UPDATES

ട്രെന്‍ഡിങ്ങ്

തടങ്കലിലും പുഞ്ചിരിച്ച് തരിഗാമി, ചേര്‍ത്തുപിടിച്ച് യെച്ചൂരി – കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍

ഒരു ദിവസം തരിഗാമയുടെ വീട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശ്രീനഗറിലെ വീട്ടില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ജമ്മുകാശ്മീരിലെ മുന്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പുറത്തുവന്നു. സുപ്രീം കോടതി അനുമതിയുടെ അടിസ്ഥാനത്തില്‍ തരിഗാമിയെക്കാണാന്‍ ഇന്നലെ ശ്രീനഗറിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നാണ് ഡല്‍ഹിയിലേയ്ക്ക് മടങ്ങുന്നത്. ഒരു ദിവസം തരിഗാമയുടെ വീട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഗുപ്കാര്‍ റോഡിലുള്ള തരിഗാമിയുടെ വീടിന് സമീപമെത്താന്‍ കഴിയാത്ത വിധം പൊലീസ് തടഞ്ഞിരുന്നു. പ്രദേശത്ത് മുള്ളുവേലി കെട്ടി ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

യൂസഫ് തരിഗാമിയെ കാണാന്‍ രണ്ട് തവണ യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ ശ്രീനഗറിലെത്തിയപ്പോളും അധികൃതര്‍ തടഞ്ഞ് തിരിച്ചയയ്ക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് യെച്ചൂരി തരിഗാമിയെ ഹാജാരാക്കണം എന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സു്പ്രീം കോടതിയെ സമീപിച്ചത്. അതേസമയം ഹര്‍ജി പരിഗണിച്ച കോടതി യെച്ചൂരിക്ക് തരിഗാമിയെ കാണാനുള്ള അവകാശമുണ്ട് എന്ന് വ്യക്തമാക്കുകയും അതേസമയം രാഷ്ട്രീയ പരിപാടികളിലോ മറ്റ് ചര്‍ച്ചകളിലോ പങ്കെടുക്കരുത് എന്ന വ്യവസ്ഥ പ്രകാരം അനുമതി നല്‍കുകയുമായിരുന്നു. തരിഗാമിയുടെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാനും യെച്ചൂരിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം കാര്യങ്ങള്‍ വിശദമായി പറയാം എന്നാണ് ഇന്നലെ യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിന് മുമ്പായി തരിഗാമി അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ ഓഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലോ അല്ലാതെയുള്ള കസ്റ്റഡിയിലോ വച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും വീട്ടുതടങ്കലിലോ കസ്റ്റഡിയിലോ ആണ്. ശക്തമായ പ്രതിഷേധമാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെതിരെ കാശ്മീര്‍ താഴ്‌വരയിലുള്ളത്. അവശ്യ മരുന്നുകള്‍ പോലും ലഭ്യമാകാന്‍ ബുദ്ധിമുട്ടുള്ള നിലയാണുള്ളത്. പുറത്തുപോകുന്നതിന് തടസങ്ങളുണ്ടാക്കിയും ഫോണും ഇന്റര്‍നെറ്റും റദ്ദാക്കിക്കൊണ്ടുമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍