UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം ഏറെ മാറേണ്ടതുണ്ട്- പ്രസേന്‍ജിത് ബോസ് എഴുതുന്നു

Avatar

പ്രസേന്‍ജിത് ബോസ്

ഇക്കഴിഞ്ഞ (2014) പൊതുതെരഞ്ഞെടുപ്പില്‍ സി പി ഐ (എം)ന്റ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി നേരിട്ട  തകര്‍ച്ച, പ്രത്യേകിച്ചും അതിന്റെ മുന്‍ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍, എതിരാളികളെയും അനുഭാവികളെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞു. മത്സരിച്ച 98 സീറ്റുകളില്‍ സി പി ഐ (എം)-നു ജയിക്കാനായത് ഒന്‍പത് സീറ്റില്‍ മാത്രമാണ്. ദേശീയതലത്തിലെ വോട്ടാകട്ടെ വെറും 3.2% . 1964-ല്‍ ഉണ്ടായതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടുനില. സി പി ഐക്ക് കിട്ടിയ ഒരേയൊരു സീറ്റും കേരളത്തില്‍ നിന്നുള്ള രണ്ടു ഇടതു സ്വതന്ത്രരും കൂടി പാര്‍ലമെന്റിലെ ഇടതു അംഗബലം 12-ആക്കുന്നു. അതും 1951-52-നു ശേഷമുള്ള ഏറ്റവും മോശം നിലതന്നെ. ത്രിപുരയിലെ രണ്ടു സീറ്റിലും സി പി എം ജയിച്ചു. കേരളത്തിലെ 20 സീറ്റില്‍ എട്ടിലും പശ്ചിമബംഗാളിലെ 42-ല്‍ രണ്ട് എണ്ണത്തിലും മാത്രം വിജയം. എന്തുകൊണ്ടിത് സംഭവിച്ചു? ഈ തോല്‍വിക്ക് കാരണമായ ഘടകങ്ങള്‍ എന്തൊക്കെ? കാരണക്കാര്‍ ആരൊക്കെ?ഇടതുപക്ഷത്തെ തിരിച്ചുപിടിക്കാനും പുനരുജ്ജീവിപ്പിക്കാനും എന്തെങ്കിലും ചെയ്യാനാകുമോ?

 

ഇടതുപതനം 2009-ല്‍ തുടങ്ങി

ഇടതുപ്രകടനം വിശകലനം ചെയ്യുമ്പോള്‍ ആദ്യം കാണേണ്ട  വസ്തുത ഈ ശോഷിക്കല്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷം മുമ്പേ തുടങ്ങിയെന്നതാണ്. പാര്‍ലമെന്റില്‍ 2004-ലെ 60 സീറ്റില്‍ നിന്നും 2009-ല്‍ 24 സീറ്റ് എന്ന നിലയിലെത്തി. സി പി എമ്മിനാകട്ടെ 2004-ല്‍ 44 എന്നത് 2009-ല്‍ 16-ആയി. 2004-നെ അപേക്ഷിച്ച് സി പി എമ്മിന്റെ നഷ്ടം 2009-ല്‍, ത്രിപുര മാറ്റിനിര്‍ത്തിയാല്‍, രാജ്യവ്യാപകമായിരുന്നു എങ്കിലും, പശ്ചിമബംഗാളിലായിരുന്നു അടിത്തറ തകര്‍ന്ന തിരിച്ചടി. നന്ദിഗ്രാമിലെയും, സിംഗൂറിലെയും ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2009-ലെ തെരഞ്ഞെടുപ്പ്. പൊതുവിതരണ സംവിധാനത്തിലെ പാളിച്ചകള്‍, റിസ്വാനൂര്‍ റഹ്മാന്‍ മരണം, ജംഗല്‍മഹലിലെ മാവോവാദി കലാപം, സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനു ശേഷമുള്ള മുസ്ലീം അകല്‍ച്ച, സി പി എം നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ അകമ്പടിയായുണ്ടായിരുന്നു. ഇടതുമുന്നണിയില്‍ നിന്നും തൃണമൂല്‍ രണ്ടു ജില്ലാ പഞ്ചായത്തുകള്‍ പിടിച്ചെടുത്ത 2008-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ത്തന്നെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. എന്നിട്ടും കാര്യമായ ഒരു പരിശോധനയും നടന്നില്ല. ആണവ കരാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത് ബംഗാളില്‍ ടി എം സിക്കും കോണ്‍ഗ്രസിനും ഒന്നിക്കാന്‍ സൌകര്യം നല്കി എന്ന ന്യായം പറഞ്ഞാണ് സി പി എം സംസ്ഥാന നേതൃത്വം അതിനു വിശദീകരണം നല്കിയത്.

 

 

സി പി എം നേതൃത്വത്തിന്റെ ഈ അമിത ആത്മവിശ്വാസം 2011-ല്‍ മൂന്നു പതിറ്റാണ്ട്  നീണ്ട ഇടതുഭരണത്തിന്റെ അന്ത്യം കുറിച്ചു. മുഖ്യമന്ത്രിയടക്കം മിക്ക മന്ത്രിമാരും കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ഇടതുപക്ഷത്തിന്റെ ജനകീയാടിത്തറ സംസ്ഥാനത്തെങ്ങും ഒലിച്ചുപോയി എന്നത് അപ്പോഴേക്കും വ്യക്തമായിരുന്നു. 2004-ല്‍ 50% ആയിരുന്ന വോട്ട് 2009-ല്‍ 43%-വും, 2011-ല്‍ 40%-വുമായി. തൊഴിലാളികള്‍, പ്രത്യേകിച്ചും സ്ത്രീകള്‍, ആദിവാസികള്‍, മുസ്ലീം ന്യൂനപക്ഷം തുടങ്ങിയ നഗരങ്ങളിലെയും, ഗ്രാമങ്ങളിലെയും ദരിദ്ര വിഭാഗങ്ങള്‍ തൃണമൂലിലേക്ക് ചേക്കേറാന്‍ തുടങ്ങി. ‘വ്യവസായവത്കരണവും’,‘ബ്രാന്‍ഡ് ബുദ്ധയും’ എല്ലാമായി കാര്യമായി ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയിരുന്ന നഗരങ്ങളിലെ മധ്യവര്‍ഗ്ഗവും ഇടതുപക്ഷത്തില്‍ നിരാശരായി. ഇതൊക്കെയായിട്ടും ആരെങ്കിലും ഇതിന് ഉത്തരവാദിത്വം ഏല്‍ക്കുകയോ, ജനങ്ങളുടെ ജനാധിപത്യ മോഹങ്ങള്‍ക്കൊത്ത് ഏതെങ്കിലും രീതിയിലുള ഗൌരവമായ മാറ്റങ്ങള്‍ വരുത്തുകയോ ഉണ്ടായില്ല. നേതൃത്വത്തിലെ തിരുത്തലുകളുടെ അഭാവത്തില്‍ ‘തിരുത്തല്‍ പ്രക്രിയ’ വെറും പ്രഹസനമായി മാറി. നേതൃത്വത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിച്ചത്, രാഷ്ട്രീയ-സംഘടനാ തത്സ്ഥിതി തുടരാനും, വിമതശബ്ദങ്ങളെ ഒതുക്കാനുമായിരുന്നു.

 

പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ ജനപിന്തുണ കുത്തനെ ഒലിച്ചുപോകുന്നത്, 2013-ലെ പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിലെപ്പോലെ,  തുടര്‍ന്നതില്‍ അതുകൊണ്ടുതന്നെ അത്ഭുതമില്ല. 14 ജില്ലാ പഞ്ചായത്തില്‍ ഒന്നു മാത്രമാണു ഇടതിന് കിട്ടിയത്. ടി എം സി 13 എണ്ണം നേടി. ‘ഭീകരതയും അട്ടിമറിയും’ ആരോപിച്ചിരുന്നതിനാല്‍ ശരിയായ അവലോകനം പോലും നടന്നില്ല. ഭരണകക്ഷി കുറ്റവിമുക്തരാണെന്നല്ല ഇതിന്റെ അര്‍ത്ഥം. ഭരണകൂട ഭീകരത, പ്രത്യേകിച്ചും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ, ടി എം സി വ്യാപകമായി നടത്തുന്നുണ്ട്, അത് അപലപിക്കപ്പെടേണ്ടതും ചെറുക്കേണ്ടതുമാണ്. പക്ഷേ സി പി എം നേതൃത്വത്തെ സംബന്ധിച്ച പ്രശ്നം, ലാല്‍ഗഡിലെ ‘വിമോചിത മേഖലയില്‍’ കര്‍ഷകത്തൊഴിലാളിയായ സല്‍കു സൊറെന്‍റെ ശവം കണ്ടതുമുതല്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളെ ചെറുക്കാന്‍ അവര്‍ ഈ അധരവ്യായാമമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നാണ്. വിദ്യാര്‍ത്ഥി നേതാവ് സുദീപ്തോ സെന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് നീതി ആവശ്യപ്പെട്ടു ശബ്ദമുയര്‍ന്നെങ്കിലും പിന്നെ പതിവുപോലെ അതും മറന്നു. പ്രവര്‍ത്തകര്‍ക്ക് സ്വയം പ്രതിരോധിക്കേണ്ട നിലയിലായി.

 

പശ്ചിമബംഗാള്‍ : 2014-ലെ തെരഞ്ഞെടുപ്പ് വസ്തുതകള്‍

ഈ പശ്ചാത്തലത്തില്‍ 2014-ല്‍ മൂന്നു തെരഞ്ഞെടുപ്പ് തകര്‍ച്ചകള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന അടിത്തട്ടില്‍ നിന്നുള്ള ആവശ്യത്തെ, അട്ടിമറിമൂലം ശരിയല്ലാത്തത് എന്നു വിശേഷിപ്പിച്ചുകൊണ്ട് പാര്‍ടി ജനറല്‍ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടറിയും നിസ്സാരമായി തള്ളിയത് മിതമായി പറഞ്ഞാല്‍പോലും ഞെട്ടിപ്പിക്കുന്നതാണ്. ടി എം സിയും ഇടതുമുന്നണിയും തമ്മില്‍ 2014-ല്‍ വോട്ടുവിഹിതത്തിലെ വ്യത്യാസം ഏതാണ്ട് 10%-മാണ്; അതായത് 51 ലക്ഷം വോട്ടുകള്‍. സി പി എം ഔദ്യോഗികമായി 3200 പോളിംഗ് ബൂത്തുകളില്‍ ആരോപിച്ച ബൂത്തുപിടിത്ത പരാതികള്‍ ശരിയാണെന്ന് സമ്മതിച്ചാലും ടി എം സിയും ഇടതുമുന്നണിയും തമ്മിലുള്ള വോട്ട് വ്യത്യാസം 16 ലക്ഷത്തോളമേ കുറയൂ (അതായത് 1000 വോട്ടുകളുള്ള പോളിംഗ് ബൂത്തുകളില്‍ 50% വോട്ടുകള്‍ ടി എം സിക്കായി കള്ളവോട്ടായി ചെയ്താല്‍-അപ്പോഴും 7% അഥവാ 35 ലക്ഷം വോട്ടുകളുടെ വ്യത്യാസം ബാക്കി.

 

പശ്ചിമബംഗാളില്‍ പ്രമുഖകക്ഷികള്‍ക്ക് ലഭിച്ച വോട്ട്: 2009,2011,2014

കക്ഷി

2009

2011

2014

1. ടി എം സി

31.18

38.93

39.3

2. ഇടതുമുന്നണി

43.3

39.68

29.5

ഇടതുമുന്നണിയില്‍

സി പി എം പങ്ക്

33.1

30.08

22.7

3. ബി ജെ പി

6.14

4.06

16.8

4. കോണ്‍ഗ്രസ്

13.45

9.09

9.6

ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തുന്നതിന് പകരം 2011-മുതല്‍ ഇടതുമുന്നണിയുടെ വോട്ടിലുണ്ടായ കുത്തനെയുള്ള കുറവും (10%-ത്തിലേറെ) സമാന്തരമായി ബി ജെ പിയുടെ വോട്ട് 2011-ലെ 4%-തില്‍നിന്നും 2014-ല്‍ 17%-മായി കൂടിയതും എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് ആഴത്തിലുള്ള ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. വലിയൊരു വിഭാഗം ഇടതുപക്ഷ അനുഭാവികള്‍ ബി ജെ പിയെ പിന്തുണച്ചു എന്നു വ്യക്തമാണ്. ബി ജെ പിക്ക് അനുകൂലമായ ദേശീയതരംഗം ടി എം സി വോട്ടുകളിലും ചോര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഇടതുപക്ഷത്തുനിന്നുള്ള ബി ജെ പി വിരുദ്ധ വോട്ടുകള്‍ നേടി ടി എം സി നില ശരിയാക്കുകയായിരുന്നു. അങ്ങനെ ടി എം സി- ബി ജെ പി ധ്രുവീകരണം ഇടതിന് ഇരട്ട നഷ്ടമാണ് ഉണ്ടാക്കിയത്.

 

 

ബംഗാളില്‍ ബി ജെ പിയുടെ വളര്‍ച്ച ആശങ്കയുളവാക്കുന്നതാണ്. കാരണം, കാലങ്ങളായി ബംഗാള്‍ അഭിമാനിച്ചിരുന്നതും പ്രശംസ നേടിയതും മതസൌഹാര്‍ദത്തിന്റെ പേരിലാണ്. അത് 1984-ലായാലും, 1992-ലായാലും. തെരഞ്ഞെടുപ്പുകാലത്ത്, ‘നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള’ മോദിയുടെ ആക്രമണം വരാനിരിക്കുന്നതിന്റെ സൂചനയാണ്.  കോണ്‍ഗ്രസിനെപ്പോലെ മതേതരരഹിത പ്രതീകാത്മക തട്ടിപ്പുകളുടെ ആശാന്‍മാരായ ടി എംസി നയങ്ങളടക്കം (മുസ്ലീം പുരോഹിതര്‍ക്ക്  പ്രതിമാസം ധനസഹായം നല്‍കുന്നാനുള്ള തീരുമാനം പോലെ. ഇത് പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതി അസാധുവാക്കി) ജീര്‍ണ്ണമായ വര്‍ഗ്ഗീയ വേര്‍തിരിവിന് കളമൊരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ മതേതര ഘടനയെ തകര്‍ക്കാന്‍ ശേഷിയുള്ള ചേരിതിരിവുകളാണിത്.

 

ഇടതു നേതൃത്വം: പിഴവുകളുടെ കേന്ദ്രം

പശ്ചിമ ബംഗാള്‍ : ആശയവ്യക്തതയുള്ള, സജീവമായൊരു ഇടതുപക്ഷത്തിന് മാത്രമേ ബംഗാളിലെ ആര്‍ എസ് എസ് – ബി ജെ പി കൂട്ടിനെ ഫലപ്രദമായി തകര്‍ക്കാന്‍ കഴിയൂ. എന്നാല്‍ നിലവിലെ ഇടതുമുന്നണിക്ക് ആ ജോലി ഏറ്റെടുക്കാനുള്ള ശേഷി തീര്‍ത്തുമില്ല. ബംഗാളിലെ സി പി എം നേതൃത്വത്തിന് ജനങ്ങളുടെ കണ്ണില്‍ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ടി എം സിയുടെ ദുര്‍ഭരണത്തിനെതിരെ പോരാട്ടങ്ങളും സമരവും പോയിട്ടു ഇടതുമുന്നണിക്ക് കാര്യമായ ഒരു പ്രചരണവും സംഘടിപ്പിക്കാന്‍ കഴിയാതെ പോകുന്നത്. ശാരദ ചിട്ടി തട്ടിപ്പ്, TET പരീക്ഷ അഴിമതി, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, വിലക്കയറ്റം, കാര്‍ഷിക പ്രശ്നങ്ങള്‍, ആദിവാസികളോടും, ദളിതരോടും, മുസ്ലീംങ്ങളോടും തുടരുന്ന അവഗണന, അതിനെല്ലാം ഉപരി യുവാക്കള്‍ക്ക് നഷ്ടമാകുന്ന തൊഴിലവസരങ്ങള്‍, അങ്ങനെ പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രതിപക്ഷമെന്ന നിലയിലുള്ള ഇടതുമുന്നണിയുടെ പിടിപ്പുകെട്ട പ്രകടനമാണ് ബി ജെ പിക്ക്, ടി എം സി സര്‍ക്കാരിനെതിരായ വികാരത്തെ മുതലാക്കാന്‍ സഹായിച്ചത്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇടതുപക്ഷത്തിനും സ്വയംപരിശോധനയാവാം
ഈ കാരാട്ട് സഖാവ് ചിരിപ്പിച്ച് കൊല്ലും!
കാരാട്ട് സഖാവ് അറിയുന്നതിന് – നിങ്ങളെ ആരെങ്കിലും തടഞ്ഞോ?
മിസ്റ്റര്‍ സംസ്ഥാന സെക്രട്ടറി.. താങ്കള്‍ക്ക് ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യതയില്ല
ഉപരോധങ്ങള്‍ക്കപ്പുറം: പാര്‍ട്ടി പിണറായി തന്നെ

2014-ലെ ഇടതു പ്രചരണം നയിച്ച മുന്‍മുഖ്യമന്ത്രി ഇപ്പൊഴും തന്റെ പാഴായ അവസരങ്ങളെ പഴിച്ചും തന്റെ പരാജയങ്ങള്‍ക്ക് മറ്റെല്ലാവരെയും കുറ്റം പറഞ്ഞും സമയം പോക്കുകയാണ്. കര്‍ഷകരുടേയും തൊഴിലാളികളുടെയും ഉപജീയന ആശങ്കകളെ അഭിമുഖീകരിക്കുന്നതിന് പകരം, വിപ്രോക്കും ഇന്‍ഫോസിസിനും SEZ പദവി ഉറപ്പാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ബി ജെ പിക്കെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളും പഴയ,  തേഞ്ഞ, മുനയില്ലാത്ത വാചമടികളാണ്. ‘ഗുജറാത്ത് മാതൃകയും’‘ഹിന്ദുത്വവും’ ജാതി സമവാക്യങ്ങളും സംയോജിപ്പിക്കുന്ന മോഡിവത്ക്കരിക്കപ്പെട്ട, ആര്‍ എസ് എസ്-ബി ജെ പി ക്കെതിരായ കാമ്പുള്ള വിമര്‍ശനങ്ങളല്ല അതൊന്നും. നന്ദിഗ്രാം-സിംഗൂര്‍ സമരകാലത്ത് മുഖ്യമന്ത്രിയായിരിക്കെ ‘വ്യാപാര സൌഹൃദം’ പുലര്‍ത്തുന്ന ‘ഗുജറാത് മാതൃകയെ’ക്കുറിച്ച് അദ്ദേഹം വാചാലനായത് മറക്കാറായിട്ടില്ല. മോദിയുടെ ആശ്രിത മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കപട വിമര്‍ശനങ്ങള്‍ക്ക് ഇന്നിപ്പോള്‍ ആരാണ് ചെവി കൊടുക്കുക?

 

മുന്‍മുഖ്യമന്ത്രി സജീവമായത് കോണ്‍ഗ്രസിന് പിന്തുണ നല്കേണ്ട ഘട്ടത്തില്‍ മാത്രമാണ്. അക്കാര്യത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയുടേയും, ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ  സി പി എം പൊളിറ്റ്ബ്യൂറോ അംഗത്തിന്റെയും നിര്‍ല്ലോഭ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.  യു പി എ രണ്ടാം മന്ത്രിസഭയുടെ കാലത്ത് കേന്ദ്രസര്‍ക്കാരിനെതിരെയോ, ജനവിരുദ്ധനയങ്ങള്‍ക്കെതിരെയോ, അഴിമതിക്കെതിരെയോ മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടിയില്ല. മറിച്ച് ജൂണ്‍ 2012-ല്‍ നോര്‍ത്ത് ബ്ലോക്കില്‍നിന്നുള്ള ഒരൊറ്റ ഫോണ്‍വിളി മതിയായിരുന്നു, കോണ്‍ഗ്രസിനോടും ബി ജെ പിയോടും തുല്ല്യ അകലമെന്ന, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച പാര്‍ട്ടി നയം മാറ്റി, അന്നത്തെ കേന്ദ്രധനമന്ത്രിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണക്കാന്‍. ടി എം സിയും കോണ്‍ഗ്രസും തമ്മിലുള്ള വിടവ് കൂട്ടും എന്നായിരുന്നു പാര്‍ട്ടി പറഞ്ഞ ന്യായം. പക്ഷേ ടി എം സിയും അതേ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതോടെ ആ വാദവും മോഹവും പൊളിഞ്ഞു. ഒരു ഭാഗത്ത് ടി എം സിയും കോണ്‍ഗ്രസും വോട്ട് ചെയ്തു പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി. മറുവശത്തോ, കോണ്‍ഗ്രസിന്നോടുള്ള സി പി എം നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. സി പി ഐയും ആര്‍ എസ് പിയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ ഇടതു ഐക്യത്തിന് തിരിച്ചടിയേറ്റു. നിലപാടില്‍ പ്രതിഷേധിച്ച് ജെ എന്‍ യുവിലെ നാലു പതിറ്റാണ്ടു പഴക്കമുള്ള എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടു.

 

വീണ്ടും, ലോക്സഭാ തെരഞ്ഞെടുപ്പ്കാലത്ത് ‘2004-ലെപ്പോലെ ഒരു സാഹചര്യം വന്നാല്‍’ കോണ്‍ഗ്രസിന്  പിന്തുണ നല്കുമെന്ന് മുന്‍ മുഖ്യമന്ത്രി പി ടി ഐക്ക് നല്കിയ അഭിമുഖത്തില്‍ ഉറപ്പുനല്‍കി. ഇടതുമുന്നണി ഇതിനെ എതിര്‍ത്തപ്പോള്‍ എന്നും ചെയ്യാറുള്ള വിദ്യതന്നെ- തൊഴിലാളി സമരങ്ങളുടെ കാര്യത്തില്‍, മദ്രസകള്‍ ഐ‌എസ്‌ഐ താവളമാണെന്ന് പറഞ്ഞപ്പോള്‍, മനുഷ്യാവാകാശങ്ങളെ അപ്രസക്തമെന്ന് വിശേഷിപ്പിച്ചപ്പോള്‍, അങ്ങനെ പലപ്പോഴും- അദ്ദേഹം പിന്‍വലിഞ്ഞു. പക്ഷേ, അപ്പോഴേക്കും ജനത്തിന് കാര്യം പിടികിട്ടിയിരുന്നു. അഴിമതിയും, വിലക്കയറ്റവും, കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണവും മാത്രമല്ല സി പി എമ്മിന് പ്രശ്നമല്ലാത്തത്, അവര്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നും ഞെട്ടിക്കുംവിധം അകലെയുമായിരുന്നു. കാരണം, 2014-ലും അവര്‍ പ്രതീക്ഷിച്ചത് 2004-ലെപ്പോലെ ഒരു ഫലമായിരുന്നു.

 

കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ , ആശ്രിത രാഷ്ട്രീയത്തോട് കാലങ്ങളായി കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന നല്ലൊരു വിഭാഗം ജനങ്ങളുള്ള ബംഗാളില്‍ കോണ്‍ഗ്രസിനോടുള്ള സി പി എമ്മിന്റെ ഈ അഴകൊഴമ്പന്‍ നിലപാട് ബി ജെ പ്പിക്ക് സംസ്ഥാനത്ത് കാലുറപ്പിക്കുന്നതിന് നിലമൊരുക്കി. പാര്‍ടി കോണ്‍ഗ്രസെടുത്ത രാഷ്ട്രീയ നിലപാടുകളെ ലംഘിച്ചുകൊണ്ട്, പാര്‍ടി അനുഭാവികളിലും ജനങ്ങളിലും ആശയ്ക്കുഴപ്പമുണ്ടാക്കിയ ഇത്തരം അവസരവാദനിലപാടുകളുടെ ഉത്തരവാദിത്തം മുന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരും ഏറ്റെടുക്കണം.

 

പാര്‍ടി കേന്ദ്രം : പാര്‍ടിയുടെ രാഷ്ട്രീയനയം സംബന്ധിച്ച ആശയക്കുഴപ്പം കൂട്ടുന്നതില്‍ കേന്ദ്രനേതൃത്വം നിലവിലെ ജനറല്‍ സെക്രട്ടറിയുടെ കീഴില്‍ തങ്ങളാലാവുന്നത് ചെയ്തു. 2009-ലെ കയ്പുനിറഞ്ഞ അനുഭവമുണ്ടായിട്ടും മൂന്നാം മുന്നണി- ഇടതു നേതൃത്വം ആ പേരുപയോഗിക്കാത്തവിധം കുപ്രസിദ്ധമായിരിക്കുന്നു അതിപ്പോള്‍- തട്ടിക്കൂട്ടാന്‍ ശ്രമം നടത്തി. മുസഫര്‍നഗര്‍ കലാപത്തില്‍ നിഷേധാത്മകമായ പങ്കുവഹിച്ച, സുപ്രധാന ദേശീയ പ്രശ്നങ്ങളില്‍ രണ്ടുതവണ, ആദ്യം ആണവകരാര്‍ പ്രശ്നത്തിലും പിന്നെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും, ഇടതുപക്ഷത്തെ വഞ്ചിച്ച സമാജ് വാദി  പാര്‍ടി നേതാവ്  മുലായം സിംഗ് യാദവിന് 2013 ഒക്ടോബറില്‍ ഇടതുപക്ഷത്തിന്റെ മുന്‍കയ്യില്‍ നടത്തിയ വര്‍ഗ്ഗീയ വിരുദ്ധ സമ്മേളനത്തില്‍ മുഖ്യസ്ഥാനം നല്കി. 17 കൊല്ലം ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന നീതീഷ് കുമാറിനെ മതേതരത്തത്തിന്റെ  അപ്പോസ്തലനാക്കി വാഴ്ത്തി. പിന്നീട് ഇവരാരും ഒരു മൂന്നാം മുന്നണിയെന്ന ആശയത്തോട് കാര്യമായി താത്പര്യം കാണിക്കാതിരുന്നപ്പോഴും, ഇടതുപക്ഷം ആ മൂന്നാം മുന്നണി ഭാരം കൊണ്ടുനടക്കേണ്ടിവന്നു.

 

എ ഐ എ ഡി എം കെ നേതാവ് ജയലളിത സീറ്റ് പങ്കുവെയ്ക്കല്‍ വേളയില്‍ സി പി എമ്മിനെയും, സി പി ഐ-യെയും ദയാരഹിതമായി തഴഞ്ഞപ്പോള്‍, തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മൂന്നാം മുന്നണിയുടെ ഉദകക്രിയ നടന്നു. തമിഴ്നാട്ടിലെ 39 സീറ്റില്‍ രണ്ടു കമ്മ്യൂണിസ്റ്റ് കക്ഷികളും കൂടി 18 സീറ്റില്‍ മത്സരിച്ചു. കാലങ്ങളായി ദ്രാവിഡ കക്ഷികളുടെ തെരഞ്ഞെടുപ്പ് പങ്കാളികളായി ഒതുങ്ങിക്കൂടിയ ഇടതുകക്ഷികള്‍ക്ക് വിശ്വാസ്യതയുള്ള ബദലായി സ്വയം അവതരിപ്പിക്കാന്‍ കഴിഞ്ഞതേയില്ല. രണ്ടു കക്ഷികള്‍ക്കും കൂടി ആകെക്കിട്ടിയത് 1%-ത്തോളം വോട്ട്; NOTA-ക്കു കിട്ടി 1.4% ! ലോക്സഭാ, രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ ദ്രാവിഡ കക്ഷികളുടെ വാലായതിനാല്‍, തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ശക്തമാകാന്‍ ഇവര്‍ക്ക് കഴിയാതെ പോയി. പ്രാദേശിക യൂണിറ്റുകള്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ ഈ ആശ്രിതത്വം ജനങ്ങളില്‍ ഇടതുകക്ഷികളോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി.

 

കേരളത്തിലെ ഫലം നില മെച്ചപ്പെടുത്തിയ രീതിയിലാണ് അവതരിപ്പിക്കുന്നത്. കാരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സീറ്റുകള്‍ നാലില്‍ നിന്നും എട്ടായി. പക്ഷേ വാസ്തവം, കോണ്‍ഗ്രസും സഖ്യകക്ഷികളും ഭൂരിഭാഗം സീറ്റുകളില്‍ വിജയിച്ച രാജ്യത്തെ ഏക പ്രമുഖ സംസ്ഥാനം കേരളമാണ് എന്നാണ്, 20-ല്‍ 12. മറ്റെല്ലാ സംസ്ഥാനങ്ങളിലും അവര്‍ തോറ്റു തൊപ്പിയിട്ടപ്പോളാണിത്. എല്‍ ഡി ഫിന്റെ മോശം പ്രകടനത്തിന് രണ്ടു പ്രധാന കാരണങ്ങളുണ്ട്. ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ മൂന്നു സി പി എം പ്രവര്‍ത്തകരെ 2014 ജനുവരിയില്‍ കോടതി ശിക്ഷിച്ചു. കൊലപാതകവുമായി പാര്‍ടിക്ക് ബന്ധമില്ലെന്ന സി പി എമ്മിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞുവീണത്.

 

ആര്‍ എസ് പിക്ക് ഒരു സീറ്റുപോലും നല്കാന്‍ തയ്യാറാകാത്ത സി പി എമ്മിന്റെ കടുംപിടിത്തം അവരെ യു ഡി എഫ് പാളയത്തിലെത്തിച്ചു. യു ഡി എഫ് പിന്തുണയോടെ മത്സരിച്ച ആര്‍ എസ് പി സ്ഥാനാര്‍ത്ഥി സി പി എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം എ ബേബിയെ നല്ല ഭൂരിപക്ഷത്തിന് തോല്‍പ്പിക്കുകയും ചെയ്തു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും വേണ്ടവിധത്തില്‍ ഇടപെടാന്‍ കേന്ദ്രനേതൃത്വത്തിനായില്ല. വലതുമുന്നണി സര്‍ക്കാരിനെതിരായ സോളാര്‍ സമരം പൊടുന്നനെ പിന്‍വലിച്ചതും കണ്ണൂരില്‍ പഴയ ബി ജെ പിക്കാരേയും നമോവിചാര്‍ മഞ്ചുകാരെയും തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത നാളുകളില്‍ സി പി എമ്മിലേക്ക് ആനയിച്ചതും സംസ്ഥാന നേതൃതത്തിന്റെ വിവാദ നീക്കങ്ങളായിരുന്നു. ഈ വിഷയങ്ങളിലും കേന്ദ്രനേതൃത്വം ഇടപ്പെട്ടില്ല.

 

 

ത്രിപുര മാത്രമാണു സി പി എമ്മിന് ഏക ആശ്വാസം. ഇവിടെ ആകെയുള്ള രണ്ടു സീറ്റും മൊത്തം വോട്ടിന്റെ 64% നേടി പാര്‍ടി വിജയിച്ചു. ഇതിന്റെ കീര്‍ത്തി മുഴുവന്‍ ജനപക്ഷ പരിപാടികള്‍ നടപ്പാക്കിയ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനും മന്ത്രിസഭയിലെ മറ്റുള്ളവര്‍ക്കും ലഭിക്കും. പടുകൂറ്റന്‍ തകര്‍ച്ചയുടെ തളര്‍ച്ചയില്‍ ത്രിപുര കേന്ദ്ര നേതൃത്വത്തിന് ആശ്വാസമാകില്ല.

 

ഇടതിന്റെ തിരിച്ചുവരവ്: എന്തു ചെയ്യാനാകും?

ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി പി എമ്മിനെ ബാധിച്ച പ്രശ്നനങ്ങള്‍ പലതലങ്ങളിലാണ്. സി പി എമ്മും, ഒരുപക്ഷേ ഇന്ത്യന്‍ ഇടതുപക്ഷം മുഴുവനായും ചരിത്രത്തിലാദ്യമായി നിലനില്‍പ്പിന്റെ പ്രതിസന്ധി നേരിടുന്നു എന്നു മനസ്സിലാക്കി അണികളും അനുഭാവികളും നിഷേധാത്മകതയില്‍നിന്നും പുറത്തുവരേണ്ടിയിരിക്കുന്നു. ഇതിന് കുറുക്കുവഴികളില്ല. ഇടതുപക്ഷത്തിന് ഒരു ഭാവി വേണമെങ്കില്‍ അത് സമരത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെയാണ്.

 

സി പി എമ്മിന്റെ നേതൃത്വം, പ്രത്യേകിച്ച് ബംഗാളില്‍ വീണ്ടെടുപ്പില്ലാത്തവിധം പരാജയപ്പെട്ടിരിക്കുന്നു. പുതിയ ആശയങ്ങളുമായി ഒരു പുത്തന്‍ നേതൃത്വം വരാതെ, ജനങ്ങളുമായ്, വിശിഷ്യ യുവാക്കളുമായി ബന്ധം വീണ്ടെടുക്കുക സാധ്യമല്ല. പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും ആദ്യ ഇടതു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായ അശോക് മിത്ര ഇത് 2011-മുതല്‍ പറയുന്നതാണ്. നേതൃത്വം ഇനിയുമിതിന് ചെവികൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കീഴ്ത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് ലഭ്യമായ എല്ലാ ജനാധിപത്യമാര്‍ഗങ്ങളും ഉപയോഗിച്ച് താഴെതട്ടില്‍നിന്നും മാറ്റത്തിനായി യത്നിക്കേണ്ടിവരും.

 

ഇടതുപക്ഷം ഇന്നെടുക്കേണ്ട പ്രത്യയശാസ്ത്ര-രാഷ്ട്രീയ പാതയെക്കുറിച്ച് ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും ഇടതുപക്ഷത്തിനുള്ളില്‍ തന്നെ നടക്കേണ്ടിയിരിക്കുന്നു. നവ ഉദാര സംവിധാനത്തിന്റെ ദത്തുപുത്രരായി മാറുന്നത് ആത്മഹത്യാപരമാണ്. വന്‍കിട മുതലാളിമാരും അവരുടെ വ്യവസ്ഥയുമായി കൈകോര്‍ത്ത്, വര്‍ഗ സമരത്തിന്റെയും സാമൂഹ്യചൂഷണത്തിനെതിരായ സമരത്തിന്റെയും പാത ഉപേക്ഷിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലനില്‍പ്പുതന്നെ അര്‍ത്ഥശൂന്യമാകും. അതേസമയം ഇരുപതാം നൂറ്റാണ്ടിലെ പരാജയപ്പെട്ട സോഷ്യലിസ്റ്റ് മാതൃകകളുടെ ചരിത്രഭാരങ്ങളെ പിന്തുടര്‍ന്നാല്‍ കൂടുതല്‍ ജീര്‍ണ്ണതയ്ക്കായിരിക്കും ഇടവരുത്തുക.

 

തികച്ചും അസന്തുലിതവും, അപൂര്‍ണവുമായ എന്നാല്‍, പ്രവര്‍ത്തനശേഷിയുള്ള ഒരു ബഹുകക്ഷി ജനാധിപത്യമുള്ള ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുവേണം ഇടതുപക്ഷത്തെ പുനര്‍നിര്‍മ്മിക്കാന്‍. വിദേശമാതൃകകളെ അനുകരിക്കുന്നതിനെക്കാള്‍ അത് ഗുണം ചെയ്യും. പ്രമുഖ കര്‍ഷകനേതാവ് അബ്ദുര്‍ റസാക് മൊല്ല സാമൂഹ്യനീതി സംബന്ധിച്ചുയര്‍ത്തിയ പ്രശ്നങ്ങള്‍, നേതൃനിരയില്‍ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നിവ അടിയന്തിരമായി നേരിടേണ്ട വിഷയങ്ങളാണ്. നേതൃനിരയില്‍ കൂടുതല്‍ സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, മുസ്ലീംങ്ങള്‍ എന്നിവര്‍ വന്നില്ലെങ്കില്‍ സാമൂഹ്യപ്രശ്നങ്ങളോടുള്ള അവഗണന തുടരും. ഏറ്റവും പ്രധാനമായ സംഗതി, ഇടതുപക്ഷത്തിന്റെയും ജനാധിപത്യ ശക്തികളുടെയും മൂല്യാടിസ്ഥാനത്തിലുള്ള വിശാലാധിഷ്ഠിതമായ ഐക്യം ഉണ്ടാക്കാനുള്ള സജീവമായ ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഭാവി ഒട്ടും ശോഭനമാകില്ല.

 

ഇത്തരത്തിലൊരു വിപ്ലവകരമായ സ്വയം പുന:സംഘടനക്കും ഇടതുപക്ഷത്ത് പുത്തന്‍ ഊര്‍ജ്ജം ചെലുത്താനും സി പി എമ്മിന് ഇപ്പോള്‍ ശേഷിയുണ്ടോ?ഒരു വക്രീകരിക്കപ്പെട്ട ഘട്ടത്തിലാണ് നമ്മള്‍. കാര്യങ്ങള്‍ ഇതേ പോലെ തുടരുകയും സി പി എമ്മിനുള്ളിലെ പുനരുജ്ജീവനത്തിനുള്ള മുന്നേറ്റം നിര്‍ജ്ജീവമാകുകയും ചെയ്താല്‍ ഇടതുപക്ഷത്തിനുള്ളില്‍ പുതിയൊരു രാഷ്ട്രീയ ശക്തി പിറവിയെടുക്കാതെ വയ്യ. കേന്ദ്രത്തില്‍ മോദി ഭരണം പിടിമുറുക്കുമ്പോള്‍ സമയം ഏറെയില്ലതാനും.

 

(പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണക്കാനുള്ള പാര്‍ടി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രസേന്‍ജിത് ബോസ് സി പി (ഐ) എം വിട്ടത്)

* Views are personal

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍