UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവസാന പച്ചത്തുരുത്തും കടലെടുത്തു പോകുമ്പോള്‍

Avatar

ആര്‍ രവിവര്‍മ്മ

സിപിഐഎം നേതൃസ്ഥാനങ്ങളില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ വിരമിക്കും എന്നുറപ്പായത്തോടെ പാര്‍ട്ടിയില്‍ ഒരു കാലഘട്ടം മിഴിയടക്കുകയാണ്.

സാങ്കേതികമായി വി എസ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിയേണ്ടത് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ച പ്രായപരിധി പ്രകാരം അനിവാര്യമാണ്. വി എസിനെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്നും മാറ്റുമോ എന്നാണ് കണ്ടറിയേണ്ടത്. സാധ്യതയുണ്ട്. നിയമ സഭയിലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരിക്ക് ചുമതല നല്‍കി പുന്നപ്രയിലെ വീട്ടില്‍ വി എസിന് വിശ്രമം വിധിക്കാനാണ് സാധ്യത. അതും പാര്‍ട്ടിയുടെ രീതിയനുസരിച്ച് പതിവുള്ളതാണ്. ബംഗാളില്‍ ജ്യോതി ബസു മുഖ്യമന്ത്രി സ്ഥാനം ഒഴിയും മുന്‍പ് തന്നെ ബുദ്ധദേവിന് അധികാരങ്ങള്‍ പലതും കൈമാറിയിരുന്നു. സാങ്കേതികമായി ഇതൊക്കെ തന്നെ സിപിഐ-എം പിന്തുടരുന്ന ലെനിനിസ്റ്റ് സംഘടനാ രീതിയനുസരിച്ച് ന്യായീകരിക്കാന്‍ പാര്‍ട്ടിക്ക് ഒരു പ്രയാസവും ഉണ്ടാവില്ല . ഉണ്ടാകുമായിരുന്നില്ല എന്നതാവും കൂടുതല്‍ ശരി.

പക്ഷെ കേരളത്തിലെ സ്ഥിതി ഭിന്നമാണ്. 1992- ല്‍ പാര്‍ട്ടി മേഖലാ വിശദീകരണ യോഗത്തില്‍ ഇ എം എസ് പറഞ്ഞു, ‘വളരെ കഷ്ട്പ്പെട്ടാണ് പാര്‍ട്ടിയെ ഒരു പിളര്‍പ്പില്‍ നിന്ന് രക്ഷിച്ചെടുത്തത്”. അന്ന് വിഭാഗീയതയുടെ സ്വഭാവം മറ്റൊന്നായിരുന്നു. കഴിഞ്ഞ രണ്ടു ദാശാബ്ദങ്ങളില്‍ പക്ഷെ അത് ജനപക്ഷരാഷ്ട്രീയവും അധികാരരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായിരുന്നു. ഇത്ര സുദീര്‍ഘമായ ഒരു ഉള്‍പാര്‍ട്ടിസമരം മുന്‍പുണ്ടായിട്ടില്ല. ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച വി എസ് പി ബിയില്‍ നിന്ന് പുറത്തായി. സംസ്ഥാനത്ത് തന്നെ പിന്താങ്ങുന്നവരൊക്കെ ഒന്നൊന്നായി പുറത്താവുന്നത് അദ്ദേഹത്തിനു കണ്ടു നില്‍ക്കേണ്ടി വന്നു. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ബ്ലാങ്ക് ചെക്ക് ലഭിച്ച സംസ്ഥാന സെക്രട്ടറി ഒരു വെട്ടി നിരത്തല്‍ തന്നെയാണ് നടത്തിയത്. കഴിഞ്ഞ ജില്ല-ഏരിയ പാര്‍ട്ടി സമ്മേളങ്ങളില്‍ പതിനാലു ജില്ലകളിലും തെരഞ്ഞെടുപ്പോ വിഭാഗീയതയോ ഇല്ലാതെയാണ് പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുത്തത് എന്ന് സംസ്ഥാന സെക്രട്ടറി വിജയന്‍ പറയുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നൊന്ന് ഇല്ലാതായിരിക്കുന്നു എന്ന് തന്നെയാണ്. കാരണം പാര്‍ട്ടിക്ക് ഇക്കാലയളവില്‍ ഒരു പിഴവും സംഭവിച്ചതായി ആരും ചൂണ്ടി കാട്ടുകയോ ഭാരവാഹികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ ചെയ്തില്ലെന്ന് പറയുന്നത് ശ്വാസോഛ്വാസം ഉള്ള ഒരു പാര്‍ട്ടിയിലും സംഭാവ്യമല്ല.

പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ലൈന്‍ തെറ്റുന്നു എന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ ഒക്കെ സംഘടന ലൈന്‍ എന്ന വാള്‍ ഉപയോഗിച്ച് വി എസിനെ ഒതുക്കാന്‍ പിണറായി അരിച്ചെടുത്ത പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ വി എസ് ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിഴവുകള്‍ തിരുത്താന്‍ അദ്ദേഹം മുഖ്യമന്ത്രി ആയപ്പോള്‍ പാര്‍ട്ടി അനുവദിച്ചില്ല . മൂന്നാര്‍ ഒരുദാഹരണം മാത്രം. അപ്രിയമായ സത്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്ന വി എസിനെ തളയ്ക്കുക എന്നത് മാത്രമായി അങ്ങനെ പാര്‍ട്ടി അജണ്ട. വി എസിന് മത്സരിക്കാന്‍ രണ്ടു തവണ സീറ്റ് നല്‍കാതിരുന്ന സംസ്ഥാന നേതൃത്വം അതില്‍ വിജയിച്ചില്ല. വി എസിന്റെ ജനപിന്തുണ കേന്ദ്ര നേതൃത്വം മനസ്സിലാക്കി എന്ന് മാത്രമല്ല അതിനര്‍ത്ഥം. അതില്‍ രാഷ്ട്രീയമായ ശരികളുണ്ട് എന്നത് കൊണ്ട് നടപടി എടുത്താല്‍ പാര്‍ട്ടിയുണ്ടാവും, പക്ഷെ ജനങ്ങള്‍ ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ടു കൂടിയാണ്. രണ്ടു വട്ടവും സംസ്ഥാനത്തെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാവുകയും കേന്ദ്രം ഇടപെട്ടു വി എസിന് സീറ്റ് നല്‍കുകയും ചെയ്തു. വലതു മുന്നണിയെ നൂല്‍പാലത്തില്‍ നിര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രതിപക്ഷമായത്. ആ നേട്ടത്തിന് വി എസിനെ പി ബി അഭിനന്ദിക്കുകയും ചെയ്തു.

ജനപിന്തുണയില്ലാത്ത പാര്‍ട്ടി നേതൃത്വവും അതില്‍ ജനപിന്തുണയുള്ള ഒരു നേതാവും എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ നീങ്ങി. ആ നേതാവിനെ ഒതുക്കാന്‍ പിണറായി കാണിച്ച കാര്‍ക്കശ്യം അമ്പരപ്പിക്കുന്നതായിരുന്നു. വി എസിന് ചുറ്റുമുള്ള തണല്‍ മരങ്ങള്‍ ഒന്നൊന്നായി അരിഞ്ഞു തള്ളി വിജയന്‍ മുന്നേറിയപ്പോള്‍ അത് ലെനിനിസ്റ്റ് തത്വങ്ങളുടെ വിജയമായി പാര്‍ട്ടി നേതൃത്വവും അണികളും ആഘോഷിച്ചു. അതിന്റെ ഫലമായിരുന്നു ടി പി വധം എന്ന് വിശ്വസിക്കുന്നവര്‍ ആണ് ഇന്ന് കേരളത്തില്‍ ഭൂരിഭാഗവും. അല്ലെന്നു സ്ഥാപിക്കാന്‍ വേണ്ട വിശ്വാസ്യത പോലും നഷ്ട്പ്പെട്ട സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ഒരു വീണ്ടു വിചാരത്തിനു പോലും തയ്യാറാവുന്നില്ല എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന വൈതരണി .

മറുപുറത്ത് യുഡിഎഫ് ഭരണം എല്ലാ അതിര്‍ത്തികളും ലംഘിച്ചു ജനവിരുദ്ധമായപ്പോള്‍ അതിനെ ചെറുക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. അവരുടെ വികലമായ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ്. അതിനായി ഒരു സമരം പോലും വിജയകരമായി നടന്നില്ല എന്നത് പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ലൈന്‍ പിഴയ്ക്കുന്നതിന്റെ തെളിവായി വി എസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പലവട്ടം കൊണ്ടുവന്നു . അതൊക്കെ തള്ളിപ്പോയി. ഏറ്റവും ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കും മുന്‍പ് ഉണ്ടായ ഒത്തുതീര്‍പ്പ് സമര വിവാദം മതി. സോളാര്‍ സമരത്തില്‍ പാര്‍ട്ടി യു ഡി എഫുമായി അവിഹിത ധാരണ ഉണ്ടാക്കി ഏകപക്ഷീയമായി പിന്‍വലിച്ചു എന്ന് വി എസ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്താണ് നിമിത്തമെങ്കിലും ഇത്രനാള്‍ നടന്ന വിഭാഗീയതയുടെയും പിണക്കത്തിന്റെയും നിഴലാട്ടമുണ്ടതില്‍. കത്ത് പി ബി ക്ക് ലഭിച്ചിട്ടില്ല എന്ന് പി ബി അംഗം സീതാറാം യെച്ചൂരി പറയുന്നത് അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ. വിവാദത്തില്‍ നിന്ന് നേതൃത്വം ഒഴിഞ്ഞു മാറുന്നതിന്റെ സൂചനയാണിത്. വി എസിന്റെ കത്ത് എന്നൊന്നില്ലെങ്കില്‍ പിന്നെ പിണറായി പത്രസമ്മേളനത്തില്‍ വി എസിനു നല്‍കിയ മറുപടി എന്താണ്? രണ്ടാഴ്ചക്കു മുന്‍പ് വി എസ് അയച്ച കത്ത് കിട്ടിയിട്ടില്ല എന്ന് പറയുമ്പോള്‍ സമ്മേളന തലേന്ന് പിണറായി പത്രസമ്മേളനം വിളിച്ചതിന് എന്താണര്‍ത്ഥം?

ചോദ്യങ്ങള്‍ക്കൊന്നും സാമാന്യ നീതിക്ക് നിരക്കുന്ന ഉത്തരങ്ങള്‍ സിപിഐ എമ്മില്‍ നിന്ന് ഇല്ലാതായിട്ടു കാലങ്ങളായി. ഭരണവും സമരവും കാര്യപ്രാപ്തിയോടെ നടത്താന്‍ സി പി എമ്മിന് കഴിയുന്നില്ല എന്നതും നാം കാണുന്നതാണ്. ഈയവസ്ഥ ഈ സമ്മേളനം കൊണ്ട് തീരുമെന്ന് കരുതാന്‍ ആവില്ല. ജീവനുള്ള ഏതു പാര്‍ട്ടിയിലും ഭിന്നസ്വരങ്ങള്‍ ഉണ്ടാവും. അതിനെ സംഘടനാതത്വ ലംഘനം എന്ന് കാണുന്നിടത്താണ് പ്രശ്‌നം. കേന്ദ്രീകൃത ജനാധിപത്യം ആയാലും ജനാധിപത്യ കേന്ദ്രീകരണം ആയാലും അതൊക്കെ സിപിഐഎമ്മില്‍ നിന്ന് അകന്നു പോയിരിക്കുന്നു. നേതൃത്വവും ആജ്ഞാനുസാരികളായ അണികളും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി . പാര്‍ട്ടിയുടെ ഘടന രണ്ടു പതിറ്റാണ്ട് കൊണ്ട് അങ്ങിനെ ആക്കിത്തീര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് പാര്‍ട്ടിയുടെ മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും അവകാശപ്പെടാവുന്ന നേട്ടം. പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിപക്ഷവും അടിയന്തരാവസ്ഥക്ക് ശേഷം പാര്‍ട്ടിയില്‍ വന്നവരാണെന്നും അതില്‍ ഗണ്യമായ വിഭാഗം രണ്ടായിരാമാണ്ടോടെ പാര്‍ട്ടിയില്‍ എത്തിയവര്‍ ആണെന്നും പാലക്കാട് പ്ലീനത്തില്‍ വെച്ച കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട് . മധ്യവര്‍ഗത്തിന്റെ ആധിക്യം പ്രകടം. വി എസിന്റെ നിലപാടുകളോട് യോജിപ്പുള്ളവരെ ഉന്മൂലനം ചെയ്തപ്പോള്‍ കൊഴിഞ്ഞു പോയ പാര്‍ട്ടി അംഗങ്ങള്‍ക്ക് പകരം ഓരോ ലോക്കല്‍ കമ്മറ്റികളിലും സ്വന്തക്കാരെ ചേര്‍ക്കുന്ന പ്രവണത കഴിഞ്ഞ കുറെ നാളുകളായി നിലനില്‍ക്കുന്നു. അതിവേഗം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതിനു പകരം അഴിമതിയിലെ ഒത്തുതീര്‍പ്പുകള്‍ക്ക് പാര്‍ട്ടി വിധേയമായതിന് ഒരു പ്രധാന കാരണം ഇതായിരുന്നു .

മാറിയ രാഷ്ട്രീയ ബോധത്തിന് മുന്നില്‍ സിപിഐഎം പകച്ചു നില്‍ക്കുന്നതിനു കാരണവും രാഷ്ട്രീയസംക്രമണത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ പോയതിനു തെളിവാണ്. കേരളത്തില്‍ ഇത് വിരുന്നൊരുക്കുന്നത് ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കുമാണ് എന്ന പ്രകടമായ വസ്തുത പോലും സിപിഐഎം മറക്കുന്നു. അക്രമവും അധികാര ദുര്‍വിനിയോഗവും കൊണ്ട് ജീവിതം അസഹ്യമായ കേരളത്തില്‍ പുതിയ സമരമുറകള്‍ വരുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ സിപിഐ-എം മൗലികവാദികളേക്കാള്‍ ആവേശം കാണിക്കുന്നത് അവിശ്വസനീയമായി തോന്നിക്കും. പ്രതിരോധിക്കേണ്ടതൊന്നും കേരളത്തില്‍ നടക്കുന്നില്ല എന്ന മട്ടിലാണ് പുതിയ സമരമുറകളെ അരാജകത്വം എന്ന് വിളിച്ചു പാര്‍ട്ടി ആക്ഷേപിച്ചത് . ഇക്കഴിഞ്ഞ കാലത്ത് പല രാജകീയ സമരങ്ങളും നടത്തി വിജയിച്ച മട്ട്. സിപിഐ-എമ്മില്‍ ഗ്രീന്‍ പോളിറ്റിക്‌സിന്റെ അന്ത്യമായി വി എസിന്റെ വിടവാങ്ങലിനെ കാണാം. ഗ്രീന്‍ പോളിറ്റിക്‌സ് എന്നത് പരിസ്ഥിതിവാദം മാത്രമല്ല. ആദിവാസി ക്ഷേമവും മനുഷ്യാവകാശങ്ങളും തൊട്ടു മനുഷ്യനെയും പ്രപഞ്ചത്തെയും ബാധിക്കുന്ന എന്തും ഹരിത രാഷ്ട്രീയമായി കണ്ട, എഴുപതുകളില്‍ ആരംഭിച്ച ഒരു രാഷ്ട്രീയധാരയാണത്. കേരളത്തില്‍ അതിന്റെ സമര മുഖമായിരുന്ന സി പി ഐ- എം വ്യവസായ സൗഹൃദ പാര്‍ട്ടിയായി മാറുമ്പോള്‍ അത് കോര്‍പ്പറേറ്റ് അനുകൂല പാര്‍ട്ടിയായി മാറുന്നതിനാണ് നാം സാക്ഷ്യം വഹിക്കുക. ഒരു പ്രതികരണം പോലും പാര്‍ട്ടിയില്‍ നിന്നുണ്ടായില്ല . തൊഴിലാളി കര്‍ഷകാദി ബഹുജന ഐക്യം എന്ന് ഇപ്പോള്‍ പാര്‍ട്ടിയില്‍ ആരും പറയാറില്ല. അതാ പഴഞ്ചന്‍ ഇ എം എസിന്റെ പഴമൊഴി എന്ന മട്ടില്‍ അത് അപ്രത്യക്ഷമായി. ഇതിനു സമാന്തരമായി തന്നെ കൃഷിയും ആനുപാതികമല്ലാത്ത തോതില്‍ വ്യവസായത്തിന് വഴി മാറി. ബംഗാളിലും സംഭവിച്ചത് ഇത് തന്നെയാണ്. ഗ്രാമീണ ബംഗാള്‍ ആയിരുന്നു സി പി ഐ എമ്മിന്റെ ശക്തി, കര്‍ഷകര്‍. അവരില്‍ നിന്ന് വ്യവസായ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിലേക്ക് തിരിഞ്ഞതോടെ സി പി ഐ- എം വട്ട പൂജ്യമായി. കേരളത്തിലും സമാനമായ മാറ്റങ്ങള്‍ തന്നെയാണ് സംഭവിച്ചത്. ബംഗാളില്‍ നിന്ന് വ്യത്യസ്തമായി അത് കേവലം സംഘടനാ അച്ചടക്ക പ്രശ്‌നം മാത്രമാണെന്ന വിലയിരുത്തല്‍ ആണ് ഇപ്പോഴും പാര്‍ട്ടി വച്ചുപുലര്‍ത്തുന്നത്. കേരളത്തെ അങ്ങനെയാക്കാന്‍ സംഘടന തത്വങ്ങള്‍ ചിലര്‍ എങ്ങനെയും വളച്ചൊടിക്കുകയായിരുന്നു. പാര്‍ട്ടിയുടെ മാനുഷിക മുഖമാണ് നഷ്ടമാവുന്നത്. വി എസിന്റെ വിടവാങ്ങല്‍ അതിനാക്കം കൂട്ടും. അതൊഴിവാക്കാന്‍ ഭഗീരഥപ്രയത്‌നം വേണ്ടി വരും. പക്ഷെ അതിന്റെ സൂചന പോലുമില്ല .

ഇപ്പോഴും പാര്‍ട്ടി സമ്മേളങ്ങള്‍ നടക്കുമ്പോള്‍ ആര് മുഖ്യമന്ത്രി ആവും, ആര് സെക്രട്ടറി ആവും എന്നതൊക്കെ മാത്രമാണ് ചര്‍ച്ച. സമരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്ല. പാര്‍ട്ടി നടത്തിപ്പിന്റെ അലകും പിടിയും വിജയന്‍ മാറ്റി എഴുതി. സംസ്ഥാന സെക്രട്ടറിയേറ്റിനെ മുന്‍പ് തെരഞ്ഞെടുത്തിരുന്നത് പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണ്. വിജയന്‍ നേതൃത്വത്തില്‍ വന്നതോടെ ആ രീതി മാറി. സെക്രട്ടറി തെരഞ്ഞെടുക്കുന്ന സെക്രട്ടറിയേറ്റായി. പാര്‍ട്ടി പത്രത്തിന്റെ പത്രാധിപരെ തെരഞ്ഞെടുത്തിരുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു മുന്‍പ്. ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പത്രാധിപരെ തെരഞ്ഞെടുക്കുന്ന രീതി മാറി. അതും സംസ്ഥാന നേതൃത്വത്തിന്റെ അധികാരമാക്കി പിണറായി. ഈ ശൈലി അടിമുടി നടപ്പാവുന്നത് കേന്ദ്ര നേതൃത്വം കണ്ടു നിന്നു. ലെനിനിസ്റ്റ് രീതിയിലെ ജനാധിപത്യ സങ്കല്‍പ്പത്തെ പാടെ തിരസ്‌കരിക്കുകയും അച്ചടക്ക നടപടികള്‍ക്ക് മാത്രമായി അത് ദുരുപയോഗിക്കുകയും ചെയ്യുന്നതും പാര്‍ട്ടിയുടെ വലതുവല്‍ക്കരണത്തിലേക്കുള്ള പ്രയാണത്തില്‍ പതിവായി. വിമര്‍ശിക്കുന്നവര്‍ ശത്രുക്കളും എതിര്‍ക്കുന്നവര്‍ വധ്യരുമായി .

ഇനിയാര് അടുത്ത പാര്‍ട്ടി മുഖ്യമന്ത്രി എന്നാണ് അണികള്‍ പോലും ഇപ്പോള്‍ ആലോചിക്കുന്നത്. പാര്‍ട്ടി ചട്ടപ്രകാരം വിജയന്‍ സെക്രട്ടറി പദം ഒഴിയുമ്പോള്‍ ആ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ അസ്വാഭാവികതയില്ല. അതിനു വേണ്ടി നീക്കുന്ന കരുക്കള്‍ ആണ് കള്ളച്ചൂതിന്റെ ലാഞ്ചന നല്‍കുന്നത്. എ വിജയരാഘവനെ ആണ് വിജയന്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് എന്ന് പാര്‍ട്ടി അന്ത:പുരങ്ങളില്‍ സംസാരമുണ്ട് . അത് മുഖ്യമന്ത്രി പദത്തിലേക്കു വിജയന് വഴിയൊരുക്കും എന്നാണു പൊതു വിശ്വാസം. അതെ സമയം വിജയന് മിത്രങ്ങള്‍ അല്ലാത്ത പി ബി അംഗങ്ങള്‍ കോടിയേരിയും എം എ ബേബിയും രംഗത്തുണ്ട്. തോമസ് ഐസക്കുണ്ട്. കയ്യിലുള്ള കരുക്കള്‍ വെച്ച് കുലുക്കിക്കുത്തു നടത്തുമ്പോള്‍ ഇവരിലാര് ഏതു സ്ഥാനത്തു വന്നാലും അത്ഭുതപ്പെടാനില്ല. എങ്കിലും ഇന്ന് പാര്‍ട്ടിയില്‍ തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ശക്തനായ പിണറായി വിജയന്റെ ഇംഗിതം തന്നെയാണ് നടപ്പാവുക എന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ്സിന്റെ ഹൈക്കമാണ്ട് പോലെ പാര്‍ട്ടിയില്‍ ഒരു നിയന്ത്രണവും ഇല്ലാത്ത സി പി ഐ എം നേതൃത്വം മറ്റെന്തു ചെയ്യാന്‍ ?

അപ്രിയ സത്യങ്ങള്‍ പറയാന്‍ ഇനി ആരും ധൈര്യപ്പെടാത്തിടത്തോളം കാലം സി പി ഐ എമ്മിന്റെ നിലപാടുകളില്‍ വലിയ മാറ്റം പ്രതീക്ഷിച്ചുകൂട. ജനകീയ പ്രക്ഷോഭങ്ങള്‍ നടത്താന്‍ വിശ്വാസ്യത നഷ്ട്പ്പെട്ട പാര്‍ട്ടി ഇനി മുന്നോട്ടു വെക്കുന്ന. നിലപാടുകള്‍, പ്രതിരോധ-പ്രക്ഷോഭ രീതികള്‍ എന്തായിരിക്കും? വൈകാരികമായി അസ്വസ്ഥമായ ഒരു സമൂഹത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ പിടി മുറുക്കുന്നത് തടയാന്‍ അവരുടെ അതെ ശൈലി സിപിഐ-എമ്മും സ്വീകരിക്കുമ്പോള്‍ ചുവപ്പും കാവിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരുമ്പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അത്ഭുപ്പടേണ്ടതില്ല. അതിനു തടയിടുക എന്ന വെല്ലുവിളി അടുത്ത നേതൃത്വം സ്വീകരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി മാര്‍ക്കറ്റ്വത്കരണത്തിന് പൂര്‍ണ്ണമായും കീഴടങ്ങുകയായിരിക്കും ഫലം . ലോക സമൂഹമാകെ ഒറ്റ വിപണിയാക്കി മാറ്റാന്‍ വെമ്പുന്ന കോര്‍പ്പറേറ്റുകള്‍ക്ക് എതിര്‍പ്പൊന്നും കൂടാതെ കീഴടങ്ങുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരിക്കും ആത്യന്തിക ഫലം. ഇപ്പോഴും ഒട്ടേറെ പേര്‍ സിപിഐ-എമ്മില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ആ വിശ്വാസം നഷ്ടപ്പെടുത്താതെ മുന്നേറാന്‍ കഴിയുന്ന ഒരു പാര്‍ട്ടി ഘടനയ്‌ക്കെ ഇനി എന്തെങ്കിലും ചെയ്യാന്‍ ആവൂ. അല്ലെങ്കില്‍ അരാജകം എന്ന് പാര്‍ട്ടി കരുതുന്ന സമരങ്ങള്‍ അവരെക്കൂടാതെ മുന്നോട്ടു പോകാനാണ് സാധ്യത . അവസാനത്തെ പച്ചത്തുരുത്തും വി എസിന്റെ പിന്മടക്കത്തോടെ കടലെടുത്തു പോകുമോ?

പാര്‍ട്ടിയെക്കുറിച്ച് എം വി രാഘവന്‍ പണ്ട് പറഞ്ഞത് ഈയവസരത്തില്‍ ഓര്‍ത്ത് പോകും; ‘അതാ പാര്‍ട്ടിയുടെ സ്വഭാവമാണ്. ഓരോ നേതൃത്വവും എപ്പോഴാണ് പതിക്കുക എന്ന ഭയത്തോടെ ആണ് ഇരിക്കുന്നത്. ഒരു വിഭാഗീയത അവസാനിച്ചാല്‍ മറ്റൊന്ന് തുടങ്ങും. കാരണം ഒരു വിഭാഗീയതയും ജനാധിപത്യ രീതിയില്‍ അല്ല ആ പാര്‍ട്ടി അവസാനിപ്പിക്കുന്നത്. കാര്‍ക്കശ്യം മാത്രം കൊണ്ടാണ്”.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍