UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീറിനു പിന്നാലെ സൂരജ്; ‘ചിറ്റപ്പന്‍ നിയമന’ങ്ങളുടെ കുരുക്ക് അത്ര പെട്ടെന്നഴിയില്ല

Avatar

അഴിമുഖം പ്രതിനിധി

ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളില്‍ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആര്‍ക്കാണ് അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച് തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന് കരുതലോടെ ഓര്‍ക്കുക.

സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ ഇന്നത്തെ എഡിറ്റോറിയലില്‍ പറയുന്ന വാചകങ്ങളാണ്. പത്രത്തിന്റെ അഭിപ്രായം പാര്‍ട്ടിയുടേതു തന്നെയാണെന്നു മുതിര്‍ന്ന സിപി ഐ നേതാവ് സമ്മതിക്കുമ്പോള്‍, ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ബന്ധു നിയമന വിവാദം സിപിഎമ്മില്‍ മാത്രമല്ല, എല്‍ഡിഎഫില്‍ ആകെ കടുത്ത അതൃപ്തിയും എതിര്‍പ്പും ഉയര്‍ത്തിയിരിക്കുകയാണെന്നു വ്യക്തമാണ്. എന്തിന്റെ പേരിലാണോ യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുമായി ജനങ്ങള്‍ക്കു മുന്നില്‍ ഇടതുപക്ഷം ചെന്നത്, അതേ ആക്ഷേപം ജനങ്ങള്‍ ഇടതു സര്‍ക്കാരിനെതിരേയും ഉയര്‍ത്തിയിരിക്കുന്ന ഘട്ടമാണ് ഇപ്പോള്‍. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ സംശുദ്ധി തെളിയിക്കേണ്ടതും കുറ്റക്കാര്‍ക്കെതിരെ നടപടി വരേണ്ടതും അത്യാവശ്യമാണെന്നും സിപി ഐ നേതാവ് പറയുന്നു.
എന്നാല്‍ ഇക്കാര്യങ്ങളില്‍ എല്ലാം തീരുമാനം എടുക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണെന്നാണ് ഇടതു കേന്ദ്രങ്ങള്‍ തന്നെ പറയുന്നത്. പാര്‍ട്ടിയില്‍ പരമപ്രധാനിയായി മാറിയശേഷം ഇതാദ്യമായി പിണറായിക്കെതിരേ മുറുമുറുപ്പുകളും ചില പരസ്യപ്രതികരണങ്ങളും ഉയര്‍ന്നു തുടങ്ങി. സര്‍ക്കാരിന്റെ പ്രതിഛായ സംരക്ഷിക്കേണ്ടതിനൊപ്പം തനിക്കെതിരേ പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകുന്ന വിമതസ്വരങ്ങളെ ഇല്ലാതാക്കേണ്ടതും ബാധ്യതയായിരിക്കുകയാണ് മുഖ്യമന്ത്രിക്ക്.

സുധീറിനു പിന്നാലെ സൂരജ്
ഭാര്യാസഹോദരിയുടെ മകനെ തന്റെ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിന്റെ എംഡിയാക്കി നിയമിക്കാനുള്ള ഇ പി ജയരാജന്റെ നീക്കമാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ക്കു തുടക്കമെങ്കിലും അതിനെ മറ്റൊരു തരത്തില്‍ നോക്കിയാല്‍ സ്വന്തക്കാരെ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ അധികാരകേന്ദ്രങ്ങളില്‍ പ്രതിഷ്ഠിച്ച കഥകളുടെ ചുരുളുകള്‍ അഴിക്കാനും ജയരാജന് നിമിത്തമായി എന്നു കാണാം. പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ക്ക് കെഎസ്‌ഐഇ എംഡി സ്ഥാനം നിഷേധിച്ചെങ്കിലും അതുകൊണ്ട് മാത്രം ഒന്നും തീരുന്നില്ല എന്നതാണ് വാസ്തവം.

സുധീര്‍ നമ്പ്യാരെക്കാള്‍ കൂടുതല്‍ സര്‍ക്കാരിന് തലവേദന ആകുന്നത് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ കൊച്ചുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിന്റെ എം ഡിയാക്കാനുള്ള തീരുമാനമാണ്. യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് മന്ത്രി ബന്ധുത്വമോ പാര്‍ട്ടിയംഗത്വമോ തടസമാക്കരുതെന്നു പറയുമ്പോഴും കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് പോലെ വലിയൊരു സംരഭത്തിന്റെ ചുമതലക്കാരനാക്കുന്ന സൂരജിന് അതിനുള്ള യോഗ്യത പര്യാപ്തമാണോ എന്നത് സംശയമാണ്. കാരണം, ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയ എംബിഎയാണ് സൂരജിന്റെ വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ ഈ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തെ സംശയിച്ചു തന്നെ മാധ്യമങ്ങള്‍ രംഗത്തു വന്നു കഴിഞ്ഞു. അതുവഴി സൂരജ് അവകാശപ്പെടുന്ന ക്വാളിഫിക്കേഷനെയും ചോദ്യം ചെയ്യുന്നു. ഇനി അഥവാ സൂരജിന് അംഗീകൃത എംബിഎ ബിരുദം ഉണ്ടെങ്കില്‍ തന്നെ മൂവായിരത്തോളം ജീവനക്കാരെയും 20 ഓളം സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുന്ന കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിന്റെ ചുമതലക്കാരനായി നിയോഗിക്കപ്പെടാനുള്ള യോഗ്യത ആ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് മാത്രമാണോ എന്നതാണ് പ്രധാന ചോദ്യം? സൂരജിന് ഏതെങ്കിലും പൊതുമേഖല-സ്വകാര്യമേഖല സ്ഥാപനങ്ങളുടെ എം ഡിയായോ അതിനു താഴെയുള്ള പോസ്റ്റില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവപരിചയം ഉണ്ടോ? സൂരജ് ഏറ്റെടുക്കാന്‍ പോകുന്ന കസേരയില്‍ അദ്ദേഹത്തിനു മുമ്പ് ഇരുന്ന വ്യക്തിക്ക് കെല്‍ട്രോണില്‍ 7 വര്‍ഷത്തെയും കിന്‍ഫ്രയില്‍ ജനറല്‍ മാനേജറായി ഏഴുവര്‍ഷത്തെയും ക്രിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ പ്രൊജക്ട് മാനേജറായി എട്ടുവര്‍ഷത്തെയും പ്രവര്‍ത്തി പരിചയം ഉണ്ടെന്നുള്ള വാര്‍തത്തകള്‍ വായിക്കുമ്പോള്‍, സൂരജിന്റെ നിയമനം അനര്‍ഹമാണെന്നു പറയേണ്ടി വരിക തന്നെ ചെയ്യും. നായനാരുടെ കൊച്ചുമകന്‍ എന്ന വിശേഷം മാറ്റി നിര്‍ത്തിയാല്‍ സൂരജിന് മറ്റൊരു കാരണത്തിന്റെയും അടിസ്ഥാനത്തില്‍ കിന്‍ഫ്രയിലെ സ്ഥാനം നല്‍കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ സൂരജിന് നിയമനം അനുവദിച്ചത് Public Sector Restructuring and Internal Audit Board – RIAB ന്റെ അഭിമുഖ പരീക്ഷയിലൂടെയാണോ എന്ന സംശയം ബലപ്പെടും. നിലവിലെ കാര്യങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ ആ സാധ്യതക്ക് ബലം കുറവാണ്. അങ്ങനെ വരികില്‍ ഇ കെ നായനാരുടെ മകള്‍ സുധയുടെ മകനായ സൂരജ് രവീന്ദ്രന്റെ നിയമനം അനര്‍ഹമാണ്. ഈ നിയമനം റദ്ദാക്കിയതാണല്ലോ എന്നു ന്യായം പറഞ്ഞാല്‍ പോലും സൂരജ് രവീന്ദ്രന്‍ കിന്‍ഫ്രയില്‍ ചുമതലയേറ്റു എന്ന തെളിവുകള്‍ ഉള്ളപ്പോള്‍, ന്യായം പറഞ്ഞൊഴിഞ്ഞതുകൊണ്ടു മാത്രം ആരും രക്ഷപെടണമെന്നില്ല.

ആരാണ് ഇവിടെ കുറ്റക്കാരന്‍ എന്നതാണ് അടുത്ത ചോദ്യം. വ്യവസായ മന്ത്രിയുടെ ഓഫിസില്‍ നിന്നും നടന്ന രഹസ്യ നിയമനമാണോ ഇതെന്നും ചോദിച്ചാല്‍, അതേയെന്നു പറയുന്നവരുണ്ട്. പക്ഷേ വ്യവസായ മന്ത്രി മാത്രം അറിഞ്ഞുകൊണ്ട്, അതായത് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ അറിയാതെയാണോ നടന്നിരിക്കുന്നതെന്നു ചോദിച്ചാല്‍ അല്ല എന്നും പറയേണ്ടി വരും. കാരണം, സൂരജ് മന്ത്രിയുടെ ബന്ധുവല്ല, നായനാരുടെ കൊച്ചുമകനാണ്. നായനാരുടെ കൊച്ചുമകന് സ്ഥാനം കൊടുക്കുന്നത് പാര്‍ട്ടിയുടെ നിര്‍ദേശമാകാം, പാര്‍ട്ടി നിര്‍ദേശിക്കുന്നൊരു കാര്യം മുഖ്യമന്ത്രി അറിയാതെ പോകില്ല. അങ്ങനെ വരുമ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞുകൊണ്ടു തന്നെ. ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയുടെ സമ്മതത്തോടെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തതുപോലെ.

ഇത്തരമൊരു പ്രതിസന്ധി എങ്ങനെയാവും മുഖ്യമന്ത്രി കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നാണ് അടുത്ത ചോദ്യം? കാരണം, സൂരജിന്റെ നിയമനം വിവാദമായാല്‍ അതിന്റെ ചീത്തപ്പേര് സഖാവ് നായനാര്‍ക്കും കൂടിയാണ്. സഖാവിന്റെ പേരിനു കളങ്കം വരുത്തുന്നൊരു നടപടി ഉണ്ടായാല്‍ അത് സിപിഎമ്മിനാകെ ബാധ്യതയാകും. അതിനാല്‍ ബുദ്ധിപൂര്‍വം, അതായത് എല്ലാത്തിന്റെയും കാരണക്കാരനായി ജയരാജനെ മുന്നില്‍ നിര്‍ത്തി തള്ളിപ്പറയാന്‍ നില്‍ക്കാതെ, തലയൂരാന്‍ ശ്രമിച്ചാലെ കാര്യമുള്ളൂ. ഇല്ലെങ്കില്‍ പിണറായി ഉള്‍പ്പെടെ നാറും.

കഴിഞ്ഞില്ല, പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചതായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മക്കെതിരെയും ആരോപണമുയര്‍ന്നു കഴിഞ്ഞു. ബന്ധുക്കളായ സേവ്യറിനെ കശുവണ്ടി വികസന കോര്‍പറേഷനിലും ലോറന്‍സ് ഹറോള്‍ഡിനെ മത്സ്യഫെഡിലും പരിചയക്കാരനായ രാജേഷിനെ കാപെക്‌സിലുമാണ് (കാഷ്യൂ വര്‍ക്കേഴ്‌സ് അപക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറീവ് സൊസൈറ്റി) മെഴ്‌സിക്കുട്ടിയമ്മ നിയമിച്ചത്. ഇതില്‍ രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ്. ഈ നിയയമനങ്ങളുടെ കാര്യത്തിലും സര്‍ക്കാരും മന്ത്രിയും മറുപടി പറയേണ്ടതായി വരും. ഇ.പി.ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമിച്ചതിന്റെ വേറെ. ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന ദീപ്തിയെ ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലിക്കാണ് നിയമിച്ചത്.

എല്ലാം അനര്‍ഹമെന്നും പറയാന്‍ കഴിയില്ല
ഇ പി യുടെ ചിറ്റപ്പന്‍ നയം സര്‍ക്കാരിനെ മൊത്തത്തില്‍ ബാധിച്ചെങ്കിലും എല്ലാ മന്ത്രിമാരും അതേനയത്തിന്റെ പ്രയോക്താക്കളാണെന്നു പറയുന്നതില്‍ കഴമ്പില്ല. ജയരാജനു പിന്നാലെ ബന്ധുനിയമനം നടത്തിയെന്ന ആരോപണം ഉന്നയിക്കപ്പെട്ടത് ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേയാണ്. മകനെയും മരുമകളെയും അനര്‍ഹമായി നിയമിച്ചു എന്നായിരുന്നു ടീച്ചര്‍ക്കെതിരേ ചില മാധ്യമങ്ങള്‍ വാര്‍ത്തയെഴുതിയത്. എന്നാല്‍ അതിനുള്ള വ്യക്തമായ മറുപടി മന്ത്രിയില്‍ നിന്നും കിട്ടിയതോടെ ആ വിവാദം നനഞ്ഞു. ടീച്ചര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ നല്‍കുന്ന മറുപടി ഇതാണ്; 

മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അനധികൃത നിയമനം നല്‍കി എന്നും ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആലോചിക്കുന്നു എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റിധാരണ ഉളവാക്കുന്നതാണ്. എം.ടെക് ബിരുദധാരിയായിട്ടുള്ള മകന്‍ ലസിത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിനെ തുടര്‍ന്ന് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഇലക്ട്രോണിക്‌സ് ആയി നിയമനം നേടുകയായിരുന്നു.മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത്2015 ല്‍ പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുകയും ഐ.ബി.പി.എസ് എന്ന ഏജന്‍സി മുഖേന പരീക്ഷ നടത്തുകയും ചെയ്തു. ഈ പരീക്ഷയില്‍ ലസിത് ഒന്നാം റാങ്ക് കരസ്ഥമാക്കി. റിസല്‍ട്ട് നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015സെപ്തംബര്‍ 18 നാണ് നിയമനം ലഭിച്ചത്. ആ സമയത്ത് ഇടതുപക്ഷ ഭരണം ആയിരുന്നില്ല. ലസിത് എല്ലാ യോഗ്യതകളും നേടിയത് മെറിറ്റ് അടിസ്ഥാനത്തിലാണ്.ശിവപുരം എയിഡഡ് സ്‌കൂളില്‍ പത്താംക്ലാസ്സ് വിദ്യാഭ്യാസവും മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടുവും പൂര്‍ത്തിയാക്കി ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമക്കു ശേഷം കൊല്ലം ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മെറിറ്റ് സീറ്റില്‍ ബി.ടെക് ബിരുദം നേടി. പിന്നീട് കേന്ദ്ര ഗവണ്‍മെന്റിന്റെ ഗേറ്റ് സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദം(എം.ടെക്) നേടുകയും ചെയ്തു. ഇന്റര്‍ നാഷണല്‍ ജേര്‍ണലില്‍ എഞ്ചിനീയറിംഗ് സംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോ ഓപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒന്നര വര്‍ഷം ജോലി ചെയ്തിരുന്നു.അതിനിടയിലാണ് എയര്‍പോര്‍ട്ടിന്റെ തൊഴില്‍ സംബന്ധിച്ച് പരസ്യം ശ്രദ്ധയില്‍ പെട്ടതും അപേക്ഷിച്ചതും. ഒന്നാം റാങ്കോടെ നിയമനം നേടിയ ലസിത് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യത്തെ നിയമനമാണ് നേടിയത്. ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രമോഷന്‍ സാധ്യത ഉണ്ടാകുമ്പോള്‍ പ്രഥമ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വസ്തുത മറച്ചുവച്ചാണ് തെറ്റിധാരണാജനകമായി വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

എം.ബി.എ (ഫിനാന്‍സ് )പാസ്സായ മരുമകള്‍ വിവാഹത്തിനു മുന്‍പു തന്നെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ അപ്രന്റിസ് ട്രെയിനി ആയി ചേര്‍ന്നിരുന്നു.ലസിതിന്റെ ജേഷ്ഠ സഹോദരന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് (സി.ഇ.ടി) ബി.ടെക് പാസ്സായതിനു ശേഷം ഗള്‍ഫില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക് ലഭ്യമായാല്‍ മാത്രമേ സി.ഇ.ടി. അഡ്മിഷന്‍ ലഭിക്കുകയുള്ളൂ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് ഈ വസ്തുതകള്‍ മറച്ചുവച്ചു കൊണ്ടാണ് ചില മാധ്യമങ്ങള്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോലിയക്കോട് കൃഷ്ണന്‍ നായരുടേയും ആനത്തലവട്ടം ആനന്ദന്റെയും മക്കളുടെ നിയമനങ്ങളും മറ്റു വിവാദനിയമനങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദമായി തീര്‍ന്നിരിക്കുകയാണ്. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ സുപ്രധാന തസ്തികയിലാണ് ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവനെ നിമയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കിന്‍ഫ്രയില്‍ തന്നെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് കോലിയക്കോടിന്റെ മകന് നിയമനം. നിലവിലെ സാഹചര്യത്തില്‍ ഈ നിയമനങ്ങള്‍ നടക്കാന്‍ സാധ്യതിയില്ലെന്നറിയുമ്പോള്‍ അവിടെ മാറ്റി നിര്‍ത്തപ്പെടുന്നത് അതാതു സ്ഥാനങ്ങള്‍ക്കു യോഗ്യതയുള്ളവര്‍ തന്നെയാമെന്നൊരു വാസ്തവും നിലനില്‍ക്കുന്നുണ്ട്. സിപിഎം നേതാവിന്റെ മകനായിപ്പോയതുകൊണ്ട് അര്‍ഹമായി കിട്ടേണ്ട സ്ഥാനക്കയറ്റം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തടഞ്ഞുവച്ചതായി കോലിയക്കോടിന്റെ മകന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍, എല്ലാം വിവാദമായതോടെ ഈ സര്‍ക്കാരിനും അദ്ദേഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയണമെന്നില്ല.

വിജിലന്‍സ് ഇടപെടല്‍
ഇപി ജയരാജന്റെ ബന്ധുനിയമനത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചതാണ് ഇപ്പോഴുള്ള പുതിയ വാര്‍ത്ത. വ്യവസായ വകുപ്പില്‍ ഇപി ജയരാജന്‍ ഉള്‍പ്പടെയുള്ള മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തങ്ങളുടെ മക്കളെയും ബന്ധുക്കളെയും ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയിരിക്കുന്നത്. ബന്ധപ്പെട്ട പരാതിയില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കുക. നിയമം പരിശോധിച്ചാല്‍ ജയരാജനെതിരെ കേസ് എടുക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. അവശ്യമായ യോഗ്യതകളില്ലാത്ത ഒരാളെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമിച്ചാല്‍ അഴിമതി നിരോധന നിയമം(1988) 15 ആം വകുപ്പ് അനുസരിച്ച് ജയരാജന്‍ കുറ്റക്കാരനാണ്. സുധീര്‍ നമ്പ്യാര്‍ ജോലിയില്‍ പ്രവേശിക്കുകയോ അനര്‍ഹമായി നേട്ടം സ്വന്തമാക്കിയതോ ഇല്ലെങ്കിലും 15 ആം വകുപ്പനുസരിച്ച് ഒരാള്‍ 13 (1) 10 വകുപ്പിന്റെ (റ) പ്രകാരമുള്ള കുറ്റം ചെയ്യാന്‍ മുതിര്‍ന്നാല്‍ തന്നെ ശിക്ഷ ഉറപ്പാണ്. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലിട്ട തത്തയല്ലെങ്കില്‍ ജേക്കബ് തോമസിന് ധൈര്യമായി ചുവപ്പു കാര്‍ഡ് കൈയിലെടുക്കാമെന്ന് സാരം. എന്നാല്‍ അത്തരമൊരു ധീരത വിജിലന്‍സ് ഡയറക്ടറുടെ പക്കല്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട്. പക്ഷേ സാഹചര്യം അതീവ ഗുരുതമായി തന്നെ തുടര്‍ന്നാല്‍, അഴിമതിക്കാരനായി അറസ്റ്റ് ചെയ്യപ്പെട്ട മന്ത്രി എന്ന ചീത്തപ്പേരില്‍ ഇറങ്ങിപ്പോകേണ്ട സാഹചര്യം ജയരാജന് ഒഴിവാക്കി കൊടുത്ത് ധാര്‍മികതയുടെ കുപ്പായം ഇടീപ്പിച്ച് മന്ത്രിസ്ഥാനത്തു നിന്നും ഒഴിവായിപ്പോകാനുള്ള വഴിയൊരുക്കാന്‍ പിണറായി തയ്യാറായേക്കാം. അതൊരു അറ്റകൈ പ്രയോഗം മാത്രമാണ്, സാധ്യതയുണ്ടെന്നു മാത്രമാണ് പറഞ്ഞത്.

പാര്‍ട്ടിയും മുഖ്യമന്ത്രിയും
എന്നാല്‍ എല്ലാം പിണറായി തീരുമാനിക്കട്ടേ എന്ന നയമാണ് ഇപ്പോഴും സിപിഎമ്മില്‍ എന്നു പറയാന്‍ കഴിയില്ല. ചില വ്യതിയാനങ്ങള്‍ അവിടെ കണ്ടുതുടങ്ങിയിരിക്കുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് ചില അതൃപ്തികള്‍ ഉണ്ടെന്നതു വ്യക്തം. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായിക്ക് ഉണ്ടായിരുന്ന മേധാവിത്വം പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് കിട്ടുന്നില്ല. കോടിയേരിയെ സജീവമായി ഇപ്പോള്‍ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമില്‍ കാണുന്നതുപോലുമില്ല. സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരുപോലെ വിജയന്‍ തന്നെ ലീഡറായി നില്‍ക്കുന്നുവെന്നതാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ പലര്‍ക്കായി ഉണ്ടായിരിക്കുന്ന അസംതൃപ്തി സിപിഎമ്മിലെ പുതിയൊരു ഗ്രൂപ്പ് സൃഷ്ടിക്കലിനും കാരണമാകും. ആ ഗ്രൂപ്പിന്റെ ചുമതല പാര്‍ട്ടി സെക്രട്ടറി ഏറ്റെടുക്കുകയും കണ്ണൂരിലെ മറ്റുള്ള നേതാക്കളുടെ പിന്തുണ നേടിയെടുക്കുകയും ചെയ്താല്‍ ഒരുപക്ഷേ പിണറായിക്ക് വെല്ലുവിളി ആകാന്‍ കഴിയും. എന്തായാലും പതിനാലാം തീയതി കൂടുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ എന്തൊക്കെ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണു ആകാം. ഒരുപക്ഷേ ഇപ്പോള്‍ പാര്‍ട്ടിയുടെ സമുന്നതര്‍ക്കു വിധിക്കുന്ന കാപിറ്റല്‍ പണിഷ്‌മെന്റായ ശാസന തന്നെ ജയരാജനും ശ്രീമതിക്കുമെല്ലാം വിധിച്ച് യോഗം പിരിഞ്ഞേക്കാം. അതുമാത്രമെ ചെയ്യുന്നൂള്ളൂവെങ്കിലാണ് ജനയുഗത്തിലെ എഡിറ്റോറിയല്‍ ഓര്‍മിപ്പിക്കുന്നതുപോലെ; ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളില്‍ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആര്‍ക്കാണ് അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച് തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന് കരുതലോടെ ഓര്‍ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍