UPDATES

പ്രമുഖ സി പി എം നേതാവ് വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

അഴിമുഖം പ്രതിനിധി

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി(82) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ വൈകീട്ടി 3.30തോടെയാണ് അന്ത്യം. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ച് ആഗസ്ത് 21-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില വഷളായതിനെ തുടര്‍ന്ന് ഇത്രയും ദിവസം ഐസിയുവിലായിരുന്നു.

മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാവായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തുസജീവമായത്. മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. 2005 ജൂലെ മുതല്‍ 2016 ആഗസ്തുവരെ  ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്നു. 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചു. നിലവില്‍ ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറാണ്. 1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് സിപിഐ എം നിയമസഭാ വിപ്പുമായിരുന്നു.

ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്രജീവനക്കാര്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി വിവിധവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്‌യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു.

1950-ല്‍ 16-ാമത്തെ വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായത്. 26 വര്‍ഷം സ്‌കൂള്‍ അധ്യാപകനായി. 1982 ല്‍ വടക്കുമ്പാട് ഹൈസ്‌കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു. അതേ വര്‍ഷം സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനയുടെ ആദ്യ ജോയന്റ് സെക്രട്ടറിയായിരുന്നു. കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസമനുഭവിച്ചു. 1968ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നാരംഭിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. 1969 ഡിസംബര്‍ ഒന്നിന് നടന്ന കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റിങ് സമരത്തില്‍ ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായി.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1934 ല്‍ പനക്കാട്ടാണ് ജനനം. അച്ഛന്‍: പരേതനായ ടി ആര്‍ വാര്യര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി എം നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്‌കൂള്‍), അജയകുമാര്‍(പ്രിന്‍സിപ്പല്‍, വെള്ളിമാട്കുന്ന് ജെഡിറ്റി ഇസ്ലാം ഐടിഐ), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍