UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി പി എമ്മിലെ യുവാക്കള്‍ക്ക് പാര്‍ലമെന്‍ററി വ്യാമോഹമോ?

Avatar

കെ എ ആന്റണി

അവനവന്റെ ശത്രു അവനവന്‍ തന്നെയാണെന്നത് ഏറെ വൈകിയാണെങ്കിലും സിപിഐഎം തിരിച്ചറിഞ്ഞുവെന്നുവേണം കരുതാന്‍. 2006-ലെ തെരഞ്ഞെടുപ്പ് വേളയില്‍ വിഎസ് അച്യുതാനന്ദന് വേണ്ടി പ്രശ്‌നം സൃഷ്ടിച്ചവരോ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ ഒക്കെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നത്തില്‍ പാര്‍ട്ടിക്ക് കടുത്ത തലവേദനയാകുന്നത്. പോസ്റ്ററുകളിലൂടെയും അല്ലാതെയും ഉയരുന്ന ഈ വിമത സ്വരങ്ങള്‍ നല്‍കുന്ന സന്ദേശം അത്യന്തം വിപല്‍കരമാണ്. വിഭാഗീയതയുടെ പ്രേതം പാര്‍ട്ടിയെ പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നു തന്നെ വേണം കരുതാന്‍.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും സമ്മേളിച്ചിരിക്കുകയാണ്. ജില്ല കമ്മിറ്റികളും സെക്രട്ടറിയേറ്റുകളും അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം ഉണ്ടാകില്ലെന്നൊക്കെ നേതാക്കള്‍ പറയുമ്പോഴും പല മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ മാറ്റി നിര്‍ണയിക്കേണ്ടി വരുമെന്ന് തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഭരണവിരുദ്ധ വികാരത്തിനൊപ്പം അഴിമതി ആരോപണങ്ങള്‍ കൂടിയായപ്പോള്‍ വിജയത്തിലേക്കും ഭരണത്തിലേക്കും അനായാസം നടന്നു കയറാമെന്ന് സിപിഐഎമ്മും എല്‍ഡിഎഫും നടത്തിയ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ പോന്നതാണ് ഇപ്പോള്‍ സിപിഐഎമ്മില്‍ ഉയര്‍ന്നിട്ടുള്ള കലാപകൊടികളും. പ്രധാന ഘടകകക്ഷിയായ സിപിഐ നടത്തിക്കൊണ്ടിരിക്കുന്ന അമിത വിലപേശലും തങ്ങള്‍ നേരത്തെ മത്സരിച്ച സീറ്റുകള്‍ക്കൊപ്പം മുന്നണി വിട്ടു പോയ ആര്‍ എസ് പി മത്സരിച്ച സീറ്റുകളില്‍ രണ്ടെണ്ണം കൂടി തങ്ങള്‍ക്ക് വേണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സിപിഐ.

മുന്നണിയിലേക്ക് വരാന്‍ വേണ്ടി രണ്ട് കാലും രണ്ട് കൈയും നീട്ടി നില്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം കേരള കോണ്‍ഗ്രസിന് സീറ്റ് ഒപ്പിക്കുന്ന വിഭാഗത്തില്‍ സിപിഐഎം കാണിക്കുന്ന ആവേശം ഘടകകക്ഷികളില്‍ ആര്‍ക്കും തന്നെയില്ലെന്നതാണ് പാര്‍ട്ടിയെ കുഴയ്ക്കുന്ന മറ്റൊരു കാര്യം. ഇക്കാര്യത്തില്‍ സിപിഐ മാത്രമല്ല ജെഡിഎസ്, എന്‍ സി പി, എന്നിവരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കടന്നപള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ് മാത്രമാണ് കടുംപിടിത്തത്തിനില്ലാത്ത ഏക ഘടകകക്ഷി.

ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമല്ലാതെ ഒരു സീറ്റില്‍പോലും സ്വന്തമായി വിജയിക്കാന്‍ ആകാത്തവരാണ് ഈ ഘടകകക്ഷികളില്‍ പലതും. എന്നിരുന്നാലും സ്വന്തം പാര്‍ട്ടി വളര്‍ത്തേണ്ട ബാധ്യത അതത് പാര്‍ട്ടി നേതൃത്വങ്ങളില്‍ നിഷിപ്തമാകയാല്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനുമാകില്ല.

ഘടകക്ഷികള്‍ അല്ലെങ്കിലും എല്‍ഡിഎഫിനൊപ്പം ഏറെക്കാലമായി നിലയുറപ്പിച്ചിട്ടുള്ള ഐഎന്‍എല്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഗൗരിയമ്മയുടെ ജെ എസ് എസ്, സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം, ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, പി സി ജോര്‍ജ്ജിന്റെ ഒറ്റയാള്‍ നീക്കം, സ്‌കറിയാ തോമസ് വിഭാഗം എന്നിങ്ങനെ മൊത്തം നൂറ്റിനാല്‍പ്പത് സീറ്റുകളില്‍ നിന്ന് കുടികിടപ്പുകാര്‍ക്കും ആശ്രയം തേടിയെത്തിയവര്‍ക്കുംമൊക്കെ വീതം വച്ചു നല്‍കിയാല്‍ തറവാട്ടില്‍ ശേഷിക്കുന്നത് എത്രയെന്ന ചിന്തയും സിപിഐഎമ്മിനെ തെല്ലൊന്നുമല്ല അലട്ടുന്നത്.

സ്വതന്ത്രന്‍മാരെ ഇറക്കുന്നുവെന്ന് പറഞ്ഞ് വിഎസ് അനുകൂലികള്‍ എന്ന് പറഞ്ഞു നടക്കുന്ന ഒരു വിഭാഗം സൃഷ്ടിക്കുന്ന തലവേദന തന്നെയാണ് സിപിഐഎം നേതൃത്വത്തെ ഇപ്പോള്‍ വല്ലാത്തൊരു വെട്ടില്‍ വീഴ്ത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതാദ്യമായൊന്നുമല്ല സ്വതന്ത്രരെ പരീക്ഷിക്കുന്നത്. എസ് കെ പൊറ്റക്കാടിനേയും രാമുകാര്യാട്ടിനേയും ഒക്കെ പരീക്ഷിച്ച് വിജയം കണ്ട കമ്മ്യൂണിസ്റ്റുകളെ അമിത് ഷാ പോലും മാതൃകയാക്കുമ്പോള്‍ പാളയത്തില്‍ പടയെ ഒരുക്കുന്ന പുത്തന്‍കൂറ്റ് സഖാക്കളില്‍ സന്നിവേശിച്ചിട്ടുള്ള പാര്‍ലമെന്ററി വ്യാമോഹം ഒട്ടും അല്‍ഭുതപ്പെടുത്തുന്നതല്ല. പോസ്റ്റര്‍ ഒട്ടിച്ചും സിന്ദാബാദ് വിളിച്ചും കേസില്‍ പ്രതികളായും ശിഷ്ടകാലം ഹോമിക്കണമോയെന്ന ചിന്ത യുവകമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. പാര്‍ലമെന്ററി മോഹവും അത് നല്‍കുന്ന സൗഭാഗ്യങ്ങളും അവരേയും വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ട്. എവിടെ നിന്നോ വന്നവര്‍ തങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ ഒരു പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ ഈ സൗഭാഗ്യങ്ങള്‍ അത്രയും കവര്‍ന്നെടുത്ത് കൊടിവച്ച കാറില്‍ പായുമ്പോള്‍ പിളര്‍ന്നുപോകുന്ന നെഞ്ചകങ്ങള്‍ ഒരുപാടുണ്ട്. ഇത്തരക്കാരെ സൃഷ്ടിച്ചതില്‍ സിപിഐഎം നേതൃത്വത്തിനുള്ള പങ്ക് വളരെ വലുതുമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിക്ക് പുറത്തു നിന്ന് സിപിഐഎം പരിഗണിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ അമ്പതോളം സിപിഐഎം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. നേരത്തെ പോസ്റ്ററുകളില്‍ ഒതുങ്ങിയ പ്രതിഷേധം ഇന്ന് പ്രകടനമായി മാറുകയായിരുന്നു. നൂലില്‍ കെട്ടിയിറക്കിയ നേതാക്കളെ വേണ്ടെന്ന നിലപാടിലാണ് ഇവിടത്തെ പ്രവര്‍ത്തകര്‍.

പണ്ടൊന്നുമില്ലാതിരുന്ന യശ്മാന്‍-അടിയാന്‍ സമ്പ്രദായത്തെ പുനഃസൃഷ്ടിച്ച പുത്തന്‍കൂറ്റ് നേതാക്കള്‍ എന്തുകൊണ്ടോ പഴയകാല കമ്മ്യൂണിസ്റ്റുകളുടെ ത്യാഗോജ്ജ്വല ജീവിതത്തെ പാടേ മറന്നുപോയി. ഇതിലൂടെ അവര്‍ പാര്‍ട്ടി സ്വത്ത് വിപുലമാക്കിയപ്പോഴും അധികാരം കൈയാളിയപ്പോഴും മറന്നുപോയ ചില കാര്യങ്ങളുണ്ട്. അതാകട്ടെ തങ്ങള്‍ക്കുവേണ്ടി പാടത്തും റോഡിലും പണിശാലകളിലും മാത്രമല്ല തെങ്ങിന്റെ മുകളില്‍ ഇരുന്ന് ചെത്തുന്ന ചെത്തുകാരനെ കൂടിയാണ്. ചെരുപ്പ് കുത്തിയും ബീഡിക്കാരനും കൈത്തറിക്കാരനും കൃഷിത്തൊഴിലാളിയും ചെത്തുകാരനുമൊക്കെ സമജ്ഞസ സമ്മേളിക്കുന്നതായിരുന്നു പഴയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. കാലം മാറി. പാര്‍ട്ടി ഓഫീസുകള്‍, സഹകരണ ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയൊക്കെ ഉയര്‍ന്നപ്പോഴും തിരസ്‌കരിക്കപ്പെട്ടത് വിപ്ലവ പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ഗ്രാമീണ മനസ്സാണ്.

ബ്രാഞ്ച് സെക്രട്ടറി മുതല്‍ എല്ലാവരും പാര്‍ട്ടി ശമ്പളം പറ്റുന്നവര്‍ ആകുമ്പോള്‍ എന്നും സിന്ദാബാദ് എന്നതിന് അപ്പുറം തങ്ങള്‍ക്കും ഒരുഅവസരം എന്ന് കരുതുന്നവരെ കുറ്റം പറയാനാകില്ല.

നില്‍ക്കേണ്ടവര്‍ നില്‍ക്കേണ്ടയിടത്ത് നില്‍ക്കണമെന്ന കൊടിയ വാശി തന്നെയായിരുന്നു ബംഗാളിലും വിനയായത്. ജെഎന്‍യുവിലെ കുത്തക ഭരണം നഷ്ടപ്പെട്ടതിലും സിപിഐഎം വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയെ കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അടുത്തകാലത്ത് മണ്‍മറഞ്ഞ പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് പണ്ട് പറഞ്ഞതു പോലെ കവിത തോന്ന്യാക്ഷരങ്ങള്‍ ആകുമ്പോള്‍ വിപ്ലവ വഴിയിലെ പുതുനാമ്പുകള്‍ക്കും തങ്ങള്‍ക്ക് തോന്നിയതു പോലെ ചിന്തിച്ചു കൂടെയന്ന ചോദ്യം പ്രസക്തമാകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍