UPDATES

സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

അഴിമുഖം പ്രതിനിധി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. അന്തരിച്ച മുതിര്‍ന്ന നേതാവ് സമര്‍ മുഖര്‍ജിയുടെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറില്‍ (പോര്‍ട്ട് കലാവാണി ഓഡിറ്റോറിയം) രാവിലെ പത്തിന് മുന്‍ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് അമീന്‍ പതാക ഉയര്‍ത്തുന്നതോടെ ആറുദിവസം നീളുന്ന സമ്മേളന നടപടികള്‍ ആരംഭിക്കും. 

പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടനസമ്മേളനം ചേരുക. പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി, ആര്‍എസ്പി സെക്രട്ടറി അബനിറോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, സിപിഐ എംഎല്‍ നേതാവ് കവിത കൃഷ്ണന്‍, എസ്‌യുസിഐ നേതാവ് പ്രവാസ് ഘോഷ് എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിക്കുമെന്നും സമ്മേളന നടപടികള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. 

എന്നാല്‍, കേരളത്തിലെ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷനു ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന്റെ സ്വയം വിമര്‍ശനം. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശോഷിച്ചെന്നും സമരങ്ങള്‍ പലതും പരാജയപ്പെട്ടു. അധസ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പല നേതാക്കള്‍ക്കും താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ പുതിയ ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുന്നുണ്ട്. എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍