UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നില്‍പ്പ്, കല്യാണ്‍ ഇരിക്കല്‍ സമരത്തില്‍ വരാത്ത വി എസ് എങ്ങനെ ജനകീയ നേതാവാകും?

Avatar

വി കെ അജിത്‌ കുമാര്‍

ഇന്ത്യന്‍  ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിഭാഗം അതിന്‍റെ നിലവിലുള്ള സംസ്ഥാന ഘടകത്തിന്‍റെ വാര്‍ഷിക സമ്മേളനം നടത്തുകയാണ്. പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനത്തില്‍ അടുത്ത് വരുന്ന തിരഞ്ഞെടുപ്പുകളെ കുറിച്ചും അതിനു അനുബന്ധമായ നയപരിപാടികളെപ്പറ്റിയും തീരുമാനമെടുക്കേണ്ട സമ്മേളനത്തെ വി എസ്- പിണറായി തട്ടുപൊളിപ്പന്‍ സിനിമയുടെ ക്ലൈമാക്സ് ചിത്രികരിക്കുന്ന അങ്കത്തട്ടായി മാത്രമാണ് വായനക്കാരന്‍റെ മുന്‍പില്‍ മാധ്യമങ്ങള്‍ ചിത്രികരിക്കുന്നത്. ഇതില്‍ ആരാണു ശരിയെന്നും ആരാണു തെറ്റെന്നും ജനം ടി വിയ്ക്ക് മുന്‍പിലിരുന്നും മനോരമ കൈയില്‍ വച്ചും കുറേകാലമായി ചര്‍ച്ചചെയ്യുന്നു. ഒടുവില്‍ യാതൊന്നും സംഭവിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ മുന്‍പോട്ടു പോകുകയും ചെയ്യുന്നു.

നായകനും പ്രതിനായകനുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു മീശപിരിയന്‍ സിനിമയുടെ അന്തിമ രംഗത്തിനു വേണ്ടി സെറ്റിട്ടിരിക്കുന്നതല്ല പാര്‍ട്ടി സമ്മേളന നഗരി. അതുപോലെ തന്നെ സുവിശേഷ പ്രവര്‍ത്തകര്‍ നടത്തുന്ന കരിസ്മാറ്റിക്ക് ധ്യാനവുമല്ല.  അവിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും പുറത്താക്കലുകളും ഉള്‍ക്കൊള്ളലുകളും നടക്കുകയും ചെയ്യും. ഇതൊരു പാര്‍ട്ടിയുടെ സമ്മേളന വേദിയാണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളന ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് കുടുതല്‍ വ്യക്തമാകും.വത്തിക്കാനിലെ വെളുത്തധൂമം പോലെയായിരുന്നു പണ്ട് പാര്‍ട്ടി സമ്മേളനങ്ങള്‍. അവിടെ നടക്കുന്നത് ആരും അറിയില്ല, അന്തിമ തിരുമാനം മാത്രം പുറത്തെത്തുന്നു. മാധ്യമങ്ങളുടെ കടന്നുകയറ്റവും പാര്‍ട്ടി വിദ്യാഭ്യാസം ഇല്ലാത്തവരുടെ പങ്കാളിത്തവും ഇന്ന് ഇതിനെ വ്യഭിചരിക്കുന്നു.

സ്വന്തം ശക്തിയും ദൌര്‍ബല്യവും ഒന്‍പതു പതിറ്റാണ്ടു ജീവിച്ച ഒരാള്‍ക്ക് സ്വയം വിലയിരുത്താവുന്നതാണ്. ആ വിലയിരുത്തല്‍ വളരെ കൃത്യമായി നടത്തുകയും അതിനനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്തതാണ് എലിമെന്‍റ്റി  സ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാത്ത വി എസ് എന്ന വലിയ സഖാവിന്‍റെ വിജയം. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തി മുഴുവന്‍ ആവാഹിച്ചിരിക്കുമ്പോള്‍ പോലും അദ്ദേഹം പാര്‍ലമെന്‍റ്റി വ്യാമോഹത്തില്‍ അടിപ്പെട്ടിരുന്നില്ല. പ്രസംഗ വേദികളില്‍ ജനത്തിരക്ക് കണ്ടിട്ടില്ല. പാര്‍ട്ടിയായിരുന്നു അന്ന് വലുതും ജീവിതവും. ജാതിസമവാക്യങ്ങളും അത്തരത്തിലുള്ള പങ്കുവയ്ക്കലുകളും ചര്‍ച്ചകളും തീവ്രമായി തെരഞ്ഞെടുപ്പ് വേദികളില്‍ എത്തപ്പെട്ടപ്പോഴാണു വി എസ് വീണ്ടും തെരഞ്ഞെടുപ്പ് എന്ന തുറന്ന ജനാധിപത്യ വിപ്ലവത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. അവിടെയേറ്റ കനത്ത വിഭാഗീയ പരാജയമാണ് ഇപ്പോള്‍ നമ്മള്‍ കാണുന്ന പുതിയ വി എസിന്‍റെ ജനനത്തിനു കാരണമായതും. പാര്‍ട്ടി സംവിധാനത്തില്‍ ഉള്‍പ്പെടാത്ത പൊതുജനം/പൊതുമാധ്യമം എന്നീ ‘ബാഹ്യ ശക്തികളെ’ കൈയിലെടുത്ത് നടത്തിയ മുന്നേറ്റം – ഈ മുന്നേറ്റം നല്‍കിയ പുതിയ ഉര്‍ജ്ജം -അതാണു പുതിയ വി എസി ന്‍റെ അസ്ത്വിത്വം. ഇത് വിട്ടൊഴിഞ്ഞാല്‍ പിന്നെ നിലനില്‍പ്പില്ല എന്ന തിരിച്ചറിവാണ് നിരന്തരമായി ഒരു പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതുപോലെ വരുതിയില്‍  നിര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മറുപുറത്ത് അദ്ദേഹം സൃഷ്ടിച്ച പോതുജനാടിത്തറയെ പാര്‍ട്ടി ഭയക്കുകയും ചെയ്യുന്നു. ഇതെല്ലാം യഥാര്‍ഥ്യമായി നില്‍ക്കുമ്പോള്‍ തന്നെ വി എസ് മധ്യവര്‍ഗ്ഗത്തിന്റെ മാത്രം പ്രശ്നങ്ങളിലാണ് ഇടപെടുന്നത് എന്ന് മനസിലാക്കേണ്ടതുണ്ട് . കുറേ കൂടി ആഴത്തില്‍ പോയാല്‍, രാഷ്ട്രീയ
പ്രതിയോഗികള്‍, മറുപുറത്തുള്ള വ്യവഹാരങ്ങള്‍ ഇതൊക്കെയാണു ആ മനസിനെ ഹരം കൊള്ളിക്കുന്നത്‌. അതിനപ്പുറം വി എസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. പാമോയില്‍ ഉള്‍പ്പെടെയുള്ള കേസ് പരിശോധിക്കുമ്പോള്‍ ഇത് കുടുതല്‍ വ്യക്തമാകും. ജനകീയ സമരങ്ങളില്‍ ഒന്നുംതന്നെ അദ്ദേഹത്തിന്‍റെ മുഖം കാണുന്നുമില്ല.  ഇരുന്നൂറിനോടടുത്ത നില്‍പ്പ് സമരത്തിലും സദാചാര പൊലീസ്‌  പ്രശ്നങ്ങളിലും ശക്തമായി ഇടപെടാന്‍ അദ്ദേഹം ശ്രമിച്ചില്ല. കല്യാണ്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സമരങ്ങള്‍; ഇവിടെയും ആ മുഖം കണ്ടില്ല. എന്ത് കൊണ്ട്?

ഇങ്ങനെ വിഭാഗീയത മാത്രം മുഖ്യ അജന്‍ഡയായി മാറുന്ന പുതിയ സമ്മേളനത്തില്‍ “പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം?” എന്ന് ഒരു സിനിമയില്‍ സൈനുദ്ദീന്‍ ചോദിച്ചു വശം കെടുന്നത്‌ പോലെ വെറുതെ ചോദിക്കുന്നു. “പട്ടികജാതിക്കാര്‍ക്കെന്താ ഈ സമ്മേളനത്തില്‍ കാര്യം?” “ദളിതര്‍ക്കെന്താ” എന്ന പാഠഭേദം ഉപയോഗിക്കുന്നില്ല. കാരണം പാര്‍ട്ടി തന്നെ ദളിത് എന്ന പദത്തിന്‍റെ അര്‍ത്ഥ വലിപ്പത്തില്‍ നിന്നും പ്രത്യക്ഷമോചനം നല്‍കാന്‍ അതിന്‍റെ ഒരു ഫ്രാക്ഷന്‍ ഭരണഘടാനാടിസ്ഥാനത്തില്‍ അടര്‍ത്തിയെടുത്ത്‌ പേര് നല്‍കിയ പട്ടികജാതി ക്ഷേമ സമിതി എന്ന സംഘടനയ്ക്ക് എന്താ ഈ സമ്മേളനത്തില്‍ കാര്യം? കാര്യമുണ്ടു സഖാവേ. പറയുന്നത് ക്ലിഷേ ആകാം. ഒരു കാലത്ത് ചങ്ക് പൊട്ടി മുദ്രാവാക്യം വിളിച്ചും ജാഥയ്ക്ക് ആളുതികച്ചും പരുവപ്പെടുത്തി ഈ സംഘടനയെ ഈ രൂപത്തിലാക്കുവാന്‍ പാടുപ്പെട്ടവര്‍ നിരവധിയുണ്ട്. പണ്ട് വരേണ്യതയുടെ കാലം എന്ന് കേരളത്തിലെ നിയോ കമ്യൂണിസ്റ്റുകള്‍  മുദ്രകുത്തിയ ഇ എം എസിന്‍റെ കാലത്താണ്‌ പികെ കുഞ്ഞച്ചന്‍ എന്ന പട്ടികജതിക്കാരന്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ വന്നത്. പാര്‍ട്ടി നോമിനിയായി രാജ്യസഭാംഗമായത്. ലോകസഭാംഗം എന്നനിലയില്‍ പാര്‍ലമെന്റില്‍ എത്തുന്നതും രാജ്യസഭാംഗം എന്ന നിലയിലെത്തുന്നതും തമ്മില്‍ പാര്‍ട്ടി വ്യാഖ്യാനത്തില്‍ വളരെ വ്യത്യാസമുണ്ട്. രാജ്യസഭാംഗം എന്നത് ഒരു പാര്‍ട്ടിയുടെ സിഗ്നേച്ചര്‍ ആയി പരിഗണിക്കാം. ഇതിനു ശേഷം ഇവിടെ പട്ടികജാതിക്കാര്‍ ജീവിച്ചിരുന്നു. ഇപ്പോഴും ജീവിക്കുന്നു. ആരെങ്കിലും പാര്‍ട്ടിയുടെ ഉപരി ഘടകത്തില്‍ എത്തിയിട്ടുണ്ടോ? ജില്ലാ സെക്രട്ടറിയെങ്കിലും ആയിട്ടുണ്ടോ? ഇവര്‍ക്ക് പാര്‍ക്കാനായി  തീര്‍ത്ത അഭിനവ മുന്തിരി തോപ്പാണ് പി കെ എസ് എന്ന സംവിധാനം. ഇനി ഇഴവ ക്ഷേമ സമിതിയും പുലയ ക്ഷേമ സമിതിയും വരാനുള്ള സാധ്യതയും തള്ളിക്കളയേണ്ട. ഇത്തരം ചോദ്യങ്ങള്‍ എന്തുകൊണ്ടു വി എസില്‍ നിന്നും ഉണ്ടാകുന്നില്ല. അവിടെയാണ് അദ്ദേഹം നടത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ സംഘടനാതലമല്ല എന്നും തികച്ചും വ്യക്തിപരമാണെന്നും തിരിച്ചറിയേണ്ടത്. അത് ബാലകൃഷ്ണപിള്ളയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും  പിണറായി വിജയനും എതിരെയുള്ളതും അതെ സമയം തന്‍റെ പൊതുമനസ് കാത്തുസുക്ഷിക്കുന്നുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയുള്ളതുമാണ്.

പതിവ് പോലെ സമ്മേളനം താക്കീതില്‍ അവസാനിക്കാം.  അവസാനിക്കട്ടെ. ഒരുപക്ഷെ അത് അദ്ദേഹത്തോട് ചെയ്യുന്ന പര്‍ട്ടി പരമായ വിട്ടുവിഴ്ചയായി മാത്രം കണ്ടാല്‍ മതിയാകും. കേരളത്തിലെ നല്ലൊരു ശതമാനം ആളുകളും ഇപ്പോള്‍ വി എസ് അനുഭാവികള്‍ ആണ്. ഇവരെ കണ്ടു കൊണ്ടല്ല ആ തിരുമാനം ഉണ്ടാകേണ്ടത്. കാരണം അവരാരും സി പി എമ്മിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ കുത്തുന്നവരല്ല എന്നത് കൊണ്ടുതന്നെ..  

(സാമൂഹ്യ -രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍