UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യ കടമ്പ കടന്ന് സിപിഐഎം

Avatar

അഴിമുഖം പ്രതിനിധി

പിണറായി വിജയനും വിഎസ് അച്യുതാനന്ദനും ഒരുമിച്ച് മത്സര രംഗത്തുണ്ടാകണം എന്ന തന്റെ അഭിപ്രായം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ കൊണ്ട് അംഗീകരിപ്പിക്കുക വഴി സീതാറാം യെച്ചൂരി ഒരു വലിയ കടമ്പ കടന്നിരിക്കുന്നു. എങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുനേതാക്കളും ജയിക്കുകയും സിപിഐഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണി ഭൂരിപക്ഷം നേടുകയും ചെയ്താല്‍ ഇവരില്‍ ആരെ മുഖ്യമന്ത്രിയാക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. പക്ഷേ, എല്ലാ എതിര്‍പ്പുകളേയും മറികടന്ന് രണ്ട് ധ്രുവങ്ങളില്‍ നിലയുറപ്പിച്ചിരുന്ന വിഎസിനേയും പിണറായിയേയും മത്സരരംഗത്ത് ഇറക്കാന്‍ കഴിഞ്ഞ യെച്ചൂരിക്ക് മുഖ്യമന്ത്രി പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയുമെന്ന് കരുതുന്നവരാണ് ഏറെയും.

പഴയ വിഭാഗീയതയ്ക്ക് വീണ്ടും തലയുയര്‍ത്താനോ എതിരാളികള്‍ക്ക് പറഞ്ഞ് ആഘോഷിക്കാനോ അവസരം നല്‍കാത്ത രീതിയില്‍ തന്നെ യെച്ചൂരി ആ കടമ്പയും കടക്കുമെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നത്.

93-കാരനായ വിഎസിനെ ഇത്തവണ മത്സരിപ്പിക്കുന്നതിനോട് സി പി ഐ എം സംസ്ഥാന ഘടകത്തിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും വി എസ് മത്സരിക്കേണ്ടതില്ലെന്ന നിലപാടുകാരായിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ പ്രശ്‌നപരിഹാരത്തിന് യെച്ചൂരിക്ക് തുണയായത് പശ്ചിമബംഗാളില്‍ നിന്നും തൃപുരയില്‍ നിന്നുമുള്ള പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്.

മത്സരിക്കാന്‍ ഇറങ്ങുന്നുവെങ്കില്‍ മത്സരശേഷം തന്റെ റോള്‍ എന്താകും എന്ന ചോദ്യമാണ് വി എസ് മുന്നോട്ടു വച്ചിരുന്നത്. തന്റെ ജന പിന്തുണ മുതലെടുത്ത് മറ്റാരെങ്കിലും മുഖ്യമന്ത്രിയാകുന്നതിനോട് തനിക്കുള്ള വിയോജിപ്പ് വി എസ് യെച്ചൂരിയെ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് ആകാം എന്ന ഉറച്ച സമീപനമാണ് യെച്ചൂരി കൈക്കൊണ്ടത്.

വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്നലെ വൈകുന്നേരം വരെ അനിശ്ചിതത്വത്തില്‍ ആയിരുന്നു. വിഎസിന്റെ സിറ്റിംഗ് സീറ്റായ മലമ്പുഴയില്‍ നിന്നും സിഐടിയും പാലക്കാട് ജില്ലാ പ്രസിഡന്റ് എ പ്രഭാകരന്റെ പേരാണ് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ പ്രഭാകരന്റെ പേര് നീക്കി അവിടെ വിഎസിനെ തന്നെ അങ്കത്തിന് ഇറക്കാന്‍ ഇന്നലെ സമാപിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യത്തില്‍ ഇനി മാറ്റം വരുത്താന്‍ ഇടയില്ല.

വിഎസ് മലമ്പുഴയില്‍ നിന്നും പിണറായി കണ്ണൂരിലെ ധര്‍മ്മടത്തു നിന്നും മത്സരിച്ചാല്‍ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും പ്രചാരണത്തിന് ആര് ചുക്കാന്‍ പിടിക്കുമെന്ന ചില വലതുപക്ഷ മാധ്യമ ചോദ്യങ്ങള്‍ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് സിപിഐഎമ്മിന്റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. മുന്‍ നിര നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സ്വന്തം മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുന്നവരെല്ലന്ന് അറിയായ്ക കൊണ്ടല്ല ഇത്തരം ചോദ്യങ്ങള്‍ എന്ന് യെച്ചൂരിക്കും അറിയാം.

ആറ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന ധാരണ ഉണ്ടായപ്പോള്‍ തഴയപ്പെട്ട പ്രമുഖരില്‍ ഒരാള്‍ സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ്. ചക്കിട്ടപ്പാറ ഖനനം, ആറന്‍മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, മെത്രാന്‍ കായല്‍ നികത്തല്‍ തുടങ്ങി വ്യവസായ മന്ത്രിയായിരിക്കേ നിരവധി കാര്‍ഷിക-പരിസ്ഥിതി വിരുദ്ധ പദ്ധതികള്‍ക്ക് ഒത്താശ ചെയ്തുഎന്ന ആരോപണം നേരിടുന്ന ആള്‍ കൂടിയാണ് കരീം. ഇങ്ങനെ ഒരാളെ മാറ്റി നിര്‍ത്തുക വഴി തെരഞ്ഞെടുപ്പ് കാലത്ത് പരമാവധി അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുക എന്നത് കൂടിയാണ് സിപിഐഎം ലക്ഷ്യമിടുന്നത് എന്ന് തന്നെ വേണം കരുതാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍