UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെപിഎസി ലളിതയ്ക്ക് എതിരെ ഒളിയുദ്ധം; വടക്കാഞ്ചേരിയില്‍ തല്ലി തോല്‍ക്കുന്ന സി പി എം

Avatar

കെ എ ആന്റണി

കെപിഎസി ലളിത വടക്കാഞ്ചേരിയില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് അത്രയും വല്ലാത്തൊരു നൊമ്പരവും ഒരുപാട് ചോദ്യങ്ങളുമാണ്. ലളിതാമ്മയ്ക്ക് വടക്കാഞ്ചേരി സീറ്റ് വച്ചു നീട്ടിയത് സിപിഐഎം നേതൃത്വമായിരുന്നു. അത് സ്വീകരിക്കാന്‍ അവര്‍ തയ്യാറുമായിരുന്നു. അതിനിടയിലാണ് മറ്റ് പല മണ്ഡലങ്ങളിലും എന്ന പോലെ തൃശൂരിലെ വടക്കാഞ്ചേരിയിലും പോസ്റ്റര്‍ രൂപത്തിലുള്ള ഒളിപ്പോരും പിന്നീട് ചെങ്കൊടിയേന്തിയുമുള്ള പ്രതിഷേധ പ്രകടനങ്ങളും നടന്നത്.

ഇതൊക്കെ തന്നെയാകണം സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്നും ലളിതാമ്മയെ പിന്തിരിപ്പിച്ചിട്ടുണ്ടാകുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ആണെന്നൊക്കെ അവര്‍ പറയുമ്പോഴും ഒളിപ്പോരാളികളെ ഭയന്ന് തന്നെയാണ് അവര്‍ പിന്‍വാങ്ങുന്നത് എന്നകാര്യത്തില്‍ തര്‍ക്കമേതുമില്ല.

സത്യത്തില്‍ ആരാണ് കെപിഎസി ലളിത എന്ന ചോദ്യം പോസ്റ്റര്‍ പതിച്ചവരും പ്രകടനം നയിച്ചവരും എത്ര കണ്ട് ആലോചിച്ചുവെന്ന് അറിയില്ല. ബക്കറ്റു പിരിവുകളും തല്ലുണ്ടാക്കലും കൊല്ലും കൊലയും നടത്തിക്കൊണ്ട് പോകല്‍ മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നൊന്നുമറിയാത്തവരല്ല ഈ വിധ്വംസക രാഷ്ട്രീയ കോമാളികള്‍. ഈ കളിക്കാര്‍ക്ക് ഒരു ഒറ്റ ലക്ഷ്യമേയുള്ളൂ. പാര്‍ട്ടിയും മുന്നണിയും വിജയം മണത്തു തുടങ്ങിയ കാലത്ത് എംഎല്‍എ ആകാന്‍ ആയില്ലെങ്കിലും ആഞ്ഞുപിടിച്ചൊന്ന് മത്സരിക്കണം. തോറ്റാലും അടുത്ത തവണ തോറ്റ സീറ്റിനുവേണ്ടി അവകാശവാദമുന്നയിക്കണം.

സാമ്രാജ്യത്വ വിരുദ്ധം എന്നൊക്കെ പറയുമ്പോഴും വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്നൊക്കെ പറഞ്ഞു നടക്കുമ്പോഴും അടുത്ത കാലത്തായി പാര്‍ട്ടിയെ പിടികൂടിയിട്ടുള്ള ഒരു രാഷ്ട്രീയ രോഗത്തിന്റെ ഭാഗമായേ കെപിഎസി ലളിതയ്ക്ക് എതിരെ ഒട്ടിച്ച പോസ്റ്ററുകളേയും തുടര്‍ന്ന് അങ്ങോട്ടു നടന്ന പ്രതിഷേധ പ്രകടനങ്ങളേയും കാണാനാകൂ. ഇതാകട്ടെ തനിക്കുശേഷം പ്രളയം എന്നു വിശ്വസിക്കുന്ന ഒരു അഭിനവ യയാതിയുടെ പാര്‍ലമെന്ററി മോഹങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന വിഷമയമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി തന്നെ വിലയിരുത്തപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാര്‍ദ്ധക്യ കാലത്തും വഴക്കടിച്ചു സംഘടിപ്പിക്കുന്ന സീറ്റില്‍ വിജയിച്ചാല്‍ മാത്രം പോര മുഖ്യമന്ത്രി ആകുകയും വേണം. അങ്ങനെ വരുമ്പോള്‍ തനിക്കുവേണ്ടി കൈപൊക്കാന്‍ കെപിഎസി ലളിതയെ പോലുള്ളവര്‍ ഉണ്ടാകില്ലെന്ന് പിന്നില്‍ നിന്ന് ഒളിയുദ്ധം നയിക്കുന്നയാള്‍ക്ക് നന്നായി അറിയാം.

ഇന്നലെ വരെ ലളിതാമ്മ പറഞ്ഞിരുന്നത് പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ വടക്കാഞ്ചേരിയില്‍ നിന്നും മത്സരിക്കും ജയിക്കും എന്നൊക്കെയായിരുന്നു. ഇന്നിപ്പോള്‍ പറയുന്നത് ഞാന്‍ അവിടേയ്ക്കില്ലയെന്നാണ്. ലളിതാമ്മയുടെ മനസ്സു വായിക്കാന്‍ ബദ്ധപ്പെടേണ്ട കാര്യമൊന്നുമില്ല. എങ്കിലും ആകെയുള്ള ദുഃഖം ചില ആര്‍ത്തി പണ്ടാരങ്ങളെ കാണുന്നതു പോലെ പുതിയ കാല സഖാക്കളേയും കാണേണ്ടി വരുന്നതിനാലാണ്. ഈ ദുര്യോഗം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഗൗരിയമ്മയ്ക്ക് എതിരെ തുടങ്ങിയ ഒളിയുദ്ധത്തിന്റെ ബാക്കി പത്രം മറ്റൊരു രൂപത്തില്‍ കേരള രാഷ്ട്രീയത്തില്‍ തിരിച്ചെത്തുന്നു എന്നു തന്നെ വേണം കരുതാന്‍.

പാര്‍ട്ടിയുടെ വളര്‍ച്ചയല്ല സ്വന്തം വളര്‍ച്ചയാണ് വലുതെന്ന് എങ്ങനെ ഒരു വിപ്ലവ പാര്‍ട്ടി ഇത്ര കാലം കൊണ്ടു നടന്നു എന്നതിലെ യാഥാര്‍ത്ഥ്യം ഒരു പണ്ടോറാസ് ബോക്‌സില്‍ നിന്നെന്ന പോലെ ഇപ്പോള്‍ പുറത്തു വരുന്നുവെന്നേ കരുതേണ്ടതുള്ളൂ. എന്നുകരുതി ഈ പുറത്തു വരുന്നത് അത്രയും കേവലം കാലാള്‍പടയുടെ പ്രതിവിപ്ലവം എന്ന് കുറച്ചു കാണുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ഇതിലും പ്രതിലോമകരമായ നീക്കങ്ങള്‍ ആരെയൊക്കെയാണ് സഹായിക്കാന്‍ പോകുന്നതെന്ന് ഇവര്‍ എന്തുകൊണ്ട് തിരിച്ചറിയുന്നില്ലെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ശിഖണ്ഡി വേഷത്തില്‍ വെള്ളാപ്പള്ളി നടേശനെ മുന്നില്‍ നിര്‍ത്തി ബിജെപിയും ആര്‍ എസ് എസും ചേര്‍ന്ന് കേരളത്തില്‍ കളിക്കാന്‍ പദ്ധതി ചെയ്തിട്ടുള്ള ഒരു വന്‍ യുദ്ധത്തേയും യുദ്ധത്തെ എന്തുകൊണ്ട് കാണാതെ പോകുന്നുവെന്നതും മനസ്സിലാക്കാന്‍ ആകാത്ത കാര്യമാണ്.

കെപിഎസി എന്നത് കേവലം നാലു അക്ഷരങ്ങളോ ഒരു പഴയ കാല നാടക ട്രൂപ്പിന്റെ പേരോ മാത്രമല്ല. ഇന്നിപ്പോള്‍ പോസ്റ്ററുകളും പ്രതിഷേധവുമായി കുതിച്ചു ചാടിയെത്തുന്ന അഭിനവ കമ്മ്യൂണിസ്റ്റുകള്‍ക്ക് കേരളത്തില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ഒരു വലിയ പ്രസ്ഥാനമായിരുന്നു തോപ്പില്‍ ഭാസിയുടെ കെപിഎസി. ആ നാടക പ്രസ്ഥാനത്തിന്റെ ഭാഗം തന്നെയായിരുന്നു ലളിതാമ്മയും. വടക്കാഞ്ചേരിക്കാരനായിരുന്ന ഭരതന്‍ എന്ന സിനിമ സംവിധായകന്‍ വടക്കാഞ്ചേരിയുടെ മാത്രമല്ല കേരളക്കരയുടെയാകെ യശസ്സ് വാനോളം ഉയര്‍ത്തിയ ആളാണ്. ഭരതനെ വിവാഹം ചെയ്യുക വഴി വടക്കാഞ്ചേരിയില്‍ എത്തിപ്പെട്ടയാള്‍ എന്നതാകാം ഒരു പക്ഷേ, തങ്ങള്‍ വന്നവഴി മറന്നുപോയ പുത്തന്‍കൂറ്റ് കമ്മ്യൂണിസ്റ്റുകള്‍ ലളിതാമ്മയില്‍ കാണുന്ന ഏക കുറ്റം.

സത്യത്തില്‍ നമ്മുടെ കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്. ഇതാദ്യമായൊന്നുമല്ല സിനിമാക്കാരും എഴുത്തുകാരുമൊക്കെ പാര്‍ട്ടിക്കുവേണ്ടി രാഷ്ട്രീയ അങ്കം പയറ്റുന്നത്. അത്തരം പോരാളികളുടെ ചരിത്രം എസ് കെ പൊറ്റക്കാട്ടില്‍ നിന്നും തുടങ്ങുന്നു. 1962-ല്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി പൊറ്റക്കാട്ട് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1965-ല്‍ ചെമ്മീന്‍ സിനിമയിലൂടെ മലയാളത്തിന് ആദ്യ രാഷ്ട്രപതി മെഡല്‍ നേടി തന്ന രാമു കാര്യാട്ട് നാട്ടികയില്‍ നിന്നും കേരള നിയമസഭയിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി ജയിച്ചു കയറി. തുടര്‍ന്നങ്ങോട്ട് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് ഗുരുവായൂരില്‍ നിന്നും രണ്ടു തവണ നിയമസഭയില്‍ എത്തിയപ്പോള്‍ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് നടന്‍ ഇന്നസെന്റ് ലോകസഭ കണ്ടു.

ഇതിനിടയില്‍ എഴുത്തുകാരനും നിയമജ്ഞനുമായ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോളും എറണാകുളത്തു നിന്നും സിപിഐഎം ലേബലില്‍ വിജയം കൊയ്തിരുന്നു.

മണ്ണിന്റെ മക്കള്‍ വാദം ഉന്നയിക്കുന്നവരും സിനിമാക്കാര്‍ക്ക് എതിരെ പടെപാരുതുന്നവരുമായ പുതിയ കാല സഖാക്കള്‍ ചില ചാവേറുകളേയും വിസ്മരിക്കുന്നുണ്ടാകും. എകെ ബാലന്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനോട് തോറ്റമ്പിയ ഒറ്റപ്പാലത്ത് രണ്ടു തവണ നിന്ന് തോല്‍ക്കാനായിരുന്നു സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ വിധി. ഒരു തവണ നിന്ന് തോറ്റ നടന്‍ മുരളിക്കും പകരം വയ്ക്കാന്‍ അന്ന് ആലപ്പുഴയില്‍ ഈ പുത്തന്‍കൂറ്റുകാര്‍ എന്തുകൊണ്ട് ആളെക്കണ്ടെത്തിയില്ലെന്നത് ബിജെപി വലിയൊരങ്കത്തില്‍ തയ്യാറായി നില്‍ക്കുന്ന വേളയില്‍ കൗതുകവും ഒപ്പം ആശങ്കയും ജനിപ്പിക്കുന്ന കാര്യമാണ്.

എറിക് ഹോബ്‌സ്ബാം തന്നെയാകണം ഒരുപക്ഷേ ലോക കമ്മ്യൂണിസത്തെ ആധുനിക കാലത്ത് നന്നായി വിലയിരുത്തിയ ആള്‍. ദി പൊളിറ്റിക്കല്‍ ഷൂ മേക്കേഴ്‌സ് (രാഷ്ട്രീയ ചെരുപ്പ് കുത്തികള്‍) എന്ന ഗ്രന്ഥത്തില്‍ ഹോബ്‌സ്‌ബോം വിലയിരുത്തുന്നത് പോലെ വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം കമ്മ്യൂണിസ്റ്റുകളില്‍ വീണ്ടും ഒരു തരം lumpen സ്വഭാവം കൊണ്ടു വരുന്നുവെന്ന് തന്നെ വേണം ഇപ്പോഴത്തെ സംഭവ വികാസങ്ങളെ നോക്കിക്കാണാന്‍.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍