UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നത്തെ ബംഗാള്‍, നാളത്തെ ഇന്ത്യ

‘ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും’ എന്ന് ഒരു പറച്ചിലുണ്ട്. സ്വാതന്ത്ര്യസമരകാലത്തെ ബംഗാളിന്റെ ഈ ആത്മാഭിമാനത്തിന് ഇന്നത്തെ ഇന്ത്യയില്‍ എത്രത്തോളം അര്‍ത്ഥമുണ്ടെന്ന് ആര്‍ക്കും ചിന്തിക്കാം. എങ്കിലും പടിഞ്ഞാറെ ബംഗാളിലെ കോണ്‍ഗ്രസുകാരും വലിയൊരു വിഭാഗം കമ്യൂണിസ്റ്റുകാരും പുതിയൊരു രാഷ്ട്രീയ സഖ്യത്തെപ്പറ്റി പര്യാലോചിച്ചുകൊണ്ടിരിക്കുന്നു. അത് നാളത്തെ ഇന്ത്യയുടെ ഭാഗധേയം തിരുത്തിക്കുറിക്കാന്‍ അനുപേക്ഷണീയമാണെന്ന് പലരും കരുതുന്നു.

തെരഞ്ഞെടുപ്പ് യുദ്ധം ജയിക്കാനുള്ള താല്‍ക്കാലിക ഐക്യമാണ് രാഷ്ട്രീയ നേതാക്കളുടെ ഉള്ളിലിരിപ്പ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തില്‍ നിന്ന് ഇറക്കണം. ബംഗാളിലെ സി.പി.എം നയിക്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഇന്നത് സാധ്യമല്ല. കോണ്‍ഗ്രസിന് സമീപഭാവിയിലെങ്ങും ഒറ്റയ്ക്ക് മത്സരിച്ച് ബംഗാളില്‍ ഭരണത്തില്‍ വരാമെന്ന പ്രതീക്ഷയില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പി പടിഞ്ഞാറെ ബംഗാളില്‍ നാമമാത്രം ശക്തിയുള്ള ഒരു പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഈ മൂന്ന് കക്ഷികളെയും നേരിട്ടാല്‍ മമത ബാനര്‍ജി ബംഗാളില്‍ തുടര്‍ഭരണം കൊണ്ടുവരും. ഒരിക്കല്‍ക്കൂടി തൃണമൂല്‍ഭരണം തുടര്‍ന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ മ്യൂസിയത്തില്‍ അന്വേഷിക്കേണ്ട കക്ഷികളായിത്തീരാം.

കോണ്‍ഗ്രസ് ബംഗാളിന് പുറത്ത് പല സംസ്ഥാനങ്ങളിലും സാന്നിദ്ധ്യം അറിയിച്ചെന്നു വരും. ഇടതുപക്ഷ പ്രസ്ഥാനത്തിന് ദേശീയ പ്രസക്തി തീരെ ഇല്ലാതാകും. ഇപ്പോള്‍ത്തന്നെ അതൊരു നാഷണല്‍ ജോക്ക് ആണ്. കേരളത്തിലും ത്രിപുരയിലുമൊഴികെ രാജ്യത്തിന്റെ  പല ഭാഗത്തും ധാരാളമായി പാറുന്ന ചെങ്കൊടികള്‍ മാവോ തീവ്രവാദികളുടേതാണെന്ന് ഏവര്‍ക്കും അറിയാം. അതിനാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലും പടിഞ്ഞാറെ ബംഗാളിലും സി.പി.എമ്മിന് ദേശീയ അസ്തിത്വത്തിന്റെ കൂടി പ്രശ്‌നമാണ്.

കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ എന്തുപറയുമെന്ന ചോദ്യമാണ് കമ്യൂണിസ്റ്റ് നേതാക്കളുടെ വിഷമം. അതുകൊണ്ട് ബംഗാളിലെ സഖ്യ സാധ്യതകള്‍ പ്രാദേശിക നേതാക്കള്‍ തീരുമാനിക്കട്ടെ എന്ന് ജനാധിപത്യ പാര്‍ട്ടികളെപ്പോലെ അയഞ്ഞ നിലപാട് എടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയുമോ? ബംഗാളിലെ വടക്കുപടിഞ്ഞാറെ അതിര്‍ത്തി ജില്ലയായ സിലിഗുഡിയില്‍ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മിക്ക സീറ്റുകളിലും സി.പി.എം-കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. തൃണമൂല്‍, ബി.ജെ.പി കക്ഷികളുടെ മുന്നേറ്റം ചെറുക്കാന്‍ ഈ സഖ്യം ഉപകരിച്ചെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് – ഇടതുപക്ഷ ഐക്യവാദികള്‍ ചൂണ്ടിക്കാട്ടുന്നത്.

രാഷ്ട്രീയത്തിനു പുറമെ സാഹിത്യത്തിലും സംസ്‌കാരത്തിലും ബംഗാള്‍ ഇന്ത്യയ്ക്ക് വഴികാട്ടിയിരുന്ന ചരിത്രം വിസ്മൃതിയിലേക്ക് മായുകയാണ്. രാജ്യത്തിന്റെ ഇതര പ്രദേശങ്ങള്‍ ബംഗാളിനെക്കാള്‍ ഭൗതികമായി  ഏറെ വളര്‍ന്നു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയും സംഗീതവും സാഹിത്യവും രാഷ്ട്രീയവും ബംഗാളികളുടെ കുത്തകയല്ല. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് കല്‍ക്കത്ത കുറേക്കാലം രാജ്യത്തിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ പട്ടണവും ആയിരുന്നു. പടിഞ്ഞാറന്‍ ചിന്താപദ്ധതികള്‍ കപ്പല്‍കയറി ആദ്യമിറങ്ങിയത് കല്‍ക്കത്തയിലായിരുന്നു. നൂറ്റിഅഞ്ച് വര്‍ഷം മുമ്പ് വരെ നിലനിന്ന ആ പ്രതാപത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ഇന്നത്തെ കൊല്‍ക്കത്തയില്‍ ഉള്ളൂ.

പടിഞ്ഞാറ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങള്‍ ആദ്യം കൈയില്‍ ലഭിച്ച ബംഗാളികള്‍ ഇന്ത്യയുടെ ഇതര പ്രദേശത്ത് ഉള്ളവരേക്കാള്‍ പ്രബുദ്ധരായി. നൂതനാശയങ്ങള്‍ കല്‍ക്കത്തയിലെ സമ്പന്ന വര്‍ഗ്ഗത്തെ ആദ്യം സ്വാധീനിച്ചു. അങ്ങനെ ടാഗോര്‍ കുടുംബത്തിലുള്ളവര്‍ മതവിശ്വാസം വെടിഞ്ഞ് കടല്‍ കടന്നുപോയി ഉന്നത വിദ്യാഭ്യാസം നേടി. അതുപോലെ നിരവധി പേര്‍ ഇംഗ്ലണ്ടില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും ഐ.സി.എസും എടുത്തു വന്നു. സാമൂഹിക പരിഷ്‌ക്കര്‍ത്താവും ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവും എന്ന് വാഴ്ത്തപ്പെടുന്ന രാജാറാം മോഹന്‍ റോയി അത്തരത്തിലുള്ള ഒരാള്‍ ആയിരുന്നു. ബംഗാളിന്റെ  ധൈഷണികമായ ഉന്നമനത്തിന് ഇങ്ങനെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. സത്യജിത് റേയുടെ വിഖ്യാത സിനിമകള്‍പോലും കൊളോണിയല്‍ ചായ്‌വ് പുലര്‍ത്തുന്നു എന്ന വിമര്‍ശനം നിലനില്‍ക്കുന്നു.

ഭൗതികശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെ നീളുന്ന ബംഗാളിന്റെ അഭിമാന ഗോപുരങ്ങള്‍ സുവര്‍ണ്ണ രേഖാ നദിയിലൂടെ ഒഴുകിവന്നതല്ല. ഈശ്വരചന്ദ്ര വിദ്യാസാഗര്‍ മുതല്‍ ശരത് ചന്ദ്ര ചാറ്റര്‍ജി വരെയുള്ള പ്രതിഭാശാലികള്‍ കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രത്തിന്റെ സംഭാവനയാണ്.

രാജ്യത്തിന്റെ നാളത്തെ ചിന്തയെ സ്വാധീനിക്കുന്ന വിധത്തില്‍ ബംഗാളിന് ഇന്ന് നല്‍കാന്‍ ഏറെയുണ്ടെന്ന് തോന്നുന്നില്ല. ഏറ്റവും വൃത്തിഹീനമായ നഗരങ്ങളിലൊന്നാണ് ഇന്നത്തെ കൊല്‍ക്കൊത്ത. മൂംബൈ, ചെന്നൈ, ന്യൂഡല്‍ഹി നഗരങ്ങള്‍ക്കൊപ്പം പ്രതാപചിഹ്നം വഹിച്ചിരുന്ന ഈ മഹാനഗരം സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും അവഗണിക്കപ്പെട്ട ജീവിത പരിസരമാണ്. മനുഷ്യര്‍ വലിക്കുന്ന സൈക്കിള്‍ റിക്ഷകളും കൈവണ്ടികളും മാത്രമല്ല; മനുഷ്യത്വത്തിന് വിലപേശുന്ന ഹീനമായ, അധമജീവിതവും ഇന്നത്തെ കൊല്‍ക്കത്തയുടെ ശാപമാണ്. കോളനിവാഴ്ചക്കാലത്തെ പ്രതാപം വിളിച്ചറിയിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ നിഴലില്‍ യാചകരും പട്ടിണിപ്പാവങ്ങളും ചേരിവാസികളും പുഴുക്കളെപ്പോലെ ജീവിക്കുന്നു. എല്ലാ മഹാ നഗരങ്ങളിലും ഇതൊക്കെ ഇല്ലേ എന്ന് ചോദിക്കാം. കൊല്‍ക്കൊത്തപോലെ ദുരിതകരവും ദയനീയവും ശോച്യവുമല്ല ചെറുതും വലുതുമായ ഇന്ത്യയിലെ മറ്റൊരു നഗരവും എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന സഞ്ചാരി പറഞ്ഞുതരും.

താര്‍ക്കിക വിദഗ്ദ്ധരായ നമ്മള്‍ ഇന്ത്യക്കാരെക്കുറിച്ച് അമര്‍ത്യാസെന്‍ പുസ്തകമെഴുതിയിട്ടുണ്ട്. വികസന മാതൃകകളില്‍ ഏറ്റവും നൂതനമായ ഒന്ന് കേരളത്തിന്റേതാണെന്ന് സെന്‍ ലോകത്തോട് പറഞ്ഞു. സ്ഥായിയായ ഭരണം ഒരു രാഷ്ട്രീയ മുന്നണിയേയും ഏല്‍പ്പിക്കാന്‍ കൂട്ടാക്കാത്ത കേരളത്തിലെ ജനങ്ങളുടെ നിലപാട് രാജ്യത്തിന് മാതൃകയാകണമെന്ന് അദ്ദേഹം എങ്ങും പറഞ്ഞില്ല. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് കക്ഷികളും തുടര്‍ച്ചയായി ഭരിച്ച് തകര്‍ത്ത നാടാണ് പശ്ചിമബംഗാള്‍. ഒടുവില്‍ മൂന്നര ദശാബ്ദത്തോളം നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് മമത ബാനര്‍ജി തന്റെ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധികാരക്കൊടി നാട്ടി.

ബംഗാളില്‍ സി.പി.എമ്മാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഒന്നാമത്തെ ശത്രു. ബി.ജെ.പിയോടും കോണ്‍ഗ്രസ്സിനോടും ചങ്ങാത്തം കൂടാന്‍ മടിയില്ലെന്ന് മമത തെളിയിച്ചിട്ടുണ്ട്. ഇടതു-കോണ്‍ഗ്രസ്സ് സഖ്യമുണ്ടായാല്‍ ബി.ജെ.പിയുമായി മമത തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. അപ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകില്ല. കേരളത്തില്‍ ഇരുകൂട്ടര്‍ക്കും പ്രചാരണരംഗത്ത് തിരിച്ചടി ഏല്‍ക്കുകയും ചെയ്യും.

എസ്.എന്‍.ഡി.പി. യോഗം രൂപംകൊടുത്ത ബി.ഡി.ജെ.എസ് എന്ന പുതിയ പാര്‍ട്ടിയും ബി.ജെ.പിയും ശക്തമായ ഒരു മൂന്നാം മുന്നണി ഉണ്ടാക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സ് നയിക്കുന്ന യു.ഡി.എഫിനും യോജിച്ച് നിന്ന് ആ ചേരിയെ ദുര്‍ബലപ്പെടുത്തേണ്ടിവരും. അപ്പോള്‍ ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് കേരളത്തില്‍ മാത്രമല്ല; ഇന്ത്യയൊന്നാകെ നാളെ ചിന്തിക്കേണ്ടിവരും. മത നിരപേക്ഷതയുടെ വക്താക്കള്‍ ബി.ജെ.പിക്ക് എതിരെ പൊതുവേദി ഉണ്ടാക്കണമെന്ന് നേതാക്കള്‍ ഒത്തുതീര്‍പ്പിലെത്തും. നാളത്തെ ആ രാഷ്ട്രീയം സീതാറാം യച്ചൂരി ഇന്നേ വിഭാവന ചെയ്യുന്നു. പ്രകാശ് കാരാട്ടിന് അത് മനസ്സിലാകുന്നില്ല.

ഹൈദരാബാദ് സര്‍വ്വകലാശാല മുതല്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ ക്യാമ്പസ് വരെ നീളുന്ന പുതിയ സംഭവവികാസങ്ങള്‍ ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളെ ഏകോപിപ്പിക്കാനും ഒരു പൊതുവേദിയില്‍ എത്തിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ്കാരുടെ മുഖ്യ ശത്രു കോണ്‍ഗ്രസ്സ് അല്ലെന്ന് ഇന്ദിരാഗാന്ധിയുടെ കാലത്ത് സി.പി.ഐ. വിശ്വസിച്ചു. അച്യുതമേനോനും പി.കെ. വാസുദേവന്‍ നായര്‍ക്കും കേരളത്തില്‍ മുഖ്യമന്ത്രിമാരാകാന്‍ അതുകൊണ്ട് കഴിഞ്ഞു. കാലം മാറി. സി.പി.എം. കോണ്‍ഗ്രസ്സിനോടുള്ള ശത്രുത മയപ്പെടുത്താന്‍ പലതവണ നിര്‍ബന്ധിതമായി. ബി.ജെ.പിയെക്കാള്‍ അപകടകാരിയല്ല കോണ്‍ഗ്രസ്സ് എന്ന് സി.പി.എം. നേതാക്കള്‍ പറയുന്നുണ്ട്. ബംഗാളിന്റെ ചിന്താപഥത്തിലേയ്ക്ക് സാവകാശം എല്ലാ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും എത്തിച്ചേരുന്ന ദിവസം വിദൂരമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍