UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത്, സിപിഎം കണ്ണൂര്‍ പാര്‍ട്ടിയായി ചുരുങ്ങുന്നതിന്റെ തിരിച്ചടിയാണ്

Avatar

ആര്‍ സബീഷ്


സിപിഎമ്മിനെ കെട്ടിപ്പടുക്കാനും സംരക്ഷിക്കാനും വളര്‍ത്താനും വേണ്ടി ജീവന്‍ ത്യജിക്കാനും വേണ്ടിവന്നാല്‍ സഹജീവികളുടെ ജീവനെടുക്കാനുമുള്ള സത്യസന്ധത മുഖമുദ്രയും പരസ്യപ്രഖ്യാപനമാക്കി മാറ്റിയവരാണ് കണ്ണൂരിലെ മാര്‍ക്‌സിസ്റ്റുകള്‍. ഇതു കേരളത്തിന്റെ മൊത്തം പ്രത്യേകതകളാക്കി അടിച്ചേല്‍പ്പിച്ചതിന്റെ ഉപോത്പന്നമായ ജീര്‍ണതയും പ്രതിസന്ധിയുമല്ലേ ഇന്ന് സിപിഎം അനുഭവിക്കുന്നത്? 

ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ‘ഇങ്ങനെ പോയാല്‍ ഒന്നും ശരിയാവില്ല’ എന്ന്‍ നിഷ്പക്ഷ ജനങ്ങളെ മാത്രമല്ല പറയിപ്പിച്ചത്; പാര്‍ട്ടി അണികളേയും അനുഭാവികളേയും കൊണ്ടുകൂടിയാണ്. പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയ ശൈലിയും കുടുംബക്ഷേമ-തത്പര രാഷ്ട്രീയവും പാര്‍ട്ടിയുടെ കീഴ്‌വഴക്കങ്ങളെ ലംഘിക്കലുമെല്ലാം കുറച്ചൊന്നുമല്ല പാര്‍ട്ടിയേയും ഭരണത്തേയും അനുദിനം മോശപ്പെടുത്തുന്നത്. 

പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെടലില്ലാത്ത ശക്തിയായി പിണറായിയും കണ്ണൂരിന്റെ ആധിപത്യ രാഷ്ട്രീയശൈലിയും പിടിമുറുക്കുമ്പോള്‍, അതു കേരളത്തില്‍ ഒരു ചരിത്ര-പ്രത്യയശാസ്ത്ര പ്രശ്‌നത്തിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. 

കണ്ണൂരിന്റെ രാഷ്ട്രീയ ശൈലിക്ക് പരിഹാരമായി പകരംവയ്ക്കാവുന്ന ആലപ്പുഴയുടെ കലയുടെയും സഹനത്തിന്റെയും മാനവികതയുടേയും ശൈലി ദുര്‍ബലപ്പെട്ട സാഹചര്യത്തിലാണ് വിഷയം പ്രസക്തമാകുന്നത്. 

ആലപ്പുഴയിലെ മാരാരിക്കുളത്ത് പ്രമുഖ നേതാവ് സഖാവ് ബെന്നി ആര്‍എസ്എസ്-ബിഎംഎസ് കരങ്ങളാല്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷം ഏറെയാകുന്നു. പകരം മറ്റൊരു നേതാവിന്റെ ജീവനെടുത്ത് പ്രശ്‌നം പരിഹരിക്കാമെന്ന് സിപിഎം തീരുമാനിച്ചതിന്റെ തെളിവുകളിനിയും ഇല്ല. 

ചേര്‍ത്തലയിലെ കയര്‍ഫാക്ടറി യൂണിയന്‍ നേതാവ് സി.എ കരുണാകരനെ യൂണിയന്‍ ഓഫീസിനുള്ളില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ ഇന്ന് സിപിഎം പ്രവര്‍ത്തകനാണ്. 

ഇതിനൊക്കെ കഴിയുന്നത് തിരുവിതാംകൂര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയുടെ പ്രത്യേകത കൂടിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അടുത്തിടെ ചലച്ചിത്രതാരം ശ്രീനിവാസന്‍ കൊലപാതകരാഷ്ട്രീയത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തപ്പോള്‍ തിരുവിതാംകൂര്‍കാര്‍ സശ്രദ്ധം കേള്‍ക്കുകയും തുടര്‍ചര്‍ച്ചകള്‍ ആഗ്രഹിക്കുകയുമായിരുന്നു. 

എന്നാല്‍ കണ്ണൂര്‍ ശൈലി ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎം, ശ്രീനിവാസനെ പിന്തുണച്ചില്ലെന്ന് മാത്രമല്ല ശ്രീനിവാസനെ വ്യക്തിപരമായി ചോദ്യം ചെയ്യാനും അധിക്ഷേപിക്കാനും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളെ ഉപയോഗപ്പെടുത്തുകയാണുണ്ടായത്.

തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകണത്തിന്റെയും ജനസ്വാധീനം ഉറപ്പിക്കലിന്റേയും ചരിത്രപുസ്തകങ്ങളിലെ ഏറെ അധ്യായങ്ങളും കെപിഎസി നാടകങ്ങളും പുരോഗമന കഥാപ്രസംഗങ്ങളും വിപ്ലവഗാനങ്ങളും വയലാര്‍ കവിതകളും പാട്ടുപുസ്തങ്ങളും കൊണ്ട് സമ്പന്നമാണല്ലോ? 

അതുകൊണ്ട് തന്നെ എല്ലാക്കാലത്തും കേരളത്തിന്റെ തെക്കന്‍ജില്ലകളും വടക്കന്‍ ജില്ലകളുമായി ഒരു മൂപ്പിളമ തര്‍ക്കം നിലനിന്നിരുന്നു. വിഭാഗീയതയും അധികാരം വെട്ടിപ്പിടിക്കലും സിപിഎമ്മിനെ സ്വാധീനിച്ച നാളുകളില്‍ അത് ആലപ്പുഴയും കണ്ണൂരും തമ്മിലുള്ള നേതൃത്വ തര്‍ക്കമായി രൂപപ്പെട്ടു. പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനവും നേതൃബലവും ഉള്ള ജില്ലകളാണല്ലോ ഇവ രണ്ടും. ഇത് ഒരു ശൈലീവൈരുദ്ധ്യമായും വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ ആക്രമണങ്ങളിലൂടെ പാര്‍ട്ടിയെ സംരക്ഷിക്കുന്നതില്‍ തെറ്റില്ല എന്ന ഭാഗത്ത് കണ്ണൂര്‍ ഉറച്ചുനിന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെ അണികളെ ഉറപ്പിച്ചു നിര്‍ത്താമെന്നും കണ്ണൂരില്‍ തെളിയിക്കപ്പെട്ടു. 

വി.എസ് – പിണറായി വിഭാഗീയ മത്സരങ്ങള്‍ക്കൊടുവില്‍ വിഎസ് പൂര്‍ണമായും ദുര്‍ബലപ്പെടുകയും പിണറായി വിജയശ്രീലാളിതനായി മുഖ്യമന്ത്രി പദം വരെ പൊരുതി എത്തുകയും ചെയ്തപ്പോള്‍ കണ്ണൂരിന്റെ രാഷ്ട്രീയ ശൈലി വിജയവും വ്യാപനവും കൂടി സാദ്ധ്യമായി. 

തത്ഭഫലമായി വര്‍ഗ്ഗബഹുജന സംഘടനാ നേതൃത്വങ്ങളിലും സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പിബിയിലും കണ്ണൂര്‍ പ്രാതിനിധ്യം ഏറിയും ബലവത്തായും നിന്നു.

ഒരു കാലത്ത്, കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലുമെല്ലാം വലിയ സ്വാധീനം പുലര്‍ത്തിയിരുന്ന ആലപ്പുഴയ്ക്ക് ദുര്‍ബല പ്രാതിനിധ്യം മാത്രമായി.

വി.എസ് അച്യുതാനന്ദന്‍, സുശീലാ ഗോപാലന്‍, എസ് രാമചന്ദ്രന്‍പിള്ള, പി.കെ ചന്ദ്രാനന്ദന്‍ തുടങ്ങിയ പ്രബല നേതാക്കള്‍ ഒന്നിച്ചു നേതൃത്വം കൊടുത്ത കാലത്തെ അപേക്ഷിച്ചു നോക്കിയാല്‍ ആലപ്പുഴയെന്ന പ്രതിരോധവും കണ്ണൂരിന് ഇല്ലാതായി. പുതിയ നേതാക്കളെ സൃഷ്ടിക്കാനുള്ള സംഘടനാപാതയായ വര്‍ഗ്ഗബഹുജന സംഘടനാ നേതൃത്വം വഴി കണ്ണൂരില്‍ നിന്നും ധാരാളം പുതുനേതാക്കളും ഉദയം ചെയ്തു. 

എന്നാല്‍ ജി സുധാകരനും ഡോ. തോമസ് ഐസക്കിനും ശേഷം ആലപ്പുഴ ജില്ലയില്‍ നിന്നും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ സംഘടനകളില്‍ ഒരു സംസ്ഥാന സെക്രട്ടറിയോ പ്രസിഡന്റോ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. 

ദീര്‍ഘകാലമായി എല്ലാ സംഘടനകളുടെയും പ്രസിഡന്റ്, സെക്രട്ടറിമാരില്‍ ഒരാള്‍ കണ്ണൂര്‍ക്കാരനാവാന്‍ പാര്‍ട്ടി നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്. വിഭാഗീയ പോരാട്ടത്തില്‍ ദുര്‍ബലമായി പരാജയപ്പെട്ട വി.എസ് അച്യുതാനന്ദന്റെ ജില്ല എന്നതും ആലപ്പുഴയെ ശത്രുപക്ഷത്ത് കാണാന്‍ കണ്ണൂര്‍ നേതൃത്വം കാരണമാക്കി. 

മുന്‍പൊരിക്കല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ ‘മലബാറിലെ പാര്‍ട്ടി’ എന്ന കണ്ണൂര്‍ നേതാവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇന്ന് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി മറ്റ് 13 ജില്ലകളിലേക്കും തങ്ങളുടെ രാഷ്ട്രീയശൈലി അധികാരപൂര്‍വ്വം പകര്‍ന്ന് നല്‍കുമ്പോള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സ്വീകാര്യതയില്ലായ്മയും കേരളം മുഴുവന്‍ വ്യാപിക്കുന്നുണ്ട്. അത് പാര്‍ട്ടിയുടെ പരിമിതികളായി മാറുന്നു. ഇതില്‍ പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനൊപ്പം ഇ.പി ജയരാജന്റെ സ്വജനപക്ഷപാത ന്യായീകരണവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. 

ഇത്തരം മാറ്റങ്ങള്‍ക്ക് മേല്‍ പുതിയ കാലത്തില്‍ സംഘടിതമായ ആഭ്യന്തര ആക്രണം നേരിടേണ്ടിവരുന്ന സ്ഥിതി വളര്‍ന്നുവന്നു. കമ്മിറ്റികള്‍ക്കകത്ത് ചോദ്യം ചെയ്യപ്പെടല്‍ ഇല്ലാതാക്കി എങ്കിലും നവമാധ്യമങ്ങളില്‍ അണികളും അംഗങ്ങളും പ്രവര്‍ത്തകരും എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന പ്രതിരോധം അനുദിനം വര്‍ദ്ധിച്ച് വരുന്നത് കാണാം. 

ജീവിത, തൊഴില്‍ തിരക്കുകളില്‍ അകപ്പെട്ട് ഫെയ്‌സ്ബുക്ക്, വാട്ട്‌സ് അപ്പ് തുടങ്ങിയ നവമാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരായും ആശയപ്രചാരകരായും നിലകൊണ്ടവരാണ് ചോദ്യം ചെയ്യല്‍ ശക്തികളായി വളര്‍ന്നത്. പാര്‍ട്ടിക്ക് വേണ്ടി വര്‍ദ്ധിത പിന്തുണയും ആരവവും സൃഷ്ടിച്ചവര്‍ കണ്ണൂര്‍ കേന്ദ്രീകൃത സിപിഎമ്മിനെതിരെ തിരിയുന്ന കാലം വിദൂരമല്ല. തിരുവിതാംകൂറിലേതുള്‍പ്പെടെയുള്ള കണ്ണൂരിതര ജില്ലകളിലെ സിപിഎം. നേതൃത്വം വിഎസിനെ പരസ്യമായി കയ്യൊഴിഞ്ഞത് പിണറായിയില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങി പാര്‍ട്ടിയില്‍ നിലനില്‍ക്കുകയും സ്ഥാനമാനങ്ങള്‍ നേടുന്നതില്‍ നിന്നും തഴയപ്പെടാതെയും നോക്കുമ്പോള്‍ പാര്‍ട്ടിയുടെ ആഭ്യന്തര തിരുത്തല്‍ ശക്തിയായി നവമാധ്യമരംഗം മാറുന്നകാഴ്ചയാണ് സമീപകാല അനുഭവം. 

തിരുവിതാംകൂര്‍ രാഷ്ട്രീയത്തിന്റെ കലയുടെയും സഹനത്തിന്റെയും വിവേകത്തിന്റെയും പാരമ്പര്യമുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഇതിനകം വഴിയിലുപേക്ഷിച്ച മട്ടാണ്. പകരം കൊലപാതകത്തിന്റെയും ധാര്‍ഷ്ട്യത്തിന്റേയും മര്‍ക്കടമുഷ്ടിയുടേയും ഏകാധിപത്യത്തിന്റേയും രാഷ്ട്രീയ ശൈലി കണ്ണൂര്‍ ഉള്‍പ്പെടെ 14 ജില്ലകളും ചുമരില്‍ പേറുകയും ചെയ്യുന്നു. 

ഇതിനെതിരായ നവമാധ്യമ പ്രതിരോധത്തിന് മറുപടി പറയലാവും പാര്‍ട്ടിയുടെ പ്രധാന ചുമതല. 

ചുരുക്കത്തില്‍, പിണറായി സര്‍ക്കാരിന്റെ ഈ ശൈലിയുമായി അഞ്ച് വര്‍ഷ ഭരണകാലയളവ് പൂര്‍ത്തീകരിക്കാന്‍ ഈ നവമാധ്യമ ഉത്സവകാലത്ത് ഏറെ പണിപ്പെടേണ്ടിവരുമെന്ന് ചുരുക്കം.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍