UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റപ്പെട്ടു, പുറത്തായി

Avatar

അഴിമുഖം പ്രതിനിധി

എല്‍ഡിഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷമുള്ള സിപിഎമ്മിന്റെ ഏറ്റവും നിര്‍ണായകമായ സംംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് ഇന്നു നടന്നത്. കേന്ദ്ര കമിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇപി ജയരാജന്‍ തന്റെ രാജിപ്രഖ്യാപനത്തിലൂടെ അത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാക്കി മാറ്റുകയും ചെയ്തു. തന്റെ ബന്ധുക്കള്‍ക്ക് വ്യവസായവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളില്‍ അനര്‍ഹമായ നിയമനം നല്‍കുക വഴി സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതികൂട്ടിലാക്കിയ ജയരാജന്റെ വിധി മറിച്ചൊന്നാകില്ലെന്ന് ഇന്നലെ തന്നെ സൂചനകള്‍ ശക്തമായിരുന്നു.

സംസ്ഥാന നേതാക്കളുടെ പ്രീതി മാത്രം അനുകൂലമാക്കിയാലും ജയരാജന് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന ഘട്ടമായിരുന്നു. പാര്‍ട്ടി കേന്ദ്രഘടകം ജയരാജന്റെ കാര്യത്തില്‍ തീര്‍ത്തും നിരാശരായിരുന്നു. സംസ്ഥാന ഘടകത്തില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ജയരാജന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഹാനികരമാകുന്ന ഒന്നും തന്നെ വച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന സന്ദേശമാണ് യെച്ചൂരി സംസ്ഥാനഘടകത്തിന് നല്‍കിത്. ഈ കാര്യത്തില്‍ പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉയരാത്തവിധത്തില്‍ നടപടി കൈക്കൊള്ളണമെന്നു തന്നെയാണ് സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം കിട്ടിയിരുന്നതും; ആ നിര്‍ദേശങ്ങളും പൊതുവികാരവും കണക്കിലെടുത്ത് തന്നെയാണ് ജയരാജന്റെ രാജി സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമായത്.

കേന്ദ്രത്തിന്റെ എതിര്‍പ്പുമാത്രമല്ല, സംസ്ഥാനത്തു നിന്നു തന്നെ ജയരാജനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം/ ഘടകകക്ഷി മന്ത്രിമാര്‍ അതിശക്തമായ ഭാഷയിലാണ് വ്യവസായവകുപ്പിലെ നിയമനങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. നേതാക്കള്‍ക്കിടയില്‍ നിന്നും സമാശ്വസിപ്പിക്കലുകള്‍ ജയരാജന് കിട്ടിയില്ല. ഇതിനെല്ലാം പുറമെയാണ് മുഖ്യമന്ത്രിയുടെ ഭാവമാറ്റം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട ജയരാജന്‍, തനിക്കു പറയാനുള്ളതുപോലും പറയാന്‍ കഴിയാതെ തലതാഴ്‌ത്തേണ്ടി വന്നു. ജയരാജന്‍ മിണ്ടണ്ട എന്നു മുഖ്യമന്ത്രി പറഞ്ഞതായുള്ള വാര്‍ത്തകള്‍ അതേപടി വിശ്വസിക്കേണ്ടതില്ലെങ്കിലും ജയരാജനെതിരേയുള്ള തന്റെ അനിഷ്ടം മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പരസ്യമാക്കിയിരുന്നു. ബന്ധുനിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്നും പൊതുമേഖല സ്ഥാപനങ്ങളിലലെ നിയമനങ്ങള്‍ക്ക് പൊതുമാനദണ്ഡം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞതും താന്‍ ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നതിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ഇന്നു രാവിലെ എസ്എപി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പിണറായി പറഞ്ഞ വാക്കുകള്‍ കൂടി ശ്രദ്ധിക്കണം; ‘അഴിമതിക്ക് വശംവദരായവരെക്കുറിച്ചുള്ള പരാതികള്‍ അവഗണിക്കാനാവില്ല. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ അംഗീകരിക്കില്ല’; ഇത്ര കടുപ്പിച്ച് പറയാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ പറയാന്‍ പിണറായി തയ്യാറായതു തന്നെ ജയരാജന്റെ തലവിധി എന്താണെന്നു വ്യക്തമാക്കുന്നതായിരുന്നു.

താന്‍ രാജിവയ്ക്കാന്‍ സന്നദ്ധനാണെന്നു കോടിയേരിയെ കണ്ട് ജയരാജന്‍ ഇന്നലെ അറിയിച്ചപ്പോഴും അതെല്ലാം നാളെ നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നാണു കോടിയേരി അറിയച്ചിരുന്നത്. സംസ്ഥാന നേതൃത്തിനും അതേപോലെ കണ്ണൂര്‍ ലോബിക്കും ജയരാജന്റെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുക സാധ്യമല്ലെന്നായിരുന്നു കോടിയേരിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകുന്ന എതിര്‍വികാരത്തെ അംഗീകരിക്കുകയേ ജയരാജനു മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. ഇതു മുന്‍കൂട്ടി കണ്ടു കൊണ്ടാണ് രാജിവയ്ക്കാനുള്ള സന്നദ്ധത ഇന്നലെ തന്നെ അറിയിച്ചത്.

ഇന്നത്തെ സെക്രട്ടേറിയിറ്റില്‍ പി കെ ശ്രീമതിയൊഴികെ ആരും തന്നെ ജയരാജനെ അനുകൂലിച്ചു സംസാരിച്ചില്ലെന്നാണ് അറിവ്. മാത്രമല്ല, മന്ത്രിമാര്‍ അടക്കമുള്ള സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ രൂക്ഷവിമര്‍ശനമാണ് ജയരാജനെതിരേ ഉയര്‍ത്തിയത്. ജയരാജനെ നിലനിര്‍ത്തിയാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെയുണ്ടാകുന്ന വലിയ നാണക്കേട് സെക്രട്ടേറിയേറ്റിന് ചര്‍തച്ച ചെയ്യാതിരിക്കാനായില്ല. വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടാല്‍, ആ കുറ്റംകൂടി പേറി ജയരാജന്‍ മന്ത്രിസഭയില്‍ ഇരിക്കുന്നത് സര്‍ക്കാരിനെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിനും സഹായം ചെയ്തുകൊടുക്കലാകുമായിരുന്നു. അതിനേക്കാള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരിക ജനങ്ങളില്‍ നിന്നും തന്നെയായിരുന്നു. അത്രമേല്‍ വിശ്വസിച്ച് അധികാരമേറ്റിയൊരു സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചെന്നു ജനം കരുതരുതെന്നുറപ്പിച്ചുള്ള ഒരു തീരുമാനം തന്നെയാണ് ജയരാജന്റെ രാജി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍