UPDATES

ചില സഖാക്കള്‍ കൂടുതല്‍ തുല്യരാണ്

ആളും തരവും നോക്കി നടപ്പാക്കപ്പെടുന്ന പാര്‍ട്ടി നിയമം

ആലപ്പുഴയില്‍ കണ്ണര്‍കാട് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ഓര്‍ത്തുപോകുന്നു. രാത്രിയുടെ മറവിലായിരുന്നു സംഭവം. കൃഷ്ണ പിള്ളയുടെ അര്‍ദ്ധകായ പ്രതിമ അടിച്ചു തകര്‍ക്കുകയും സ്മാരക മന്ദിരം തീവച്ചു നശിപ്പിക്കുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ ഞെട്ടിച്ച സംഭവം. പ്രതിഷേധസൂചകമായി അടുത്ത ദിവസം ഹര്‍ത്താലും നടത്തി. സംഭവത്തിനു പിന്നില്‍ ആരെന്നു കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു. എന്നാല്‍ അന്വേഷണം മുറുകിയിട്ടും പ്രതികളെപ്പറ്റി ഒരു സൂചനയും ഇല്ല.

ഇതോടെ പ്രതിരോധത്തിലായ ചെന്നിത്തല പോലീസ് സംഭവം സിപിഎമ്മിന്റെ തലയില്‍ വച്ച് കൊടുത്തു. വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ചന്ദ്രനും സിപിഎം പ്രാദേശിക നേതാവായിരുന്ന പി സാബുവുമാണ് കൃത്യത്തിനു പിന്നിലെന്നായിരുന്നു പോലീസിന്റെ ‘കണ്ടെത്തല്‍. സ്മാരകം കത്തുന്ന വിവരം രാത്രിയില്‍ തന്നെ ലതീഷിനെ ഫോണ്‍ ചെയ്തു പറഞ്ഞത് സാബു ആയിരുന്നു.

ഇരുവരും തമ്മിലുള്ള ഫോണ്‍ വിളിയുടെ രേഖ മാത്രമായിരുന്നു  പൊലീസ് തെളിവാക്കിയത്. സാബുവിനും ലതീഷ് ചന്ദ്രനുമെതിരേ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. നുണ പരിശാധനയ്ക്കു തയാറാണെന്നു കാണിച്ച് ഇരുവരും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതുപോലും പാര്‍ട്ടിക്കോടതിയില്‍ വിലപ്പോയില്ല. രമേശ് ചെന്നിത്തലയുടെ പോലീസിനെ അത്രയ്ക്ക് വിശ്വാസമായിരുന്നു സിപിഎമ്മിന്.

എന്നാല്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന ഡയലോഗ് പോലെ ചില പാര്‍ട്ടി നേതാക്കള്‍ക്ക് ഇത്തരം എഫ്‌ഐആര്‍ പൂമാലയാണ്. ബന്ധുനിയമനത്തില്‍ അഴിമതിയുണ്ടെന്ന്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് പിണറായി നിയോഗിച്ച അന്വേഷണ സംഘം ആണെന്നതിനാല്‍ ഇവിടെ ഇപി ജയരാജന്‍ കുറ്റക്കാരന്‍ ആണെന്നതില്‍ സിപിഎമ്മിന് സംശയിക്കേണ്ട കാര്യം പോലുമില്ല. അധികാരം ദുഷിപ്പിക്കുമെന്നും പരമാധികാരം പരമമായി ദുഷിപ്പിക്കുമെന്നും പറയുന്നത് പോലെ ജയരാജനെതിരായ നടപടി പാര്‍ട്ടിയെ നാണക്കേടില്‍ ആഴ്ത്തിയിരിക്കുകയാണ്.

ബന്ധുക്കളെ തിരുകിക്കയറ്റാനുള്ള ഫയല്‍ മുന്നില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി കാണണം എന്ന്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി എഴുതിയപ്പോള്‍ അതിനെ മറികടക്കാനാണ് ജയരാജന്‍ ശ്രമിച്ചത്. അതായത് സിഎം കണ്ടാല്‍ ഈ നിയമനം ഒന്നും നടക്കില്ലെന്നു ജയരാജന് ഉറച്ച ബോധ്യമുണ്ടായിരുന്നു എന്നര്‍ത്ഥം. അതുകൊണ്ടു തന്നെയാണ് വളഞ്ഞ വഴിയിലൂടെ നിയമനം നടത്താന്‍ ശ്രമിച്ചത്. സുധീര്‍ നമ്പ്യാര്‍ ജോലിയില്‍ പ്രവേശിച്ചോ ഇല്ലയോ എന്നതല്ല അഴിമതി നടത്താന്‍ ശ്രമിച്ചത് പകല്‍പോലെ വ്യക്തമാക്കുന്ന രേഖകളാണ് വിജിലന്‍സിന്റെ മുന്നിലുള്ളത്. മുഖ്യമന്തിയെ പറ്റിച്ചു അഴിമതി നടത്താന്‍ ശ്രമിച്ച ജയരാജനെ ജേക്കബ് തോമസ് കയ്യോടെ പൊക്കിയിരിക്കുകയാണ്.

കൊള്ളമുതല്‍ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുത്ത് കള്ളന്‍ മാതൃകയായി എന്ന് പറയുന്നത് പോലെയാണ് സുധീര്‍ നമ്പ്യാര്‍ ചുമതല ഏറ്റെടുത്തില്ല എന്നൊക്കെ ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും സമൂഹ മധ്യത്തില്‍ അപമാനിച്ച ഇപി ജയരാജന്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ കേന്ദ്രകമ്മിറ്റിയില്‍ ഇപ്പോഴും തുടരുന്നു. സാബുവിനെയും ലതീഷിനെയും എഫ്ഐആറിന്റെ പേരില്‍ പുറത്താക്കുകയും ജയരാജന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നത് കാണുമ്പോഴാണ് ഈ പാര്‍ട്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ല എന്ന് തോന്നുന്നത്.

ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെയുള്ള നേതാക്കളെ സഖാവേ എന്ന് വിളിക്കുന്നത് പാര്‍ട്ടിയില്‍ ഉച്ചനീചത്വങ്ങള്‍ ഇല്ല എന്ന് അറിയിക്കുവാന്‍ കൂടിയാണ്. സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ആളും തരവുംനോക്കി തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് മനസിലാക്കാം. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി സ്വന്തം മകനെ നിയമിക്കാന്‍ കൂട്ട് നിന്ന പി കെ ശ്രീമതി, എംപി മാത്രമല്ല കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍