UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനാരായണ ഗുരുവില്‍ ആര്‍എസ്എസ് കണ്ടതും സിപിഐഎം കാണാതെ പോയതും

Avatar

ഡി. ധനസുമോദ്

സംഘപരിവാറിനു മനസിലായതും സിപിഎമ്മിന് പിടികിട്ടാത്തതും ആയ ഒരു കാര്യമുണ്ട്; ശ്രീനാരായണന്‍ ഇന്ന് ഗുരുവല്ല ഒരു ദൈവമാണ്. കേരളത്തിലെ നൂറുകണക്കിന് ഗുരുദേവ ക്ഷേത്രങ്ങളില്‍ മൂന്ന് നേരം പൂജയും പുഷ്പാഞ്ജലിയും തൃമധുരവുമൊക്കെ നടക്കുന്നുണ്ട്. ശ്രീനാരായണ ഗുരുദേവ സഹസ്രനാമ പുസ്തകം വരെ അച്ചടിച്ച് പുറത്തിറക്കി കഴിഞ്ഞു. ബ്രാഹ്മണ മേധാവിത്വം പുലരുന്ന ക്ഷേത്രങ്ങളെ ഒഴിവാക്കി ഈഴവ വിഭാഗത്തില്‍പ്പെടുന്ന പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. ഗുരുമന്ദിരങ്ങള്‍ ഗുരുദേവ ക്ഷേത്രങ്ങള്‍ ആയി മാറാന്‍ തുടങ്ങിയത് 8-9 വര്‍ഷം മുന്‍പ് തൊട്ടാണ്. നിശബ്ദമായ ഈ മാറ്റം ആദ്യം തിരിച്ചറിഞ്ഞത് സംഘ പരിവാര്‍ ആയിരുന്നു. കേരള നിയമ സഭയില്‍ ഒരു താമര വിരിയിച്ചെടുക്കാനായി സവര്‍ണ വിഭാഗത്തില്‍പ്പെടുന്ന ആര്‍.എസ്.എസ്-ബിജെപി നേതാക്കള്‍ പതിറ്റാണ്ടുകള്‍ ആയി തുഴയുന്നു. ത്രികോണ മത്സരത്തിലൂടെ ജയിച്ചു കയറാം എന്ന് കരുതുന്ന സീറ്റിലാവട്ടെ യു.ഡി.എഫ്. എല്‍.ഡി.എഫ് യോജിപ്പിലൂടെ ബിജെപിയെ കരയ്ക്കിരിത്തും. ഈ സാഹചര്യത്തിലാണ് സമുദായ സംഘടനകളെ ഒരുമിച്ചു ചേര്‍ത്ത് മുന്നോട് പോകാന്‍ സംഘപരിവാര്‍ തീരുമാനിച്ചത്.

നായാടി മുതല്‍ നമ്പൂതിരി വരെ 108 ജാതികളെ കൂട്ടിയിണക്കി കൊണ്ട് നടത്തുന്ന ഹിന്ദു പാര്‍ലമെന്റ് ക്ലിക്ക് ആയില്ല. ഹിന്ദു മതത്തിലെ പ്രബല സമുദായങ്ങളായ നായര്‍, ഈഴവ വിഭാഗത്തെ തങ്ങളുടെ പാതയിലേക്ക് കൊണ്ടുവരാത്തടുത്തോളം കാലം തെരഞ്ഞെടുപ്പു വിജയം ബാലികേറാമലയാണ് എന്ന് കാവി ബുദ്ധിയില്‍ തെളിഞ്ഞു. ആര്‍.എസ്.എസ് സര്‍സംഘചാലക് ആയ ഗോള്‍വള്‍ക്കറും എന്‍.എസ്എസ് നേതാവ് മന്നത്ത് പദ്മനാഭനും മികച്ച ബന്ധത്തിലായിരുന്നു എങ്കിലും പിന്നീട് സംഘടന ബന്ധം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോക്കറ്റില്‍ ഉള്ളപ്പോള്‍ എന്നെങ്കിലും വിരിയേണ്ട താമരയുടെ പിന്നാലെ പോകേണ്ട കാര്യമില്ലല്ലോ.

ഹിന്ദു ഐക്യവേദിയുടെ വേദികളില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം ഉയര്‍ന്നു തുടങ്ങിയതിനു പിന്നിലും കാര്യമുണ്ട്. കുടുംബ യൂണിറ്റ് വഴി താഴെ തട്ടില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തനം ശക്തമായിട്ട് പത്തു വര്‍ഷം ആകുന്നു. ക്രിസ്തുമത വിശ്വസികളില്‍ ഒതുങ്ങി നിന്നിരുന്ന സമൂഹ ധ്യാനവും പ്രാര്‍ത്ഥന യജ്ഞവും സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ഇതിനിടയില്‍ ആരംഭിച്ചു. കവലകളില്‍ സ്ഥാപിക്കുന്ന ചില്ലുകൂട്ടില്‍ നിന്നും ശ്രീകോവില്‍ പണിതു ഗുരുവിനെ ദേവനാക്കി പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ നടത്തുന്നത് സന്യാസിമാരും മുഖ്യാഥിതി വെള്ളാപ്പള്ളി നടേശനും ആയിരിക്കും എന്നതില്‍ ആറേഴു വര്‍ഷങ്ങളായി മാറ്റമുണ്ടായിട്ടില്ല. മാറ്റനി കഴിഞ്ഞു തിയറ്റര്‍ വിട്ടു വരുന്നവരുടെ മുന്നില്‍ നിന്ന് പിന്നില്‍ ഉള്ളതെല്ലാം തന്റെ അണികള്‍ ആണെന്ന് പറയുന്ന വലിയ നേതാവായിരുന്ന വെള്ളാപ്പള്ളിയുടെ മാറ്റവും ബുദ്ധിപരമായിരുന്നു.

ഈഴവ സമുദായത്തില്‍ നിന്നുള്ള ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണച്ചു പരാജയപ്പെടുത്തുന്നു എന്ന കോമാളി വേഷത്തില്‍ നിന്നും അദ്ദേഹം പുറത്തു കടന്നു. നാക്കിനെ ചാട്ടുളി ആക്കി കൃത്യമായി നടത്തിയ പ്രയോഗങ്ങള്‍ ആയിരുന്നു തുണയായത്. എസ്.എന്‍.ഡി.പിക്കാരും ഓട്ടോക്കാരും ലവ് ജിഹാദ് നടത്തുന്നു എന്ന പ്രസ്താവന ഇറക്കിയ ബിഷപ്പ് മാപ്പ് പറഞ്ഞിട്ടും വെള്ളാപ്പള്ളി പരിഹാസം തുടര്‍ന്നതൊക്കെ അദ്ദേഹത്തിന് നേരിയ വിശ്വാസ്യത നേടി കൊടുത്തു. ഇതൊക്കെ ആണെങ്കിലും സമുദായ വോട്ട് മറിച്ച് ആരെയും ജയിപ്പിക്കാനോ പരാജയപ്പെടുത്താനോ ശേഷിയുള്ള ആളല്ല വെള്ളാപ്പള്ളി. മറ്റെരെക്കാളും ഈ ദൗര്‍ബല്യം വ്യക്തമായി അറിയാവുന്ന ആളും വെള്ളാപ്പള്ളി തന്നെ.

ആര്‍. ശങ്കര്‍ പ്രതിമ അനാഛാദനം ചെയ്യാനായി പ്രധാനമന്ത്രിയെ വേണം എന്ന ആഗ്രഹം വെള്ളാപ്പള്ളി ആദ്യമായി തുറന്നു പറഞ്ഞത് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ പ്രവീണ്‍ തൊഗാഡിയയോടായിരുന്നു. അശോക് സിംഗാള്‍ വഴി മോദിയുമായി വെള്ളപ്പള്ളിക്ക് കൂടിക്കാഴ്ച്ച തയ്യാറാക്കിയ ശേഷം മാത്രമാണ് ബിജെപി സംസ്ഥാന നേതൃത്വം പോലും അറിയുന്നത്. ഡല്‍ഹിയില്‍ പോകുന്നത്തിന്റെ ഉദ്ദേശം വെള്ളാപ്പള്ളി സഞ്ചരിച്ച അതെ ഫ്‌ളൈറ്റില്‍ കയറികൂടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ മനസിലാക്കിയെടുത്തത്. ഈഴവ സമുദായത്തെ കാവി കൂടാരത്തില്‍ വെള്ളാപ്പള്ളി കൊണ്ടുപോയി കെട്ടുന്നു എന്ന് സിപിഐഎം പറയേണ്ടത് വെള്ളാപ്പള്ളിയുടെ ആവശ്യമായിരുന്നു. ഈ കെണിയില്‍ സിപിഎം തല വച്ച് കൊടുത്തു. അങ്ങനെ വെള്ളാപ്പള്ളി എന്ത് ആഗ്രഹിച്ചോ അതൊക്കെ സിപിഎം നേതാക്കള്‍ സാധിച്ചു കൊടുത്തു.

ഈഴവ സമുദായത്തിന്റെ മുതലാളിയായി നടേശ മുതലാളിയെ കണ്ടു പരിഭവിക്കുകയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ചെയ്യുന്നത്. അരുവിക്കര തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിന്റെ ചൂട് മാറും മുന്‍പേ സിപിഎം ജില്ല സെക്രട്ടറി സജി ചെറിയാന്‍ വെള്ളാപ്പള്ളിയുടെ വീട്ടിലേക്കോടി. കണ്ണൂര്‍ നിശ്ചല ദൃശ്യം പത്തു വര്‍ഷം മുന്‍പാണ് അവതരിപ്പിച്ചിരുന്നെങ്കില്‍ വലിയ കോളിളക്കം സൃഷ്ടിക്കാതെ പോയേനെ. ഗുരു കവലയില്‍ നിന്നും ശ്രീകോവിലിലേക്ക് താമസം മാറിയത്തോടെ ഇനി എല്ലാം വികാരമാണ് നിയന്ത്രിക്കുന്നത്. ഇത് തിരിച്ചറിയാന്‍ സിപിഎമ്മിന് ഇനിയും മനസിലായില്ല. ഇപ്പോള്‍ നടത്തുന്ന യുദ്ധപ്രഖ്യാപനം കാര്യങ്ങള്‍ കൂടുതല്‍ വഴളാക്കുകയാണ് ചെയ്തത്. എസ്.എന്‍.ഡി.പി യും സിപിഎമ്മും തമ്മിലുള്ള ആശയപോരട്ടത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അന്നൊന്നും ഇങ്ങനെ ആയിരുന്നില്ല സിപിഎം നേതൃത്വം കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഗുരുവിനെ ഒപ്പം നിര്‍ത്തിയും എസ്.എന്‍.ഡി.പി യെ മാറ്റി നിര്‍ത്തിയുമായിരുന്നു പോരാട്ടം. ഇന്നാവട്ടെ ഗുരുവിനെ ആദ്യമേ വെള്ളപ്പള്ളിക്ക് വിട്ടു കൊടുത്ത ശേഷം നടത്തുന്ന പോരാട്ടം ആണ് കാണുന്നത്. ഗുരുവിനെ നന്നായി വായിച്ചിട്ടുള്ള, ഗുരുവിനെ വേണ്ടിടത്ത് പുകഴ്ത്താനും വേണ്ടപ്പോള്‍ ഇകഴ്ത്താനും അറിയാവുന്ന നമ്പൂതിരിപ്പാടിനെപ്പോലുള്ള നേതാക്കള്‍ സി.പി.എമ്മില്‍ അസ്തമിച്ചതും അതിനൊരു കാരണമാണ്. നിശ്ചല ദൃശ്യത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിവരില്‍ അധികവും രാഖി കെട്ടിയവരായിരുന്നു. പ്രകടന പട്ടത്തിന്റെ ചരട് എസ്.എന്‍.ഡി.പി യുടെ കൈയില്‍ നിന്നും പോയ്‌പ്പോയി എന്നതാണ് വാസ്തവം. കിട്ടിയ അവസരത്തില്‍ സംഘപരിവാര്‍ ശക്തമായി ഇടപെടുകയാണ്. ദൈവമായ ഗുരുവാണ് സംഘപരിവാറിന് കൂടുതല്‍ സൗകര്യം. മനുഷ്യനായ ഗുരു അസ്വസ്ഥത പ്പെടുത്തി കൊണ്ടേയിരിക്കും. യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ എടുത്തെറിയുന്ന ജാതിയുടെ തുറുപ്പുഗുലാന്‍ തന്നെ ആണ് കേരളത്തിലും സംഘപരിവാര്‍ വീശിയത്. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഈ സമരങ്ങളില്‍ ശ്രീനാരായണീയരുടെ എണ്ണം തീരെ കുറവാണ്. ഇതെല്ലാം കണ്ട് എസ്.എന്‍.ഡി.പിക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചു സഖാക്കള്‍ നീങ്ങുന്നതാണ് മറ്റൊരു ദുരവസ്ഥ. ജാതി മത വേര്‍തിരിവിന്റെ നാല്‍ക്കവലയിലാണ് കേരളത്തിലെ ചെറുപ്പക്കാര്‍ എത്തി നില്‍ക്കുന്നത്.

എനിക്ക് ബുദ്ധി ഉറയ്ക്കുന്ന കാലത്ത് അമ്മുമ്മയും അമ്മയും പറഞ്ഞു നല്‍കിയത് ഭൂപരിഷകരണത്തിലൂടെ പാവങ്ങള്‍ക്ക് ഭൂമി നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചായിരുന്നു. അനുഭവിച്ചതിന്റെ തീക്ഷ്ണത അവരില്‍ പാര്‍ട്ടിക്കൂറ് വളര്‍ത്തി. ഭൂമി കിട്ടിയവര്‍ അതിലൂടെ കെട്ടി ഉയര്‍ത്തിയത് സ്വന്തം ജീവിതമാണ്. സഹകരണ ബാങ്കുകളില്‍ ആധാരം പുതുക്കിയും എടുത്തും മാറ്റി വച്ചുമാണ് ജീവിതത്തിലെ നിര്‍ണായക കാര്യങ്ങള്‍ നടത്തിയെടുത്തത്. മക്കളുടെ കല്യാണം നടത്താനും വീട് പണിയാനും അഞ്ചു സെന്റ് അധികമായി വങ്ങാനുമൊക്കെ ഈ ആധാരം താങ്ങും തണലുമായിരുന്നു. അതൊരു വലിയ വിശ്വാസം കൂടി ആയിരുന്നു. അമ്പതുകളില്‍ എസ്.എന്‍.ഡി.പി സിപിഎം തര്‍ക്കം നടക്കുമ്പോഴും അടിസ്ഥാന വിഭാഗത്തിന്റെ വോട്ട് ഇടതു പെട്ടിയില്‍ തന്നെ വീണു. കാരണം മഞ്ഞക്കൊടിയേക്കാള്‍ അവര്‍ക്ക് പ്രിയം കടും ചെമപ്പിനോടായിരുന്നു.

അടുത്ത തലമുറയില്‍ കൂറ് കുറഞ്ഞു, ഇപ്പോഴാവട്ടെ തീരെ ഇല്ലാതെ ആയി. പുതിയ വോട്ടര്‍മാര്‍ക്ക് സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയും എല്ലാം തുല്യം. ചരിത്രബോധം കുറഞ്ഞ ചെറുപ്പക്കാരെ പിടിക്കാന്‍ ഈ നാല്‍ക്കവലയില്‍ നേരത്തെ ഇരിപ്പുറപ്പിച്ചവരാണ് വെള്ളാപ്പള്ളിയും സംഘപരിവാറും. ഉപഭോക്താക്കളായി കാത്തിരിക്കുന്ന ഇവരെ കുറ്റം പറയുന്നതിന് പകരം കൃത്യമായ രാഷ്ട്രീയം പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. ആഗോളവല്ക്കരണം, ഉദാരവല്‍ക്കരണം തുടങ്ങിയ കടുകട്ടി വാക്ക് ഉപേക്ഷിച്ച് അവരുടെ ഭാഷയില്‍ വേണം പറഞ്ഞു കൊടുക്കേണ്ടത്. ഇതിനു മെനക്കെടാന്‍ സിപിഎമ്മിന്റെ കൈയില്‍ സമയവും ഇല്ല.

സിപിഎം നേതാക്കള്‍ക്കിപ്പോള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് ചതുര്‍ഥിയാണ്. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം ഭൂതക്കണ്ണാടിയിലൂടെ നോക്കി വിമര്‍ശിക്കുന്നതിനു പകരം പാര്‍ട്ടി സമ്മേളനം ബ്രാഞ്ച് മുതല്‍ സംസ്ഥാന തലം വരെ വ്യക്തിപൂജയും ഗ്രൂപ്പ് രാഷ്ട്രീയവും മാത്രമായി ചര്‍ച്ച. എതിര്‍ ഗ്രൂപ്പുകാരെ വ്യക്തിഹത്യ ചെയ്തും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലും അഴിമതി ആരോപണത്തിലൂടെയും പുറത്തു കളഞ്ഞു. ഇഷ്ടമല്ലാത്തവരെ പുറത്തു കളയാന്‍ ഒളിക്യാമറ പോലും ആയുധമാക്കി.

ഇടതു പക്ഷ രാഷ്ട്രീയ സംവാദങ്ങള്‍ നടത്താന്‍ നേതാക്കന്മാര്‍ ഇല്ലെന്നായി. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പകരം നട്ടു പിടിപ്പിച്ചത് ജൈവപച്ചക്കറിയും പാലിയേറ്റീവ് കെയറും ക്ലബുകളും ഒക്കെ ആയി. ഇതൊക്കെ വേണ്ടത് തന്നെ, പക്ഷെ രാഷ്ട്രീയം ഉപേക്ഷിച്ചു കൊണ്ട് പാടില്ലായിരുന്നു എന്ന് മാത്രം. സജീവ രാഷ്ട്രീയവും സംവാദവുമൊക്കെ നിലനിര്‍ത്തിയിരുന്നെങ്കില്‍ നിശ്ചല ദൃശ്യത്തിനു മുന്നില്‍ വിരണ്ടുപോകുമായിരുന്നില്ല.

( ടിവി ന്യൂ വാര്‍ത്താ ചാനല്‍ ന്യൂസ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമാണ് ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍