UPDATES

എല്‍ദോയെ പൊലീസ് മര്‍ദ്ദിച്ചതില്‍ സിപിഐ മന്ത്രിമാരുടെ പ്രതിഷേധം, ഭരണകക്ഷി എംഎല്‍എ സമരം ചെയ്താല്‍ ഇങ്ങനെയുണ്ടാകുമെന്ന് എകെ ബാലന്‍

മന്ത്രിസഭ യോഗത്തില്‍ സിപിഎം, സിപിഐ മന്ത്രിമാര്‍ തമ്മിലുണ്ടായ തര്‍ക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് പരിഹരിച്ചത്.

മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പ്രതിഷേധമറിയിച്ച് സിപിഐ മന്ത്രിമാര്‍. കണ്ടാലറിയാവുന്ന എംഎല്‍എയെ തല്ലിയത് സിആര്‍പിഎഫുകാരോ ആംഡ് ബറ്റാലിയനോ ഒന്നുമല്ല, ലോക്കല്‍ പൊലീസാണ്. നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. അതേസമയം ഭരണകക്ഷി എംഎല്‍എമാര്‍ സമരം ചെയ്താന്‍ ഇങ്ങനെയൊക്കയുണ്ടാകും എന്നായിരുന്നു മന്ത്രി എകെ ബാലന്റെ മറുപടി. മാതൃഭൂമി ന്യൂസ് ആണ് ഇക്കാര്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്.

മന്ത്രിസഭ യോഗത്തില്‍ സിപിഎം, സിപിഐ മന്ത്രിമാര്‍ തമ്മിലുണ്ടായ തര്‍ക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് പരിഹരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ് എങ്കിലും ഒരു ജനപ്രതിനിധിക്ക് ഇത്തരത്തില്‍ പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണ് എന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. എന്നാല്‍ എകെ ബാലന്റെ മറുപടി സിപിഐ മന്ത്രിമാരെ പ്രകോപിപ്പിച്ചു.

വേണ്ടി വന്നാല്‍ സമരം ചെയ്യാന്‍ മടിയില്ല എന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും വ്യക്തമാക്കി. തല്ല് കൊണ്ട് തന്നെയാണ് മന്ത്രി കസേരയിലെത്തിയത്. ഇനിയും തല്ല് കൊള്ളാന്‍ മടിയില്ല എന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെ ഇത്തരം നടപടികളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സുനില്‍ കുമാറും പി തിലോത്തമനും പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് തര്‍ക്കം പരിഹരിച്ചത്. ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും മന്ത്രിസഭാ യോഗത്തില്‍ നടന്നിട്ടില്ല എന്ന് എകെ ബാലന്‍ പിന്നീട് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍