UPDATES

സിപിഎമ്മില്‍ മഞ്ഞുരുകുന്നു! സംസ്ഥാന കമ്മിറ്റിയിലേക്ക് വിഎസിന് ക്ഷണം

അഴിമുഖം പ്രതിനിധി

സിപിഎം സംസ്ഥാന ഘടകത്തില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പാര്‍ട്ടിയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകളില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് ഇന്നലെ വരെ വിഎസിനെ ക്ഷണിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ വിഎസിനെ ഇന്ന് യോഗത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. 

ഇപ്പോള്‍ ഘടകമില്ലാതിരിക്കുന്ന വിഎസിനെ സംസ്ഥാന കമ്മിറ്റിയിലും തുടര്‍ന്ന് ഇന്ന് തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിലും ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍. വിഎസ് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമാണ്. 

പ്രതിപക്ഷ നേതാവിന് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ഘടകമില്ലാതിരിക്കുന്നത് പാര്‍ട്ടിക്കു വലിയ തലവേദനയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടിയുടെ നിയമസഭ കക്ഷി പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വേണ്ട വിധം നടപ്പിലാക്കുന്നതിന് വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന ആലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു. 

തന്റെ മുന്‍നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ വിഎസും തയ്യാറായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി വിരുദ്ധന്‍ എന്ന തനിക്കെതിരായ സംസ്ഥാന കമ്മിറ്റി പ്രമേയം പിന്‍വലിക്കാതെ പാര്‍ട്ടി സംസ്ഥാന യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് വിഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും നേതാക്കന്മാര്‍ തങ്ങളില്‍ നടത്തിയ ആശയവിനിമയവുമാണ് വിഎസിനെ തന്റെ നിലപാടില്‍ നിന്നും പിന്നാക്കം പോകാന്‍ നിര്‍ബന്ധിതനാക്കിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിഷയത്തെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ വിഎസ് തയ്യാറായില്ല. എല്ലാം നിങ്ങള്‍ക്ക് വഴിയേ മനസിലാകും എന്ന് മാത്രമാണ് യോഗത്തിനായി എകെജി സെന്ററിലേക്ക് പോകുന്നതിന് മുമ്പ് വിഎസ് പ്രതികരിച്ചത്. 

ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തിലും വിഎസ് സംബന്ധിക്കും. മുന്നണി വിപുലപ്പെടുത്തുന്നത് സംബന്ധിച്ച ആലോചനകളാവും യോഗത്തില്‍ ഉണ്ടാവുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍