UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പാര്‍ട്ടി ഇങ്ങനെയാണ്; എങ്കിലും, ആരാകും അടുത്ത സംസ്ഥാന സെക്രട്ടറി?

Avatar

അഴിമുഖം പ്രതിനിധി

സിപിഐ(എം) അതിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടത്തുന്ന ജില്ലാ സമ്മേളനങ്ങളില്‍ രണ്ടെണ്ണം സമാപിച്ചു. പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയിലും വയനാട്ടിലുമാണ് പുതിയ ജില്ല നേതൃത്വം അധികാരം ഏറ്റെടുക്കുന്നത്. വയനാട്ടില്‍ നിലവിലുള്ള ജില്ല സെക്രട്ടറി സി കെ ശശീന്ദ്രന്‍ തുടരും. ആലപ്പുഴയില്‍ സി ബി ചന്ദ്രബാബുവിനെ മാറ്റി. പകരം സജി ചെറിയാന്‍ പുതിയ ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

സിപിഎമ്മില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പരസ്യമായി നിലനിന്നിരുന്ന വിഭാഗീയത അവസാനിച്ചു എന്നായിരുന്നു സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ വിലയിരുത്തല്‍. തെറ്റുകള്‍ തിരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ തവണ പാലക്കാട് നടന്ന പ്ലീനത്തിലും ഇത് തന്നെയാണ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചത്. പാര്‍ട്ടി നേതൃത്വമെങ്കിലും ഇത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നു.

എന്നാല്‍, വിഭാഗീയത നിലനില്‍ക്കുന്നു എന്ന് മാത്രമല്ല അതിന് കൂടുതല്‍ വികേന്ദ്രീകൃതമായ ഒരു തലം ഉണ്ടായിരിക്കുന്നുവെന്ന് ആലപ്പുഴ ജില്ല സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വ്യക്തമാക്കുന്നു. സിപിഎം അതിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ ഒരു ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. 1998 ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തിന് ശേഷം, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും കുറഞ്ഞ കാലം കൊണ്ട് പാര്‍ട്ടിയില്‍ തന്റെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്ത അവരുടെ ഉരുക്ക് നേതാവ് പിണറായി വിജയന്‍ ഇത്തവണ ആ സ്ഥാനത്ത് നിന്നും മാറുകയാണ്.

വി എസ് അച്യുതാനന്ദന്റെ പിന്തുണയോടെയാണ് പിണറായി വിജയന്‍ സംസ്ഥാന വൈദ്യുതി മന്ത്രി പദത്തില്‍ നിന്നും പാര്‍ട്ടി സെക്രട്ടറി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടതെങ്കിലും, പിണറായി പാര്‍ട്ടിയില്‍ ഉറപ്പിച്ച മേധാവിത്വം അച്യുതാനന്ദനെ അലോസരപ്പെടുത്തി. അതുവരെ ഉണ്ടായിരുന്ന സിഐടിയു പക്ഷവും വിഎസ് പക്ഷവും തമ്മിലുള്ള അധികാര വടംവലിയാണ് പിണറായിയെ സംസ്ഥാന സെക്രട്ടറിയാക്കിയതെങ്കിലും, അതോടെ പാര്‍ട്ടിയുടെ ശാക്തികചേരികളില്‍ വലിയ വ്യത്യാസം ഉണ്ടായി. സിഐടിയു പക്ഷത്തിന്റെ ശക്തി ക്ഷയിക്കുകയും എം എം ലോറന്‍സിനെയും രവീന്ദ്രനാഥിനെയും പോലെയുള്ള നേതാക്കള്‍ പാര്‍ട്ടി നടപടിക്ക് വിധേയമാവുകയും ചെയ്തു.

പിന്നീട് പാര്‍ട്ടിയിലുണ്ടായ ചേരിതിരിവുകള്‍ വിഎസ്, പിണറായി പക്ഷങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു. പാലക്കാട് സമ്മേളനത്തില്‍ വിഎസ് ഏതാണ്ട് പൂര്‍ണമായും വെട്ടിനിരത്തപ്പെട്ടതോടെ പിണറായി പക്ഷം എന്നത് ഔദ്യോഗികപക്ഷം എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. പിണറായി വിജയന് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സമ്പൂര്‍ണ ആധിപത്യമാണ് ഇതിന് കാരണമായത്. എന്നാല്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ ഉന്നയിച്ചും പാര്‍ട്ടി ശ്രദ്ധിക്കാതിരുന്ന ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുക വഴി ജനകീയ പിന്തുണ നേടിയെടുത്തും വിഎസ് പിടിച്ചു നിന്നു.

ഈ അധികാര സമവാക്യം മാറുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ആലപ്പുഴ ജില്ല സമ്മേളനം നല്‍കുന്നത്. മുന്ന് ടേം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുന്നു. ഇതോടെ പുതിയ സെക്രട്ടറി വരുമെന്ന് ഉറപ്പാണ്. ഭൈമീ കാമുകന്മാരുടെ എണ്ണം കൂടുതലാണ്. പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ പേരാണ് ഇപ്പോള്‍ സജീവമായി ഉള്ളത്. എന്നാല്‍ പോളിറ്റ് ബ്യൂറോ അംഗം എന്ന പദവി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് സിപിഎം ഒരിക്കലും ഒരു മാനദണ്ഡം ആക്കിയിട്ടേയില്ല. 1964ല്‍ പാര്‍ട്ടിയുടെ സ്ഥാപനം മുതല്‍ 72-ല്‍ മരണം വരെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരന്‍ പോളിറ്റ് ബ്യൂറോ അംഗമേ ആയിട്ടില്ല. 80 മുതല്‍ 92 വരെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1985ല്‍ ആണ്. 1972 മുതല്‍ 1980 വരെയും 1992 മുതല്‍ 1996 വരെയും സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാര്‍ പോളിറ്റ് ബ്യൂറോയില്‍ എത്തുന്നത് 1992ല്‍ 14-ാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെയാണ്. പിന്നീട് സെക്രട്ടറിയായ ചടയന്‍ ഗോവിന്ദനും പോളിറ്റ് ബ്യൂറോ അംഗമാവാന്‍ കഴിഞ്ഞില്ല. സംസ്ഥാന സെക്രട്ടറിയായി 1998 ല്‍ തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍, പക്ഷെ ആ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി 16-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് തന്നെ കേന്ദ്ര കമ്മിറ്റി അംഗവും പോളിറ്റ് ബ്യൂറോ അംഗവുമായി. ചുരുക്കത്തില്‍ കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്റെയും എം എ ബേബിയുടെയും കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് സാരം. മൂന്നാമത്തെ അംഗമായ എസ് രാമചന്ദ്രന്‍ പിള്ള കേരളത്തിലേക്ക് വരാനുള്ള സാധ്യത ഇപ്പോഴത്തെ അവസ്ഥയില്‍ വിരളമാണ് താനും.

അതായത്, സെക്രട്ടറി പദത്തിനുള്ള സാധ്യത തുറന്ന് കിടക്കുകയാണെന്ന് സാരം. ഈ സാധ്യതയാണ് സ്വന്തം തട്ടകത്തില്‍ വേരുറപ്പിക്കാനും ചില വടികള്‍ മുന്‍കൂട്ടി എറിയാനും ചില നേതാക്കളെ പ്രേരിപ്പിക്കുന്നത്. പിണറായിയുടെ അഭാവത്തില്‍ ഔദ്യോഗിക പക്ഷത്തിന്റെ വക്താവ് താനാണെന്ന് തെളിയിക്കാനാണ് ഓരോ നേതാവും ശ്രമിക്കുക. അതിലൂടെ മാത്രമേ സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള വഴി എളുപ്പമാകൂ.

ആലപ്പുഴയില്‍ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്കിനെ കൃത്യമായി ഒതുക്കുന്നതില്‍ ജി സുധാകരന്‍ വിജയിച്ചിരിക്കുന്നു. ആലപ്പുഴ പിടിക്കുന്നവര്‍ സംസ്ഥാനം പിടിക്കുമെന്നാണ് സിപിഎമ്മിലെ അശരീരി. ഏതായാലും ഭാഗ്യന്വേഷികളാരും ഒതുങ്ങിയിരിക്കാന്‍ ഒരുക്കമല്ലെന്നും തങ്ങളുടെതായ രീതിയില്‍ വടിയെറിയുന്നുണ്ടെന്നും ഇന്നലത്തെ കോടിയേരിയുടെ വയനാട് പ്രസംഗത്തില്‍ നിന്നും വ്യക്തം. ആലപ്പുഴയില്‍ വിഎസിനെ നേരിട്ടെതിര്‍ക്കാന്‍ പിണറായി തയ്യാറായില്ലെങ്കില്‍, വയനാട്ടില്‍ അതിന് കോടിയേരി തയ്യാറായി. മാത്രമല്ല, സദസിലുണ്ടായിരുന്ന മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം ബേബിയെ കുറ്റപ്പെടുത്താനും കോടിയേരി മറന്നില്ല. അതായത് ഔദ്യോഗിക പക്ഷത്തിന്റെ യഥാര്‍ത്ഥ സ്വരം താനാണെന്ന് കോടിയേരി പറയാതെ പറഞ്ഞിരിക്കുന്നു. ആലപ്പുഴ തിരഞ്ഞെടുപ്പിലൂടെ പിണറായി വിജയന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും വാക്കുകള്‍ താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കാനുള്ള ധൈര്യം ജി സുധാകരന്‍ കാണിച്ചിരിക്കുന്നു.

ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കുമാണ് ജയം എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റു. വി എസ് അച്യുതാനന്ദന്റെ പാര്‍ട്ടിയിലെ സ്വാധീനം തീര്‍ത്തും ഇല്ലാതാവുകയാണെന്ന് അദ്ദേഹത്തിന്റെ അടുത്തകാലത്തെ രണ്ട് പ്രസ്താവനകള്‍ തന്നെ വ്യക്തമാക്കുന്നു. ഒന്ന്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് രാഷ്ട്രീയത്തില്‍ നിന്നും തന്നെ ഒഴിവാക്കപ്പെടുന്നതിന് തുല്യമാണെന്നറിയാവുന്ന വി എസ് അതിന് വേണ്ടി ഒരു മുഴം മുന്നെ പ്രസ്താവന ഇറക്കിയിരിക്കുന്നു. രണ്ട്, ഇന്നലെവരെ ഔദ്യോഗിക പക്ഷത്തിനെതിരായ അധികാര പോരാട്ടത്തില്‍ ഒരു പ്രത്യയശാസ്ത്ര മുഖം കൊണ്ടുവരാന്‍ വി എസ് ശ്രദ്ധിക്കുമായിരുന്നു. എന്നാല്‍ പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തവരെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ആ മുന്‍ കരുതലുകളെല്ലാം വി എസ് കാറ്റില്‍ പറത്തി. മുങ്ങാന്‍ പോകുന്ന തോണിക്ക് കിട്ടുന്ന കച്ചിത്തുരുമ്പായി അദ്ദേഹം ആ പ്രശ്‌നത്തെ തിരിച്ചറിഞ്ഞിരിക്കുമോ?

പാര്‍ട്ടി സിപിഎം ആയതിനാല്‍ ഇക്കാര്യത്തിലൊന്നും ഒരു പ്രവചനത്തിനും ആരും തയ്യാറാവില്ല. 1996 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയാകും എന്ന് എത്ര പേര്‍ കരുതി? അതിന് ശേഷം ആരെങ്കിലും ചടയന്‍ ഗോവിന്ദനെയോ പിണറായി വിജയനേയോ സംസ്ഥാന സെക്രട്ടറി പദത്തില്‍ പ്രതീക്ഷിച്ചിരുന്നോ? വൈക്കം വിശ്വന്‍ ഇടതുപക്ഷ മുന്നണി കണ്‍വീനറാകും എന്ന് ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ ആകുമായിരുന്നോ? ഇല്ല എന്നാവും ഭൂരിപക്ഷ ഉത്തരം. അതായത് പലരും മണ്ണും ചാരി ഇരിക്കുന്നു എന്ന് സാരം.

നേരത്തെ ഒക്കെ സിപിഎമ്മിലെ അധികാര വടംവലികള്‍ക്ക് ഒരു പ്രത്യയശാസ്ത്ര മുഖം നല്‍കുമായിരുന്നു. ഇപ്പോള്‍ അത് സംഭവിക്കുന്നില്ല എന്നതാണ് ഇതിന്റെ മറുവശം. അധികാരം പിടിച്ചടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്, കേരളത്തിലെ ഏറ്റവും വലിയ സമ്പത്തിന്റെ അധികാരിയാവുകയാണ് ലക്ഷ്യമെന്ന് അവര്‍ കുറച്ചു കൂടി തെളിച്ച് പറയുന്നു. ഒന്നുമല്ലെങ്കിലും അവര്‍ സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്നില്ല എന്നതെങ്കിലും ഒരു നന്മയായി കണ്ടുകൂടെ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍