UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലീനം പ്ലിനത്തിന്റെ വഴിക്കും പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്കും പോകുമോ?

Avatar

കെ എ ആന്റണി

സിപിഐഎമ്മിന്റെ നാലുദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനത്തിന് നാളെ കൊല്‍ക്കത്തയില്‍ തിരശ്ശീല ഉയരുമ്പോള്‍ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം നീണ്ട 37 വര്‍ഷത്തിനുശേഷം നടക്കുന്ന ഈ പ്ലീനത്തിലൂടെ സിപിഐഎമ്മിന് ഒരു പുതിയ മുഖം കൈവരുമോ എന്നതാണ്. അനുദിനം എന്നോണം രാജ്യത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പൂര്‍ണമായി മനസിലാക്കാനും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഉതകുന്ന വിധത്തില്‍ അവയെ പ്രയോജനപ്പെടുത്താനും സിപിഐഎമ്മിന് എത്രകണ്ട് ശക്തിയുണ്ട് എന്ന സംശയത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുവരുന്നത്. ഫാസിസവും വര്‍ഗീയതയും അതിന്റെ ഏറ്റവും തീവ്രമായ മുഖം പ്രകടമാക്കി കൊണ്ടിരിക്കുന്ന ഇക്കാലത്ത് സിപിഐഎമ്മിനെ പോലുള്ള ഒരു മതേതര ഇടതുപക്ഷ പാര്‍ട്ടിയുടെ വളര്‍ച്ചയെയും തളര്‍ച്ചയെയും പൊതുസമൂഹവും ഏറെ താാത്പര്യത്തോടുകൂടിയാണ് നോക്കി കാണുന്നത് എന്നതുകൊണ്ടു തന്നെ ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.

1978 ല്‍ ജലന്തറില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിനു തൊട്ടുപിന്നാലെ ആയിരുന്നു ഇതിനു മുമ്പ് ദേശീയ തലത്തില്‍ സിപിഐഎം ഒരു പ്ലീനം സംഘടിപ്പിച്ചത്. അതിനുശേഷം 2013 നവംബറില്‍ പാലക്കാടുവച്ച് പാര്‍ട്ടിയുടെ കേരള ഘടകം ഒരു പ്ലീനം സംഘടിപ്പിക്കുകയും തെറ്റുതിരുത്തല്‍ രേഖ അംഗീകരിക്കുകയും ഉണ്ടായി.

വിശാഖപട്ടണത്ത് 2014 ല്‍ നടന്ന 21 ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരമാണ് ഇപ്പോള്‍ കൊല്‍ക്കത്തയില്‍ പ്ലീനം ചേരുന്നത്. 37 വര്‍ഷം മുമ്പ് നടന്ന പ്ലീനവും പശ്ചിമ ബംഗാളിലെ സാല്‍ക്കിയായിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സാല്‍ക്കിയ പ്ലീന തീരുമാനങ്ങള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും പ്ലീനം ചേരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി കൊണ്ടുവന്ന ബദല്‍ രേഖ കൂടി അംഗീകരിച്ചുകൊണ്ടാണ് പ്ലീനത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരിക്കും ഈ പ്ലീനം എന്തുകൊണ്ടും ഏറെ പ്രധാനപ്പെട്ടതാണ്.

ബംഗാളിലും കേരളത്തിലും അസംബ്ലി തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നടക്കുന്നു എന്ന പ്രത്യേകതയും ഈ പ്ലീനത്തിനുണ്ട്. ബംഗാളില്‍ സിപിഐഎമ്മിന്റെയും അതു നേതൃത്വം നല്‍ക്കുന്ന ഇടതു മുന്നണിയുടെയും സ്ഥിതി ഏറെ പരുങ്ങലിലാണ്. പതിറ്റാണ്ടുകള്‍ നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ച മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് നിലവില്‍ ബംഗാളിലെ പ്രധാന രാഷ്ട്രീയ ശക്തി. കേരളത്തിലാകട്ടെ വേണമെങ്കില്‍ സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്ക് അധികാരത്തില്‍ എത്താം എന്ന സാഹചര്യം നിലനില്‍ക്കുന്നു.

37 വര്‍ഷത്തിനുശേഷം നടക്കുന്ന കൊല്‍ക്കത്ത പ്ലീനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് പാര്‍ട്ടിക്കും അതിന്റ പോഷക സംഘടനകള്‍ക്കും ഉണ്ടായ മുരടിപ്പ് തന്നെയാണ്. മുരടിപ്പിനു കാരണങ്ങളായി രണ്ടുവര്‍ഷം മുമ്പ് പാലക്കാട് നടന്ന സംസ്ഥന പ്ലീനത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അഢംബരജീവിതത്തോട് പാര്‍ട്ടി നേതാക്കള്‍ കാണിക്കുന്ന താത്പര്യവും ഭൂമി- ക്വാറി മാഫിയകളുമായി ചില നേതാക്കള്‍ക്ക് ഉള്ളതായി പറയപ്പെടുന്ന ബന്ധങ്ങളുമാണ് പാലക്കാട് പ്ലീനം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം സംഘടനാരംഗത്ത് പതുരക്തം കുറവാണെന്ന ആക്ഷേപവും പ്ലീനത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തിലെ വിഭാഗീയത തന്നെയായിരുന്നു അന്നു ചൂണ്ടിക്കാണിക്കപ്പെട്ട മറ്റൊരു വിഷയം. വിഭാഗീയതയ്ക്ക് ഏതാണ്ട് അറുതി വന്നിട്ടുണ്ടൈങ്കിലും നേതാക്കളുടെ ജീവിതശൈലിയും വഴിവിട്ട രഹസ്യ കച്ചവടബന്ധങ്ങളും മാറിയിട്ടില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. ഇത്തരം വിഷയങ്ങള്‍ കൊല്‍ക്കത്ത പ്ലീനത്തിനും ചര്‍ച്ചയ്ക്കു വരുമെന്നു തന്നെയാണ് സിപിഐഎം വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

‘തൃണമൂലിനെ പുറത്താക്കൂ ബംഗാളിനെ രക്ഷിക്കൂ. ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമാണ് പ്ലീനം ഉയര്‍ത്തുന്നത്. ബംഗാളില്‍ തൃണമൂലിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കണമെന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് നവസാമ്പത്തിക നയങ്ങള്‍ക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലെന്ന് ഒരു പി ബി അംഗം അഴിമുഖത്തോട് പറഞ്ഞു. ‘ ബംഗാളില്‍ മമതയുടെ സര്‍ക്കാര്‍ ഭീകരതയുടെ ഭീഷണിയുടെയും പാതയാണ് പിന്തുടരുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. എന്നു കരുതി കോണ്‍ഗ്രസുമായി സഖ്യം എന്ന ആശയം ഇപ്പോള്‍ നിലവിലില്ല’, അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ വിരമിക്കല്‍ പ്രായം സംബന്ധിച്ച വിഷയം ചിലരെങ്കിലും ഉന്നയിച്ചേക്കാമെങ്കിലും അതിനു തത്കാലം വലിയ പ്രാധാന്യം ലഭിച്ചേക്കാന്‍ ഇടയില്ല. വി എസ്സിനെ പിണക്കാതിരിക്കാനുള്ള ഒരുതന്ത്രമായി വേണം ഇതിനെ കരുതാന്‍.

കേരളത്തില്‍ സിപിഎം നടത്തുന്ന നവകേരള മാര്‍ച്ച് ആരു നയിക്കണം എന്നതു സംബന്ധിച്ച സംസാരങ്ങള്‍ അനവസരത്തിലുള്ളതും വിഎസ്സിനെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നു പി ബി അംഗം പറഞ്ഞു. ഇക്കാര്യത്തില്‍ ചില മാധ്യമങ്ങളും സിപിഐ നേതാക്കളും നല്‍കുന്ന അമിത പ്രാധാന്യം ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം യുവാക്കളെയും വനിതകളെയും കൂടുതലായി സംഘടന നേതൃനിരയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാല്‍ക്കിയ പ്ലീനം അണെങ്കിലും രണ്ടുവര്‍ഷം മുമ്പ് പാലക്കാട് നടന്ന സംസ്ഥന പ്ലീനമാണെങ്കിലും അവയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പൂര്‍ണമായ രീതിയില്‍ നടപ്പിലാക്കാന്‍ സിപിഐഎമ്മിനു കഴിഞ്ഞില്ല. സാല്‍ക്കിയ പ്ലീന തീരുമാനങ്ങള്‍ തെറ്റായിരുന്നില്ലെന്നും അവ നടപ്പാക്കിയ രീതിയിലാണ് പാളിച്ച സംഭവിച്ചതെന്നുമാണ് സീതാറാം യെച്ചൂരി തന്റെ ബദല്‍ രേഖയില്‍ ചൂണ്ടിക്കാട്ടിയത്. ഇതേ കാര്യങ്ങള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ള അഭിപ്രായങ്ങളായി കേന്ദ്രനേതൃത്വത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും. പാലക്കാട് പ്ലീന തീരുമാനങ്ങള്‍ കടലാസില്‍ മാത്രമെ ഉള്ളൂ എന്നതാണു പലരും തങ്ങളുടെ അഭിപ്രായമായി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ പ്ലീനം പ്ലീനത്തിന്റെ വഴിക്കും പിന്നീട് പാര്‍ട്ടി അതിന്റെ വഴിക്കും പോകുന്നതാണ് നാളിതുവരെ കണ്ടത്. ഇത്തവണ കൊല്‍ക്കത്തിയില്‍ നടക്കുന്ന പ്ലീന തീരുമാനങ്ങളും തുടര്‍ന്നുണ്ടാകാന്‍ ഇടയുള്ള മാറ്റങ്ങളെയും പൊതുസമൂഹവും ഏറെ താത്പര്യത്തോടെ വീക്ഷിക്കുന്നത് അതുകൊണ്ടു തന്നെയാണ്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍