UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് അറസ്റ്റ്: അടിയന്തരാവസ്ഥ കാലത്തെ കരുണാകരനെ ഓര്‍മയുണ്ടോ പിണറായിക്ക്?

Avatar

കെ എ ആന്റണി

കാലത്ത് പത്രങ്ങള്‍ മറിച്ചു നോക്കുന്നതിനിടിയില്‍ തലശേരിയില്‍ നിന്നും ഒരു ഫോണ്‍വിളി. ‘ഇന്നത്തെ ദേശാഭിമാനി പത്രം കൈയില്‍ ഉണ്ടെങ്കില്‍ അതിന്റെ ഒന്നാം പേജും പതിമൂന്നാം പേജും ഒന്ന് ഇരുത്തി വായിക്കണം’. കൈയിലിരുന്ന പത്രം താഴയിട്ട് ദേശാഭിമാനി എടുത്തു. ദാ കിടക്കുന്നു ഒന്നാം പേജില്‍ മുട്ടനൊരു വാര്‍ത്ത. ശ്രീരാമനെ അവഹേളിച്ചു എന്നാരോപിച്ച് മൈസൂരുവില്‍ ദളിത് അനുകൂല എഴുത്തുകാരന്‍ പ്രൊഫ. മഹേഷ് ചന്ദ്ര ഗുരുവിനെ ജയിലില്‍ അടച്ചുവെന്ന വാര്‍ത്ത ചിത്രസഹിതമുണ്ട്. പതിമൂന്നാം പേജിന്റെ മുക്കാല്‍ ഭാഗത്തിലേറെ കിടക്കുന്നത് തലശേരി കുട്ടിമാക്കൂലില്‍ സിപിഐഎമ്മുകാരുടെ പീഡനത്തിന് ഇരയായെന്നു പറയപ്പെടുന്ന ദളിത് കോണ്‍ഗ്രസ് നേതാവ് രാജനെയും കുടടുംബത്തെയും പൊതുജനശത്രുക്കളായി ചിത്രീകരിച്ചുകൊണ്ടുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ്. അതേ പേജില്‍ തന്നെ മറ്റൊരു രണ്ടുകോളം വാര്‍ത്ത കൂടിയുണ്ട്. പട്ടികവിഭാഗങ്ങളുടെ ശാക്തീകരണത്തിന് കേന്ദ്ര സഹായം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട ഒന്ന്.

ഒന്നാം പേജില്‍ ദളിത് സ്‌നേഹവും പതിമൂന്നാം പേജില്‍ ദളിത് വേട്ടയും എന്നു തന്നെ പറയേണ്ടി വരും ഇന്നിറങ്ങിയ പാര്‍ട്ടി പത്രം കണ്ടാല്‍. സിപിഎമ്മിന്റെ ദളിത് പ്രണയത്തിന്റെ ഇരട്ട മുഖം വ്യക്തമാകാന്‍ ഇന്നത്തെ പാര്‍ട്ടി പത്രം ധാരാളം.

കുട്ടിമാക്കൂലില്‍ ആരെങ്കിലും ജാതിപ്പേര് പറഞ്ഞ് ദളിത് സഹോദരിമാരായ അഞ്ജനയെയും അഖിലയെയും അപമാനിച്ചോ എന്നു വ്യക്തമല്ല. എങ്കിലും രാജന്റെ പുത്രിമാരായ ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിമാക്കൂലിനെ കുറിച്ച് അറിയുന്നവര്‍ക്ക് അറിയാം ആ പ്രദേശം തലശേരിയിലെ മോസ്‌കോ ആണെന്ന്. അവിടെ അരങ്ങേറിയ പാര്‍ട്ടി ഓഫിസ് അക്രമണവും രാജന്റെ വീടാക്രമണവും വാര്‍ത്തകളില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. രാജന്റെ കുടുംബം കൂടാതെ വിരലിലെണ്ണാവുന്ന കോണ്‍ഗ്രസുകാരെ കുട്ടിമാക്കൂലില്‍ ഉള്ളൂ. ഈ സിപിഐഎം കോട്ടയില്‍ യാതൊരു പ്രകോപനവും ഇല്ലാതെ പട്ടാപ്പകല്‍ രണ്ടു പെണ്‍കുട്ടികള്‍ പാര്‍ട്ടിയോഫീസില്‍ കയറിചെന്ന് അക്രമം നടത്തി എന്ന ആരോപണം അത്ര കണ്ട് വിശ്വസനീയമല്ല. എങ്കിലും പാര്‍ട്ടി ഓഫിസില്‍ കയറി എന്ന കാര്യം രാജന്റെ മക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജാതിപ്പേര് വിളിച്ചു കളിയാക്കിയതിനെക്കുറിച്ച് ചോദിക്കാന്‍ വേണ്ടിയാണ് അവിടേക്കു ചെന്നതെന്നാണ് അവര്‍ പറയുന്നത്. അളമുട്ടിയാല്‍ ചേരയും കടിക്കും അതു തന്നെയാവണം ഇക്കാര്യത്തിലും സംഭവിച്ചിട്ടുണ്ടാവുക.

ഇതാദ്യമായല്ല രാജന്‍ ആക്രമിക്കപ്പെടുന്നത്. രാജനെ ആക്രമിച്ചതിന്റെ പേരില്‍ നേരത്തെയും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. പാര്‍ട്ടിയോഫിസ് അക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ക്ക് കഷ്ടിച്ച് ഒരാഴ്ച മുമ്പ് രാജന്‍ അക്രമിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ ഒരു ചെവിയുടെ കേള്‍വി ശക്തി തന്നെ നഷ്ടപ്പെട്ടു എന്നും പറയപ്പെടുന്നു. രാജന്‍ പഴയകാല സിപിഐഎം പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പകയും ഇക്കഴിഞ്ഞ തവണ സിപിഐഎം നേതാവ് കാരായി ചന്ദ്രശേഖരനെതിരെ തലശേരി മുന്‍സിപ്പല്‍ ഇലക്ഷനില്‍ മത്സരിച്ചതുമാണ് രാജനെതിരെ സിപിഐഎം തിരിയാന്‍ കാരണമായത് എന്നാണ് കോണ്‍ഗ്രസ് ഭാഷ്യം.

സത്യത്തില്‍ കുട്ടിമാക്കൂലില്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത് രാജന്‍ എന്നും കമ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടായിരുന്നു എന്നതാണ്. രാജന്‍ മാത്രമല്ല, രാജന്റെ ഭാര്യയും മകള്‍ അഖിലയും മുമ്പും സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ മത്സരിച്ചിട്ടുണ്ട്. തങ്ങളുടെ കോട്ടയില്‍ എതിര്‍പ്പിന്റെ സ്വരത്തെ എങ്ങനെ അമര്‍ച്ച ചെയ്യാം എന്ന ശ്രമത്തിന്റെ കൂടി സൂചനയായി തന്നെവേണം അടുത്തിടെ കുട്ടിമാക്കൂലില്‍ അരങ്ങേറിയ സംഭവങ്ങളെ കാണാന്‍.

രാജനും കുടുംബവും ഏറെക്കാലം ആക്രമിക്കപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതിരുന്ന കോണ്‍ഗ്രസുകാര്‍ ഇക്കുറി കുട്ടിമാക്കൂല്‍ സംഭവത്തെ അല്‍പം പര്‍വതീകരിക്കുന്നുമുണ്ട്. കെപിസിസി അധ്യക്ഷ പദവി നഷ്ടപ്പെടാന്‍ പോകുന്ന സുധീരനും സുധീരനെ തെറിപ്പിക്കാന്‍ നടക്കുന്ന സുധാകരനും ഒരുമിക്കാനുള്ള വേദിയൊരുക്കുന്ന ഒന്നുകൂടിയായി കുട്ടിമാക്കൂലിലെ പുതിയ സംഭവവികാസങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നാട്ടില്‍ നടന്ന ഈ സംഭവത്തില്‍ നിന്നും മുതലെടുക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. സിറിയയില്‍ കത്തോലിക്ക പാത്രിയാര്‍ക്കീസ് ബാവ അക്രമിക്കപ്പെട്ടതില്‍ നടുക്കം രേഖപ്പെടുത്തിയ പിണറായി വിജയന്‍ പറഞ്ഞത് കുട്ടിമാക്കൂലിലെ സംഭവങ്ങള്‍ പൊലീസിനോട് ചോദിക്കണമെന്നാണ്. എല്ലാക്കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ആഭ്യന്തര മന്ത്രിയുടെ അറിവോടു കൂടിയല്ല. എങ്കിലും സ്വന്തം നാട്ടില്‍ നടന്ന ഒരു സംഭവം ഇത്രയേറെ കോളിളക്കം സൃഷ്ടിച്ചിട്ടും തനിക്കൊന്നുമറിയില്ലെന്ന മട്ടിലുള്ള പിണറായി വിജയന്റെ മറുപടി ഒരു പഴയ സംഭവത്തെ ഓര്‍മപ്പെടുത്തുന്നു. അടിയന്തരാവസ്ഥ കാലത്ത് 1976-ല്‍ പി രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍ പറഞ്ഞ മറുപടി തനിക്കൊന്നും അറിയില്ലെന്നായിരുന്നു. ബൂര്‍ഷ്വാ പാര്‍ട്ടി എന്നു മുദ്രകുത്തപ്പെട്ട കോണ്‍ഗ്രസിന്റെ നേതാവ് കെ കരുണാകരന്‍ കരിങ്കാലി എന്നറിയപ്പെട്ടതിനു പിന്നില്‍ രാജന്‍ കേസുമായി ബന്ധപ്പെട്ട് നിമസഭയില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയ്ക്കും പങ്കുണ്ട്. കെ കരുണാകരന്‍ നിയമസഭയില്‍ ചെയ്തത് പിണറായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിച്ചു എന്ന ഒരു വ്യത്യാസം മാത്രമെ കുട്ടിമാക്കൂല്‍ സംഭവത്തില്‍ കാണുന്നുള്ളു. തൊഴിലാളികളുടെയും അധഃസ്ഥിതരുടെയും നേതാവ് എന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇങ്ങനെ തരംതാഴേണ്ടിയുണ്ടായിരുന്നില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍