UPDATES

സിപിഐ സെക്രട്ടറി സ്ഥാനത്തേക്ക് സമവായത്തിന് സാധ്യത; പന്ന്യനും ബിനോയ് വിശ്വവും പട്ടികയില്‍

അഴിമുഖം പ്രതിനിധി

സിപിഐ സംസ്ഥാന സെക്രട്ടറിയെ സമവായത്തിലൂടെ കണ്ടെത്താന്‍ നീക്കം. സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനും കെ. ഇ ഇസ്മയിലും പിടിമുറുക്കിയതോടെയാണ് സമവായത്തിലൂടെ സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയത്. മത്സരമുണ്ടാകാനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിനാണ് കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ പിന്‍ മാറാത്ത പക്ഷം പന്ന്യന്‍ രവീന്ദ്രനെ വീണ്ടും സെക്രട്ടറിയാക്കാനാണ് നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. പന്ന്യന്‍ സമ്മതിക്കാത്ത പക്ഷം ബിനോയ് വിശ്വത്തിന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയില്ല എന്ന് പന്ന്യന്‍ രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ സമ്മേളന ചര്‍ച്ചയില്‍ പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ അഴിച്ചുവിട്ടത്. മുടിമുറിച്ചും, ഫുട്‌ബോള്‍ കമന്ററി പറഞ്ഞും നടക്കുന്ന പന്ന്യന്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും സോളാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആളാകാന്‍ വേണ്ടി സിപിഎമ്മിനെ കുറ്റം പറഞ്ഞു എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ തുടര്‍ന്ന് നടത്തിയ മറുപടി പ്രസംഗത്തില്‍ വളരെ വൈകാരികമായിട്ടായിരുന്നു പന്ന്യന്‍ പ്രതികരിച്ചത്. താനൊരു സാധാരണ കുടുംബത്തില്‍ ജനിച്ച ആളാണെന്നും എത്ര ശ്രമിച്ചാലും പികെവിയോ, വെളിയമോ, ചന്ദ്രപ്പനോ ആകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിനെതിരെ കടുത്ത ആക്രമണവുമാണ് പന്ന്യന്‍ അഴിച്ചുവിട്ടത്. ഇതുവഴി പ്രതിനിധികളെ ഒരു പരിധി വരെ കയ്യിലെടുക്കാനും പന്ന്യന് കഴിഞ്ഞിരുന്നു.

അതെസമയം ഇനി സെക്രട്ടറി സ്ഥാനത്തേക്കില്ല എന്ന നിലപാടില്‍ പന്ന്യന്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പകരം ബിനോയ് വിശ്വത്തിനെ കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ആലോചന. പാര്‍ട്ടിക്ക് കീഴടങ്ങി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയ്ക്കാണ് ബിനോയ് വിശ്വത്തിനെ പരിഗണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍