UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളിക്ക് പറ്റിയ പെയ്മെന്‍റ് പാര്‍ട്ടികള്‍- ഒരു സി.പി.ഐ വിചാരം

Avatar

ശരത്കുമാര്‍

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ രൂഢമൂലമായി ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ പ്രത്യക്ഷ ഉദാഹരണമാണ് സിപിഐ കേരള ഘടകത്തിലുണ്ടായിരിക്കുന്ന ഇപ്പോഴത്തെ ബാധകള്‍. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുന്നതില്‍ പുതുമയൊന്നുമില്ല. 1971-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നോമിനിയായിരുന്ന ലീല ദാമോദരമേനോനെ മാറ്റി അവസാന പട്ടികയില്‍ കെ പി ഉണ്ണികൃഷ്ണന്‍ സ്ഥാനാര്‍ത്ഥി ആയത് മുതല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ കെ ടി ബെന്നി സ്ഥാനാര്‍ത്ഥിയായത് വരെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇത്രയും കടുത്ത നടപടികള്‍ക്ക് ഒരു പാര്‍ട്ടി മുതിരുന്നത് കേരള ചരിത്രത്തിലെങ്കിലും ആദ്യമായിരിക്കും.

 

സ്വഭാവികമായും ഇത്രയും വേഗത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതിന് സിപിഐ അഭിനന്ദിക്കപ്പെടേണ്ടതാണ്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നു എന്നതും എന്താണ് യഥാര്‍ത്ഥ പ്രശ്‌നം എന്നതും പാര്‍ട്ടി പുറത്തുവിടുന്ന വിവരങ്ങളില്‍ നിന്നൊന്നും ഒരാള്‍ക്കും വായിച്ചെടുക്കാനാവില്ല. അതു ദുരൂഹമായി നിലനില്‍ക്കുന്നിടത്തോളം രോഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ അത് പരിഹരിക്കാനോ പാര്‍ട്ടി തയ്യാറായിട്ടില്ലെന്നും തല്‍ക്കാലികമായ ചില നടപടികളിലൂടെ ആരോപണങ്ങള്‍ക്ക് മറയിടാനുമാണ് ശ്രമിച്ചിരിക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. മാത്രമല്ല, പാര്‍ട്ടി അല്ലെങ്കില്‍ അതിന്റെ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത് പോലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പറ്റിയ വീഴ്ച എന്ന ലളിതമായ ഒരു കാരണമല്ല ഇത്തരം ഒരു നടപടിക്ക് പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണ്. കാരണം, കേരളത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ച നാല് സീറ്റുകളില്‍ മൂന്നിടത്തും തോറ്റിരുന്നു. മറ്റ് രണ്ട് മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് അന്വേഷണങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിച്ച ഇടതുമുന്നണി പിന്തള്ളപ്പെട്ടെങ്കില്‍ അതിന്റെ പാപഭാരം സിപിഐയില്‍ മാത്രം ഒതുങ്ങുന്നുമില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ ഒറ്റയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള കഴിവ് പാര്‍ട്ടിക്ക് ഉണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പോലും ആവേശഭരിതനാവുകയും ഇല്ല.

 

ഇവിടെയാണ് തിരുവനന്തപുരം മണ്ഡലത്തില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചുറ്റിക്കളികളും അതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മാധ്യമ വാര്‍ത്തകളും പ്രസക്തമാവുന്നത്. സാധാരണ നടപടിയെന്ന നിലയില്‍ തിരുവനന്തപുരം ജില്ല കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് പേരുകളാണ് ഉണ്ടായിരുന്നത്. പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍, ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരായിരുന്നു ആ പേരുകാര്‍. എന്നാല്‍ ജില്ലാ കൗണ്‍സിലിന്റെ ലിസ്റ്റിലേ ഇല്ലാതിരുന്ന ബെനറ്റ് എബ്രാഹമിന്റെ പേര് മാത്രം സംസ്ഥാന എക്‌സിക്യൂട്ടീവും സെക്രട്ടേറിയേറ്റും കഴിഞ്ഞപ്പോള്‍ ബാക്കിയാവുന്ന അത്ഭുത പ്രതിഭാസമാണ് പിന്നീടുണ്ടായത്. ബെനറ്റ് എബ്രാഹമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ഈ പട്ടികയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നു എന്നതും മൂന്നാമനും സംസ്ഥാന സെക്രട്ടറിയും കൂടിയായ പന്ന്യന്‍ രവീന്ദ്രനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു എന്ന വാര്‍ത്തയും ആലോചനാമൃതമായ പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേട്ട് ആദ്യം ഞെട്ടിയിട്ടുണ്ടാവുക സ്വാശ്രയ സമരത്തിന്റെ പേരില്‍ ഇപ്പോഴും കേസും കൂട്ടവുമായി നടക്കുന്ന പാവപ്പെട്ട എഐഎസ്എഫ്, എഐവൈഎഫ് സഖാക്കളായിരിക്കും. കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ നടന്ന സമരത്തില്‍ തല്ല് വാങ്ങിയവരും കേസുകളില്‍ പെട്ടവരുമാണവര്‍. ആര്‍ക്കെതിരെ സമരം നടത്തിയോ, ആ പുണ്യാത്മാക്കളില്‍ ഒരാളിതാ വിപ്ലവ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാവികമായും എങ്ങനെയാണ് ഇങ്ങനെ ഒരാള്‍ സ്ഥാനാര്‍ത്ഥിയായത് എന്ന ചോദ്യം ഉയര്‍ന്നുവന്നു. കോഴ മുതല്‍ ജാതി സാധ്യതകള്‍ വരെയുള്ള നിരവധി കാരണങ്ങള്‍ ഉത്തരമായി വന്നു. പക്ഷെ വന്ന ഉത്തരങ്ങള്‍ ഒന്നുപോലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനത്തെ ന്യായീകരിക്കുന്നതായിരുന്നില്ല. 

ബെസ്റ്റ് ഓഫ് അഴിമുഖം 

നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?
90-കാരോട് കളിക്കരുത്; അത് പി.ബി ആയാലും
ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി
ഞാനെന്തു കൊണ്ട് ആം ആദ്മിക്കാരനായി – പ്രൊഫ. കമല്‍ മിത്ര ചെനോയ്
ചെറിയ ലോകത്തെ വലിയ പാര്‍ട്ടിക്കാര്‍ 

സംഭവത്തില്‍ സാമ്പത്തിക അഴിമതിയുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. പിന്നെ എന്തായിരുന്നു ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലുള്ള വികാരം എന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. എതായാലും നാടാര്‍ വോട്ടിന്റെ കണ്‍സോളിഡേഷന്‍ ആണെന്ന് പറഞ്ഞാലും അത്ര കണ്ട് പൊതുജനം വിശ്വസിക്കാന്‍ സാധ്യതയില്ല. അത്യാവശ്യം പത്രപാരായണ ശീലമുള്ളവര്‍ക്ക് പോലും അന്യമായ ഈ പേര് നാടാര്‍ വോട്ട് മുഴുവന്‍ പിടിച്ചു കൊണ്ട് വരുമെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഒരു തവണ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത പന്യനെങ്കിലും വിശ്വസിക്കും എന്ന് പ്രതീക്ഷിക്കാന്‍ പ്രയാസം. പണമല്ല ആ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടിയെ നിര്‍ബന്ധിച്ചതെങ്കില്‍ അതിലും വലിയ മറ്റെന്തോ കാരണം ഉണ്ട്. മണിച്ചന്റെ ഡയറിയില്‍ അഞ്ഞൂറ് രൂപ കൈക്കൂലി നല്‍കിയിരിക്കുന്നതായി രേഖപ്പെടുത്തി കണ്ടതിന്റെ പേരില്‍ ഭാര്‍ഗവി തങ്കപ്പന്‍ എന്ന കൊള്ളാവുന്ന നേതാവിനെതിരെ നടപടി സ്വീകരിച്ച പാരമ്പര്യമുള്ള ഒരു പാര്‍ട്ടി, ആ കാരണം തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുകയാണ് ചെയ്യേണ്ടത്. 

 

അതെന്താണ് എന്ന് പറയാനുള്ള ആര്‍ജവം ഇത്രയും കാര്യങ്ങള്‍ തിരക്കിട്ട് നടത്തിയ പാര്‍ട്ടി കാണിക്കേണ്ടതായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.10 കോടി രൂപ ബെനറ്റ് എബ്രഹാം പാര്‍ട്ടിക്ക് കൈമാറി എന്നാണ് കമ്മീഷന്‍ കണ്ടെത്തിയതെന്ന് പറയുന്നു. പാര്‍ട്ടി സെക്രട്ടറി അംഗീകരിക്കാത്തിടത്തോളം അത് മുഖവിലയ്ക്ക് എടുക്കേണ്ട എന്ന് വയ്ക്കാം. പക്ഷെ അവിടെയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്ന മറ്റൊരു മാരണം. വിവരാവകാശ നിയമം പൂര്‍ണമായി അംഗീകരിച്ച ഒരു പാര്‍ട്ടിയാണ് സിപിഐ. മറ്റ് പാര്‍ട്ടികള്‍ സാമ്പത്തിക കാര്യങ്ങളില്‍ മാത്രം വിവരാവകാശം മതിയെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ചര്‍ച്ചകളുടെ വിവരങ്ങള്‍ വരെ പുറത്ത് നല്‍കാന്‍ സിപിഐ തയ്യാറാവുകയായിരുന്നു. ആരെങ്കിലും വിവരാവകാശ നിയമ പ്രകാരം കമ്മീഷന്റെ റിപ്പോര്‍ട്ട് ചോദിച്ചാല്‍ പാര്‍ട്ടി വീണ്ടും വെട്ടിലാവുമെന്ന് സാരം. ഒരു പക്ഷെ വെഞ്ഞാറമ്മൂട് ശശി എന്ന പുറത്താക്കപ്പെട്ട ജില്ലാ സെക്രട്ടറി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതും അതുകൊണ്ടാവാം. ഏതായാലും രണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും ഒരു ജില്ലാ സെക്രട്ടറിയും മാത്രം വിചാരിച്ചാല്‍ തീരുമാനിക്കാവുന്നതല്ല സിപിഐയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി എന്നെങ്കിലും പൊതുജനത്തിന് തിരിയും എന്ന് മനസിലാക്കുന്നതാവും നല്ലത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നപ്പോള്‍ തന്നെ ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടും ഈ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ആര്‍ക്കും തോന്നാതിരുന്നത് എന്തുകൊണ്ടാവും?

ഇവിടെ പ്രസക്തമാവുന്ന ചോദ്യങ്ങള്‍ മറ്റ് ചിലത് കൂടിയാണ്. പേയ്‌മെന്റ് സീറ്റെന്ന ആരോപണം കേരളത്തില്‍ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെങ്കിലും പ്രധാനമായും വന്നത് രണ്ട് സീറ്റുകളുടെ കാര്യത്തിലാണ്. തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിന് പുറമെ എറണാകുളത്ത് സിപിഎം സ്വതന്ത്രനായി മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പേരിലും ഈ ആരോപണം ഉയര്‍ന്നിരുന്നു. രണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്ന് ഇപ്പോഴും സ്വയം വിശ്വസിക്കുന്ന രണ്ട് പാര്‍ട്ടികളുടെ പേരിലാവുന്നത് തികച്ചും യാദൃശ്ചികമാകാന്‍ ഇടയില്ല. ചില സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നേരത്തെ അഖിലേന്ത്യാതലത്തില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ എന്ന് വിശേഷിപ്പിക്കുന്നവയുടെ മുണ്ടില്‍ പറ്റിയ ചെളിയായി മാത്രമേ ജനം കണ്ടുള്ളു. പക്ഷെ ഇപ്പോള്‍ ഇടതു പാര്‍ട്ടികളുടെ പേരിലും രണ്ട് കോടിയുടെയും അഞ്ച് കോടിയുടേയും ഒക്കെ അഴിമതി കഥകള്‍ ആരോപണങ്ങളായെങ്കിലും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും നേരെ ‘കാറ്റിലെങ്കിലും പറക്കുന്നത്’ അത്ര ലളിതമായ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായി കാണാനാവില്ല. അന്തിമ വിജയത്തിന് മുമ്പുള്ള ഒരു താല്‍ക്കാലിക ഇടപാട് മാത്രമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നും പാര്‍ലമെന്ററി വ്യാമോഹം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് യഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ആവര്‍ത്തിച്ച് അലമുറയിടുന്നവരാണിവര്‍.

 

 

 

വലിയ ചോദ്യങ്ങള്‍ വീണ്ടും ഉയരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുല്യശോഷണത്തിനപ്പുറം ഈ രണ്ടും അഞ്ചുമൊക്കെ കോടി കൊടുത്ത് തിരഞ്ഞെടുപ്പിന് നിന്ന് പ്രചാരണ ചിലവുകള്‍ വഹിച്ച് ജയിച്ച ശേഷം ഇവര്‍ എന്ത് ജനസേവനമാണ് നടത്താന്‍ പോകുന്നത്? ഇവര്‍ക്ക് ഈ പണത്തിന്റെ സ്രോതസ് എവിടെ നിന്നാണ്? സ്വന്തമായി പണമില്ലെങ്കിലും മറ്റാരെങ്കിലുമാണ് നല്‍കുന്നതെങ്കില്‍ ആരുടെ താല്‍പര്യം സംരക്ഷിക്കാനാവും ഇവര്‍ പാലമെന്റില്‍ കൈപൊക്കുന്നത്? ജനങ്ങളുടെ ഭാഗ്യം അല്ലെങ്കില്‍ കൈയിലിരുപ്പ് എന്നാണ് ഇതിനെ ഒക്കെ വിശേഷിപ്പിക്കേണ്ടത്. ഇതില്‍ കൂടുതല്‍ നമ്മള്‍ അര്‍ഹിക്കുന്നില്ല. കോഴ കൊടുത്ത് പഠിക്കുകയും ജയിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരാല്‍ ചികിത്സിക്കപ്പെടുകയും എഞ്ചിനീയര്‍മാര്‍ കെട്ടുന്ന വീടുകളില്‍ പാര്‍ക്കുകയും മറ്റും മറ്റും ചെയ്യുന്ന നമ്മളെ പേയ്‌മെന്റ് സീറ്റിലൂടെ ജയിച്ചുവരുന്ന എംപിമാരും എംഎല്‍എമാരും മന്ത്രിമാരും ഭരിച്ചാലും വലിയ കുഴപ്പമൊന്നും വരാന്‍ പോകുന്നില്ല. കാരണം, അറബിക്കടലില്‍ മഴ പെയ്യുന്നത് അവിടെ കാടുണ്ടായിട്ടാണോ എന്ന് ചോദിക്കുന്നവര്‍ തന്നെയാണ് നമ്മള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍