UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുരഞ്ജനമോ ആനപ്പകയോ? കോടിയേരിക്ക് കാതോര്‍ത്ത് രാഷ്ട്രീയകേരളം

Avatar

ആര്‍ രവിവര്‍മ്മ

സംസ്ഥാന സെക്രട്ടറിയുടെ പദവിയോടൊപ്പം പിണറായി വിജയന്‍ കോടിയേരിക്ക് കൈമാറുന്നത് ശുഷ്കമായ ഒരു പാര്‍ട്ടി സംഘടനയും മുന്നണിയുമാണ്. ഇത് കെട്ടിപ്പടുക്കുക എന്ന ഭഗീരഥ  യജ്ഞമാണ് കോടിയേരിക്ക് മുന്നിലുള്ളത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വഴികളിലൂടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ വരെയെത്തിയ കോടിയേരി ആ പാര്‍ട്ടിയുടെ നിലപാടുകള്‍ മാറ്റാന്‍ പോന്ന സൈദ്ധാന്തികന്‍ ഒന്നുമല്ല. പക്ഷെ പിണറായിയെ പോലെ പാര്‍ട്ടി നേതാക്കളോടും അണികളോടും പക സൂക്ഷിക്കുന്ന ആളല്ല. വിജയന്റെ സ്വഭാവത്തിന്റെ മുഖമുദ്രയായി വിലയിരുത്തുന്നത് ”അയാള്‍ക്ക് ആനപ്പകയാണ്”  എന്നതാണ്. അതിന്റെ ലക്ഷണം ആണ് പാര്‍ട്ടി സമ്മേളനത്തിന്റെ തലേന്നാള്‍ വി എസിനെ വെട്ടിനിരത്താന്‍ വിജയന്‍ കാണിച്ച അമിതാവേശം. അത് പൂര്‍ണ്ണമായും വിജയിച്ചില്ല. കേന്ദ്ര നേതൃത്വം വി എസിനോട് ആവശ്യപ്പെട്ടത് അടുത്ത കേന്ദ്ര കമ്മറ്റി വരെ കടുത്ത നിലപാടൊന്നും എടുക്കരുതെന്നാണ്. പുതിയ സെക്രട്ടറി കോടിയേരി പറഞ്ഞതും പ്രസക്തം . വി എസിന് എല്ലാ പരിഗണയും നല്‍കും എന്നാണ് കോടിയേരി പറഞ്ഞത്. സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടത് ഇത് കൊണ്ടാണ് എന്നും സൂചിപ്പിച്ചു. നയതന്ത്രജ്ഞനായ കോടിയേരിയുടെ മുഖമാണ് ഇത് ഒന്ന് കൂടി വ്യക്തമാക്കുന്നതു. പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തി ആയി പ്രവര്‍ത്തിക്കാന്‍ അല്ല താന്‍ ഉദ്ദേശിക്കുന്നതെന്ന് സൂചിപ്പിക്കുക കൂടിയാണ് കോടിയേരി ചെയ്യുന്നത്.

വി എസിനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ വിജയന്‍ വിജയിച്ചുവെങ്കിലും അതിനിപ്പോള്‍ വലിയ മൂല്യമില്ലാതായിരിക്കുന്നു. എണ്‍പതു കഴിഞ്ഞ എല്ലാവരെയും പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ നിന്നോഴിവാക്കുമ്പോള്‍ വി എസിനെ താല്‍ക്കാലികമായി ഒഴിവാക്കിയതിന്റെ ഗൌരവം കുറയുകയാണ്. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പുറത്തേക്ക് എന്ന പ്രകാശ് കാരാട്ടിന്റെ അന്ത്യശാസനവും വി എസ് തള്ളിയിട്ടും തല്‍ക്കാലം ഒരു നടപടിയും എടുക്കാന്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് ആയില്ല . ജനകീയ പിന്തുണയുള്ള ഏക നേതാവ് എന്ന സ്ഥാനം അങ്ങിനെ വി എസ് ഒന്നുകൂടി ഊട്ടിയുറപ്പിച്ചു . ഇപ്പോള്‍ പാര്‍ട്ടിക്ക് ഒരു പാര്‍ലമെന്ററി നേതാവുണ്ട്, അത് മാറ്റേണ്ട കാര്യമൊന്നും നിലവിലില്ല എന്ന് കോടിയേരി പറഞ്ഞതും അനുരഞ്ജനത്തിന്റെ  വാതില്‍ തുറന്നിട്ട് കൊണ്ടാണ്. സമവായത്തിന്റെതായ ഒരു രാഷ്ട്രീയം കേരളത്തില്‍  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒന്നര പതിറ്റാണ്ടിനു ശേഷം ഉരുത്തിരിയുന്നു എന്ന് വേണം കരുതാന്‍. സംസ്ഥാന സമ്മേളനത്തിലേക്ക് വിജയനും അനുയായികളും തിരഞ്ഞുപിടിച്ച് തപ്പിപ്പെറുക്കിയെടുത്ത അറുന്നൂറു പ്രതിനിധികളും, അത് പോലെ നേതൃത്വത്തില്‍ എത്തിയവരും കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളും ഒരു പോലെ ആഞ്ഞുപിടിച്ചിട്ടും വി എസ് ശക്തനായി തുടരുന്നു എന്നതാണ് സമ്മേളനം അവസാനിക്കുമ്പോള്‍ കാണുന്ന കാഴ്ച. ഭാവി പ്രവചനാതീതമാണ്. 

പിണറായി വിജയന്റെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി പദമാണ് എന്ന് വ്യക്തം. കോര്‍പ്പറേറ്റുകള്‍ക്ക് പ്രിയങ്കരനായ അദ്ദേഹവും ഇളമരം കരിം പോലുള്ള കടുത്ത അനുയായികളും കേരളത്തില്‍ അധികാരത്തില്‍ വരുന്നത് അവര്‍ക്ക് ആനന്ദകരമായിരിക്കും. അതെ സമയം ഇടതു ജനാധിപത്യ മുന്നണി വിപുലീകരിക്കും എന്ന കോടിയേരിയുടെ പ്രസ്താവനയുമുണ്ട്. വിപുലീകരിക്കപ്പെട്ട ഒരു എല്‍ ഡി എഫില്‍ വിജയന് എന്ത് മാത്രം സ്വാധീനം ഉണ്ടാകും എന്നതനുസരിച്ചിരിക്കും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനാരോഹണം. വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍  അതിന്റെ ഗതി എന്താകുമെന്ന ആശങ്ക പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും വി എസിനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ വിജയന്‍ താല്‍പര്യം കാട്ടിയത് മുഖ്യമന്ത്രി പദം  മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന് ഏറെക്കുറെ ബോധ്യമുള്ളവരാണ് പാര്‍ട്ടിയില്‍. ഇക്കുറിയും വി എസിനെ നിലംപരിശാക്കാന്‍ വിജയന് കഴിഞ്ഞില്ല. പാര്‍ട്ടിയുടെ വിജയമുഖം വി എസാണ് എന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞത് കൊണ്ടാണിത്. വി എസ് ചെയ്ത തെറ്റ് പിണറായി ചെയ്തതിനോളം വലുതല്ല എന്നാ ബോധ്യവും കേന്ദ്ര നേതൃത്വത്തിനുണ്ട്. എങ്കിലും മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്ര നേതൃത്വത്തെ ബന്ധിയാക്കാന്‍ സംസ്ഥാന നേതൃത്വത്തിനായി. അവരുടെ വഴി പിഴച്ച പോക്കിനെ ചെറുത്തു  പുന്നപ്ര വയലാറിന്റെ മണ്ണില്‍ നടന്ന സമ്മേളനം, അസാന്നിധ്യം കൊണ്ട് തന്റേതാക്കാന്‍ വയലാര്‍ സമര നായകരില്‍ ജീവിച്ചിരിക്കുന്ന വിരളം നേതാക്കളില്‍ ഒരാളായ വി എസിന്ന് കഴിയുകയും ചെയ്തു . സമ്മേളനം അടിമുടി ചുറ്റിപ്പറ്റി  നിന്നത് വി എസിനെ ആയിരുന്നു. മറ്റൊരു വിഷയവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ പിണറായി വിജയന്റെ പക നിറഞ്ഞ സമീപനം സഹായകരമായതുമില്ല. പ്രമേയ കമ്മറ്റി ചടങ്ങ് പോലെ ചില പ്രമേയങ്ങള്‍ പാസാക്കി എന്നതല്ലാതെ ഒരു ജനകീയ വിഷയത്തെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തില്ല. വി എസിനെ കൈക്കില പോലെ പുറത്തു കളയാമെന്ന വ്യാമോഹം മാത്രം സമ്മേളത്തില്‍ നിറഞ്ഞു നിന്നു. സാധാരണ പാര്‍ട്ടി സമ്മേളനങ്ങള്‍  അടുത്ത മൂന്നു വര്‍ഷം പാര്‍ട്ടി എങ്ങിനെ മുന്നോട്ടു പോകണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലും തീര്‍പ്പിലും എത്താറുണ്ട്. ജനകീയ പ്രക്ഷോഭങ്ങള്‍  വിഭാവനം ചെയ്യാറുണ്ട്. അതിനാണ് സമ്മേളനങ്ങള്‍ തന്നെ. ഇത്തവണ ബ്രാഞ്ച് മുതല്‍ ഈ സംസ്ഥാന സമ്മേളനം വരെ ഏതെങ്കിലും സമ്മേളനത്തില്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചയും കാര്യമായി നടന്നില്ല. പാര്‍ട്ടി അടിത്തറ വിപുലമാക്കും , മുന്നണി വിപുലമാക്കും എന്നൊക്കെയുള്ള പൊതു പ്രഖ്യാപനങ്ങള്‍ മാത്രം.

മുന്നണി വിപുലീകരിക്കുന്നതെങ്ങിനെ? പിണറായി വിജയന്‍ ധാര്‍ഷ്ട്യത്തോടെ പുറത്തു കളഞ്ഞ ജനതാദള്‍, ആര്‍ എസ് പി എന്നീ പാര്‍ട്ടികളെ മടക്കി വിളിച്ചുകൊണ്ടോ? മാണിയെയും ലീഗിനെയും ക്ഷണിച്ചുകൊണ്ടോ? ഇതൊക്കെ അവ്യക്തമായി തുടരുന്നു എന്നത് തന്നെ പാര്‍ട്ടിയുടെ കുത്തഴിഞ്ഞ അവസ്ഥ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍ തലങ്ങും വിലങ്ങും വീശിയ വിജയന്‍ അതിനു സൗകര്യം ഒരുക്കാന്‍ തന്റെ ഭക്തരെ പാര്‍ട്ടി കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതില്‍ കാര്യമായി അഴിമതി നടത്തുന്ന ലോക്കല്‍ നേതാക്കള്‍ വരെ ഉണ്ട്. ജില്ലാ നേതൃത്വത്തില്‍ അവര്‍ കയറി പറ്റിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുത്ത കമ്മറ്റികള്‍ മിക്കയിടത്തും ഇല്ല. നോമിനേഷനുകള്‍ ആണ് പലയിടത്തും അരങ്ങേറിയത്. മിക്കയിടത്തും ”സ്വജനങ്ങളെ പാര്‍ട്ടി അംഗങ്ങള്‍ ആക്കിയാണ് വിജയന്‍ ഇത്തവണ” വി എസ് വധം ആട്ടക്കഥക്ക് തിരക്കഥ എഴുതിയത്. സംസ്ഥാന സമ്മേളനം വരെ അലങ്കോലമായി എന്നതാണ് അതിന്റെ പരിണാമഗുപ്തി.  ഈ സന്ധി എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കോടിയേരിയുടെ ഭാവി. വി എസിനെ തഴയാന്‍ കഴിയാത്തതും ഇതുകൊണ്ട് തന്നെ. പാര്‍ട്ടി  അംഗങ്ങളുടെ പിന്തുണയ്ക്കപ്പുറം ജനപിന്തുണ വേണെമെങ്കില്‍ ഇന്നും പാര്‍ട്ടിക്ക് വി എസിനെ വേണം. വി എസിനും ഇതറിയാം. വെറും ഒരു സംസ്ഥാന സമിതി അംഗത്വം നേടാന്‍ വേണ്ടി ആയിരുന്നില്ല തന്റെ പോരാട്ടം എന്ന് ഈ സമ്മേളനത്തിന്റെ ആദി മുതല്‍ അവസാനം വരെ വി എസ് വ്യക്തമാക്കി. സംസ്ഥാന സമിതി അംഗത്വം വെച്ച് നീട്ടി വി എസിനെ സമ്മേളനത്തിലേക്ക് ആകര്‍ഷികാനുള്ള നീക്കം അദ്ദേഹം തിരസ്‌കരിച്ചതും മറ്റൊന്നും കൊണ്ടല്ല . താന്‍ സ്ഥാനമോഹി ആണെന്ന ദുഷ്പ്പേര് ഇല്ലാതാക്കാന്‍ തന്നെയാണ് അദ്ദേഹം സമ്മേളനവേദിയിലേക്ക് മടങ്ങാതിരുന്നത്. താന്‍ ഉന്നയിച്ചത് സംഘടനാ അച്ചടക്ക പ്രശ്‌നങ്ങള്‍ മാത്രമല്ല പാര്‍ടിയുടെ പൊളിറ്റിക്കല്‍ ലൈന്‍ സംബന്ധിച്ച സുപ്രധാന കാര്യങ്ങള്‍ കൂടിയാണ് എന്ന് വി എസ് ചൂണ്ടികാട്ടിയിട്ടുണ്ട്.  അതിവേഗം കോര്‍പ്പറ്റേ്‌വല്‍ക്കരണത്തിന് വിധേയമാവുന്ന സി പി ഐ എമ്മിന്റെ നയങ്ങളെ ആണ് വി എസ് ചെറുക്കാന്‍ ശ്രമിച്ചത്. നിരന്തരമായ ആശ്രമം ഒരു ശല്യമായി പാര്‍ട്ടി നേതൃത്വത്തിനും പൊതുജനങ്ങളില്‍ ഒരു വിഭാഗത്തിനും  തോന്നിയതില്‍ അത്ഭുതമില്ല.

പുതിയ സെക്രട്ടറി എന്ത് നയം പാര്‍ട്ടിക്കായി മുന്നോട്ടു വെക്കും എന്നതാണ് ഇനി  നോക്കാനുള്ളത്. അജിപ്രോപ് എന്ന നയത്തില്‍ ഊന്നി നില്‍ക്കുമോ? അതോ പാര്‍ട്ടിക്കകത്തെ സമവായം എന്ന നയം പാര്‍ട്ടിക്ക് പുറത്തേക്കും നീളുമോ? അഴിമതിയിലും അത്യാചാരങ്ങളിലും മുങ്ങിക്കുളിച്ചു കേരളത്തെ വെട്ടിമുറിച്ചു വില്‍ക്കുന്ന യു ഡി എഫിലെ ചില കക്ഷികളുമായെങ്കിലും സൗഹൃദ സമീപനം പുലര്‍ത്താന്‍ സി പി ഐ എം ഒരുങ്ങിയാല്‍ അത് ബി ജെ പി, ആം ആദ്മി പാര്‍ട്ടികള്‍ക്കായിരിക്കും ഗുണം ചെയ്യുക . ഭരണപാര്‍ട്ടി എന്ന നിലയില്‍ സി പി ഐ എമ്മിനെ കേരള ജനത ഒരു കാലത്തും നോക്കി കണ്ടിട്ടില്ല. ജനകീയ പ്രതിപക്ഷം എന്ന നിലയിലായിരുന്നു എല്ലാ കാലത്തും സിപിഎമ്മിന്റെ സ്ഥാനം. ചടയന്‍ ഗോവിന്ദന്റെ മരണ ശേഷം പാര്‍ട്ടി സെക്രട്ടറി ആയ വിജയനാണ് പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയ്ക്കകത്തു ഇത്ര ശക്തമാക്കാന്‍ ഇടയാക്കിയത്. പാര്‍ട്ടി-സര്‍ക്കാര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരമായിരുന്നു കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കണ്ടത്. വിജയന്‍ സ്ഥാനം ഏറ്റ ശേഷം പാര്‍ട്ടി ഒരിക്കലും സ്വശ്ചമായിരുന്നിട്ടുമില്ല. ഇത്രയേറെ വിശ്വാസ്യത പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു കാലവും ഉണ്ടായിട്ടില്ല. മറ്റനേകം സാഹചര്യങ്ങള്‍ ഇതിനു കാരണമായിരുന്നിരിക്കാം. പക്ഷെ അതിനെ ചെറുക്കുന്നതില്‍ വിജയന്‍ കാണിച്ച ശേഷിക്കുറവ് തന്നെയാണ് മുഴച്ചു നില്‍ക്കുന്നത്. പുതിയ സംസ്ഥാന കമ്മറ്റിയിലും ആശാവഹമായ പുത്തന്‍ മുഖങ്ങള്‍ ഒന്നുമില്ല. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു അവ്യക്തമായതെന്തോക്കെയോ പറഞ്ഞു കൊണ്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ആണ് സമിതിയില്‍ എത്തിയത്. 

ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുക എന്നതാണ് കോടിയേരിയുടെ മുന്നിലുള്ള ആദ്യ ദൗത്യം. ഭക്തരെയും ഭിക്ഷാംദേഹികളെയും  അകറ്റി നിര്‍ത്താന്‍ കോടിയേരിക്ക് കഴിവുണ്ട്. അതിന് സന്നദ്ധതയുണ്ടോ എന്നതാണ് കണ്ടറിയേണ്ടത്. ഭൂരിപക്ഷ അഭിപ്രായം പോലെ തന്നെ പ്രധാനമാണ് ന്യൂനപക്ഷ അഭിപ്രായങ്ങളും എന്ന് തന്റെ ഗുരു എ കെ ജി പറയാറുണ്ടായിരുന്നത് കോടിയേരി ഓര്‍ക്കുന്നുണ്ടാവുമോ?  എങ്കില്‍ സി പി ഐ എമ്മിന് ശുഭാപ്തി വിശ്വാസത്തിന് വകയുണ്ട്. ഇല്ലെങ്കില്‍ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ചുഴിയില്‍ പാര്‍ട്ടി മുങ്ങി താഴുകയും പൊങ്ങുകയും ചെയ്തുകൊണ്ടേയിരിക്കും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍