UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി പൊലീസ് ആര്‍ എസ് എസിന്റെ ബി ടീം: ബിനോയ് വിശ്വം

ദല്‍ഹി പട്യാല കോടതിയില്‍ അഭിഭാഷകരുടെ ആക്രമണത്തിന് ഇരയായ ബിനോയ് വിശ്വം സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നു.

ആര്‍ എസ് എസിന്റെ അഴിഞ്ഞാട്ടമാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്. ഒരുജനാധിപത്യ രാഷ്ട്രത്തില്‍ ഇങ്ങനെയൊക്കെ നടക്കുന്നതോര്‍ത്ത് ലജ്ജിക്കുകയാണ്. ആദ്യമായി നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ഓര്‍ത്തു തലകുനിക്കുന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലി കോടതിക്കകത്ത് ഉള്ളപ്പോള്‍ ആണ് പട്യാല കോടതിക്ക് പുറത്തു സംഘപരിവാറിന്റെ കാപാലികന്മാര്‍ വിദ്യാര്‍ത്ഥികളേയും രാഷ്ട്രീയപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും തല്ലി ചതച്ചത്.

പോലീസ് നോക്കുകുത്തികള്‍ ആയി നില്‍ക്കുക മാത്രമാണ് ചെയ്തത്. ഡല്‍ഹി പോലീസിനെ ആര്‍ എസ് എസിന്റെ ബി ടീം ആക്കി മാറ്റിയിരിക്കുകയാണ്. ദേശസ്‌നേഹത്തിന്റെ പേരില്‍ കള്ളകഥകള്‍ കെട്ടിച്ചമച്ച് അതിന്റെ മറവില്‍ എന്തെല്ലാമോ കാട്ടികൂട്ടാന്‍ ശ്രമിക്കുകയാണ് സംഘ പരിവാര്‍.

ഗാന്ധിജിയുടെ ഘാതകന്മാരാണോ കമ്മ്യൂണിസ്റ്റ്കാരെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്? ഹെമു കലാനിയുടെയും കനകലതയുടെയും വീരരക്തസാക്ഷിത്വ കഥകള്‍ കേട്ട് വളര്‍ന്നുവന്ന കുട്ടികള്‍ ആണ് എ ഐ എസ് എഫിലെ കുട്ടികള്‍. അത്തരത്തില്‍ ഒരു പൊളിറ്റിക്കല്‍ ബാക്ക് ഗ്രൗണ്ട് ഉള്ള ഒരാള്‍ക്ക് എങ്ങനെയാണ് രാജ്യദ്രോഹിയാകാന്‍ കഴിയുക?

ഇത് ഒരു കനയ്യകുമാറിനെ മാത്രം ഉന്നംവെച്ചുള്ള പ്രവര്‍ത്തനം അല്ല. അവര്‍ക്ക് ബദല്‍ നില്ക്കാന്‍ ശ്രമിക്കുന്ന സകല പുരോഗമന ആശയക്കാരെയും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനം ആണ്.

എന്നെക്കാള്‍ മര്‍ദനം ഏറ്റുവാങ്ങിയത് വിദ്യാര്‍ത്ഥികള്‍ ആണ്. ആര്‍ എസ് എസുകാര്‍ ക്രൂരമായി മര്‍ദിച്ചു അവശരാക്കിയ വിദ്യാര്‍ത്ഥികള്‍ ഇവിടുണ്ട്. ഭാരതമാതാ കീജയ് എന്ന മുദ്രാവാക്യം വിളിച്ചാണ് അവര്‍ ആക്രമിക്കുന്നത്. ഇന്ന് ഭാരതം മുഴുവന്‍ സംഘപരിവാറിന്റെ പേരില്‍നാണിക്കേണ്ടി വരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍