UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

മനസ്സിലെ മാലിന്യങ്ങള്‍

സി.പി.എം. നേതാക്കള്‍ ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിനായി വിശാഖപട്ടണത്ത് സമ്മേളിക്കുന്നതിന്റെ തലേന്ന് ആലപ്പുഴ നഗരപ്രാന്തത്തിലുള്ള ചെട്ടിക്കാട് എന്ന സ്ഥലത്ത് രസകരമായ ഒരു സംഭവമുണ്ടായി. പ്രാദേശിക സി.പി.എം. പ്രവര്‍ത്തകര്‍ സ്ഥലത്തെ സര്‍ക്കാര്‍ ആശുപത്രിയും പരിസരവും ആഘോഷപൂര്‍വ്വം ശുചിയാക്കാന്‍ സംഘടിച്ചെത്തി. രാവിലെ ആശുപത്രിക്കു മുന്നില്‍ നീണ്ട ഒരു ബാനര്‍ ഉയര്‍ന്നപ്പോഴാണ് ഡോക്ടര്‍മാരും ജീവനക്കാരും വിവരം അറിഞ്ഞത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും ഉള്ളും പരിസരവും മലിനമാണ്. അവയെല്ലാം വൃത്തിയാക്കി സൂക്ഷിക്കാന്‍ ആരെങ്കിലും സന്നദ്ധരാകുന്നത് വലിയ ഒരു ജനസേവനം തന്നെ. സി.പി.എമ്മിനെപ്പോലെ പ്രമുഖമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ധര്‍മ്മാശുപത്രികള്‍ ശുചിയാക്കാന്‍ സന്നദ്ധരായി രംഗത്തു വരുന്നത് ആഹ്ലാദകരവുമാണ്.

ചെട്ടിക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചികിത്സ തേടിയെത്തിയ നാട്ടുകാരും നോക്കി നില്‍ക്കെ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണവൃത്തി തകൃതിയായി ആരംഭിച്ചു. ആശുപത്രിയും പരിസരവും മാത്രമല്ല; സമീപത്ത് ആശുപത്രി ജീവനക്കാര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള ക്വാര്‍ട്ടേഴ്‌സും സേവനോല്‍സുകരായ പ്രവര്‍ത്തകര്‍ തള്ളിത്തുറന്ന് വൃത്തിയാക്കാന്‍ തുടങ്ങി. കുറേ ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ഒരു ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍പൂട്ട് പൊളിച്ച് കയറിയാണ് ആവേശഭരിതരായ സേവകര്‍ ശുചിയാക്കിയത്. അവിടെനിന്ന് ജാലവിദ്യക്കാരന്‍ തൊപ്പിയില്‍ നിന്ന് മുയലിനെ ഉയര്‍ത്തി എടുക്കുന്നതുപോലെ ഒഴിഞ്ഞ മദ്യക്കുപ്പികളും നിരോധിക്കപ്പെട്ട ലഹരിവസ്തുക്കളുടെ ഒഴിഞ്ഞ കൂടുകളും ശുചീകരണപ്രവര്‍ത്തകര്‍ കണ്ടെടുത്തു. തോമസ് ഐസക്ക് എം.എല്‍.എ. സ്ഥലത്ത് ഓടിയെത്തി. വൈകാതെ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറും മറ്റ് ഉദ്യോഗസ്ഥസംഘവും വന്നു. പത്രങ്ങളുടെയെല്ലാം പ്രാദേശിക എഡിഷനില്‍ പിറ്റേദിവസം വലിയ തലക്കെട്ടില്‍ വാര്‍ത്തയും വന്നു. വാര്‍ത്തകളില്‍ ചെറിയ ഒരു പിശകുണ്ടായിരുന്നത് വായിച്ചവര്‍ അറിഞ്ഞില്ലെങ്കിലും ആശുപത്രിയില്‍ അന്നെത്തിയ നാട്ടുകാരും ജീവനക്കാരും മാത്രം മനസ്സിലാക്കി. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മദ്യക്കുപ്പിയും ലഹരിവസ്തുക്കളും കണ്ടെത്തുന്നതില്‍ വലിയ ത്രില്‍ ഇല്ല. വാര്‍ത്ത തീവ്രതയുള്ള വാര്‍ത്തയാകുന്നത് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അവ കണ്ടെത്തുമ്പോഴാണ്. പത്രങ്ങളെല്ലാം ആശുപത്രി ജീവനക്കാര്‍ വസിക്കുന്ന ഔദ്യോഗിക പാര്‍പ്പിടത്തെ ചെട്ടിക്കാട് ആശുപത്രിയുടെ ഭാഗമായി കരുതിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ മാധ്യമങ്ങളുടെയും ഉറവിടം ഒന്നായിരുന്നതുകൊണ്ട് ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കിട്ടിയതെല്ലാം ആശുപത്രിയുടെ തലയില്‍ വന്നു. ആശുപത്രി സൂപ്രണ്ടിന്റെയോ അവിടുത്തെ ഏതെങ്കിലും ഒരു സീനിയര്‍ ഡോക്ടറുടെയോ കൂടി അഭിപ്രായം ലേഖകന്മാര്‍ ആരാഞ്ഞിരുന്നെങ്കില്‍ ദിവസം മുന്നൂറോളം രോഗികള്‍ ചികിത്സ തേടി വരുന്ന ഒരു ധര്‍മ്മാശുപത്രിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാകുന്ന വാര്‍ത്ത തല്‍പ്പരകക്ഷികള്‍ വിവിധ മാധ്യമങ്ങളുടെ വായില്‍ തിരുകി വയ്ക്കില്ലായിരുന്നു.

ആന്ധ്രാ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സ്വയം വിമര്‍ശനപരമായി സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പ്രകാശ് കാരാട്ട് അവതരിപ്പിച്ച ദീര്‍ഘമായ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന ഒരു കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തണമെന്നാണ്. അടിസ്ഥാന ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രവര്‍ത്തകരും നേതാക്കളും അകന്നുപോയതാണ് രാജ്യമൊട്ടുക്ക് ഇപ്പോള്‍ സി.പി.എം. നേരിടുന്ന വലിയ ദൗര്‍ബല്യമെന്നും പ്രകാശ് കാരാട്ട് തിരിച്ചറിയുന്നു. ആം ആദ്മി പാര്‍ട്ടി ചൂലെടുത്തപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍വരെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ വലിപ്പം മനസ്സിലാക്കിയതെന്ന് തോന്നുന്നു. ജനസമ്പര്‍ക്കം കൂട്ടാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ പൊതു ശുചീകരണ പരിപാടി ഒരു നല്ല വഴിയായി ഏറ്റെടുത്തത് പ്രശംസാവഹം തന്നെ. ഡോ. ടി.എം. തോമസ് ഐസക്കിനെപ്പോലൊരാള്‍ അതിന് നേതൃത്വം നല്‍കുന്നത് പ്രതീക്ഷാനിര്‍ഭരവും. എന്നാല്‍ ആലപ്പുഴയിലെ ചെട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേതുപോലുള്ള ശുചീകരണ പ്രവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മാലിന്യങ്ങള്‍ മുഴുവന്‍ നമ്മുടെ മനസ്സില്‍ തന്നെ കിടക്കും. ആശുപത്രി മേധാവികളില്‍ ആരോടോ സി.പി.എം. പ്രാദേശിക നേതാവിന് ചൊരുക്കുണ്ട്. എന്നാല്‍ അവനെ കാണിച്ചുകൊടുക്കാമെന്ന വാശിതീര്‍ക്കാന്‍ ചൂലുമായി പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് വിടുകയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ജനസമ്പര്‍ക്കമെങ്കില്‍ കാരാട്ടോ യച്ചൂരിയോ രാമചന്ദ്രന്‍ പിള്ളയോ ശീര്‍ഷാസനം ചെയ്താലും സി.പി.എമ്മിന്റെ നില മെച്ചപ്പെടാന്‍ പോകുന്നില്ല.

കേരളത്തിലെ ആരോഗ്യ സേവന രംഗത്ത് സ്ഥാപിത താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. മണ്‍മറഞ്ഞ പ്രമുഖ നേതാക്കളുടെ പേരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടത്തുന്ന പാര്‍ട്ടി നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ആശ്രയമായ ധര്‍മ്മാശുപത്രികള്‍ നേരെചൊവ്വേ പ്രവര്‍ത്തിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല. പെരുന്തല്‍മണ്ണയിലെ ഇ.എം.എസ് സ്മാരക ആശുപത്രിയോ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയോ പാവപ്പെട്ട രോഗികള്‍ക്ക് ഒരിക്കലും എത്തിനോക്കാവുന്ന ഇടങ്ങളല്ല. എറണാകുളത്തെ എ.പി. വര്‍ക്കി സ്മാരകാശുപത്രിയിലെത്തുന്നവര്‍ക്ക് വഹിക്കേണ്ടിവരുന്ന ചികിത്സാ ചെലവിന്റെ കണക്ക് കേരളത്തിലെ ഏതൊരു സ്വകാര്യ ആശുപത്രിയിലെ നിരക്കുകളോട് കിടപിടിക്കും. കൊല്ലത്ത് എന്‍.എസ്. സ്മാരകാശുപത്രിയുണ്ട്. അങ്ങനെ പല സ്ഥലങ്ങളിലും സി.പി.എം. നിയന്ത്രിത ആശുപത്രികള്‍ കഴുത്തറുപ്പന്‍ കച്ചവടലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നു. മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള ആശുപത്രി ചെയ്യുന്ന ജീവകാരുണ്യത്തിന്റെ അത്രപോലും പാവങ്ങളുടെ പാര്‍ട്ടി നിയന്ത്രിക്കുന്ന ചികിത്സാലയങ്ങളില്‍ നിന്ന് ആര്‍ക്കും ലഭിക്കുന്നില്ലെന്നത് ജനങ്ങളുടെ നിത്യാനുഭവമാണ്.

സി.പി.എം. കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം സംസ്ഥാനത്തെ പൊതുജനാരോഗ്യ സേവനമേഖലയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കുറവുണ്ടാകുന്നതും ഡോക്ടര്‍മാര്‍ ദീര്‍ഘകാല സമരപാതയില്‍ എടുത്തെറിയപ്പെടുന്നതും ഇടതു ഭരണകാലത്താണെന്നത് യാദൃച്ഛികമായി കരുതാനാവില്ല. കഴിഞ്ഞ തവണ പി.കെ. ശ്രീമതിയായിരുന്നു ആരോഗ്യവകുപ്പുമന്ത്രി. പൊതുജനാരോഗ്യ മേഖലയില്‍ ഏറ്റവും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായകാലം. ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും ആലപ്പുഴ, എറണാകുളം തീരദേശങ്ങളില്‍ പടര്‍ന്നപ്പോള്‍ ആരോഗ്യമന്ത്രി അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദനുമായി രോഗത്തിന്റെ പേരിനെച്ചൊല്ലി തര്‍ക്കിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പണിമുടക്കിയപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അടിക്കടി പരാജയപ്പെട്ടു. ധര്‍മ്മാശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. വേതന വര്‍ദ്ധനവ് അനുവദിച്ചെങ്കിലും നടപ്പാക്കാന്‍ ധനവകുപ്പ് മനപ്പൂര്‍വ്വം കാലതാമസം വരുത്തി. മിടുക്കരായ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസ് വിട്ട് കൂടുതല്‍ മെച്ചപ്പെട്ട വരുമാന സൗകര്യങ്ങള്‍ തേടി സ്വകാര്യാശുപത്രികളിലേയ്ക്ക് പോയി. അവരില്‍ പലരും എത്തിപ്പെട്ടത് സി.പി.എം. നിയന്ത്രിത ആശുപത്രികളിലായിരുന്നു.

ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ നേരേചൊവ്വേ പ്രവര്‍ത്തിക്കണമെന്ന് സി.പി.എം. നിയന്ത്രിത ആശുപത്രികള്‍ അടക്കമുള്ള ഒരു സ്വകാര്യ ചികിത്സാലയവും ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ ആലപ്പുഴ ചെട്ടിക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് ശുചീകരണ ദൗത്യവുമായി പോയ സി.പി.എം. പ്രവര്‍ത്തകരുടെ ലക്ഷ്യം ജനസേവനവും നന്മയുമായിരുന്നോ? ആശുപത്രിയില്‍ നിന്ന് ശുചീകരണപ്രവര്‍ത്തകര്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും മയക്കുമരുന്ന് ഉപയോഗത്തിന്റെ തെളിവും കണ്ടുപിടിച്ചു എന്ന് വലിയ വാര്‍ത്ത വന്നപ്പോള്‍ മാലിന്യം പരിസരത്തുള്ളതിലേറെ മനുഷ്യമനസ്സുകളിലാണെന്ന് കാര്യബോധമുള്ളവര്‍ തിരിച്ചറിഞ്ഞു. ദീര്‍ഘകാല അവധിയില്‍പ്പോയ ഒരു ജീവനക്കാരന്‍ ഉപയോഗിച്ചുപോന്ന അടഞ്ഞുകിടന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെടുത്ത ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ആശുപത്രിയുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തതാര്? ആശുപത്രിയും പരിസരവും വൃത്തിയാക്കി ജനപ്രീതി നേടാന്‍ വന്നവര്‍ എന്തിന് അടഞ്ഞുകിടന്ന ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടുപൊളിച്ചു കടന്നു? തോമസ് ഐസക്കിനെപ്പോലെ കാര്യഗൗരവമുള്ള ഒരു ജനപ്രതിനിധി സാക്ഷിയായ സംഭവത്തിന്റെ വാര്‍ത്ത വളച്ചൊടിച്ച് ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് ദുഷ്‌കീര്‍ത്തി ഉണ്ടാക്കിയിട്ട് ആര്‍ക്ക് നേട്ടം? ‘ചെട്ടിക്കാട് ആശുപത്രിയില്‍ മദ്യവും മയക്കുമരുന്ന് ഉപയോഗവും കണ്ടെത്തി’ എന്ന വാര്‍ത്ത വായിച്ച ആലപ്പുഴക്കാരുടെ ആലോചനയില്‍ ഉയരുന്ന ചോദ്യങ്ങളാണിത്.

ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. മാലിന്യങ്ങള്‍ നമ്മുടെ പരിസരത്ത് ധാരാളമുണ്ട്. അതിലും വളരെ ഏറെ നമ്മുടെ പാര്‍ട്ടി നേതാക്കളുടെ മനസ്സിലുണ്ട്. അത് തൂത്തെറിയാത്തിടത്തോളം കാലം സി.പി.എം. നന്നാവില്ല. പാര്‍ട്ടിക്ക് പ്രായാധിക്യമായി എന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ സ്വയം വിലയിരുത്തുന്നു. വാര്‍ദ്ധക്യം കാലത്തിന്റെയോ പ്രായത്തിന്റെയോ മാത്രം പ്രശ്‌നമല്ല. അതൊരു മനോഭാവത്തിന്റെ പ്രശ്‌നം കൂടിയാണ്. പ്രബുദ്ധരായ ഒരു ജനസമൂഹത്തെ നയിക്കാന്‍ കെല്‍പ്പുണ്ടാകണമെങ്കില്‍ സി.പി.എമ്മില്‍ ഇനി വലിയൊരു മാനസിക വിപ്ലവം നടക്കണം. ഔദ്യോഗികപക്ഷത്തെ അടിച്ചിരുത്തണോ അച്യുതാനന്ദനെ അസ്തമിപ്പിക്കണോ എന്ന് സദാ ആലോചിച്ചുകൊണ്ടിരിക്കുന്ന ചെറിയ മനസ്സുകളില്‍ ആ വിപ്ലവം വിളയില്ല. നേതാക്കളുടെ കാപട്യങ്ങള്‍ ജനങ്ങള്‍ വേഗം തിരിച്ചറിയുന്നു. അതിനാല്‍ എം.എന്‍. വിജയന്‍ പറഞ്ഞതുപോലെ പാര്‍ട്ടിയുണ്ട്, പക്ഷേ ജനങ്ങള്‍ കൂടെയില്ല. വിഭാഗീയത മൂത്ത് പി. കൃഷ്ണപിള്ള സ്മാരകം തീയിട്ട് അരിശംതീര്‍ക്കുന്നത്ര വളര്‍ച്ചയും വികാസവും കൈവരിച്ചുകഴിഞ്ഞു കേരളത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍. ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനങ്ങളും പരിപാടികളും അടിക്കടി കാണുമ്പോള്‍ വിപ്ലവം സ്വന്തം സന്തതികളെ ഭക്ഷിച്ചു തുടങ്ങുമെന്ന ചൊല്ല് ഓര്‍ത്തുപോകുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ സ്ഥാപനങ്ങള്‍ വളരുമ്പോള്‍ പാര്‍ട്ടി തകരുകയാണ്. ചെട്ടിക്കാട് ആശുപത്രി ശുചീകരണം പോലുള്ള പരിപാടികള്‍ അതിന് ചെറിയൊരു ഉദാഹരണം മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍