UPDATES

വെള്ളാപ്പള്ളിയുടെ രഥയാത്രയെ കേരളത്തിന്റെ യുവജനത പിടിച്ചു കെട്ടുമെന്ന് കോടിയേരി

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന ജാഥയ്‌ക്കെതിരെ കോടിയേരി. മതനിരപേക്ഷത തകര്‍ത്ത്, വര്‍ഗീയമായി ചേരിതിരിച്ച് കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും കേരളത്തിലെ യുവജനത അതിനെ പിടിച്ചുകെട്ടും അവര്‍ക്കതിനുള്ള കെല്‍പ്പുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വര്‍ഗീയശക്തികള്‍ രഥയാത്ര നടത്തിയപ്പോഴൊക്കെ ഇന്ത്യയില്‍ കലാപമുണ്ടായിട്ടുണ്ട്. അദ്വാനിയുടെ രഥയാത്ര നടന്നപ്പോള്‍ അത് കണ്ടതാണ്. ആ ശക്തികളുമായി കൈകോര്‍ത്താണ് വെള്ളാപ്പള്ളിയും രഥയാത്ര നടത്തുന്നത്. അതിനെ കേരളം പിടിച്ചുകെട്ടുക തന്നെ ചെയ്യും.

ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍ എന്നിവരെ ഹിന്ദുക്കളായി അംഗീകരിക്കാത്ത സവര്‍ണാധിപത്യ പിന്തുടര്‍ച്ചക്കാരായ ആര്‍എസ്എസാണ് വെള്ളാപ്പള്ളിയുമായി കൈകോര്‍ത്ത് ‘നായാടിമുതല്‍ നമ്പൂതിരിവരെ’ എന്നുപറഞ്ഞ് പുതിയ സഖ്യമുണ്ടാക്കുന്നത്. ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരുന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഐക്യത്തിന് നടക്കുന്നത്.

കേരളം ആര്‍എസ്എസ് ആശയങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാക്കാന്‍ നിരവധി ശ്രമം ഇതിനുമുമ്പും നടന്നിട്ടുണ്ട്. അന്നെല്ലാം കേരളം അത് നിരാകരിച്ചിട്ടുമുണ്ട്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ളതുകൊണ്ടാണ് ഇവിടെ മതനിരപേക്ഷത ശക്തമായി നിലകൊള്ളുന്നത്. കമ്യൂണിസ്റ്റ് നേതാക്കളായ സി എച്ച് കണാരനും ടി കെ രാമകൃഷ്ണനുമൊക്കെ എസ്എന്‍ഡിപി പ്രവര്‍ത്തകരായിരുന്നു. എസ്എന്‍ഡിപി നേതൃത്വം ശ്രീനാരായണ ദര്‍ശനങ്ങളില്‍നിന്ന് അകന്നപ്പോഴാണ് അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍മാത്രമായി കേന്ദ്രീകരിച്ചത്.

സാമുദായികസംഘടനകളെ ഉപയോഗിച്ച് രാഷ്ട്രീയപാര്‍ടിയുണ്ടാക്കി ഇടതുപക്ഷത്തെ ദുര്‍ബലമാക്കാന്‍ ആദ്യശ്രമം നടത്തിയത് കോണ്‍ഗ്രസാണ്. എസ്എന്‍ഡിപിയെ ഉപയോഗിച്ച് എസ്ആര്‍പിക്കും എന്‍എസ്എസിനെ ഉപയോഗിച്ച് എന്‍ഡിപിക്കും രൂപംനല്‍കി.

1982-ല്‍ എല്ലാ ജാതിമതശക്തികളെയും കൂട്ടുപിടിച്ചാണ് കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നത്. 1987-ലും ഇതേശക്തികളെ കൂട്ടുപിടിച്ചാണ് യുഡിഎഫ് മത്സരിച്ചത്. എന്നാല്‍, വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് മത്സരിച്ച എല്‍ഡിഎഫിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്.

രഥയാത്ര നടത്തുമ്പോള്‍ കേരള സമൂഹത്തിന്റെ മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി നല്‍കണം. എസ്എന്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ എത്രപേരെ നിയമിച്ചു? എത്ര രൂപ കോഴ വാങ്ങി? സ്വാമി ശാശ്വതീകാനന്ദയുടെ മരണം എങ്ങിനെയായിരുന്നു? തുടങ്ങി ഈ അടുത്ത കാലത്ത് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ രഥയാത്രയെ വെള്ളാപ്പള്ളി നടേശന്‍ ഉപയോഗ പ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍