UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പിതൃശൂന്യ’ പ്രതിഷേധം കൊണ്ട് പൊറുതിമുട്ടി സി പി എം

Avatar

അഴിമുഖം പ്രതിനിധി

വിജയം മണത്തുവെന്നു കരുതിയ ഘട്ടത്തില്‍ സിപിഎം വല്ലാത്തൊരു ഗതികേടില്‍ പെട്ടിരിക്കുന്നു. താഴെക്കിടയിലുള്ള കമ്മിറ്റിക്കാര്‍ തന്നെയാണ് പ്രശ്‌നം സൃഷ്ടിക്കുന്നവര്‍. ഒരു കേഡര്‍ പാര്‍ട്ടിയുടെ തനതുസ്വഭാവം മാറ്റിവച്ച് തങ്ങളോരോരുത്തരുടെയും താത്പര്യക്കാരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള വ്യഗ്രതയിലാണ് പല കമ്മിറ്റികളും. ഇതിനെ എങ്ങനെ അതിജീവിക്കും എന്നതാണ് സംസ്ഥാന നേതൃത്വത്തെ കുഴയ്ക്കുന്ന പ്രശ്‌നം. ഇപ്പ ശരിയാക്കിത്തരാം എന്ന കുതിരവട്ടം പപ്പുവിന്റെ സിനിമ ഡയലോഗില്‍ ഒതുങ്ങുന്ന ഒന്നല്ല വര്‍ത്തമാനകാല പ്രായോഗിക രാഷ്ട്രീയം എന്ന തിരിച്ചറിവു തന്നെയാകണം ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിനുള്ളത്.

വടക്കാഞ്ചേരിയില്‍ ചിലര്‍ നടത്തിയ പ്രതിഷേധ കളികളില്‍ മനംനൊന്ത് കെപിഎസി ലളിത കളംവിട്ടൊഴിഞ്ഞു. അവരെ അനുനയിപ്പിച്ച് വടക്കാഞ്ചേരിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പാര്‍ട്ടി ടിക്കറ്റ് ഏതാണ്ട് ഉറപ്പിച്ച സി എം ദിനേശ് മണിയുടെ വളരെ നാടകീയമായ പിന്മാറ്റം. താന്‍ മത്സരിക്കാന്‍ ഇല്ലെന്നു ദിനേശ് മണി ജില്ല ഘടകത്തെയും സംസ്ഥാന സെക്രട്ടറിയേറ്റിനേയും അറിയിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദിനേശ് മണിക്കു പകരം ഡിവൈഎഫ് ഐയുടെ തീപ്പൊരി നേതാവ് എം സ്വരാജ് തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ പാലക്കാട് ജില്ലയിലെ തൃത്താലയിലേക്കും സ്വരാജിനെ പരിഗണിച്ചിരുന്നു.

തൃപ്പൂണിത്തുറയില്‍ തുടക്കം മുതല്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട പേര് മുന്‍ രാജ്യസഭാംഗം പി രാജീവിന്റെതായിരുന്നു. ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട് ബാബുവിനെ വീഴ്ത്താന്‍ രാജീവ് തന്നെയാണ് അനുയോജ്യനെന്ന ചിലരുടെ ചിന്തയില്‍ നിന്നും ഉയര്‍ന്ന ആവശ്യം പ്രതിഷേധ രൂപത്തില്‍ അലയടിക്കുന്നതിനിടയിലാണ് ഇപ്പോള്‍ സ്വരാജിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല. എങ്കിലും മുന്‍മേയര്‍ കൂടിയായ ദിനേശ് മണിക്കെതിരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത് അഴിമതിക്കഥ തന്നെയാണെന്നത് ഒരുപക്ഷേ പാര്‍ട്ടിയും ഗൗരവത്തില്‍ തന്നെയാകും എടുക്കുക എന്നു തോന്നുന്നു.

തൃപ്പൂണിത്തുറയില്‍ മാത്രമല്ല തൃക്കാക്കര, കൊല്ലം, ആറന്മുള തുടങ്ങി ഒട്ടേറെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഎം നേതൃത്വത്തിനു മുന്നില്‍ ഇപ്പോഴും കീറാമുട്ടിയായി തുടരുന്നു. സീറ്റ് നിഷേധത്തിനെതിരെ പോസ്റ്റര്‍ യുദ്ധം നടത്തുന്നവര്‍ രാഷ്ട്രീയമായി പിതൃശൂന്യരാണെന്നാണ് അരക്കവി കൂടിയായി മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്റെ വാദം. തനിക്കെതിരെയും പോസ്റ്ററുകള്‍ വന്ന സാഹചര്യത്തില്‍ കൂടിയാകണം സുധാകരന്‍ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഎമ്മിനെ വല്ലാതെ സ്വൈര്യം കെടുത്തുന്ന ഈ ഘട്ടത്തില്‍ പെട്ടെന്ന് മനസിലേക്ക് ഓടിയെത്തുന്നത് രണ്ടു സംഭവങ്ങളാണ്. ഒന്ന്, ഇക്കഴിഞ്ഞ 23 ആം തീയതി നടന്ന ലോക ട്വന്റി-20 യിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരവും മറ്റൊന്ന്, 1971 ല്‍ വടകര ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മാറ്റവും സംബന്ധിച്ചതാണ്. അവസാനത്തേതും നിര്‍ണായകവുമായ ഓവര്‍ എറിയാനായി പന്ത് ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കുമ്പോള്‍ ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പോലും എല്ലാം വിധിക്കു വിട്ടതാകണമെന്നില്ല. എങ്കിലും ക്യാപ്റ്റന്‍ കൂള്‍ എന്നൊക്കെ അറിയപ്പെടുന്ന ധോണിക്കും ഉണ്ടായിട്ടുണ്ടാവണം വല്ലാത്തൊരു നെഞ്ചിടിപ്പ്. കളിയില്‍ ഒറ്റ റണ്‍സിന് ഇന്ത്യ ജയിച്ചു.

സമാനമായ ഒരു രാഷ്ട്രീയ പരീക്ഷണം തന്നെയാണ് 1971 ല്‍ ഇന്ദിര ഗാന്ധി കേരളത്തില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നടത്തിയത്. കെപിസിസി വടകരയിലേക്ക് സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചിരുന്നത് കോണ്‍ഗ്രസിലെ അറിയപ്പെടുന്ന വനിത നേതാവായിരുന്ന ലീല ദാമോദര മേനോനെ ആയിരുന്നു. അവര്‍ക്കുവേണ്ടി വടകരയില്‍ തകൃതിയായി ചുമരെഴുത്ത് നടന്നുകൊണ്ടിരിക്കെയാണ് മുടി നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍ തോള്‍സഞ്ചിയുമായി കോഴിക്കോട്ടെ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഓഫീസിലേക്ക് കയറിച്ചെന്നത്. അയാള്‍വച്ചു നീട്ടിയ കത്ത് വായിച്ച ഡിസിസി പ്രസിഡന്റ് ഒന്നു പകച്ചു. കത്ത് ഇന്ദിരാജിയുടേതാണ്. അതിലെ ഉള്ളടക്കം ലീല ദാമോദര മേനോനു പകരം ഈ കത്തുമായി വരുന്ന കെ പി ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും കാര്യങ്ങള്‍ വിശദമായി കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും. ആദ്യം ഒന്നു പകച്ചുപോയെങ്കിലും ഇന്ദിരാജിയുടെ നിര്‍ദേശം ലംഘിക്കാന്‍ വയ്യാത്തതാകയാല്‍ നേതാവ് വന്ന യുവാവിനോട് മുടിമുറിച്ച് വൃത്തിയായിട്ട് വരാന്‍ പറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും വടകരയിലെ വോട്ടര്‍മാര്‍ക്കും ഒട്ടും സുപരിചിതന്‍ അല്ലാതിരുന്നിട്ടും കെ പി ഉണ്ണികൃഷ്ണന്‍ വിജയിച്ചു.

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്‌ക്കെതിരെ തിരിഞ്ഞവര്‍ ഓര്‍ക്കേണ്ട കാര്യം പാര്‍ട്ടിയിലെ പാരമ്പര്യമോ നേതൃനിരയിലെ തിളക്കമോ മാത്രം വിജയം കൊണ്ടുവരില്ല എന്നതാണ്. എ കെ ജി വിജയിച്ച കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പിന്നീട് മലമ്പുഴയില്‍ നിന്നും തോറ്റയാളാണ് ഇ കെ നയനാര്‍. വി എസ് അച്യുതാനന്ദനും ഉണ്ടായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍. മരാരിക്കുളത്ത് പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരി എന്നു പറയാമെങ്കിലും അതിനു മുമ്പാണ്ടായ പരാജയങ്ങളെ കുറച്ചുകാണാന്‍ ആകില്ല. പാര്‍ട്ടിയിലെ പ്രവര്‍ത്തനപരിചയം മാത്രമല്ല വിജയസാധ്യത കൂടിയാണ് ഓരോപാര്‍ട്ടിയും മുന്നണിയും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന മാനദണ്ഡം. എന്നുകരുതി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ വഴിയേ പോകുന്ന ആരെയും പിടിച്ചു സ്ഥാനാര്‍ത്ഥിയാക്കുകയെന്ന പ്രവണത നന്നോയെന്ന് പാര്‍ട്ടി നേതൃത്വവും ചിന്തിക്കുന്നത് നന്നായിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍