UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഖാവേ, ചുരിക താഴെ വയ്ക്കൂ; എടുക്കേണ്ടത് അരിവാളും ചുറ്റികയുമാണ്

Avatar

ഡി ധനസുമോദ്

ചുരിക എന്ന ആയുധത്തിന് ഒരു പ്രത്യേകതയുണ്ട്, ഉപയോഗിക്കാന്‍ അറിയാത്തവര്‍ കൈകാര്യം ചെയ്താല്‍ പരിക്കേല്‍ക്കുന്നത് എതിരാളിക്കല്ല, പകരം സ്വന്തം ശരീരത്തിനായിരിക്കും. അണികളും അനുഭാവികളും ആര്‍എസ്എസ്സിലേക്ക് പോകുന്നതു തടയാനായി കണ്ണൂരിലെ സിപിഎം കണ്ടുപിടിച്ച ബുദ്ധിയാണ് സാംസ്‌കാരിക ഘോഷയാത്ര. ശ്രീകൃഷ്ണ ജയന്തി ദിവസത്തില്‍ ബാലഗോകുലത്തിന്റെ പേരില്‍ ആര്‍എസ്എസ് പതിറ്റാണ്ടുകളായി നടത്തുന്ന പരിപാടികളാണ് സിപിഎം ഇപ്പോള്‍ സ്വന്തം നിലയില്‍ നടത്താന്‍ ശ്രമിക്കുന്നത്. മതേതര ശ്രീകൃഷ്ണ ജയന്തി എന്ന പേരില്‍ ഈ കോപ്പിയടി നടത്തി മുഖം നഷ്ടമായതോടെയാണ് ഇത്തവണ നവോത്ഥാന നായകന്മാരെ കൂട്ടു പിടിച്ചത്.

തലശ്ശേരി മൂഴിക്കര കൂട്ടിമാക്കൂലില്‍ നിന്നും ഇടയില്‍ പീടികയിലേക്കു നടത്തിയ സിപിഎം ശോഭായാത്രയില്‍ ചുവന്ന കൈലിയും വെള്ള ഷര്‍ട്ടും ധരിച്ച ഡിവൈഎഫ്‌ഐക്കാര്‍ ഒരു ഗാനം ആലപിച്ചാണ് മുന്നേറിയത്;

‘പരമ പവിത്രമതാമീ മണ്ണില്‍ 
ജാതിമത ഭേദമില്ലാതെ ഒന്നിക്കാനായി ‘

എന്ന് തുടങ്ങുന്ന ഗാനം ആയിരുന്നു ഉറക്കെ പാടിയത്. ആദ്യ വരികള്‍ കേട്ടപ്പോള്‍ ആര്‍എസ്എസ്സിന്റെ ഈ ഗണഗീതവും സിപിഎം കോപ്പി അടിച്ചോ എന്നാണു തോന്നിയത് എന്നാണ് കാഴ്ചക്കാരനായ മോഹന്‍ ഈ ലേഖകനോട് പറഞ്ഞത്. ‘പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍’ എന്ന ഗാനം ആര്‍എസ്എസ് ശാഖകളില്‍ വര്‍ഷങ്ങളായി പാടി വരുന്നു. ഈ ഗാനത്തിന്റെ പാരഡി സിപിഎം പാടിയപ്പോള്‍ കോപ്പിയടിയായി കേള്‍വിക്കാര്‍ക്കു തോന്നിയത് സ്വാഭാവികം; കാരണം പാരഡി സൃഷ്ടിക്കുന്നത് കോമഡി ആണ്.

ചെറുപ്പത്തിലേ പിടികൂടുക എന്ന ആര്‍എസ്എസ് തന്ത്രമാണ് വടക്കന്‍ ജില്ലകളില്‍ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നത്. രാധാ-കൃഷ്ണ വേഷം കെട്ടാന്‍ പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ ഇറങ്ങിച്ചെന്നത് സിപിഎമ്മിനെ വിറളി പിടിപ്പിച്ചു. ബാലഗോകുലം വഴി കുട്ടികളുമായും അവരുടെ വീടുകളുമായും ബന്ധം സ്ഥാപിച്ച ശേഷം അവരെ ബാലശാഖയില്‍ എത്തിക്കുക എന്നതാണ് ആര്‍എസ്എസ്സിന്റെ തന്ത്രം. ഇതിനെതിരെ സ്വന്തം ആയുധം ഉപേക്ഷിച്ച് ആര്‍എസ്എസിന്റെ ആയുധങ്ങള്‍ ഉപയോഗിച്ച് നേരിടുകയാണ് സിപിഎം ചെയ്യുന്നത്. ആശയപരമായ പാപ്പത്തരമാണ് സിപിഎമ്മിനെ ശോഭായാത്ര കോപ്പിയടിയിലേക്കു നയിച്ചത് എന്ന്‍ രമേശ് ചെന്നിത്തലയും മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള മടക്കം എന്ന് കുമ്മനം രാജശേഖനും പ്രതികരിക്കുമ്പോള്‍ സിപിഎം വീണ്ടും അങ്കലാപ്പിലാകുന്നു.

ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തെ മാറ്റി നിര്‍ത്തിയാല്‍ പൊതുസമൂഹത്തിന് ആവശ്യമുള്ള സമരങ്ങളിലൊന്നും കേരളത്തിലെ ആര്‍എസ്എസ് പങ്കെടുത്തിട്ടില്ലെന്നു ചരിത്രം പറഞ്ഞു തരുന്നു. സാധാരണക്കാരന്റെ പട്ടിണിയും തൊഴിലില്ലായ്മയും ഒന്നും ഒരിക്കലും ആര്‍എസ്എസിന്റെ മുദ്രാവാക്യങ്ങള്‍ ആയിരുന്നില്ല. അവരുടെ പോരാട്ടം എന്നും ശബരിമലയുടെയും ക്ഷേത്രങ്ങളുടെയും സംരക്ഷണമായിരുന്നു. അതേസമയം പാവപ്പെട്ടവര്‍ ദൈനംദിന ജീവിതത്തില്‍ നിരന്തരം അനുഭവിക്കുന്ന ഭൂമി, തൊഴില്‍, ദാരിദ്ര്യം എന്നീ പ്രശ്നങ്ങളോട് പടവെട്ടിയാണ് കൃഷ്ണപിള്ളയും എകെജിയും ഇഎംഎസുമൊക്കെ കേരളത്തില്‍ പാര്‍ട്ടിയെ പടുത്തുയര്‍ത്തിയത്.

 

പുതിയ കാലത്തിന് അനുസരിച്ച് ഇടപെടുന്ന രീതിക്കു മാറ്റം വരുത്തി പാര്‍ട്ടി ശക്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കേണ്ടത്. അല്ലാതെ ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ അവരുടെ ആയുധങ്ങള്‍ എടുത്ത് ഉപയോഗിക്കുകയല്ല വേണ്ടത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുകയും ഭൂപരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ട് അടിസ്ഥാന വര്‍ഗത്തിന്റെ പിന്തുണ നേടിയവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ബംഗാളില്‍ പോലും സിപിഎം തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ സിപിഎം അധികാരത്തില്‍ എത്തുന്നത് സാധാരണക്കാരുമായുള്ള ഈ പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ ബലത്തിലാണ്. ഈ കണക്റ്റിംഗ് പല നേതാക്കള്‍ക്കും നഷ്ടപ്പെട്ടെങ്കിലും സിപിഎമ്മിലെ വിശ്വാസം സാധാരണക്കാര്‍ കൈവിട്ടിട്ടില്ല. അതുകൊണ്ടു ചുരിക താഴെ വച്ച് ചുറ്റികയും അരിവാളും കൈയില്‍ എടുത്താണ് വര്‍ഗീയതയെ കമ്യൂണിസ്‌റ് പാര്‍ട്ടി പ്രതിരോധിക്കേണ്ടത്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍