UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോല്‍വിക്ക് ശേഷം സിപിഎം റിപ്പോര്‍ട്ട്: ‘തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കിയില്ല, അല്ലെങ്കില്‍ വിജയിച്ചില്ല, രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞു’

കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സമിതി ചര്‍ച്ചചെയ്ത് അംഗീകരിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ കാരണം വിലയിരുത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി, ഇതുവരെ തീരുമാനിച്ച പല കാര്യങ്ങളും നടപ്പിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് വിലയിരുത്തി. ചില കാര്യങ്ങള്‍ നടപ്പിലാക്കിയില്ല, അല്ലെങ്കില്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞതായും സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചഅവലോകന റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി അംഗീകരിച്ചു.

‘രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കുശേഷം വരുന്ന ഈ ഫലങ്ങള്‍ നമ്മുടെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടല്‍ശേഷിയും വലിയതോതില്‍ ക്ഷയിച്ചു എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടുവിഹിതത്തിലെ ഇടിവ് വലിയ ഉല്‍ക്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട്’ പാര്‍ട്ടി മുഖപത്രം ദേശാഭിമാനി പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങളില്‍ ജനങ്ങള്‍ സജീവമാകുമ്പോഴും ഇവരുടെ വോട്ട് ഉറപ്പുവരുത്താന്‍ കഴിയുന്നില്ലെന്ന് വനിതാ മതിലിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കി. 2015 ഡിസംബറില്‍ ചേര്‍ന്ന കൊല്‍ക്കത്താ പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണെന്ന് വിലയിരുത്തിയ ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങള്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് അവലോകന റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്. യുവാക്കള്‍ക്ക് പാര്‍ട്ടിയോടുള്ള ആഭിമുഖ്യം പരിമിതമായി തുടരുന്നുവെന്ന് കണ്ടെത്തുന്ന രേഖ ഇക്കാര്യം നിരവധി പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കിയില്ല, അല്ലെങ്കില്‍ വിജയിച്ചില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

‘നഗര പ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഇടയില്‍ പാര്‍ട്ടിയോടുള്ള  ആകര്‍ഷണം കുറഞ്ഞുവരികയാണ്. ഈ സ്ഥിതി തിരുത്തുന്നതിന് ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍, ഒരു ഫലവും ഉണ്ടായിട്ടില്ല. പല നിയോജകമണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്‍ വര്‍ഗ ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണ്. അംഗത്വത്തിന്റെ ഇരട്ടിപ്പ് കണക്കിലെടുത്താല്‍പോലും ഈ വിടവ് അറിയിക്കുന്നത് ബഹുജന സംഘടന അംഗങ്ങളുടെ രാഷ്ട്രീയവല്‍കരണ പ്രക്രിയ വേണ്ടതിലും എത്രയോ അകലെയാണെന്നാണ്.’ പാര്‍ട്ടി സംഘടനകളിലെ അംഗങ്ങള്‍ പോലും തെരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കുന്നില്ലെന്ന് വിലയിരുത്തി സിപിഎം അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കി. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളെ ആധാരമാക്കി വിപുലമായ സമരങ്ങള്‍ നടത്തണമെന്ന് കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

‘മുസ്ലീങ്ങള്‍ ഗട്ടറുകളില്‍ കഴിഞ്ഞോട്ടെ’യെന്ന് പറഞ്ഞത് രാജീവ് ഗാന്ധിയല്ല, അത് നരസിംഹ റാവു: വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍