UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടി വിരുദ്ധന്‍ എങ്ങനെയാണ് സഖാവേ സമ്മേളനക്കൊടി ഉയര്‍ത്തുക?

Avatar

അഴിമുഖം പ്രതിനിധി

‘നിരന്തരം അച്ചടക്കം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേയ്ക്ക് തരം താണു’ എന്ന കുറ്റപത്രത്തിലെ പ്രതി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു കൊടി ഉയര്‍ത്തി എന്ന വിരോധാഭാസമാണ് ആലപ്പുഴയില്‍ നടന്നത്. കേന്ദ്രകമ്മിറ്റിഅംഗം കൂടിയായ നേതാവിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇത്തരത്തില്‍ നടപടി സ്വീകരിച്ചതിന്റെ അന്ധാളിപ്പിലാണ് സി.പി.എം.

പാര്‍ട്ടിയുടെ പിഴച്ചപോക്കിനെ കാര്യകാരണ സഹിതം നിരത്തി വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് എഴുതിയ കത്തിന് അല്ലെങ്കില്‍ പരാതിക്ക് മറുപടി പറയാന്‍ സംസ്ഥാന സെക്രട്ടറിയ്ക്കും സംസ്ഥാന സെക്രട്ടറിയേറ്റിനും എന്തധികാരം എന്നതാണ് ആദ്യ ചോദ്യം. കലക്ടര്‍ക്ക് നല്‍കിയ പരാതിക്ക് വില്ലേജ് ഓഫീസര്‍ മറുപടി പറയുന്നപോലെയുള്ള നടപടിയാണിത്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാണ് സംസ്ഥാന സമ്മേളനം. പാര്‍ട്ടി കോണ്‍ഗ്രസ് നടപടികള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ അച്ചടക്ക നടപടികള്‍ പാടില്ലെന്നതാണ് വ്യവസ്ഥ. പാര്‍ട്ടി ഭരണഘടനയില്‍ പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ XIX-ല്‍ നാലാമത്തെ ഖണ്ഡികയില്‍ അച്ചടക്ക നടപടി ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇവയില്‍ മൂന്നാമത്തെ പരസ്യശാസനയാണ് പാര്‍ട്ടി സമ്മേളനത്തിന്റെ ഉദ്ഘാടന തലേന്ന് പാര്‍ട്ടി സെക്രട്ടറി നിര്‍വഹിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് നടപടി കാര്യങ്ങള്‍ക്കിടയില്‍ സെക്രട്ടറിയേറ്റ് ചേര്‍ന്ന ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ പാടില്ലായിരുന്നു. സംസ്ഥാന കമ്മിറ്റി അനുവദിക്കുന്നതിനു തൊട്ടുമുമ്പായി നടപടി സ്വീകരിച്ചത് വഴി ‘ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം’ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

ആര്‍.എസ്.പി മുന്നണി വിട്ടതിനെക്കുറിച്ചോ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ ജയിലില്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചോ സോളാര്‍ സമരം ഏകപക്ഷീയമായി പിന്‍വലിച്ചതിനെക്കുറിച്ചോ ഇനി മറ്റാരെങ്കിലും വിമര്‍ശിച്ചാല്‍ അതെല്ലാം വി.എസ് പറഞ്ഞത് ആവര്‍ത്തിക്കലാകും. അങ്ങനെ ആവര്‍ത്തിച്ചാല്‍ അവര്‍ക്ക് വി.എസിനു നല്‍കുന്ന മറുപടി തന്നെയാണ് നല്‍കുക എന്ന സന്ദേശം കൂടി എണ്ണി പറഞ്ഞ പത്രസമ്മേളനത്തിലുണ്ടായിരുന്നു.

ജില്ലാ സമ്മേളനങ്ങളില്‍ ആദ്യത്തേത് ആലപ്പുഴയിലായിരുന്നു. സോളാര്‍ സമരം പരാജയമായിരുന്നു എന്ന് തുറന്നടിച്ച പ്രതിനിധികളോട് ‘സഖാവ് അന്ന് പാര്‍ട്ടി ക്യാമ്പില്‍ വരാതിരുന്നത് കൊണ്ടുള്ള കുഴപ്പമാണ്’ എന്ന തരത്തിലുള്ള മറുപടിയാണ് മറുപടി പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. ആലപ്പുഴയില്‍ നിന്നും സമര പങ്കാളിത്തം കുറവായിരുന്നു എന്നും ആലപ്പുഴയില്‍ നിന്ന് എത്തിയ സമര ഭടന്മാരേക്കാള്‍ കൂടുതല്‍ പേര്‍ എത്തിയത് അയല്‍ ജില്ലയായ പത്തനംതിട്ടയില്‍ നിന്നായിരുന്നു എന്നും പറഞ്ഞു പ്രതിനിധികളുടെ പത്തി താഴ്ത്തിച്ചു. ഈ വിമര്‍ശനം ആലപ്പുഴയില്‍ ഒതുങ്ങിയില്ല. മറ്റു ജില്ലകളിലെ സമ്മേളനങ്ങളിലും സമരത്തിലെ പിടിപ്പുകേടിനെക്കുറിച്ച് അസുഖകരമായ ചോദ്യങ്ങള്‍ എറിയപ്പെട്ടു. ഇത്തരം ചോദ്യങ്ങള്‍ ‘പാര്‍ട്ടി വിരുദ്ധന്റെ ചോദ്യങ്ങളാണെന്ന’ സൂചന നല്‍കുന്നത് വഴി ഒരുതരം ഏറ് കൊള്ളാതിരിക്കാനുള്ള സൂത്രപണിയാണ് പിണറായി ആസൂത്രണം ചെയ്തതെന്ന് വി.എസ് വിഭാഗം ആരോപിച്ചിരുന്നു.

വി.എസിന്റെ കത്ത് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനാലാണ് വി.എസിനെതിരായ പ്രമേയം പത്രസമ്മേളനത്തില്‍ പറഞ്ഞതെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ന്യായീകരിക്കുന്നുണ്ട്. പ്രമേയം നടപടിയല്ല പത്രത്തിനുള്ള മറുപടി മാത്രമാണ് എന്നാണ് നിയുക്ത സെക്രടറി എന്ന് തോന്നിക്കും വിധത്തിൽ കോടിയേരി പറഞ്ഞത്. ബൂര്‍ഷ്വാ പത്രം എന്ന് പാര്‍ട്ടി പുച്ഛിച്ചിരുന്ന ഈ പത്രത്തില്‍ വാര്‍ത്ത വരുന്നതിനെതിരെ പത്രസമ്മേളനം നടത്തിയാണോ പ്രതികരിക്കേണ്ടത് എന്ന ചോദ്യം പരസ്യമായി ആരും ഉന്നയിക്കാന്‍ മുതിരാറില്ല. മനോരമ തന്നെയാണ് കാസർഗോഡ്‌ ഭൂമി ഇടപാടും വിഎസിന്റെ മക്കളെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളും ഉയർത്തിയത്‌. അന്ന് പ്രതിരോധിക്കാൻ ഉടൻ പത്രസമ്മേളനവുമായി ആരും  ചാടി ഇറങ്ങിയിരുന്നില്ല.

വി.എസ് എഴുതിയ കത്ത് പ്രസിദ്ധീകരിച്ച ഉടന്‍ പത്രത്തെ മുഖവിലയ്ക്ക് എടുത്ത് പ്രമേയവും പാസാക്കി ശാസനയുമായി ഇറങ്ങുമ്പോള്‍ വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണ കമ്മീഷനോ വാസ്തവം തിരക്കലോ പേരിനുപോലുമുണ്ടായില്ല. വി.എസിന്റെ കേന്ദ്രകമ്മറ്റിയിലെ പ്രസംഗം വള്ളിപുള്ളി വിടാതെ മറ്റൊരു പത്രത്തിന്റെ ലീഡര്‍ പേജില്‍ അച്ചടിച്ചപ്പോള്‍ മൂന്നുപേരെ ഉത്തരവാദികളായി കണ്ടെത്തിയത് എ. വിജയരാഘവനും വൈക്കം വിശ്വനും അംഗങ്ങളായ അന്വേഷണ കമ്മീഷനായിരുന്നു. ഇങ്ങനെ ഒരു പ്രഹസനം പോലും ഇവിടെ ഉണ്ടായില്ല. വാര്‍ത്തപോയ വഴി അന്വേഷിച്ചു തുടങ്ങിയാല്‍ തിരുവനന്തപുരത്തായിരിക്കും എന്ന സംശയമാണ് അന്വേഷണ കമ്മീഷനെ വയ്ക്കാതെ നാട്ടുകൂട്ടം മാതൃകയില്‍ തീരുമാനം എടുത്തത് എന്നും കേള്‍വിയുണ്ട്.

വിഎസിന്റെ കത്ത് പോളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നാണ് ഇപ്പോൾ കോടിയേരി പറയുന്നത്. പിബി യ്ക്ക് എഴുതിയ കത്ത് അപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് എന്തിനാണാവോ പരിശോധിച്ചത്.  സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഉച്ചിഷ്ടം പരിശോധിക്കലാണോ മേൽ കമ്മിറ്റിയുടെ പണി ? അതോ പിബിയ്ക്കും കേന്ദ്ര കമ്മിറ്റിയ്ക്കും മേലേയുള്ള സൂപ്പർ കമ്മിറ്റി ആണോ കേരളത്തിലെ  സെക്രട്ടറിയേറ്റ്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍