UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒളിച്ചുവച്ച ദംഷ്ട്രകള്‍ ബിജെപി പുറത്തെടുക്കുന്നു

അഴിമുഖം പ്രതിനിധി

ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ നടന്ന അക്രമം ബിജെപി ഒളിച്ചുവെച്ച ദംഷ്ട്രകള്‍ പുറത്തെടുക്കുന്നതിന്റെ തെളിവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോക്ടര്‍ തോമസ്‌ ഐസക്. കൂടുതല്‍ ഹിംസാത്മകമായ രാഷ്ട്രീയതന്ത്രങ്ങള്‍ പ്രയോഗിച്ചാലേ രക്ഷയുളളൂ എന്ന തീരുമാനം നടപ്പിലാക്കുകയാണ് അവര്‍ എന്ന് അദ്ദേഹം ഫേസ്ബുക്കിള്‍ ചേര്‍ത്ത പോസ്റ്റില്‍ പറയുന്നു. ജനാധിപത്യമര്യാദയുടെ സകലസീമകളും ലംഘിച്ചുകൊണ്ടുളള ബിജെപി പ്രതിനിധികളുടെ കഴിഞ്ഞ ദിവസത്തെ ചാനല്‍ പ്രകടനങ്ങള്‍ അതിന്‍റെ സൂചനയാണ് നല്‍കുന്നതെന്നും തോമസ്‌ ഐസക് കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പ്രശസ്തമായ ജഹവര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ നിന്നു തുടങ്ങി യൂണിയന്‍ ചെയര്‍മാന്‍ കനഹയ്യ കുമാറിനെ ഹാജരാക്കിയ ദില്ലി പാട്യാല കോടതിയില്‍ വരെ നടന്ന സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അധ്യാപകരെ കോടതിമുറിയില്‍ മര്‍ദ്ദിക്കാന്‍ ഒരു സംഘം എബിവിപിക്കാര്‍ രംഗത്തിറങ്ങി. ദില്ലിയിലെ ക്രമസമാധാന പരിപാലനം സംഘപരിവാര്‍ ഗുണ്ടകളെ ഏല്‍പ്പിച്ചു കഴിഞ്ഞോ എന്ന് ആരും സംശയിച്ചുപോകുന്ന പ്രവൃത്തി.

ഇതേ സമീപനം തന്നെയാണ് ഇന്നലെ മലയാളം വാര്‍ത്താ ചാനല്‍ ചര്‍ച്ചകളിലും കണ്ടത്. റിപ്പോര്‍ട്ടര്‍ ചാനലിലും ഏഷ്യാനെറ്റിലും മീഡിയാവണ്ണിലുമൊക്കെ ചര്‍ച്ചയ്ക്കെത്തിയ ബിജെപി വക്താക്കള്‍ ഉത്തരം മുട്ടിയപ്പോള്‍ ബഹളം വെച്ചും അവതാരകരെ വെല്ലുവിളിച്ചും മറ്റുളളവരെ വ്യക്തിപരമായി അധിക്ഷേപിച്ചും സഹിഷ്ണുതയുടെ കണികപോലുമില്ലാതെ ആക്രോശിച്ചും ജയിക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി.

ബിജെപിയുടെ രാഷ്ട്രീയാടിത്തറ ശക്തിപ്പെടുകയല്ല, ദുര്‍ബലപ്പെടുകയാണ് എന്ന് തിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ ഒളിച്ചുവെച്ച ദംഷ്ട്രകള്‍ പുറത്തെടുക്കുകയാണ്. കൂടുതല്‍ ഹിംസാത്മകമായ രാഷ്ട്രീയതന്ത്രങ്ങള്‍ പ്രയോഗിച്ചാലേ രക്ഷയുളളൂ എന്നവര്‍ തീരുമാനിച്ചിട്ടുണ്ടെന്നു തോന്നുന്നു. ജനാധിപത്യമര്യാദയുടെ സകലസീമകളും ലംഘിച്ചുകൊണ്ടുളള ബിജെപി പ്രതിനിധികളുടെ കഴിഞ്ഞ ദിവസത്തെ ചാനല്‍ പ്രകടനങ്ങള്‍ അതിന്‍റെ സൂചനയാണ് നല്‍കുന്നത്.

എന്താണ് ജെഎന്‍യുവില്‍ നടക്കുന്നത്. യൂണിയന്‍ ചെയര്‍മാനെ കാമ്പസില്‍ കയറി അറസ്റ്റു ചെയ്യുക, എസ്എഫ്ഐ പതാക കൈവശം വെച്ചുവെന്ന കാരണത്താല്‍ പ്രവര്‍ത്തകനെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്യുക തുടങ്ങി താടിയും തോളില്‍ ബാഗുമുളള ആരെക്കണ്ടാലും ജെഎന്‍യുക്കാരനാണെന്നു പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയാണത്രേ ദില്ലി പോലീസ്. കുട്ടികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാന്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി തന്നെ പരസ്യമായി രംഗത്തിറങ്ങിയാല്‍ പോലീസില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

പരിപാടി അലങ്കോലപ്പെടുത്തിയത് എബിവിപിക്കാരാണ്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതും അവരാണെന്ന് ആരോപണമുണ്ട്. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ആരെന്ന് കണ്ടെത്തേണ്ടത് പോലീസിന്‍റെ ചുമതലയാണ്. പക്ഷേ, സംഭവങ്ങളുടെ പോക്കു കണ്ടിട്ട് ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയുടെ കണിശമായ പ്രയോഗമാണ് എന്ന തോന്നലാണ് ഉണ്ടാകുന്നത്.

അറസ്റ്റിലായ യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിന്‍റെ പ്രസംഗം പൂര്‍ണരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. അതിലൊരു ദേശവിരുദ്ധ പരാമര്‍ശവുമില്ല. എന്നിട്ടും കനയ്യ കുമാര്‍ അറസ്റ്റിലും തുടര്‍ന്ന് റിമാന്‍ഡിലുമായി. അക്രമത്തിനും കയ്യാങ്കളിയ്ക്കും മുതിര്‍ന്ന് പരിപാടി അലങ്കോലമാക്കിയ എബിവിപിക്കാര്‍ക്കെതിരെ കേസുമില്ല, അന്വേഷണവുമില്ല. മറുവശത്ത് ഇടതുപക്ഷ ബന്ധമുളള വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്യുന്നു, കാമ്പസില്‍ നിന്ന് നടപടിയെടുത്തു പുറത്താക്കുന്നു.

ഏതായാലും, ജെഎന്‍യു സംഭവം രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സംഘപരിവാറിന്‍റെ ഹീനമുഖം ഒരിക്കല്‍ക്കൂടി രാജ്യം നേരിട്ടു കാണുകയാണ്.

ഏതായാലും ഒരു കാര്യം വ്യക്തമാക്കട്ടെ. ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സേയെ ആദരിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റൊന്നും ഇടതുപക്ഷത്തിനോ സിപിഎമ്മിനോ വേണ്ട. ഇക്കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ മഹാകവി ഒഎന്‍വി കുറുപ്പ് 1991 ഫെബ്രുവരി 10ന് കലാകൗമുദിയിലെഴുതിയ ഒരു ചെറിയ കുറിപ്പ് ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമാണ്.

“ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ RSS-ന്‍റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണ് പ്രഭാഷകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി. ഗോൾവാക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിക്കുന്നു. എന്‍റെ ഓർമ്മ ശരിയാണെങ്കിൽ മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങൾ ഗോൾവാക്കറോട് ചോദിച്ചു “ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകുകയാനുണ്ടായത്. യോഗത്തിലുണ്ടായിരുന്നവർ ഞങ്ങളെ തല്ലാൻ തുടങ്ങി. ഞങ്ങളും തിരിച്ചവരെ തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്. കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങൾ നടന്ന് പോകബോൾ അതിനടുത്ത് ഒരു RSS-കാരന്‍റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വർഷങ്ങൾക്ക് ശേഷം ഇന്നും ഗോൾവാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്‍റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അവശേഷിക്കുന്നു”.

ഇക്കൂട്ടരാണ് ദേശാഭിമാനത്തെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചുമൊക്കെ വലിയ ഗീര്‍വാണങ്ങള്‍ മുഴക്കുന്നത്’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍