UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുദ്ധ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ ഗതികേടുകള്‍

Avatar

അരുണ്‍ റ്റി വിജയന്‍

വാക്കിലും മട്ടിലും ശുദ്ധ കമ്മ്യൂണിസം കൊണ്ടുനടക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഐ. ശക്തരായ നേതാക്കളുടെ അഭാവം പാര്‍ട്ടിയ്ക്ക് ഇന്ന് രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതാക്കിയെന്ന് അസൂയാലുക്കള്‍ പറയുന്നുണ്ടെങ്കിലും മെലിഞ്ഞ ആനയെ തൊഴുത്തില്‍ കെട്ടാനാകില്ലല്ലോ?

 

ലോകത്തുള്ള എല്ലാ തൊഴിലാളികള്‍ക്കും അടിസ്ഥാന വേതനവും അവകാശങ്ങളും നേടി നല്‍കാന്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഈ പാര്‍ട്ടി ഇത്രകാലവും നേരിട്ട മുഖ്യ ആരോപണം പാര്‍ട്ടിയുടെ മുഖപത്രമായ ജനയുഗത്തിലെ ജീവനക്കാര്‍ക്ക് അടിസ്ഥാനവേതനം പോലും നല്‍കുന്നില്ലെന്നതായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെ ആക്രമിക്കാന്‍ ശത്രുക്കള്‍ക്ക് പുതിയ ഒരായുധമാണ് ലഭിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ബെന്നറ്റ് എബ്രഹാമിനെ നിശ്ചയിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുമയല്ലാത്ത കോഴ വാങ്ങി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചുവെന്നതായിരുന്നു പുതിയ വിവാദം. എന്നാല്‍ സിപിഐയില്‍ ഇതാദ്യത്തെ സംഭവമാണെന്നത് പാര്‍ട്ടിയുടെ ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ ഈ വിഷയത്തോടടുപ്പിക്കുന്നു.

 

കീഴ്ഘടകത്തെ ബലികൊടുത്ത് മുന്‍നിര നേതാക്കളെ സംരക്ഷിക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പാരമ്പര്യം. എന്നാല്‍ ഈ പതിവ് തെറ്റിച്ച് സിപിഐ തങ്ങളുടെ മൂന്ന് മുന്‍നിര നേതാക്കള്‍ക്കെതിരെയെടുത്തിരിക്കുന്ന നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവുമായ സി ദിവാകരന്‍, ജനയുഗത്തിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാമചന്ദ്രന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയപ്പോള്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ വെഞ്ഞാറമ്മൂട് ശശിയെ തല്‍സ്ഥാനത്തു നിന്നും നീക്കിയാണ് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ പ്രശ്‌നപരിഹാരം കണ്ടെത്തിയത്.

 

 

 

നേരത്തെ ദിവാകരനും രാമചന്ദ്രന്‍ നായരും ശശിയും കുറ്റക്കാരാണെന്ന് പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ബെന്നറ്റിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ച കാലം മുതല്‍ ഇത് പേയ്‌മെന്റ് സീറ്റാണെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നിരസിക്കാനാവാത്ത പച്ചയായ യാഥാര്‍ത്ഥ്യമായി അത് നിലനില്‍ക്കുകയായിരുന്നു. ലോക്‌സഭയില്‍ നിലവില്‍ കേരളത്തില്‍ നിന്ന് മാത്രം അംഗമുള്ള ഈ പാര്‍ട്ടി, ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നഷ്ടമാകുന്നതിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് പേയ്‌മെന്റ് സീറ്റെന്ന ആരോപണവും നേരിട്ടത്. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എതിര്‍പ്പുണ്ടായിരുന്ന പാര്‍ട്ടിയിലെ പ്രമുഖര്‍ തന്നെയാണ് വിഷയത്തെ ഇത്രയേറെ കൊഴുപ്പിച്ചതും.

ബെസ്റ്റ് ഓഫ് അഴിമുഖം

അച്ചടക്കവാളിന് മൂര്‍ച്ച പോര; അവരത്ര വിനീതരുമാകില്ല
വിജയാ… ഈ ബുദ്ധിയെന്താ നമുക്ക് നേരത്തെ തോന്നാത്തത്…?
നല്ല നേതാവും ചീത്ത നേതാവും
സഖാവേ, അതൊരു ഓലപ്പടക്കമാണ്!
പാമ്പിന് പാല് കൊടുത്തവര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു വച്ചിരുന്ന ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് കളികളാണ് പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന വാദവും ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് പുറത്തു വന്നിരുന്നു. ജനയുഗത്തിലെ എഡിറ്റോറിയല്‍ ബോര്‍ഡും എംഡിയും തമ്മിലുണ്ടായ തര്‍ക്കവും ഇതേ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനോട് പരാജയപ്പെട്ട രാമചന്ദ്രന്‍ നായരെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന കാര്യം ഏറെക്കുറെ വ്യക്തമായിരുന്നു. അതേസമയം ജനയുഗം എഡിറ്റര്‍ കൂടിയായിരുന്ന ബിനോയ് വിശ്വം ഇക്കുറി സീറ്റ് പ്രതീക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു കണക്കു കൂട്ടല്‍.

 

 

 

എന്നാല്‍ രാമചന്ദ്രന്‍ നായരുള്‍പ്പെടുന്ന വിഭാഗത്തിന്റെ ഇടപെടലില്‍ ബെന്നറ്റിന് സീറ്റ് ലഭിക്കുകയായിരുന്നു. ബെന്നറ്റില്‍ നിന്ന് 2.10 കോടി രൂപ വാങ്ങിയാണ് സീറ്റ് നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. ഈ പണം രാമചന്ദ്രന്‍ നായരാണ് നേരിട്ട് കൈപ്പറ്റിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. ജില്ലാ ഘടകത്തില്‍ നിന്ന് ബെന്നറ്റിനെ നിര്‍ദ്ദേശിച്ചത് വെഞ്ഞാറമ്മൂട് ശശിയായിരുന്നു. പണം വാങ്ങിയാണ് സീറ്റ് നല്‍കുന്നതെന്ന വിവരം പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും വെഞ്ഞാറമ്മൂട് ശശിക്കും അറിയാമായിരുന്നുവെന്ന് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നുണ്ട്. കോഴയായി വാങ്ങിയ പണം വാര്‍ഡ് തലംവരെ വീതിച്ചു കൊടുത്തിട്ടുണ്ടെന്നും ഈ കണക്കുകള്‍ ജില്ലാ കൗണ്‍സിലിലും ജില്ലാ സെക്രട്ടേറിയറ്റിലും അംഗീകരിച്ചതാണെന്നും അദ്ദേഹം പറയുന്നു.

പണം മുടക്കി സ്ഥാനാര്‍ത്ഥിത്വം നേടുന്നത് ഇന്ത്യയില്‍ പതിവായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കോഴ വാങ്ങി ബെന്നറ്റിന് സീറ്റ് നല്‍കിയതിന് നേതാക്കളെ ശിക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ത്രികോണ മത്സരത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വളരെ താമസിച്ച് മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സിപിഐ നേതൃത്വം കോഴ വാങ്ങി സീറ്റ് കച്ചവടം ചെയ്യാമെന്ന് ചിന്തിച്ചതില്‍ തെറ്റു പറയാനാകുമോ? അതും സ്വാശ്രയ കോളേജുകളിലൂടെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓരോ സീറ്റിനും പണം വാങ്ങിയ ബെന്നറ്റില്‍ നിന്നാകുമ്പോള്‍ പശ്ചാത്താപത്തിന്റെ ആവശ്യമില്ലെന്നും നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടാകും. കോണ്‍ഗ്രസും സിപിഎമ്മുമെല്ലാം മുമ്പേ പയറ്റിത്തെളിഞ്ഞ ഈ കളിയില്‍ സിപിഐ പരാജയപ്പെട്ടതായിരിക്കും അവര്‍ക്ക് വിനയായത്.

 

 

 

2009ലെ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായപ്പോഴും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം വന്‍ ഭൂരിപക്ഷത്തിന് ജയിച്ച് ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയായിരുന്നു. ഇത്തവണ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കളിയിലും ഇത്തരത്തിലുള്ള കോഴ രഹസ്യങ്ങള്‍ വല്ലതുമുണ്ടായിരുന്നോയെന്ന് വ്യക്തമായിട്ടില്ല. കക്കാന്‍ മാത്രമല്ല നില്‍ക്കാനും സിപിഐ ഇനിയെങ്കിലും പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഈ സംഭവവികാസങ്ങള്‍ പറയുന്നത്. കൂടാതെ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് മൂന്നാം സ്ഥാനം മാത്രം ലഭിക്കുക കൂടി ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയായി മാറി. ബെന്നറ്റിനെ ജയിപ്പിച്ചെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ സിപിഐ വാങ്ങിയ കോഴയും മറ്റു പാര്‍ട്ടികള്‍ വാങ്ങിയതിന് സമാനമായി ആരും അറിയാതെ പോകുമായിരുന്നു.

 

മുമ്പ് സുധാകര്‍ റെഡ്ഡി ദേശീയ ജനറല്‍ സെക്രട്ടറിയായതിന് ശേഷം കേരളത്തില്‍ നടത്തിയ ആദ്യ യാത്രയ്ക്ക് വേണ്ടി നടത്തിയ പിരിവിനെക്കുറിച്ച് ആരോപണം ഉയര്‍ന്നപ്പോഴും പുതിയ വിവാദത്തിലെ രണ്ട് നേതാക്കള്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ ഇപ്പോഴത്തേത് പാര്‍ട്ടിയില്‍ അപൂര്‍വമായി സംഭവിച്ചതായി കണക്കാക്കേണ്ടതില്ല. എല്‍ഡിഎഫില്‍ സിപിഎം നല്‍കുന്ന അപ്പക്കഷണങ്ങള്‍ മാത്രം ഭക്ഷിച്ച് ജീവിക്കേണ്ടി വരുന്ന ഈ പാര്‍ട്ടിക്ക് വല്ലപ്പോഴും ലഭിക്കുന്ന കോളുകളിലൊന്ന് മാത്രമായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ്. എന്നാല്‍ സിപിഎമ്മിലെ പോലെ നടത്തുന്ന പിരിവ് പാര്‍ട്ടി ഫണ്ടിലേക്ക് തന്നെ എത്തിക്കാനുള്ള മനോധൈര്യം ഈ പാര്‍ട്ടിയുടെ നേതാക്കള്‍ക്കില്ലാതെ പോയതാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഉണ്ണാത്തവന്‍ ഇല കിട്ടാത്തതിന്റെ വിഷമം തീര്‍ത്തപ്പോള്‍ അത് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കായി മാറുകയും ചെയ്തുവെന്ന് വേണം കരുതാന്‍.

*Views are personal 

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍