UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിയുടെ ഭീഷണിക്ക് വഴങ്ങലല്ല സി.പി.എം ചെയ്യേണ്ടത്

Avatar

സാജു കൊമ്പന്‍

ഒടുവില്‍ വെള്ളാപ്പള്ളിക്ക് ഒരു കച്ചിത്തുരുമ്പ് കിട്ടി. ഡല്‍ഹിയില്‍ പോയി അമിത് ഷായെക്കണ്ട് ചില പാക്കേജുകള്‍ ഉറപ്പിച്ച് കേരളത്തില്‍ കാലുകുത്തിയ വെള്ളാപ്പള്ളിക്ക് അറിയാമായിരുന്നു ബി ജെ പിയുമായി കൂട്ടുകൂടല്‍ അത്ര എളുപ്പമല്ലെന്ന്. സംബന്ധം പലതുണ്ടെങ്കിലും വേളി കഴിച്ചത് സി പി എമ്മിനെയാണെന്ന മട്ടില്‍ ചില വാചകമടി നടത്തിയത് അതുകൊണ്ടാണ്. കമ്യൂണിസ്റ്റുകാരായ ഈഴവര്‍ പീതപതാക പിടിക്കും; പക്ഷേ അതിന്‍റെയൊപ്പം കാവി കൂടി പിടിക്കണമെന്ന് പറഞ്ഞാല്‍ സമ്മതിക്കണമെന്നില്ല. അത് വെള്ളാപ്പള്ളിക്ക് അറിയാം. മെല്ലെ തിന്നാല്‍ മുള്ളു മാത്രമല്ല അടുത്തിരിക്കുന്നവന്റെ പ്ലേറ്റിലേത് കൂടി തിന്നാം എന്ന് ഒരുപാടുകാലം കോണ്‍ട്രാക്ടറായും അബ്കാരി ബിസിനസിലും ഒക്കെ മുങ്ങിക്കുളിച്ചു വന്ന വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കേണ്ടതില്ല. സി പി എമ്മിനെ അടിക്കാന്‍ അനുയോജ്യമായ വടി അവര്‍ തന്നെ കൊണ്ടുത്തരും. വെള്ളാപ്പള്ളി കാത്തിരുന്നു.

ആ വടിയാണ് കഴിഞ്ഞ ദിവസം കിട്ടിയത്. കണ്ണൂര്‍ തളിപ്പറമ്പില്‍ സി പി എമ്മിന്‍റെ കുട്ടികളുടെ കലാ-സാംസ്കാരിക സംഘടനയായ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണം സമാപന ഘോഷയാത്രയില്‍ ഒരു നിശ്ചല ദൃശ്യത്തിന്റെ രൂപത്തില്‍. കേരളത്തിലെ ഈഴവ ജനസമൂഹം (മലബാറിലെ തീയ്യരും പെടും) ഇപ്പോള്‍ ദൈവമായി ആരാധിക്കുന്ന ശ്രീ നാരായണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്നതാണ് ആ പ്ലോട്ട്. (കുരിശ് എന്ന് മാത്രം പറയാന്‍ പറ്റില്ല. കുരിശും ത്രിശൂലവും ചേര്‍ന്ന രൂപം) ഇത് കണ്ട ഉടനെ വെള്ളാപ്പള്ളിയുടെ മനസില്‍ ഒരു ലഡ്ഡു പൊട്ടി. സാമാന്യം നല്ല സംഘടനാ പാടവമുള്ള വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മുറിവേറ്റ് വികാര ഭരിതരായ ശ്രീനാരായണീയരെക്കൊണ്ട് കേരളത്തിന്റെ തെരുവുകള്‍ ഇരമ്പി മറിഞ്ഞു (?). ഗുരുവിനെ കുരിശില്‍ തറച്ചതും ചങ്ങലയ്ക്കിട്ടതുമായ ഫോട്ടോഗ്രാഫുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് വെള്ളാപ്പള്ളി ഗദ്ഗദകണ്ഠനായി. ഇനി ഞങ്ങള്‍ ആര്‍ എസ് എസിനോടല്ല താലിബാനോടൊപ്പം കൂടിയാലും ഉത്തരവാദി സി പി എം ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അപകടം മണത്ത സി പി എം നേതാക്കള്‍ സടകുടഞ്ഞെഴുന്നേറ്റു. എതിരാളികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ചത് തെറ്റായിപ്പോയെന്നും ജാഗ്രത കുറവായെന്നും അടിസ്ഥാന നിലപാടില്‍ മാറ്റമില്ലെന്നുമൊക്കെ പിണറായി, കോടിയേരി, വി എസ് തുടങ്ങി കണ്ണൂരില്‍ പി ജയരാജന്‍ വരെ പറഞ്ഞു. പ്രാദേശികമായി സംഘടിപ്പിച്ച ഒരു നിശ്ചല ദൃശ്യത്തിന്‍റെ പേരില്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പോലും കുറ്റസമ്മതം നടത്തിയിട്ടും എസ് എന്‍ ഡി പി അടങ്ങിയില്ല. അവര്‍ കോട്ടയത്ത് പിണറായി വിജയന്‍ പങ്കെടുത്ത വര്‍ഗ്ഗീയ വിരുദ്ധ സെമിനാറിലേക്ക് തളിക്കയറാന്‍ ശ്രമിക്കുകയും ഫ്ലക്സ് തകര്‍ക്കുകയും ചെയ്തു. കൂടാതെ കൊല്ലത്ത് കോടിയേരിയുടെ കോലവും കത്തിച്ചു. 

പ്രതിരോധത്തില്‍ നിന്നാല്‍ സംഗതി കൈവിട്ടു പോകുമെന്ന് സി പി എമ്മിന് മനസിലായി. ശ്രീ നാരായണ ഗുരു മഹാനായ നവോത്ഥാന നായകനാണ് എന്ന് ഞങ്ങള്‍ എന്നും പറഞ്ഞിട്ടുണ്ടെന്നും ഗുരുവിനെയും കേരളത്തിലെ ഈഴവ സമൂഹത്തെയും സംഘപരിവാരത്തിന്റെ ആലയില്‍ കെട്ടാനുള്ള വെള്ളാപ്പള്ളി കമ്പനിയുടെ ശ്രമത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും സി പി എം പറഞ്ഞു. മാത്രമല്ല കഴിഞ്ഞ ദിവസം കൊടിയേരിക്കടുത്ത് നങ്ങാരത്ത്പീടികയില്‍ ഗുരു പ്രതിമ തകര്‍ത്ത് കാട്ടിലെറിഞ്ഞതിന്റെ പേരില്‍ 3 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ കാര്യം ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. തങ്ങള്‍ക്ക് വേണ്ട എല്ല് അതല്ല എന്നറിയാവുന്ന എസ് എന്‍ ഡി പി പക്ഷേ അതില്‍ കടിക്കാന്‍ തയ്യാറായില്ല. 

ഇടയില്‍ ബി ജെ പിയ്ക്കാണ് ഓണം ബമ്പര്‍ അടിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി വിവാദത്തിലൂടെ കിട്ടിയ മേല്‍ക്കൈ ആസ്വദിച്ചിരിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് ഗുരുദേവന്‍റെ രൂപത്തില്‍ ബമ്പര്‍ അടിച്ചത്. നാട്ടില്‍ പലയിടത്തും നടന്ന ശ്രീനാരായണീയ പ്രക്ഷോഭത്തിന്റെ ഊര്‍ജ്ജം മാരാര്‍ജി ഭവനില്‍ നിന്നാണ് പ്രവഹിച്ചത് എന്ന് ഊഹിക്കാന്‍ വലിയ ചാനല്‍ രാഷ്ട്രീയ നിരീക്ഷകനൊന്നും ആകേണ്ട കാര്യമില്ല. പീത പതാകധാരികളുടെ കൈത്തണ്ടയില്‍ കെട്ടിയ രാഖികളുടെ എണ്ണം എടുത്താല്‍ മതിയാകും.  എന്തായാലും കണ്ണൂരില്‍ കരിദിനവും ഡല്‍ഹി എ കെ ജി ഭവനിലേക്ക്മാര്‍ച്ചുമായി സംഗതി പൊലിപ്പിച്ചെടുക്കാന്‍ തന്നെയാണ് ബി ജെ പിയുടെ തീരുമാനം.

ഇനി കോണ്‍ഗ്രസ് പാളയം. അവര്‍ ഹാപ്പിയാണ്. മുട്ടനാടുകള്‍ തമ്മിലടിക്കുമ്പോള്‍ ഒഴുകുന്ന ചോരയില്‍ തന്നെയാണ് അവരുടെ കൌതുകം. ഇത്തരം രാഷ്ടീയ വിഷയങ്ങളില്‍ ഒന്നും ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഇടപെടാറില്ല. 24 മണിക്കൂറും ഒരേയൊരു മന്ത്രം മാത്രം. വികസനം. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന കേരളത്തില്‍ ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമോ എന്നത് അവരുടെ ചിന്തയിലേ വരുന്നില്ല. എ കെ ആന്‍റണി ചിലപ്പോള്‍ വല്ലതും പറയുന്നതല്ലാതെ. (അതിപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം.) എല്ലാവരും ഉമ്മന്‍ചാണ്ടിയുടെ പിന്നാലെയാണ്. സരിത-സോളാര്‍-ബാര്‍ യുദ്ധങ്ങള്‍ ജയിച്ച് വില്ലാളി വീരനായി നില്‍ക്കുകയാണല്ലോ ഉമ്മന്‍ ചാണ്ടി. തുടര്‍ ഭരണത്തിനായി ഇനി ഉമ്മന്‍ ചാണ്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരാം എന്നാണ് കോണ്‍ഗ്രസുകാരുടെ ചിന്ത. 

ഇനിയെങ്കിലും സി പി എം തിരിച്ചറിയേണ്ടത് ഇത്രമാത്രം. ഒന്നുകില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍, അതിലൂടെ ഭരണത്തിലേറാനുള്ള നിര്‍ലജ്ജമായ കളി കളിക്കുക.  അല്ലെങ്കില്‍ തളിപ്പറമ്പില്‍ കുട്ടികള്‍ ചെയ്തത് പോലെ നിലപാടുകള്‍ തല ഉയര്‍ത്തി പ്രഖ്യാപിക്കുക. നിശബ്ദത കൊണ്ടാടുന്ന സാമൂഹ്യ-സാംസ്കാരിക ലോകത്തിന് മുന്‍പില്‍ കല്‍ബുര്‍ഗിയ്ക്കും ഡോ. എം എം ബഷീറിനും വേണ്ടി നിലകൊള്ളുക. വെള്ളാപ്പള്ളി മുതല്‍പ്പേരുടെ ഭീഷണിക്ക് വഴങ്ങി സത്യം വിളിച്ചു പറഞ്ഞ കുട്ടികളെ തളിപ്പറഞ്ഞാല്‍ ഇനിയും അവശേഷിക്കുന്ന നിലപാട് തറ കൂടി ഒലിച്ചു പോകും. അത് സംഭവിക്കരുതെന്ന് കേരളത്തിലെ മതേതര സമൂഹം ആഗ്രഹിക്കുന്നുണ്ട്. 

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍