UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് ജഗ്മതി സങ്വാന്‍? നിലപാടുകളില്‍ സന്ധിയില്ലാത്ത സഖാവിന്റെ ജീവിതം

Avatar

അഴിമുഖം പ്രതിനിധി

ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ നിന്നും സ്വയം രാജിവെച്ചിറങ്ങുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി അതിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ജഗ്മതി സങ്വാനെപ്പറ്റി സജീവ രാഷ്ട്രീയത്തില്‍ ഒരുപക്ഷെ പരാമര്‍ശങ്ങള്‍ അധികം കാണുന്നത് പതിവല്ല. രാഷ്ട്രീയ അടവുനയം പാര്‍ട്ടി ലംഘിച്ചിരിക്കുന്നു എന്നും അതു ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്ര കമ്മറ്റി തയ്യാറാവാത്തതിനാല്‍ താന്‍ രാജി വയ്ക്കുകയാണെന്നും കടുത്തവാക്കുകളിലൂടെയാണ് ജഗ്മതി പ്രതികരിച്ചത്.

ആരാണ് ജഗ്മതി സങ്വാന്‍?
1980 ലെ ഒരു വൈകുന്നേരം. തമിഴ്‌നാടും ഹരിയാനയും തമ്മിലുള്ള പെണ്‍കുട്ടികളുടെ വോളിബോള്‍ മത്സരം മണിക്കൂറുകളോളം വൈകുന്നു. ഹരിയാനയില്‍ നിന്നുള്ള വനിത വോളിബോള്‍ ടീം അകത്തുനിന്നും വാതില്‍ പൂട്ടി പ്രതിഷേധിക്കുകയാണ്. 

മെക്‌സിക്കോ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി വോളിബോള്‍ കളിച്ച് നാട്ടിലെത്തിയ ജഗ്മതി സങ്വാന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പുറംരാജ്യങ്ങളില്‍ കളിച്ച് പരിചയമുള്ള ജഗ്മതിയെ ഇന്ത്യയിലെ സ്‌പോര്‍ട്‌സ് അഥോറിറ്റിയുടെ നിഷേധമനോഭാവമാണ് ചൊടിപ്പിച്ചത്. നല്ല നിലവാരമുള്ള കിറ്റ്, ഷൂസ്, ബോളുകള്‍, ഭക്ഷണത്തിനുള്ള അലവന്‍സ്, മെച്ചപ്പെട്ട പരിശീലന സൗകര്യം എന്നിവ ലഭിക്കാതെ തങ്ങള്‍ കളിക്കാന്‍ ഇറങ്ങില്ല എന്നായിരുന്നു ജഗ്മതിയുടെ നേതൃത്വത്തില്‍ അന്നു ടീമംഗങ്ങള്‍ ആവശ്യപ്പെട്ടത്.

‘കളിക്കാന്‍ വേദി കിട്ടിയതിന് നന്ദി പറയാതെ ഈ പെണ്‍കുട്ടികള്‍ ഓവര്‍ സ്മാര്‍ട്ട് കളിക്കുകയാണ്’ അധികൃതരുടെ പുലമ്പല്‍ കേട്ടിട്ടും ജഗ്മതി കുലുങ്ങിയില്ല.

ഒടുവില്‍ ജഗ്മതിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും അധികൃതര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. ഉറപ്പ് കിട്ടിയ ശേഷമെ ജഗ്മതിയും കൂട്ടുകാരികളും കളിക്കാന്‍ ഇറങ്ങിയുള്ളൂ. അന്നവര്‍ കളി ജയിക്കുകയും ചെയ്തു. ഇതൊക്കെ നടക്കുമ്പോള്‍ ജഗ്മതി സങ്വാനു പ്രായം വെറും ഇരുപത്. 

കൂട്ടായി നിന്നാല്‍ എന്തും നേടിയെടുക്കാം എന്ന വിശ്വാസം മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ജഗ്മതി സങ്വാന്‍ കൈവിട്ടിട്ടില്ല. 

വര്‍ഷങ്ങള്‍ക്ക് മുമ്പു സാധാരണയായിരുന്ന ‘ദുരഭിമാന കൊലകള്‍’ക്ക് അറുതി വരുത്തുവാന്‍ അവര്‍ നടത്തിയ ശ്രമങ്ങളാണ് ദുരഭിമാന കൊലകളെപ്പറ്റി വലിയ ചര്‍ച്ചകള്‍ക്കു കാരണമായതും സംസ്ഥാന സര്‍ക്കാരുകള്‍ ദുരഭിമാന കൊലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതും. 

ആളുകളോട് വളരെ സൗമ്യതയോടെ ഇടപെടുകയും പറയുന്ന കാര്യങ്ങള്‍ക്കു കൃത്യവും വ്യക്തവുമായ തെളിവുകള്‍ ഹാജരാക്കുകയും ചെയ്യുകയെന്നത് ജഗ്മതി സങ്വാന്റ ശീലമാണ്. മൂന്നു പതിറ്റാണ്ടോളമായി തുടരുന്ന പൊതുജീവിതവും സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഇടപെടലും, സ്ത്രീകളെ സംബന്ധിക്കുന്ന ഏത് കാര്യങ്ങളിലും ആധികാരികമായി ഉത്തരം പറയാവുന്ന വ്യക്തിയായി അവരെ മാറ്റിത്തീര്‍ത്തു.

ദുരഭിമാന കൊലകള്‍
ഇന്ത്യയില്‍ ഏറ്റവുമധികം ദുരഭിമാന കൊലകള്‍ നടക്കുന്ന സംസ്ഥാനമാണ് ഹരിയാന. ആയിരത്തോളം ദുരഭിമാന കൊലകളാണ് വര്‍ഷംതോറും ഹരിയാനയില്‍ നടക്കുന്നതെന്നാണ് കണക്കുകള്‍. 

ഖാപ് പഞ്ചായത്തുകള്‍ ഹരിയാനയില്‍ സമാന്തര സര്‍ക്കാരുകളായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ജഗ്മതി സങ്വാന്‍ തന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഖാപ് പഞ്ചായത്തുകളുടെ കല്പനകള്‍ കല്ലേല്‍ പിളര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. ഒരിക്കല്‍ പന്ത്രണ്ട് വയസ്സായ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. കോടതി പക്ഷേ പെണ്‍കുട്ടിയുടെ പരാതി തള്ളിക്കളയുകയായിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ചൂണ്ടിക്കാണിച്ച് കോടതി കേസ് തള്ളിക്കളഞ്ഞു. പക്ഷേ, മാസങ്ങള്‍ക്കു മുന്‍പ് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ അതേ ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. ഖാപ് പഞ്ചായത്ത്, അതത് ഗ്രാമത്തില്‍ നിന്നും പരസ്പരം കല്യാണങ്ങള്‍ പാടില്ല എന്ന് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് ഈ കല്യാണം നടന്നത്. ഇതില്‍ പ്രകോപിതരായ ഖാപ് പഞ്ചായത്ത്, യുവാവിന്റെ സഹോദരിയായ പന്ത്രണ്ട് വയസ് മാത്രം പ്രായമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനാണ് ഉത്തരവിട്ടത്. ഈ പെണ്‍കുട്ടിയാണ് പിന്നീട് കോടതിയില്‍ എത്തിയത്. അന്ന് ആയിരക്കണക്കിന് സ്ത്രീകളെ അണിനിരത്തി ജഗ്മതിയുടെ നേതൃത്വത്തില്‍ കോടതിയിലേക്ക് വലിയ മാര്‍ച്ച് നടന്നു. ഖാപ് പഞ്ചായത്തിനെ അനുകൂലിക്കുന്ന തങ്ങളുടെ ഭര്‍ത്താ ക്കന്മാരുടെ വാക്കുകള്‍ വകവയ്ക്കാതെയാണ് സ്ത്രീകള്‍ ജഗ്മതി സങ്വാന്റെ പിന്നില്‍ അണിനിരന്നത്.

ലിംഗവിവേചനത്തിനെതിരേ പ്രതികരിച്ച ജഗ്മതി സങ്വാന്‍
എട്ട് സഹോദരന്മാര്‍ ഉള്ള വീട്ടിലാണ് ജഗ്മതിയുടെ ജനനം. മറ്റു വീടുകളെ അപേക്ഷിച്ച് സ്‌കൂളില്‍ പോകാനുള്ള സ്വാതന്ത്ര്യം ആ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നു. എന്നാല്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പലകാര്യങ്ങളും പഠിപ്പിച്ചിരുന്നില്ല. സയന്‍സ് താന്‍ സ്‌കൂളില്‍ ഒരിക്കലും പഠിച്ചിട്ടേയില്ലെന്ന് ജഗ്മതി പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെയാണ് ജഗ്മതി ആദ്യമായി ദുരഭിമാന കൊലയെപ്പറ്റി കേള്‍ക്കുന്നത്. പതിമൂന്ന് വയസ്സുള്ള തന്റെ സഹപാഠിയെ ‘ആണ്‍കുട്ടികളോട് കൂടുതല്‍ സംസാരിക്കുന്നു’ എന്ന കാരണം പറഞ്ഞ് കൊന്നതായിരുന്നു ആ സംഭവം. പതിനാറാം വയസില്‍ തുടര്‍ന്നു പഠിക്കാന്‍ ആദ്യമായി ജഗ്മതി സങ്വാന്‍ തന്റെ കൂട്ടുകാരികളുമൊത്ത് സമരത്തിനിറങ്ങി. ഒടുവില്‍ കോളേജില്‍ പോകാനുള്ള അനുവാദം നേടിയെടുക്കുക തന്നെ ചെയ്തു.

പക്ഷേ പഠിക്കണമെങ്കില്‍ ഏതെങ്കിലും ഒരു സ്‌കോളര്‍ഷിപ്പ് നേടിയെടുക്കുക അനിവാര്യമായിരുന്നു. അതിനുള്ള ഒരേയൊരു വഴി സ്‌പോര്‍ട്‌സ് കോളേജുകളില്‍ ചേരുക എന്നതാണ്. അങ്ങനെ ഒരു വക്കീലാകാന്‍ ആഗ്രഹിച്ച ജഗ്മതി സങ്വാന്‍ ഒടുവില്‍ ഒരു സ്‌പോര്‍ട്‌സ് കോളേജില്‍ ചേര്‍ന്നു. അന്നു സെലക്ഷന്‍ കിട്ടിയവരില്‍ 25 ആണ്‍കുട്ടികളും ഒരേയൊരു പെണ്‍കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു ജഗ്മതി സങ്വാന്‍ ആയിരുന്നു. ആണ്‍കുട്ടികള്‍ സ്ഥിരമായി ജഗ്മതിയെ കളിയാക്കുക പതിവായിരുന്നു. പക്ഷേ ചുട്ട മറുപടി കൊടുത്തുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ ആ പെണ്‍കുട്ടിക്കു കഴിഞ്ഞു.

സമരത്തിലൂടെ ജീവിതവഴികളിലേക്ക്
ഒരു സമരകാലത്താണ് ജഗ്മതി സങ്വാന്‍ ഇന്ദര്‍ജിത് സിംഗിനെ പരിചയപ്പെടുന്നത്. അന്ന് എസ്എഫ്‌ഐയുടെ യുവ നേതാവായിരുന്നു ഇന്ദര്‍ജിത് സിംഗ്. ആ സൗഹൃദം ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് വളര്‍ന്നു. പക്ഷേ അക്കാലത്ത് ആറുമാസത്തോളം ഖാപ് പഞ്ചായത്തിന്റെ ഭീഷണി കാരണം നാട്ടിലേക്ക് പോകാന്‍ കഴിയാതെ മാറിയിരിക്കേണ്ടി വന്നു ജഗ്മതിക്ക്. കൊല്ലുമെന്നുവരെ ഭീഷണികള്‍ ഉയര്‍ന്നു.

എന്നാല്‍ ഒരു ദശാബ്ദത്തിനിപ്പുറം ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ നാല്‍പ്പതിനായിരത്തോളം വനിതകളുടെ പിന്തുണയോടെ ജാന്‍വദി മഹിള സമിതി(ഓള്‍ ഇന്ത്യ ഡമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍-AIDWA) ജഗ്മതി സങ്വാന്റെ നേതൃത്വത്തില്‍ സമരങ്ങള്‍ നയിച്ചു മുന്നോട്ടു വന്നു.

1989ല്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി’യായിരുന്ന ദേവി ലാലിന്റെ് നേതൃത്വത്തില്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നു. സ്ത്രീകളുടെ കല്യാണം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കു കുടുംബ സ്വത്തിന് അധികാരമുണ്ടായിരിക്കുന്നതല്ല എന്നായിരുന്നു ആ ഭേദഗതി. ജഗ്മതി അടക്കം നിരവധി വനിതകള്‍ ഭേദഗതിക്കെതിരെ രംഗത്ത് വരികയും ഒടുവില്‍ സര്‍ക്കാരിന് ഭേദഗതി പിന്‍വലിക്കേണ്ടിയും വന്നു. 

ദുരഭിമാന കൊലകള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്ന നിയമം കേന്ദ്രം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സജീവ പ്രചാരണം നടത്തുകയാണിപ്പോള്‍ ജഗ്മതി സങ്വാന്‍.

(അവലംബം: അല്‍ജസീറ)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍