UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഴ്ചക്കാരന്റെ രാഷ്ട്രീയം അഥവാ വിപ്ലവം ദാ ഇപ്പ വരും!

Avatar

പ്രിയന്‍ അലക്‌സ്

വി എസ് ഇറങ്ങിപ്പോയത് ഒറ്റയ്ക്കാണ്. എം ടിയുടെ ആണുങ്ങളെപ്പോലെ ഏകാകിയായി; ആള്‍ക്കൂട്ടത്തില്‍നിന്ന് (വി എസിനെ പരസ്യവിചാരണ ചെയ്തുകളയാമെന്നു കരുതിയ ചെന്നായ്ക്കളുടെ ഗോത്രസഭയില്‍നിന്ന്).

നിഷ്‌കളങ്കതയുടെ പാപബോധം പേറുന്ന കയ്പ്പുനിറഞ്ഞ മുഖവുമായി അഭിപ്രായമുണ്ടെങ്കിലും അത് പറയാന്‍ പല കാരണങ്ങളാലും ആത്മവിശ്വാസം നഷ്ടമായ പിന്‍വാങ്ങലുകാരുടെ ഒരു സമൂഹമാണ് മലയാളി ശരാശരിത്വം. ശരാശരി രാഷ്ട്രീയബോധമേ ഉള്ളൂവെങ്കില്‍ക്കൂടി ബൂര്‍ഷ്വാസിയെക്കുറിച്ച് അതീതബോധം സിദ്ധിച്ചവരാവുന്നു നമ്മള്‍. നമ്മുടെ സമ്പര്‍ക്കഭാഷയില്‍ത്തന്നെ മാര്‍ക്‌സിയന്‍ പദാവലികള്‍ നിറഞ്ഞിരിക്കുന്നു. അവ ഗ്രാമ്യരൂപങ്ങളുടെ ഉപരിബോധത്തെ ഉഴുതുമറിച്ചിട്ടുണ്ട്. ഇപ്പോള്‍ പതിയെ ആ വയലൊക്കെ നികന്നുവരുന്നുണ്ട്, എങ്കിലും.

തിരഞ്ഞെടുപ്പുകള്‍ക്കുശേഷം പ്രതിപക്ഷത്തോടൊപ്പം നമ്മള്‍ കാഴ്ച്ചക്കാരാവുന്നു. ഭരണപക്ഷത്തിന് മാത്രമേ സത്യപ്രതിജ്ഞകളുള്ളൂ. (അവ പാലിക്കപ്പെട്ടാലുമില്ലെങ്കിലും) എന്നിരുന്നാല്‍പ്പോലും പ്രതിപക്ഷം തന്നെയും, മാധ്യമങ്ങള്‍പോലും തങ്ങളോട് പറയുന്നതില്‍ ഒന്നും കണ്ടെത്താനില്ലാതെ പൗരന്‍ പിന്നെയും പിന്നെയും പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. ആമയെ മലര്‍ത്തിച്ചുടുന്ന രാഷ്ട്രീയക്കാരന്‍ പൗരന്റെ മൗനം മുതലെടുക്കുകയാണ്. ആത്മനാശകമായ ഇത്തരം വാര്‍ത്തകളില്‍പ്പോലും പൗരന്‍ ചര്‍ച്ചകളില്‍ അന്തം വിട്ടിരിക്കുകയാണ്. ജുഗുപുത്സയുളവാക്കുന്ന രാഷ്ട്രീയ നീക്കുപോക്കുകളാല്‍ കൂടുതല്‍ കൂടുതല്‍ പിന്‍വാങ്ങുകയാണ്.

വിപ്ലവം എന്ന വാക്ക് ആരെയെങ്കിലും വ്യാമോഹിപ്പിക്കുന്നുണ്ടോ ഇനിയും? ആളുകള്‍ എങ്ങനെയെങ്കിലും ജീവിച്ചുപൊയ്‌ക്കോളും. വിഴിഞ്ഞമോ വല്ലാര്‍പ്പാടമോ മെട്രോ റെയിലോ അതിവേഗപ്പാതകളോ, വി എസോ പിണറായിയോ ഇല്ലെങ്കിലും ഉണ്ടെങ്കിലും വിപ്ലവം എന്ന വാക്ക് ബൂര്‍ഷ്വാസിയുടേതായി മാധ്യമവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ക്ഷമിക്കണം, അപ്പോഴും രാഷ്ട്രീയ വിപ്ലവം, സാമൂഹികവിപ്ലവം എന്നൊക്കെ കേട്ടാല്‍ മൂക്കുപൊത്തിചിരിക്കേണ്ടിവരും. ആര് ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്? പക്ഷെ ഒരു കാര്യം സമ്മതിക്കേണ്ടിവരും. അനുഭാവികള്‍ അധീശത്വത്തിനു കീഴ്‌പ്പെട്ടിരിക്കുന്നിടത്തോളം വിപ്ലവത്തിന് ഒരു സ്‌കോപ്പുമില്ല. വിപ്ലവം റാഡിക്കലാണ് എന്നതാണ് പരമസത്യം.

നമ്മുടെ രാഷ്ട്രീയ ഓര്‍മ്മകളുടെ അകത്തളങ്ങളില്‍ ചില നേരം നിര്‍ണ്ണായകമായ ചിറകൊച്ചകളുമായി ചില പ്രാവുകള്‍ ജനല്‍ച്ചില്ലില്‍ ചിറകുതല്ലിവീഴുകയും ഹൃദയരക്തം ചിന്തുകയും ചെയ്തിട്ടുണ്ടാവും, ഇനിയും രക്തസാക്ഷികള്‍ സിന്ദാബാദ് എന്നുവിളിക്കാം, അതിലുമുച്ചത്തില്‍. കീഴാളമായ രാഷ്ട്രീയമനുഷ്യവീക്ഷണത്തോടെ ജാഥകളില്‍ അരികുചേര്‍ന്നൊതുങ്ങിനിന്നവരും, പത്രം വലിച്ചെറിഞ്ഞവരും, ക്ഷുഭിതരായി ടി വി റിമോട്ട് എറിഞ്ഞുകളഞ്ഞവരും എവിടെയാണ്? നിസാരരാണ് നമ്മള്‍. ‘അവനിവാഴ്‌വ് കിനാവില്‍’ മണ്ണാകുമീമലരില്‍ വിസ്മൃതരാകുവോര്‍. എങ്കിലും നമുക്ക് സമകാലികചരിത്രത്തില്‍ അധികതുംഗപദങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് ലാല്‍സലാം അര്‍പ്പിക്കാം.

‘രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല, പോന്ന
വിടെത്താന്‍ തനിയേയിരിപ്പതും.’ ഒന്നുമറിഞ്ഞില്ല. സമ്മേളനം കഴിഞ്ഞതും, വിസ്മയ ടൂര്‍പാക്കേജിന്റെ ഭാഗമായി ഹൗസ്‌ബോട്ടില്‍ കയറിയതും ട്രാവലര്‍ വണ്ടിയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കാണാനെത്തിയതും കണ്ടതും കഴിഞ്ഞതും ആഴപ്പുഴ, ഓ! ആലപ്പുഴ. എല്ലാം ഒഴുകിപ്പോവുന്ന രാജാകേശവദാസിന്റെ കനാലുകള്‍.

നവസാമൂഹികസമരമുന്നേറ്റങ്ങള്‍ എന്നൊരു അമൂര്‍ത്ത സങ്കല്പം മനസില്‍ കൊണ്ടുനടക്കുന്ന മലയാളികള്‍ക്ക് (എല്ലാ അസോസിയേഷന്‍/യൂണിയന്‍ സംഘാടനത്തിലും മലയാളികള്‍ക്കുള്ള സവിശേഷ താല്‍പര്യത്തെ നമിക്കുന്നു) അരാജകസ്ത്രീവാദമോ, അരാജകതനതുവാദമോ, പാരിസ്ഥികമാര്‍ക്‌സിസമോ ഒക്കെ കേട്ടറിവുള്ളതിനാല്‍ത്തന്നെ വി എസ് അറിഞ്ഞോ അറിയാതെയോ വലിയ പ്രതീക്ഷ നല്‍കി. പലപ്പോഴും നമ്മുടെ രാഷ്ട്രീയസമൂഹത്തില്‍ ഒരു ഗറില്ലാസാന്നിധ്യമായി വി എസ് നിലനിന്നു, നിലനില്‍ക്കുന്നു എന്നത്, ജനാധിപത്യ പൊതു ഇടത്തിന്റെ ശക്തിയുമാണ്. അധീശത്വത്തിനെ അധീശ്വത്തിലാക്കുക എന്ന അതിസാമര്‍ത്ഥ്യമല്ല; അതില്‍ത്തന്നെ അരാജകവാദം കലര്‍ത്തുന്ന പൊതുജന/മാധ്യമപിന്തുണ സംഘടിപ്പിക്കുക എന്ന തന്ത്രമായിരുന്നു വി എസിന്റേത്. നേരിട്ടെറിഞ്ഞുവീഴ്ത്താന്‍ താനൊരു ദാവീദല്ല എന്നു തിരിച്ചറിഞ്ഞ യഥാര്‍ത്ഥ മലയാളിപ്പോരാളി. അയാള്‍ ഗ്രാംഷിയെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. എങ്കിലോ അയാള്‍ക്ക് ഒരു അതിവായനയുടെയും സാമര്‍ത്ഥ്യവുമില്ല (Gramsci is dead എന്ന പുസ്തകം വായിക്കുന്നത് രസകരമായിരിക്കും). പക്ഷെ കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കുന്നതില്‍ വി എസിന്റെ രാഷ്ട്രീയം ഏതൊരു കമ്മ്യൂണിസ്റ്റും ശ്രദ്ധിച്ച് മനസിലാക്കേണ്ടതാണ്.

ടി പി വധക്കേസ് വി എസിലെ മാര്‍ക്‌സിസ്റ്റിനെ വളരെ റിഫ്‌ളക്‌സിവ് ആയും ജൈവികമായും (ഗ്രാംഷിയുടെ കത്തുകള്‍ വീണ്ടും വായിക്കുക; എത്രമാത്രമാണ് അവ ഭീതിയുടെ മഷിനിറച്ചെഴുതിയതെന്ന് കണ്ടെത്തുക) പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാവണം. പുന്നപ്രയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് വി എസ് തിരുവനന്തപുരത്തേക്ക് പോയത്. ട്രോട്‌സ്‌കിയെ സ്റ്റാലിന്റെ രഹസ്യപ്പോലീസ് ആക്രമിക്കുന്നത് പുലര്‍ച്ചെ നാലുമണിക്കാണ്. സന്നിഗ്ദധകള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയിരിക്കാം.

ഞങ്ങളൊക്കെ ബൂര്‍ഷ്വാമാധ്യമങ്ങള്‍ വായിച്ചറിയുന്നവരാണ്. ചോയിയോടൊപ്പം ചേറില്‍ വീണുമരിച്ചതാണ് ദേശാഭിമാനിപത്രം. ബൂര്‍ഷ്വാമാധ്യമങ്ങളെ അരാഷ്ട്രീയവാദികളെക്കൊണ്ട് നിറഞ്ഞതെന്ന രീതിയില്‍ പുച്ഛിച്ചു തള്ളുന്നത് എത്രയെളുപ്പമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ കാര്യക്ഷമത പ്രതീകാത്മകമാണ് (symbolic efficiency). അതിലിടപെടേണ്ടതും അതിനെ പ്രക്ഷോഭസന്നദ്ധമാക്കേണ്ടതും രാഷ്ട്രീയക്കാരാണ്. അരാഷ്ട്രീയമെന്നു വിലയിരുത്തപ്പെടുന്നതിലെ സൂക്ഷ്മരാഷ്ട്രീയചോദനകളെ തിരിച്ചറിയാനാണ് നോക്കേണ്ടത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം എന്തെങ്കിലും പാഠങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ടോ? കരുണാകരനെയും വി എസിനെയും താരതമ്യപ്പെടുത്തുന്ന പൂവുകളുടെ അന്ധത (വൈലോപ്പള്ളിക്കവിതയിലെ കയ്പ്പ്) അതീവസുന്ദരമായ കാഴ്ച്ചയാണ്. പക്ഷെ അന്ധരായ പൂവുകള്‍ക്കറിയില്ല കാടിന്റെ വന്യത. ഇടത്തരക്കാരന്റെ ആത്മശൈഥില്യത്തോടാണ് വി എസിന്റെ അരാജകവാദം നെഞ്ചടക്കം പൂണ്ടുനില്‍ക്കുന്നതെന്നറിയുക. മഹാബലിയും ലെനിനും ഒരാളാണെന്ന് വിചാരിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക? മഹാബലി നടന്‍ ഇന്നസെന്റാണെങ്കില്‍ നല്ല കാര്യം. ഒന്നും പറയാനില്ല. പൂങ്കുല തല്ലിയതിന് കുട്ടിയെ തല്ലിക്കൊന്ന അമ്മയാണോ പാര്‍ട്ടി? അപ്പോ ആ മാമ്പഴം കൊണ്ടുപോയ്ത്തിന്നുക ആരായിരിക്കും?

കാഴ്ച്ചക്കാരന്റെ ജ്ഞാനവികാസത്തെ (ontology) അത്രയെളുപ്പത്തില്‍ വിശ്ലേഷണം ചെയ്യാനാവില്ല (എന്തിലും ഇടതും വലതും നോക്കിയാല്‍ ഇങ്ങനെയിരിക്കും). പക്ഷെ കാഴ്ച്ചക്കാരന്‍ നിങ്ങളുടെ പാര്‍ട്ടി ചട്ടക്കൂടുകളെ അപനിര്‍മ്മിക്കുന്നയാളാണ്. അയാള്‍ outside text കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. അയാളെ നിങ്ങള്‍ എങ്ങനെ അവഗണിക്കും?അച്ചടക്കത്തെക്കാള്‍ (discipline) നിയന്ത്രണത്തില്‍ (cotnrol) വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ നയമെന്താണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുന്നതില്‍ കാര്യമില്ലാതെയായിരിക്കുന്നു. തോക്കല്ല, ചട്ടക്കൂടാണല്ലോ ട്രോട്‌സ്‌കിയെയും വക വരുത്തിയത്. അതു തന്നെയാണല്ലോ വി എസ് പലായനം ചെയ്യുന്ന സമ്മേളനവും നമ്മോട് പറയുന്നത്? 

സാരമില്ല. ഡെല്യൂസ് വിജയിക്കുകയും ദെരീദ പരാജയപ്പെടുകയും ചെയ്ത പരീക്ഷകള്‍ ഇനിയുമുണ്ടാവും. ഫിലോസഫിക്ക് ലൈസന്‍സ് വേണ്ട കാലം ഒരിക്കല്‍ ഫ്രാന്‍സില്‍ നിലനിന്നിരുന്നു. കത്തെഴുതിയാല്‍ മനോരമയില്‍ വരുന്നതാണ് ഞങ്ങള്‍ക്കിഷ്ടം.(മനോരമയുടെ പഴയപ്രസ് വാങ്ങി ജനയുഗം ഒരിക്കല്‍ അച്ചടിച്ചിരുന്നു. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ പത്രാധിപര്‍ക്ക് കത്തുകളെഴുതി അതിലൂടെ തന്റെ വ്യത്യസ്താഭിപ്രായം ജനങ്ങളെ ഇ എം എസ് അറിയിച്ചിരുന്നു). അരാഷ്ട്രീയത്തിലെ സൂക്ഷ്മരാഷ്ട്രീയം റാഡിക്കലല്ലെങ്കില്‍ക്കൂടി എന്തു റാഡിക്കലാണീ രാഷ്ട്രീയപാര്‍ട്ടി? സാര്‍ത്രിനെ വായിച്ചിട്ടില്ലെന്ന് ദെരീദ സമ്മതിച്ചതുപോലെ മാര്‍ക്‌സിനെ വായിച്ചിട്ടില്ലെന്ന് എം സ്വരാജ് സമ്മതിക്കണമെന്നേ ഞങ്ങള്‍ക്കുള്ളൂ.

വേറൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. സാന്ദര്‍ഭികമാണ് തികച്ചും. സമ്മേളനം കഴിഞ്ഞല്ലോ. വി എസ് വീട്ടിലിരിപ്പാണ്. ഞങ്ങളൊക്കെ തെരുവിലിറങ്ങുന്നത് കൊടിപിടിക്കാനോ സിന്ദാബാദ് വിളിക്കാനോ അല്ല, തട്ടുദോശ കഴിക്കാനാണ്. പക്ഷെ തട്ടുദോശ പോലെ മലര്‍ത്തിയിട്ടുകളഞ്ഞേക്കാമെന്ന് ഒരു വ്യാമോഹവും വേണ്ട. കാരണം. മെറ്റാമോര്‍ഫോസിസ് എപ്പോള്‍ വേണമെങ്കിലും ശലഭത്തിനു ചിറകുകള്‍ നല്‍കിയേക്കാം.കാഫ്കയെപ്പോലെ മരണാനന്തരവും ആ കഥകള്‍ നിങ്ങളുടെ സ്വസ്ഥതയെ നശിപ്പിക്കും. കാരണം ചരിത്രമെന്നത് വര്‍ത്തമാനത്തിലെ വിസ്മൃതികളാണ്.

 

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്റനറി സര്‍ജനായി ജോലി ചെയ്യുന്നു)

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍