UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിന്റെ മാണി ബാന്ധവം താത്കാലികം, ലക്ഷ്യം ബിജെപിയിലേക്ക് പോകുന്നത് തടയല്‍?

എല്‍ഡിഎഫിലേക്കു പോകാന്‍ മാണി തയ്യാറായാല്‍ കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

കെ എ ആന്റണി

കെ എ ആന്റണി

യുഡിഎഫ് വിട്ട കെ എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എല്‍ഡിഎഫില്‍ ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന മാധ്യമവാര്‍ത്തകളുടെ സ്ഥിരീകരണമായിട്ട് കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കാണുന്നുണ്ട് ചിലര്‍. മാണിയുടെ സ്ഥാനാര്‍ത്ഥിയെ സിപിഎം പിന്തുണയ്ക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എം നേടുകയും ചെയ്തതോടെയാണ് അങ്ങനെയൊരു സ്ഥിരീകരണത്തിനു മുതിരുന്നതും. മൂന്നാര്‍ വിഷയത്തിലും പിണറായിയുടെ പോലീസ് നയത്തിലും പരസ്യ അതൃപ്തി രേഖപ്പെടുത്തിയ സിപിഐയെ ഒഴിവാക്കി മാണിയെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നു എന്ന മട്ടില്‍ തന്നെയാണ് മുഖ്യധാര മാധ്യമങ്ങളും ഈ നീക്കത്തെ കാണുന്നത്.

അതിലേക്കു കടക്കുന്നതിനു മുന്‍പ് നിലവില്‍ കോട്ടയത്തെ പ്രശ്നം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് (എം) യു ഡി എഫ് വിട്ടു സ്വതന്ത്ര ചേരിയായി നിയമസഭയില്‍ ഇരിക്കാന്‍ തീരുമാനിച്ചപ്പോഴും തദ്ദേശ സ്ഥാപങ്ങളില്‍ യുഡിഎഫുമായി സഹകരിച്ചു പോകുക എന്നതായിരുന്നു തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ മേരിക്കുട്ടി സെബാസ്റ്റ്യന്‍ ആയിരുന്നു നിലവിലെ അധ്യക്ഷ. ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസിനും ഭരണം എന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു മേരികുട്ടിക്കു നറുക്കു വീണത്. ഈ ധാരണയാണ് ഇടതു പിന്തുണയോടെ മാണിയും കൂട്ടരും ഇപ്പോള്‍ പൊളിച്ചിരിക്കുന്നത്. ആകെ 22 അംഗങ്ങളുള്ളതില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസ് എമ്മിന് ആറും അംഗങ്ങള്‍ ആണ് ഉള്ളത്. പ്രതിപക്ഷത്ത് സി പി എം 6, സി പി ഐ 1 , പി സി ജോര്‍ജ് വിഭാഗത്തിന് ഒന്ന് എന്നിങ്ങനെയാണു കക്ഷി നില.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയനീക്കത്തിനു മാണിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉണ്ടെന്നാണു വാര്‍ത്തകള്‍ വരുന്നത്. പാര്‍ട്ടി പിളരുമെന്നുള്ള മുറുമുറുപ്പുകളും കേള്‍ക്കുന്നുണ്ട്. ഇതേ സാഹചര്യമാണ് എല്‍ഡിഎഫിലും. സിപിഎമ്മിന്റെ പുതിയ നീക്കത്തോട് സിപിഐക്ക് കടുത്ത എതിര്‍പ്പാണുള്ളത്. തിരഞ്ഞെടുപ്പില്‍ മാണിയെ പിന്തുണയ്ക്കാന്‍ സി പി ഐ തയ്യാറായില്ല. സിപി ഐ അംഗം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകായിരുന്നു.

മാണിയുമായുള്ള കൂട്ടുകെട്ട് ഇടതു മുന്നണിയില്‍ കലഹങ്ങളുണ്ടാക്കാനെ ഉപകരിക്കൂ എന്നതിനപ്പുറം സി പി എം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പു ഉന്നയിക്കും എന്നതും വലിയ പ്രശ്നം തന്നെയാണ്. കേരളത്തില്‍ സിപിഎം – സിപിഐ പോര് മുറുകുമ്പോഴും കേരളത്തിലെ നിലവിലുള്ള മുന്നണി ബന്ധം ശിഥിലമാകുന്നതിനോട് ഇരു പാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല എന്നത് തന്നെയാണ് സിപിഎം കേരള നേതൃത്വം മാണി വിഷയത്തില്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. പോരെങ്കില്‍ നിയമസഭയില്‍ 19 അംഗങ്ങളുള്ള സിപിഐ യെ ഒഴിവാക്കി മുന്നണിയിലേക്കു കൊണ്ടുവരേണ്ടത് വെറും ആറ് അംഗങ്ങള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ ആണ് താനും. ഈ ആറുപേരില്‍ പി ജെ ജോസഫും റോഷി അഗസ്റ്റിനും അടക്കം പലരും എല്‍ഡിഎഫ് ബാന്ധവത്തിന് എതിരാണു താനും. അടുത്ത കാലത്തു മാണിയെയും കൂട്ടരെയും എല്‍ഡിഎഫില്‍ എത്തിക്കാന്‍ സ്‌കറിയ തോമസ് നടത്തിയ നീക്കത്തെ ഇവര്‍ പരസ്യമായി തന്നെ എതിര്‍ത്തിരുന്നു. ആ നിലയ്ക്ക് എല്‍ഡിഎഫിലേക്കു പോകാന്‍ മാണി തയ്യാറായാല്‍ കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

വീണ്ടും തുടക്കത്തില്‍ പറഞ്ഞു വെച്ച മുഖ്യധാര മാധ്യമങ്ങളുടെ വിലയിരുത്തലുകളെക്കുറിച്ച്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകാലത്തു തന്നെ മാണിയെയും കൂട്ടരെയും എന്‍ഡിഎ യില്‍ എത്തിക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിച്ചതാണ്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി മാണിയെ ഏതുവിധേനയും തങ്ങള്‍ക്കൊപ്പം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമാണ് ബിജെപി. എന്നാല്‍ എന്‍ഡിഎയിലേക്ക് പോകുന്നതിനെ മാണി വല്ലാതെ ഭയപ്പെടുന്നുണ്ട്. മാണി എന്‍ഡിഎ യില്‍ ചേര്‍ന്നാല്‍ മധ്യ കേരളത്തില്‍ തങ്ങള്‍ക്കു കാര്യമായ ക്ഷീണം സംഭവിക്കും എന്ന ഭീതി സിപിഎമ്മിനും ഉണ്ട്. ഈ സാഹചര്യത്തില്‍ യു ഡി എഫിലേക്ക് ഇനിയില്ല എന്നു കട്ടായം പറയുന്ന മാണിയെ ഇടതു മുന്നണി പ്രവേശനം എന്ന കിനാവ് നല്‍കി ബിജെപിക്കൊപ്പം പോകുന്നതിനെ തടയുക എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്ന് സിപിഎമ്മിന് ഉണ്ടെന്നു തല്ക്കാലം കരുതാനാവില്ല.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍