീന്ദ്രനും വിമര്‍ശനവുമായി രംഗത്തെത്തി. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് പിണറായി വിജയന്‍ നടത്തിയ ഒരു പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് പന്ന്യന്‍ പുതിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ചില അവതാരങ്ങള്‍ സര്‍ക്കാരിനെ ചുറ്റിപ്പറ്റിയുണ്ടെന്നും അവരാണ് പലതും തീരുമാനിക്കുന്നതെന്നും പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നപ്പോഴും വിവരാവകാശ നിയമ പ്രശ്‌നത്തിലുമൊക്കെ സിപിഐ പ്രത്യക്ഷമായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഐയുടെ മുഖപത്രമായ ജനയുഗം മുമ്പില്ലാത്ത വിധത്തില്‍ സര്‍ക്കാരിന്റെ പല നടപടികളെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മറ്റു വകുപ്പുകളെയും മന്ത്രിമാരെയും തൊടാതെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിയെയും അദ്ദേഹം ഭരിക്കുന്ന വകുപ്പുകളെയും മാത്രം ലക്ഷ്യമിട്ടുള്ളതാക്കാനും സിപിഐ നേതാക്കള്‍ ശ്രദ്ധിച്ചു. അതായത് വ്യക്തമായ കൂടിയാലോചനകളുടെയും ഗൃഹപാഠങ്ങളുടെയും അടിസ്ഥാനത്തിലാണ് അവര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് വ്യക്തം. സിപിഎം മന്ത്രിമാരായ എ കെ ബാലനും എം എം മണിയും സിപിഐ മന്ത്രിമാര്‍ക്കെതിരെ പരസ്യ ആക്ഷേപങ്ങള്‍ ഉന്നയിച്ചപ്പോഴും വിഷയം തണുപ്പിച്ച് വിടാനാണ് സിപിഐ നേതാക്കളും വി എസ് സുനില്‍കുമാറിനെയും പോലുള്ള മന്ത്രിമാരും ശ്രമിച്ചതെന്നതും ശ്രദ്ധേയമാണ്. ഇന്ന് പന്ന്യന്റെ പ്രസ്താവനയിലും ഈ കരുതല്‍ വ്യക്തമാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നും സിപിഐ അനുകൂല സംഘടനകളെ ഒഴിവാക്കിയതാണ് പന്ന്യനെ ചൊടിപ്പിച്ചത്. എന്നാല്‍ വകുപ്പ് മന്ത്രി അറിയാതെയാണ് ഇത് നടന്നതെന്ന് പന്ന്യന്‍ വ്യക്തമാക്കുന്നു.

അവിടെയാണ് അവതാരങ്ങളുടെ പ്രസക്തി വരുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശക നിയമന വിവാദങ്ങളാണ് ഈ മന്ത്രിസഭയുടെ മേല്‍ ആദ്യം വീണ കരിഓയില്‍. സിപിഎമ്മിലും മുന്നണിയിലും അതൃപ്തി സൃഷ്ടിക്കാന്‍ പോന്നതായിരുന്നു ഈ നിയമനങ്ങള്‍. നിയമോപദേശകന്‍ സ്വയം പിന്‍വാങ്ങിയപ്പോള്‍ സാമ്പത്തിക, മാധ്യമ ഉപദേശകര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന സ്വേച്ഛാധിപത്യ പ്രവണതകളില്‍ പാര്‍ട്ടി ഭേദമന്യേ മന്ത്രിമാര്‍ അസ്വസ്ഥരാണെന്നാണ് അധികാരത്തിന്റെ ഭ്രമണപഥങ്ങളില്‍ കറങ്ങുന്ന ചില പഥികര്‍ പാടുന്ന പാട്ട്. വരാനിരിക്കുന്ന തീരുമാനങ്ങളെ കുറിച്ചോ നടപടികളെ കുറിച്ചോ പാര്‍ട്ടിക്കോ മുന്നണിക്കോ മന്ത്രിസഭയില്‍ ഉള്ളവര്‍ക്കോ വ്യക്തമായ ധാരണകളില്ലെന്ന് അവര്‍ പറയുന്നു. പ്രധാന തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രിയുടെയും തല്‍പരകക്ഷികളുടെയും ഭാഗത്ത് നിന്നാണ് ഉണ്ടാവുന്നതെന്ന ആക്ഷേപം ശക്തമാണ്. റേഷന്‍ പ്രശ്‌നത്തില്‍ ഭക്ഷ്യമന്ത്രിയില്ലാതെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പോയതാണ് ഈ വിഷയത്തിലെ അവസാന സംഭവമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. തിരുവനന്തപരും ലോ അക്കാദമി പോലെയുള്ള പല പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ വൈകാനുള്ള കാരണവും സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിന് മന്ത്രിമാര്‍ക്ക് സാധിക്കാതെ വരുന്നതാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നു.

സാധാരണ ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യങ്ങളിലൊക്കെ ഭരണത്തില്‍ സിപിഎമ്മിന്റെ ഇടപെടല്‍ ശക്തമായിരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം എകെജി സെന്ററില്‍ നിന്നാണ് വരുന്നതെന്നും അത് പാസാക്കുക മാത്രമാണ് മന്ത്രിസഭ യോഗത്തിന്റെ ദൗത്യമെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. നായനാര്‍ മുഖ്യമന്ത്രിയും അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലഘട്ടത്തില്‍, ഒരു ദിവസമെങ്കിലും താന്‍ പാര്‍ട്ടി സെക്രട്ടറിയും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയുമായി ഇരിക്കുക എന്നതാണ് നായനാരുടെ ഏറ്റവും വലിയ ആഗ്രഹം എന്ന് എം പി നാരായണപിള്ള ഒരു ലേഖനത്തില്‍ എഴുതിയത് ഈ സാഹചര്യം മുന്‍നിറുത്തിയായിരുന്നു. നേട്ടമായാലും കോട്ടമായാലും ആ ഇടപെടലുകള്‍ ചില ഗുണങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഒരു വ്യക്തിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുക്കാനും മന്ത്രിമാരുടെ ഇടയിലുള്ള ആശയവിനിമയം കൃത്യമാക്കാനും ആ സംവിധാനത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി താരതമ്യേന പിന്നോക്കം നില്‍ക്കുന്നതും പാര്‍ട്ടിയില്‍ മുഖ്യമന്ത്രിക്കുള്ള അപ്രമാദിത്വവും അധികാരത്തെ ഒറ്റക്കസേരയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ആ ഒറ്റ അധികാര കേന്ദ്രത്തിലേക്ക് തന്നെ ആക്രമണത്തിന്റെ കുന്തമുന തിരിക്കാന്‍ സിപിഐ ശ്രദ്ധിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെ സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച ബാലനെ പോലുള്ള സിപിഎം മന്ത്രിമാരുടെ മനസിലിരിപ്പും ഇതു തന്നെയാണ് എന്ന് വേണം വിലയിരുത്താന്‍. സ്വന്തം പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തല്‍ക്കാലം മുഖ്യമന്ത്രിക്കെതിരെ ഒരു പടപ്പുറപ്പാട് അസാധ്യമാണ്. ചില മുറുമുറുപ്പുകള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ടെങ്കിലും അത് വളര്‍ന്നുവരാന്‍ സമയമെടുക്കുക തന്നെ ചെയ്യും. പൊതുജനമധ്യത്തില്‍, പ്രത്യേകിച്ചു മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നല്ല മുഖ്യമന്ത്രി എന്നൊരു ധാരണ പിണറായി വിജയന്‍ ഇപ്പോഴും നിലനിറുത്തുന്നതും ഇത്തരം ഒരു പടപ്പുറപ്പാടിനെ അസാധ്യമാക്കുന്നു. ഇവിടെയാണ് ബാലന്‍ മന്ത്രിയുടെ സിപിഐ വിമര്‍ശനത്തിന്റെ പ്രസക്തി. സ്വഭാവികമായും സിപിഐ പ്രതികരിക്കാന്‍ ബാധ്യസ്ഥമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ചൂടുചോറ് സിപിഐയെ കൊണ്ട് വാരിക്കാമെന്ന ആ കണക്കുകൂട്ടല്‍ വിജയിച്ചെങ്കിലും ബാലന്‍ ഉദ്ദേശിച്ച ഫലം കണ്ടോ എന്ന് സംശയമാണ്. പക്ഷെ, മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മന്ത്രിമാര്‍ക്ക് കുറച്ചുകൂടി പ്രവര്‍ത്തന സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിക്കുമെന്ന് തന്നെ സിപിഐ കരുതുന്നു.

സിപിഐ അനുഭവിക്കുന്ന അസ്തിത്വ പ്രശ്‌നമാണ് മുമ്പെങ്ങും ഇല്ലാത്ത വിധത്തില്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തിറങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതുമുന്നണിയുടെ ഘടനയെ തന്നെ മാറ്റാന്‍ ശേഷിയുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അധികാരത്തിന്റെ ശീതളിമയില്ലാതെ അധികം നാള്‍ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ യുഡിഎഫില്‍ ഉള്ള മുസ്ലീം ലീഗിനും ഇല്ലാത്തതും ഉള്ളതുമായ കേരള കോണ്‍ഗ്രസുകള്‍ക്കും വിഷമമായിരിക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഇടം അതിവേഗം ബിജെപി കാര്‍ന്നു തിന്നുകൊണ്ടിരിക്കെ സുരക്ഷിതമായ രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് മാറാന്‍ പാണക്കാട്ടുകാരും പാലക്കാരും നിര്‍ബന്ധിതരാകും. അവര്‍ ഇടതുമുന്നണിയിലേക്ക് വരുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുക സിപിഐയെ ആയിരിക്കും. ഒന്നുകില്‍ ശബ്ദമില്ലാത്ത ഒരു നാലാം സ്ഥാനം അല്ലെങ്കില്‍ മുന്നണിക്ക് പുറത്ത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഇത് മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക ശക്തിയെന്ന നിലയിലേക്ക് വളര്‍ന്നാലെ പാര്‍ട്ടിക്ക് ഭാവിയുള്ളു എന്ന തിരിച്ചറിവാകാം വളരെ ബോധപൂര്‍വവും കണക്കുകൂട്ടലുകളോടെയുള്ള ഈ വിമര്‍ശനം. പികെവി തൊട്ട് പന്ന്യന്‍ രവീന്ദ്രന്‍ വരെയുള്ളവര്‍, പ്രത്യേകിച്ചും വെളിയം ഭാര്‍ഗ്ഗവന്‍, പാര്‍ട്ടി സെക്രട്ടറിമാരായിരുന്നപ്പോള്‍ കാണാതിരുന്ന വീറോടെ അവര്‍ മന്ത്രിസഭയെ വിമര്‍ശിക്കുന്നതും ഈ സാഹചര്യം മുന്നില്‍ കണ്ടാണെന്ന് വേണം വിലയിരുത്താന്‍. മറ്റ് മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച് ഒരാരോപണവും അവര്‍ ഉന്നയിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതായത് സിപിഎമ്മില്‍ ഉയരുന്ന പിണറായി വിരുദ്ധ മുറുമുറുപ്പുകളെ കൂടി ആശ്രയിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള ഒരു കളിയായി വേണം സിപിഐ നേതാക്കളുടെ ഈ തന്ത്രത്തെ കാണാന്‍. ഒപ്പം പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ തന്നെ ഏകദേശം നാമവിശേഷമായ കെ ഇ ഇസ്മായീല്‍ പക്ഷത്തെ കൂടുതല്‍ ഒതുക്കുക എന്ന തന്ത്രവും ഇതില്‍ പെടുന്നു.

ദേശീയ രാഷ്ട്രീയത്തിലെ ചില ചലനങ്ങളും പ്രഖ്യാപിത നയങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തീവ്ര ഇടതു നിലപാടുകള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു. ദേശീയതലത്തില്‍ സിപിഐ (എംഎല്‍) പോലുള്ള ചില സംഘടനകളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് സിപിഐയാണ്. യുപി പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ പോന്നത്രെ ശേഷി ഈ കൂട്ടായ്മയ്ക്കുണ്ട്. അത്തരം ഒരു കൂട്ടായ്മയില്‍ സിപിഎമ്മിന്റെ ശബ്ദം തുലോം നേര്‍ത്തതാണ്. പശ്ചിമ ബംഗാള്‍ നഷ്ടപ്പെട്ടതോടെ സിപിഎമ്മിന് ദേശീയതലത്തില്‍ പഴയ പ്രഭാവമില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു സിപിഎം-ലീഗ്-കേരള കോണ്‍ഗ്രസ് മുന്നണി ഉടലെടുത്താലും ഇവിടുത്ത പാര്‍ശവല്‍ക്കരിക്കപ്പെട്ട എംഎല്‍ പ്രസ്ഥാനങ്ങളെ അണിചേര്‍ത്ത് ഒരു തിരഞ്ഞെടുപ്പ് സംഖ്യം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. പല വിഷയങ്ങളിലുമുള്ള ഇപ്പോഴത്തെ നിലപാടുകള്‍ കടുപ്പിച്ചുകൊണ്ടു മാത്രമേ ഇത്തരത്തിലുള്ള ഒരു പൊതുജനാഭിപ്രായം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കു. മനുഷ്യാവകാശ, വിവരാവകാശ, പരിസ്ഥിതി, വനിത, ഭിന്നലിംഗ പ്രവര്‍ത്തകരെ ഒരു പരിധിവരെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളാണ് സമീപകാലത്ത് സിപിഐ സംസ്ഥാനഘടകം സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിനുള്ള കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയായും പന്ന്യന്റെ ഇന്നത്തെ പ്രസ്താവനയെ വായിച്ചെടുക്കാം.

വലിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടായിരുന്നു പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പക്ഷെ ഒന്നും ശരിയാവില്ലെന്ന് അവര്‍ അതിവേഗം തെളിയിച്ചുകൊണ്ടിരിക്കുന്നു. പത്രങ്ങളിലും ചാനലുകളിലും പടം വരാനുതകുന്ന ചില ഉപരിപ്ലവ പ്രവര്‍ത്തനങ്ങളല്ലാതെ കാര്യമായൊന്നും സംഭവിക്കുന്നില്ല. എങ്ങോട്ടാണ് പോകുന്നത് എന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ക്കോ മന്ത്രിമാര്‍ക്കോ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ഉദ്യോഗസ്ഥരെയായാലും സഹമന്ത്രിമാരെയായാലും വിരട്ടി കാര്യങ്ങള്‍ പരിധിയിലാക്കുന്നതിന് ഒരു വലിയ പരിമിതിയുണ്ട്. ഏറെ കാലം തുടരാന്‍ സാധിക്കാത്ത ഒരു ശൈലിയാണത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ അണികളെ വിരട്ടുന്നത് പോലെ അത്ര വിധേയത്വമില്ലാത്ത, വ്യക്തിത്വമുള്ളവരെ വിരട്ടാന്‍ പ്രയാസമാണ്. ഇവിടെയാണ് പിണറായിയുടെ അഹംബോധം അദ്ദേഹത്തിന് ബാധ്യതയാകുക. തിരുത്തലുകള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും തലത്തില്‍ നിന്നും അതിവേഗമുണ്ടായില്ലെങ്കില്‍ ഒരു വര്‍ഷം തികയ്ക്കുന്നതിന് മുമ്പെ ഒരു വലിയ ദുരന്തമായി ഈ സര്‍ക്കാര്‍ മാറും. ഈ വഴിക്കുള്ള ഒരു ശ്രമമാണ് സിപിഐ നടത്തുന്നതെങ്കില്‍ അത് ശ്ലാഘനീയമാണ്. കാരണം, അല്ലാത്ത പക്ഷം കേരളത്തിന്റെ ഭാവിയാണ് ചോദ്യ ചിഹ്നമായി മാറുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍