UPDATES

കനകദുര്‍ഗ മല കയറിയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനോ എന്ന് സംശയിക്കുന്നതായി ആരിഫ് എംപി; സമരക്കാര്‍ അവരെ തടഞ്ഞില്ലെന്നതില്‍ നിഗൂഢത

ശബരിമല സ്വകാര്യ ബില്ലിനെക്കുറിച്ച് സിപിഎം ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.

ശബരിമല കയറിയ കനക ദുര്‍ഗ ചെയ്തത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് അന്വേഷിക്കണമെന്ന് എ എം ആരിഫ് എംപി. ആചാര സംരക്ഷണത്തിനായി കൊണ്ടുവന്ന ബില്ലിനെ അനുകൂലിക്കണോ എതിര്‍ക്കണമൊ എന്ന കാര്യം ചര്‍ച്ച നടക്കുകയാണെങ്കില്‍ അപ്പോഴെ തീരുമാനിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരിഫ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ശബരിമല ആചാര സംരക്ഷണത്തിനായി കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ചുവെന്നമട്ടില്‍ മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ല് ചര്‍ച്ചയ്ക്ക് വന്നാല്‍ അംഗങ്ങള്‍ക്ക് സംസാരിക്കാം സംസാരിക്കാതിരിക്കാം. ഇക്കാര്യത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. ബില്ലിനെ എതിര്‍ക്കാതിരുന്നാല്‍ അനുകൂലിച്ചു എന്ന് വ്യാഖ്യാനിക്കാമെന്നും ആരിഫ് പറഞ്ഞു. കേരളത്തില്‍നിന്നുള്ള ഏക സിപിഎം എംപിയാണ് ആരിഫ്.

ശബരിമല കയറിയ കനകദുര്‍ഗയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ആരിഫ് ഉന്നയിച്ചത്.

കനക ദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോ എന്ന് സംശിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശാന്തി, സമാധാനം, മാനസികമായ പിരിമുറുക്കങ്ങള്‍, എന്നിവ ഇല്ലാതെ സമ്പൂര്‍ണ്ണമായി മനസ്സും ദൈവത്തില്‍ സമര്‍പ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസസമാധാനത്തോടുകൂടി ആണ് ഒരു ഭക്ത,ആരാധനാലയങ്ങളില്‍ എത്തിച്ചേരേണ്ടത് എന്ന് ഭഗവദ് ഗീതയില്‍ അനുശാസിക്കുന്നതായി ആരിഫ് പറഞ്ഞു. സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  അത്തരത്തില്‍ കയറിയ ആളുകളുടെ പാപഭാരം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും തലയില്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ്, സര്‍ക്കാരിന് ഒരു പങ്കുമില്ലാത്ത കാര്യത്തില്‍, ആര്‍എസ്എസ്സും, കോണ്‍ഗ്രസ്സും, നടത്തിയതെന്നും ആരിഫ് കുറ്റപ്പെടുത്തി.

ശബരിമലയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നും ആരിഫ് ചോദിച്ചു. അയ്യപ്പപ്രതിഷ്ഠയ്ക്ക് മുന്നില്‍ ആചാരം ലംഘിച്ചുനിന്ന തില്ലങ്കേരിയെ പോലുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നതില്‍ നിഗുഢതയുണ്ടെന്ന് തോന്നിപ്പോകുന്നുവെന്നും ആരിഫ് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സ്വകാര്യബില്ലിനെ കുറിച്ച് സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടെ മറ്റുള്ളവര്‍ പറയേണ്ടതുള്ളൂവെന്നും ആരിഫ് പറഞ്ഞു.

ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആചാര സംരക്ഷണത്തിനായുള്ള ബില്ല് അനാവിശ്യമാണെന്ന നിലപാടാണ് മന്ത്രി ജി സുധാകരന്‍ പ്രകടിപ്പിച്ചത്.

 

ആരിഫിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

Read More: പശുസ്നേഹം പ്രസംഗത്തില്‍ മാത്രം; മഹാരാഷ്ട്രയില്‍ കന്നുകാലികള്‍ക്കുള്ള വരള്‍ച്ച ഫണ്ട് ബിജെപി-ശിവസേന നേതാക്കള്‍ അടിച്ചുമാറ്റുന്നതായി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍