UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിന്റെ തായ്‌വേര് അഴുകിയതിന് നടേശന്‍ മുതലാളി എന്തു പിഴച്ചു പിണറായി സഖാവേ?

കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഇഷ്ടകവി പാടി, ”അധികാരം കൊയ്യണം ആദ്യം നാം. അതിനു മേലാകട്ടെ പൊന്നാര്യന്‍.” വേല ചെയ്യുന്നവരുടെ വേദപുസ്തകം വായിച്ചവര്‍ക്കും കേട്ടറിഞ്ഞവര്‍ക്കും ഈ കവി വചനം ഇഷ്ടപ്പെട്ടു. ആഹാരത്തേക്കാള്‍ പ്രധാനമാണ് ഏത് സാധാരണക്കാരനും അധികാരം. അദ്ധ്വാനിക്കുന്നവര്‍ക്ക് അധികാരം ലഭിക്കാന്‍ ജര്‍മ്മന്‍ മാമുനിമാര്‍ ചൂണ്ടിക്കാട്ടിയ വഴി നേരിന്റെ വഴിയാണെന്ന് അനേകം പാവങ്ങള്‍ ധരിച്ചു. പക്ഷേ യാത്രക്കാരെ നയിച്ചവര്‍ക്ക് വഴിപിഴച്ചു. നേതാക്കളുടെ അപഥസഞ്ചാരവും കുറുക്കുവഴികളും വിശ്വാസികളെ പെരുവഴിയിലാക്കി. അതിനാല്‍ അവര്‍ അധികാരത്തിന്റെ പോംവഴികള്‍ തേടുന്നു.

ചരിത്രത്തിന്റെ ഗൂഢാലോചനയില്‍ കുടുങ്ങിപ്പോയ പാവപ്പെട്ട ജനലക്ഷങ്ങളെ മോചിപ്പിക്കാന്‍ പല്പു എന്ന ഡോക്ടറും കുമാരനാശാന്‍ എന്ന കവിയും ചേര്‍ന്ന് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ സംഘടനയാണ് എസ് എന്‍ ഡി പി യോഗം. 1903-ല്‍ ഈ സംഘടന രൂപംകൊള്ളുമ്പോള്‍ ഇന്ത്യയില്‍ ഒരാളും കമ്യൂണിസത്തെക്കുറിച്ച് കേട്ടിട്ടില്ല. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വീശിയ കാറ്റില്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിലെ സുസംഘടിത പ്രസ്ഥാനമായ കോണ്‍ഗ്രസ്സ് കോളനി വാഴ്ചയ്‌ക്കെതിരെ പൊരുതുകയായിരുന്നു. സ്വാതന്ത്ര്യവും ദേശീയവാദവും സ്വയംഭരണാവകാശവും (സ്വരാജ്) ആവശ്യപ്പെട്ട മഹാത്മാഗാന്ധിപോലും സ്ഥിതി സമത്വത്തെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല.

അവസരസമത്വത്തിനായുള്ള ആദ്യശബ്ദം ആരാധനാ സ്വാതന്ത്ര്യത്തിന്റെ രൂപത്തില്‍ ഇന്ത്യാ വന്‍കരയില്‍ ആദ്യം മുഴങ്ങിയത് 1888-ല്‍ അരുവിപ്പുറത്ത് ആയിരുന്നു. തിരുവിതാംകൂറിലെ ജനപ്രതിനിധി സഭയായ ശ്രീമൂലം അസംബ്ലി രൂപംകൊണ്ടതും അക്കൊല്ലമാണ്. ജനാധിപത്യ ബോധവും സ്വാതന്ത്ര്യ തൃഷ്ണയും അവസരസമത്വത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും ജനങ്ങളില്‍ വളരാന്‍ തുടങ്ങി. വിദ്യാഭ്യാസം സിദ്ധിച്ച ചുരുക്കം പേര്‍ തദ്ദേശീയര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അവസരം കിട്ടാന്‍ മുറവിളി ഉയര്‍ത്തി. പതിനൊന്നു ശതമാനമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തിരുവിതാംകൂറിലെ സാക്ഷരതാ നിലവാരം. എങ്കിലും പത്രപ്രവര്‍ത്തനവും സാഹിത്യപ്രവര്‍ത്തനവും ഭാഷയില്‍ വളരാന്‍ തുടങ്ങിയത് അക്കാലത്താണ്. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ കാള്‍മാര്‍ക്‌സിന്റെയും ലെനിന്റെയും സാഹസികജീവിതകഥ മലയാളി വായനക്കാര്‍ അറിഞ്ഞു. ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ആയിരുന്ന സി വി കുഞ്ഞുരാമന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച ശേഷം ഇങ്ങനെ പറഞ്ഞു: ”പത്തുകൊല്ലം മുമ്പ് ഈ ചെറുപുസ്തകം എന്റെ കൈയില്‍ എത്തിയിരുന്നെങ്കില്‍ ഈ നാടിന്റെ ചരിത്രം തന്നെ ഞാന്‍ മാറ്റുമായിരുന്നു.” സി വിയുടെ അഭിപ്രായം ഇരുമ്പുലക്കയല്ല. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച അദ്ദേഹത്തിന് ഒരു കമ്യൂണിസ്റ്റ് ആകാന്‍ യാതൊരു പ്രയാസവും ഇല്ലായിരുന്നു. അതുപോലെ അനേകായിരം ശ്രീനാരായണ ശിഷ്യന്മാര്‍ക്കും കമ്യൂണിസം സ്ഥിതിസമത്വം കൈവരിക്കാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ സ്വീകാര്യമായ പ്രസ്ഥാനമായി. 1925 ഡിസംബറില്‍ കാണ്‍പൂരില്‍ രൂപംകൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പില്‍ക്കാലത്ത് കേരളത്തിലെ ശ്രീനാരായണീയരില്‍ നിന്ന് ഒരു മഹാ പ്രവാഹമുണ്ടായത് യാദൃച്ഛികമല്ല.

സവര്‍ണ്ണ സമുദായത്തില്‍ നിന്നു വന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടും എ കെ ഗോപാലനും നയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കെ സുകുമാരനും ആര്‍ ശങ്കറും നയിച്ച എസ് എന്‍ ഡി പി യോഗത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യമെന്ന് മുക്കാല്‍ നൂറ്റാണ്ടു മുമ്പ് കേരളത്തിലെ ഈഴവ സമുദായത്തിലുള്ള ബഹുഭൂരിപക്ഷം പേരും കരുതി. അത് സഹജവും സ്വാഭാവികവുമായ ഒരു രാഷ്ട്രീയ പരിവര്‍ത്തനമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നയരൂപീകരണ സമിതിയായ ഒന്നാം പോളിറ്റ് ബ്യൂറോയില്‍ അജയ്‌ഘോഷ് മുതല്‍ ശ്രീപദ് അമൃതഡാങ്കെ വരെയുള്ള എല്ലാ അംഗങ്ങളും ബ്രാഹ്മണരായിരുന്നു. പാര്‍ട്ടിയില്‍ അണിചേര്‍ന്ന ഇതര സമുദായക്കാരാരും അത് ഒരു പോരായ്മയായി കണ്ടില്ല. അങ്ങനെ ചിന്തിക്കാന്‍ കഴിയാത്തവിധം അവരെല്ലാം വലിയ ‘പുരോഗമന’വാദികളായിരുന്നു.

ഭാഷാ സംസ്ഥാനം രൂപംകൊണ്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. കോണ്‍ഗ്രസ്സ് വിരുദ്ധ ഭരണകൂടമുണ്ടായ ഏക സംസ്ഥാനമായിരുന്നു കേരളം. തിരുക്കൊച്ചി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ടി വി തോമസ് കേരളത്തിന്റെ ഒന്നാമത്തെ മുഖ്യമന്ത്രിയാകുമെന്ന പൊതുപ്രതീക്ഷ തകര്‍ത്ത് തിരുവിതാംകൂറില്‍ അക്കാലത്ത് വേണ്ടത്ര പ്രശസ്തനല്ലാത്ത ഇ എം എസ് മുഖ്യമന്ത്രിയായി. എന്‍ എസ് എസ് നേതാവ് മന്നത്തു പത്മനാഭന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിന്ദന്‍നായരില്‍ ചെലുത്തിയ സ്വാധീനമാണ് ടി വി തോമസിന്റെ അവസരം തെറിപ്പിച്ചത്. ജാതിമത സംഘടനകളും സ്ഥാപിത താല്‍പ്പര്യങ്ങളും ഒന്നിച്ച് വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിയെ രംഗത്തിറക്കി സി ഐ എയുടെ ഒത്താശയോടെ വിമോചന സമരമുണ്ടാക്കി ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്തു. കോണ്‍ഗ്രസ്സ് – പി എസ് പി – മുസ്ലിംലീഗ് മുന്നണി ഭരണമാണ് പിന്നീട് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത്. വര്‍ഗ്ഗീയ പാര്‍ട്ടിയായതിനാല്‍ ലീഗിന് മന്ത്രിസ്ഥാനം കൊടുത്തില്ല. പി എസ് പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവ് ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയും ആയി. ഏതാനും മാസങ്ങള്‍ക്കുശേഷം പട്ടം താണുപിള്ളയെ ഗവര്‍ണറായി നിയമിച്ച് ആന്ധ്രയിലേക്ക് അയച്ചു. ശങ്കര്‍ മുഖ്യമന്ത്രി പദമേറ്റു. കേരളത്തില്‍ കോണ്‍ഗ്രസ്സിലൂടെ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയ ആദ്യത്തെയും അവസാനത്തെയും (വയലാര്‍ രവിയും വി എം സുധീരനും പൊറുക്കുക) ഈഴവ നേതാവ് ശങ്കറാണ്.

ഒന്നാം ഇ എം എസ് മന്ത്രിസഭ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വഭാവം തന്നെ മാറ്റിക്കുറിച്ചു. കോണ്‍ഗ്രസ്സിനോടും ദേശീയ ബൂര്‍ഷ്വാസിയോടുമുള്ള സമീപനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം പാര്‍ട്ടിയെ രണ്ടു ചേരിയാക്കി. ഇന്ത്യ – ചൈന യുദ്ധം കമ്യൂണിസ്റ്റ് വിചാരഗതിയെ തകിടംമറിച്ചു. സോവിയറ്റ് ചേരിയും ചീനാച്ചേരിയും പാര്‍ട്ടിക്കുള്ളില്‍ രൂപംകൊണ്ടപ്പോള്‍ 1964-ല്‍ സി പി ഐ പിളര്‍ന്നു. ചൈനയിലെ മാവോസേതുങ്ങിനെക്കൂടി പാര്‍ട്ടി ആചാര്യന്മാരുടെ നിരയില്‍ ഉള്‍പ്പെടുത്തി സി പി ഐ (മാര്‍ക്സിസ്റ്റ്) എന്ന് നമ്മള്‍ ഇന്ന് വിളിക്കുന്ന സി പി എം ഉണ്ടാക്കി. കോണ്‍ഗ്രസ്സുമായി ജനാധിപത്യ സഖ്യമാകാമെന്ന് സോവിയറ്റ് യൂണിയന്റെ ഉപദേശം അനുസരിച്ച് സി പി ഐ ഇന്ദിരാഗാന്ധിയെ പിന്തുണച്ചു. ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപേഴ്‌സ് നിറുത്തലാക്കലും ഗരീബി ഹഠാവോ എന്ന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും ഇന്ദിരാ ഗവണ്‍മെന്റിന്റെ പുരോഗമന പരിപാടികളാണെന്ന് എസ് എ ഡാങ്കെ മുതല്‍ സി രാജേശ്വരറാവു വരെയുള്ള സി പി ഐ നേതാക്കള്‍ വാഴ്ത്തി. കേരളത്തില്‍ പി കെ വാസുദേവന്‍നായരും വെളിയം ഭാര്‍ഗ്ഗവനും സി കെ ചന്ദ്രപ്പനും കാന്തലോട്ട് കുഞ്ഞമ്പുവും മറ്റും കോണ്‍ഗ്രസ്സ് യുവനേതാക്കളായ വയലാര്‍ രവിയിലും എ കെ ആന്റണിയിലും ഉമ്മന്‍ചാണ്ടിയിലും വാസുദേവപ്പണിക്കരിലും വിപ്ലവത്തിന്റെ തീപ്പൊരികള്‍ കണ്ടു.

ഇ എം എസ് നയിച്ച രണ്ടാം സപ്തകക്ഷി മുന്നണി മന്ത്രിസഭയെ തകര്‍ത്ത് കോണ്‍ഗ്രസ്സ് പിന്തുണയോടെ സി പി ഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ 1970 ല്‍ കേരളത്തില്‍ ഒരു ഭരണകൂടമുണ്ടായി. ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു അച്യുതമേനോന്‍. വീണ്ടും ടി വി തോമസിനെ തഴഞ്ഞ് പാര്‍ലമെന്റ് അംഗമായിരുന്ന അച്യുതമേനോനെ സി പി ഐ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കി എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. ജനാധിപത്യാവകാശങ്ങളെല്ലാം കവര്‍ന്നെടുത്ത അടിയന്തരാവസ്ഥയുടെ തണലില്‍ കോണ്‍ഗ്രസ്സ് – സി പി ഐ കൂട്ടുഭരണം ഇടതടവില്ലാതെ ഏഴുകൊല്ലം തുടര്‍ന്നു. 1977-ല്‍ തെരഞ്ഞെടുപ്പിലൂടെ വന്‍ ഭൂരിപക്ഷം നേടി ആ മുന്നണി അധികാരത്തില്‍ വന്നു. കരുണാകരനും ആന്റണിയും പി കെ വിയും മാറിമാറി മുഖ്യമന്ത്രിമാരായി.

വിശാല ഇടതുപക്ഷ ഐക്യത്തിനു കളമൊരുക്കിക്കൊണ്ട് പി കെ വി മുഖ്യമന്ത്രിപദമൊഴിഞ്ഞു. 1980-ല്‍ എല്‍ ഡി എഫ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വരാനുതകുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് സാര്‍വത്രികമായി ഉരുത്തിരിഞ്ഞത്. കെ ആര്‍ ഗൗരിയമ്മയായിരിക്കും മുഖ്യമന്ത്രിയെന്ന് ഇലക്ഷന്‍ കാലത്ത് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പി കെ വി ആലപ്പുഴയില്‍ ഒരു പൊതുയോഗത്തില്‍ പരസ്യമായിത്തന്നെ അക്കാര്യം ജനങ്ങളോട് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ ഉണ്ടാകാന്‍ പോകുന്നു എന്ന വിചാരത്തില്‍ ഗൗരിയമ്മയ്ക്ക് അനുകൂലമായി രാഷ്ട്രീയ ഭേദമില്ലാതെ പിന്തുണ പ്രവഹിച്ചു. ഇലക്ഷന്‍ ഫലം വന്ന ദിവസം ആലപ്പുഴയില്‍ ഗൗരിയമ്മ പത്രലേഖകരോട് അടുത്തദിവസങ്ങളിലെ മുഖ്യമന്ത്രിയെന്ന ഭാവത്തില്‍ സംസാരിച്ചു. ചോദ്യങ്ങള്‍ പലതും വരാന്‍പോകുന്ന മന്ത്രിസഭയുടെ പൊതുനയസമീപനങ്ങളെപ്പറ്റിയായിരുന്നു.

എല്ലാം വെറും വ്യാമോഹങ്ങളായിരുന്നു. പിറ്റേദിവസം ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി കോണ്‍ഗ്രസ്സും മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സും ആള്‍ ഇന്ത്യാ മുസ്ലിം ലീഗും ഇടതു ഭരണമുന്നണിയില്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ട്ടി വേദികളിലൊക്കെ വച്ച് നായനാരുടെ സ്വഭാവത്തെ നിശിത പരിഹാസത്തോടെ നേരിടാറുള്ള ഗൗരിയമ്മ വ്രണിത ഹൃദയമായി അദ്ദേഹത്തിന്റെ കീഴില്‍ ഒരു മന്ത്രിയായി ഇരുന്നു. അന്ന് തുടങ്ങിയ ആത്മക്ഷോഭമാണ് ഒന്നര ദശകത്തിനു ശേഷം ഗൗരിയമ്മയെ സി പി എമ്മില്‍ നിന്ന് പുറത്താക്കുംവരെയെത്തിയത്. 1987-ല്‍ വീണ്ടും നായനാര്‍ മുഖ്യമന്ത്രി. ഗൗരിയമ്മ പാര്‍ട്ടിക്കു പുറത്തായപ്പോള്‍ അച്യുതാനന്ദന്റെ സാധ്യത വര്‍ദ്ധിച്ചു എന്ന് തോന്നി. അമ്പലപ്പുഴയില്‍ 1996-ല്‍ സി പി എം തന്നെ അദ്ദേഹത്തെ തോല്‍പ്പിച്ച് വീട്ടിലിരുത്തി. ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിപോലുമാകാതെ വീട്ടിലേക്ക് വിശ്രമിക്കാനയച്ച നായനാരെ തിരിച്ചു വിളിച്ച് മുഖ്യമന്ത്രിയാക്കിയപ്പോള്‍ അവസരം നഷ്ടപ്പെട്ടത് സുശീലാഗോപാലനായിരുന്നു.

സി പി എമ്മില്‍ സവര്‍ണ്ണാവര്‍ണ്ണയുദ്ധം ആര്യ-ദ്രാവിഡ യുദ്ധംപോലെ ഒരു തുടര്‍ക്കഥയായി നീളുന്നത് കേരളത്തിലെ പൊതുസമൂഹം സൂക്ഷ്മം നിരീക്ഷിച്ചു. സാമുദായിക സംവരണ പ്രശ്‌നത്തില്‍ ഒന്നാം ഇ എം എസ് മന്ത്രിസഭാകാലം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും തലനീട്ടിക്കൊണ്ടിരുന്ന സാമ്പത്തിക മാനദണ്ഡവാദത്തിന് സി പി എം ഔദ്യോഗിക പിന്തുണ നല്‍കിയതോടെ പാര്‍ട്ടിയുടെ ജനകീയ അടിത്തറ തവിടുപൊടിയായി. സ്വത്വരാഷ്ട്രീയവും ‘ദളിത് ശോഷന്‍ യുക്തിമഞ്ചും’ വഴി വര്‍ഗ്ഗസിദ്ധാന്തത്തിനു പകരം വര്‍ഗ്ഗീയ സിദ്ധാന്തം പ്രയോഗിക്കുന്ന സി പി എം കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ബദലാകുന്നത് എങ്ങനെയെന്ന് ചിന്താശേഷി ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ആലോചിച്ചു. അധികാരമാണ് പ്രധാനം. പൊന്നാര്യന്‍ വിളവിന് മുമ്പ് അധികാരം കൊയ്യാനാണ് നമ്മുടെ കവി പറഞ്ഞത്. വെള്ളാപ്പള്ളി നടേശനെ വിട്ടേക്ക് പിണറായി സഖാവെ. അധികാരംകൊണ്ട് വ്യാപാരം നടത്തുന്ന മുതലാളിയാണ് രണ്ട് ‘ള്ളാ’യുള്ള പുള്ളി. നമ്മുടെ പാര്‍ട്ടിയുടെ തായ്‌വേര് അഴുകിയതിന് നടേശന്‍ മുതലാളി എന്തു പിഴച്ചു?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍