UPDATES

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം; വി എസ് വിട്ടുനില്‍ക്കുമെന്ന് സൂചന

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് കൂത്തുപറമ്പില്‍ തുടക്കമായി. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സ്വാഗതം സംഘം ചെയര്‍മാന്‍ എം സുരേന്ദ്രന്‍ ഇന്നലെ വൈകിട്ട് പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

നിലവിലുള്ള ഔദ്ധ്യോഗികപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂര്‍ ജില്ല പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് അതീതമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പിണറായി വിജയന്റെ പടിയിറക്കത്തോടെ പാര്‍ട്ടിയില്‍ രണ്ടാം നിര നേതാക്കള്‍ക്കിടയില്‍ രൂപപ്പെടുന്ന പുതിയ അധികാര സമവാക്യങ്ങള്‍ കണ്ണൂരില്‍ എങ്ങനെ പ്രതിഫലിക്കും എന്നത് കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ കണ്ണൂരിലെ പാര്‍ട്ടിയുടെ പങ്ക്, ബിജെപിയില്‍ നിന്നും പുറത്താക്കിയ പഴയ കടുത്ത ശത്രു ഒകെ വാസുവിന്റെയും സംഘത്തിന്റെയും പാര്‍ട്ടിയിലേക്കുള്ള വരവ് തുടങ്ങിയവ രൂക്ഷ പ്രതികരണങ്ങള്‍ക്ക് ഇടയാക്കും.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കാരണം വ്യക്തമല്ലെങ്കിലും ടിപി വധത്തോടും പാര്‍ട്ടി കണ്ണൂര്‍ ഘടക്കത്തിന്റെ പ്രവര്‍ത്തന ശൈലിയോടുമുള്ള വിയോജിപ്പാണ് വിഎസിനെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. മുഴുവന്‍ സമയവും വിഎസിന്റെ സാന്നിധ്യം സമ്മേളനത്തിന് ഉണ്ടാവും എന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ സമാപന സമ്മേളനത്തിലെങ്കിലും വിഎസിനെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

1964ന് മുമ്പ് പാര്‍ട്ടിയില്‍ അംഗമായിരുന്നവരെ ആദരിക്കുന്ന ചടങ്ങില്‍ നിന്നും ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്. ലാവ്‌ലിന്‍ കേസിലും ടിപി വധക്കേസിലും ഔദ്ധ്യോഗിക നേതൃത്വത്തിനെതിരെ നിലപാടെടുക്കുകയും വിഎസിനോട് ആഭിമുഖ്യം പുലര്‍ത്തി പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ ആളാണ് ബര്‍ലിന്‍. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തെറ്റ് ഏറ്റുപറഞ്ഞ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, കണ്ണൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചര്‍ക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ബര്‍ലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ്, ജമിനി ശങ്കരനെ പോലെ പാര്‍ട്ടിയുമായി നേരിട്ടടുപ്പമില്ലാത്തവരെ പോലും ക്ഷണിച്ച ചടങ്ങില്‍ നിന്നും ബര്‍ലിനെ ഒഴിവാക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍