UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസ്റ്റ് കാലത്ത് വിപ്ലവച്ചിട്ടയുണ്ടാക്കാന്‍ തിരുവാതിര മാത്രമാക്കരുത്!

Avatar

അനിരുദ്ധന്‍ അനിരുദ്ധന്‍

നവോഥാന കാലത്ത് ആര്‍ജിച്ച എല്ലാ പുരോഗമനചിന്തകളും വലിച്ചെറിഞ്ഞു പഴമയിലെക്ക് ഒരു ‘ഘര്‍ വാപസി’ നടക്കുന്ന ഒരു കാലഘട്ടം ആണ് ഇന്ന്. ഹൈന്ദവ ഭീകരതക്കെതിരെയുള്ള ഏതു ചെറിയ നീക്കവും രാജ്യദ്രോഹവും മാവോയിസവും ആക്കുന്ന കാലം. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ മുഴുവന്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രകാരം ഓരോ ഹിന്ദുവിനെയും ബ്രാഹ്മണ്യത്തിന്റെ പവിത്രതയെക്കുറിച്ച് ബോധവാന്മാര്‍ ആക്കുന്ന കാലം. ഇതിനെല്ലാം കുട ചൂടി കേന്ദ്രത്തില്‍ ഒരു ഹൈന്ദവ ഫാസിസ്റ്റ് ഭരിക്കുന്ന കാലം. ചരിത്രം തന്നെ വികലമാക്കി ഹൈന്ദവ ഭീകരതയെ എതിര്‍ത്തിരുന്നവരെയൊക്കെ സ്വന്തം അക്കൌണ്ടില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രാഹ്മണ്യം സൃഷ്ടിച്ച ‘ആര്‍ഷ ഭാരതത്തില്‍’ ഇന്നുള്ള പല ടെക്‌നോളജിയും ഉണ്ടായിരുന്നു എന്ന്‍ ശാസ്ത്രകോണ്‍ഗ്രസില്‍പ്പോലും പേപ്പറുകള്‍ അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യ ഹിന്ദുവിവിന്റെയാണ്, ബാക്കിയുള്ളവരൊക്കെയും രാജ്യം വിടണം എന്നു സധൈര്യം വാദിക്കുന്നവര്‍ നാടുവാഴുന്നു, ഹിന്ദു സ്ത്രീകള്‍ നാലും, എട്ടും, പന്ത്രണ്ടും പെറണം എന്നു ജനപ്രതിനിധികള്‍ പോലും പറയുന്ന കാലം. രാഷ്ട്രപിതാവിന്റെ ഘാതകന് അമ്പലം പണിയണം എന്നു വാദിക്കുന്ന കാലം. 

 

സീരിയല്‍ രംഗങ്ങളിലെ ‘സത്സ്വഭാവിയായ’ നായികക്ക് ദുഷ്ടകഥാപാത്രങ്ങള്‍ നല്‍കുന്ന കണ്ണീരും പിന്നെ ഫ്യുഡല്‍ ‘നീലകണ്ഠന്മാര്‍’ പിടിച്ചുകൊണ്ടു പോയി നിര്‍ബന്ധിച്ചു ‘ഡാന്‍സ്’ ചെയ്യിക്കുന്നതും മുതല്‍ ആണ് സ്ത്രീവിരുദ്ധത എന്ന തലത്തില്‍ ആണ് കാര്യങ്ങളെ കാണുന്നത് എങ്കില്‍, തിരുവാതിരക്കളി എന്നറിയപ്പെടുന്ന കൈകൊട്ടിക്കളി ഒട്ടുമേ സ്ത്രീവിരുദ്ധമല്ല.

 

സംഘകാലത്തില്‍ തന്നെ നിലവിലിരുന്നു എന്ന് പറയുന്ന തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ കലാരൂപത്തിന്റെ ചരിത്രം. നല്ല പുരുഷനെ ഭര്‍ത്താവായി ലഭിക്കാനും, ഉള്ള ഭര്‍ത്താവിനു ദീര്‍യുഘാസ്സ് നല്‍കാനും സ്ത്രീകള്‍ ‘ആചരിച്ചിരുന്ന’ ഒരു ആഘോഷം. മംഗല്യവതികള്‍ പലരും ഇന്ന് നമ്മള്‍ ‘കുട്ടികള്‍’ എന്ന് വിളിക്കുന്ന പ്രായം കടന്നിട്ടില്ലാത്തവര്‍ ആയിരിക്കും (പന്ത്രണ്ടു വയസ്സ് മുതല്‍). ആ പ്രായത്തില്‍ വിധവയാകുക എന്നാല്‍ നരകതുല്യമായ ഒരു ജീവിതം ശിഷ്ടജീവിതത്തില്‍ നയിക്കുക എന്നതാണ് അര്‍ത്ഥം. അങ്ങനെയൊരു ഗതി വരണം എന്ന് ഒരാളും ആഗ്രഹിക്കില്ലല്ലോ. ഓരോ പെണ്‍കിടാവും ഭര്‍ത്താവിന്റെ ദീര്‍ഘയുസ്സിനായി അകമഴിഞ്ഞു തന്നെ പ്രാര്‍ത്ഥിക്കും. ഫ്യുഡല്‍ ആണധികാരത്തിനെ ഊട്ടിയുറപ്പിക്കുന്ന തിരുവാതിര എന്ന ആഘോഷത്തിന്റെ ചിട്ടവട്ടങ്ങളില്‍ ഒന്നായി ഉടലെടുത്ത കലാരൂപമായ തിരുവാതിരക്കളി, ഇന്നും കലോത്സവ സ്‌റ്റേജു കഴിഞ്ഞാല്‍ തിരുവാതിരയുമായിത്തന്നെയാണ് ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്നത്. പിന്നെ ഇത് കാണുന്നത് ബ്രാഹ്മണ വിവാഹങ്ങളില്‍ ‘കുടിവെപ്പ്’ എന്ന ചടങ്ങിന് അനുബന്ധമായും. ആചാരത്തോട് അനുബന്ധമായി നടത്തുന്ന കളികളില്‍ സുമംഗലികള്‍ക്കെ സ്ഥാനമുള്ളു, വിധവകള്‍ വെറും കാഴ്ചക്കാര്‍ മാത്രമാണ് സവര്‍ണ ഗൃഹങ്ങളില്‍ ഇന്നും.

 

 

ഇങ്ങനെ ഉള്ള തീര്‍ത്തും ഫ്യുഡല്‍ ആയ ഒരു പരിസരത്തു നിന്നാണ് ഈ കലയുടെ വരവ്, മറ്റേതു സവര്‍ണ കലയും പോലെ അവര്‍ണന് അന്യമായിരുന്നു ഈ കലയും. അവന്റെ ‘പ്രാകൃത കലകള്‍’ എന്നും പടിക്കു പുറത്തു തന്നെ നിന്നു, പലതും കുറ്റിയറ്റ്‌പോയി. ബ്രാഹ്മണ്യം ഒരുതുള്ളി ചോര ചിന്താതെ, കേരളത്തില്‍ ഉണ്ടായിരുന്ന
ദ്രാവിഡ സമൂഹത്തെ ‘ഹൈജാക്ക്’ ചെയ്തപോലെ തന്നെ ഉള്ള ഒരു പരിപാടി. അതിന്റെ ബാക്കിപത്രമാണ് ഇന്നും കാണുന്നത്. ചരിത്രത്തെ വളരെ ‘നിഷ്‌കളങ്ക’മായി നോക്കിക്കണ്ട് വിലയിരുത്തിയാല്‍ ‘പട്ട ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു’ എന്ന് തന്നെയെ ഈ തരത്തില്‍ ഉള്ള കലകളെ എന്‍ഡോഴ്‌സു ചെയ്യുന്നതിനോടുള്ള എതിര്‍പ്പിനെ വ്യാഖ്യാനിക്കുവാന്‍ സാധിക്കു.

 

പെണ്ണിനെ പൂര്‍ണമായും ഒഴിവാക്കി അരങ്ങുകള്‍ സൃഷ്ടിച്ചെടുക്കുക എന്നത് ഇന്നത്തെ അവസ്ഥയില്‍ ഒരിക്കലും പ്രായോഗികമല്ല; പക്ഷെ കഥകളി മുതല്‍ ഉള്ള സവര്‍ണര്‍ പോലും സവര്‍ണമായികണ്ടിരുന്ന കലാരൂപങ്ങളില്‍ സ്ത്രീ സാന്നിധ്യം അന്യംതന്നെയായിരുന്നു. പുരുഷന്‍ കനിഞ്ഞു നല്‍കിയ ലാസ്യ ഭാവ പ്രാധാന്യം ഉള്ള കലകള്‍ മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ എന്ന വാദത്തോടും, കലയില്‍ സാധ്യമാകാത്ത സര്‍ഗാത്മകകതയാണ് അടുക്കളയില്‍ വിരിഞ്ഞത് എന്നൊക്കെയുള്ള വാദത്തോടും യോജിക്കാനാകും.

 

ഇന്ന് കാണുന്ന തിരുവാതിരക്കളി എന്ന കലാരൂപം ബ്രാഹ്മണര്‍, അമ്പല വാസികള്‍, നായന്മാര്‍ എന്നീ സമുദായങ്ങളിലെ സ്ത്രീകള്‍ ആണ് കളിച്ചിരുന്നത്. തീയര്‍ തുടങ്ങിയുള്ള സമുദായങ്ങളില്‍ സ്ത്രീയും പുരുഷനും ഇടകലര്‍ന്നു വട്ടമിട്ടു കളിച്ചിരുന്ന കളി ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്, പാടുന്ന പാട്ടുകളും ചുവടുകള്‍ക്കും കൂടുതല്‍ ചടുലതയും ഉണ്ടായിരുന്നു. തിരുവാതിരക്കളി നവോഥാന കാലം വരെ ഒരിക്കലും സവര്‍ണ പരിസരം വിട്ടു പുറത്തേക്ക് പോയിട്ടില്ല. അന്തര്‍ജ്ജനങ്ങള്‍ കൈകൊട്ടിക്കളി ആസ്വദിച്ചിരുന്നു എന്ന വാദത്തെ കൂട്ടില്‍ ഇട്ട മൃഗം അതിനകത്ത് കിടന്നു ഓടുന്നത് നല്ലപോലെ ആസ്വദിച്ചിരുന്നു എന്ന് പറയുന്നതിന് തുല്യമാണ്, ആ മൃഗത്തിനു തന്റെ ‘പരിമിത സ്വാതന്ത്ര്യത്തിനകത്ത് നിന്ന്‍’ ആകെ ചെയ്യാനാവുന്ന ഒരു കാര്യമാണ് കൂടിനകത്ത് കിടന്നുള്ള ആ ഓട്ടം. അതുപോലെതന്നെയാണ് അന്നത്തെ പാരതന്ത്ര്യത്തില്‍ അവര്‍ക്ക് കയ്യെത്തിപ്പിടിക്കാവുന്ന ഇടങ്ങളില്‍ ഉള്ള ‘കുതറലുകള്‍’ മാത്രമായി തന്നെയേ ഇതിനെ കാണാനാകു. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ സര്‍വണത എന്ന വലിയ ക്യാന്വാസിനെ മറന്നാല്‍, ആ സവര്‍ണത എന്‍ഡോഴ്‌സ് ചെയ്തിരുന്ന സ്ത്രീവിരുദ്ധത മറന്നാല്‍ ഈ ‘കുതറലിനെ’ മുന്‍ നിര്‍ത്തി ഈ കലയെ ഒരു ‘വിപ്ലവ കല’യാക്കി മാറ്റാം. 

 


കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍

 

സാഹിത്യം ‘പെണ്ണുങ്ങള്‍ക്ക്’ വേണ്ടി കൈകൊട്ടിപ്പാട്ടുകള്‍ എഴുതി എന്നതില്‍ എത്രത്തോളം വസ്തുതയുണ്ട് എന്ന് പരിശോധിക്കേണ്ടതാണ്, പ്രധാനമായ പല കൈകൊട്ടിക്കളിപ്പാട്ടുകളും കഥകളിപ്പദങ്ങളോ അല്ലങ്കില്‍ അതുപോലെ ഉള്ള കലകളുടെ ചുവടുപിടിച്ചോ എഴുതപ്പെട്ടവയാണ്. അപ്പോള്‍ സാഹിത്യത്തിന് ഇവ ‘മഹത്തായ’ സംഭാവനകള്‍ നല്‍കി എന്നതിനെ ആ മെറിറ്റില്‍ മാത്രമേ കാണാനാകൂ. 

 

ആദ്യം പ്രസ്താവിച്ച ഇന്നത്തെ സാഹചര്യം ഒരു പുരോഗമന പ്രസ്ഥാനം അവഗണിച്ചു എന്നത് തീര്‍ത്തും നിരാശാജനകം തന്നെ. ഒരു ഫാസിസ്റ്റ് പ്രസ്ഥാനം എങ്ങനെ ഒക്കെ ചരിത്രത്തെ വികലമാക്കി ഹൈന്ദവതയെയും അത് വഴി സവര്‍ണതയെയും മുകളില്‍ പ്രതിഷ്ടിക്കുന്നുവോ അതേ വഴികള്‍ പിന്തുടര്‍ന്നു ഒരു ‘പുരോഗമന പ്രസ്ഥാന’വും സവര്‍ണ ഹൈന്ദവതയെ എന്‍ഡോഴ്‌സ് ചെയ്യുന്നത് ആര്‍ക്ക് ഗുണം ചെയ്യും എന്നത് ചിന്തിക്കേണ്ടതാണ്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നപോലെ ബ്രാഹ്മണ്യം എഴുതിയ കലകള്‍ ഉദാത്തമാണ് എന്ന് വാദിക്കുമ്പോള്‍ ഇല്ലാതാകുന്നത് ആ കാലങ്ങളിലെ അധ്വാന വര്‍ഗത്തിന്റെ കലകളും സംസ്‌കാരവുമാണ്. ഇതെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അസഹിഷ്ണുതയോടെ ‘വെറും കേവല സ്ത്രീവാദമായി’ തള്ളിക്കളയുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ആരെന്നുകൂടെ ചിന്തിക്കേണ്ടതാണ്. പലപ്പോഴും ഒരനീതിയുടെ വ്യാപ്തി മനസ്സിലാക്കണമെങ്കില്‍ അത് അനുഭവിക്കുക തന്നെ വേണം. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ലിംഗ അസമത്വം ഡിറ്റക്റ്റ് ചെയ്യാന്‍ കഴിയുന്നത്. അങ്ങനെ വിമര്‍ശനം ഉയരുമ്പോള്‍ അവിടേയ്ക്ക് വസ്തുതാപരമായി ഖണ്ഡിക്കാനുള്ളത് നല്‍കാതെ വ്യക്തിഹത്യ, ലിംഗഹത്യ തുടങ്ങിയതില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തിന് തിരിച്ചടികള്‍ ഏറ്റുവാങ്ങാനേ ഉതകൂ. എതിര്‍ക്കപ്പെട്ടാല്‍, അന്യംനിന്നു പോയാല്‍ കേരള കലാ സമൂഹത്തിനു തീരാനഷ്ടമൊന്നും ഉണ്ടാക്കുന്നതല്ല തിരുവാതിര എന്ന നൃത്തം. മോഹിനിയാട്ടത്തിലെ ഏതാനും ചില മുദ്രകളും ലാസ്യഭാവമെന്ന പേരില്‍ അരമണ്ഡപ പോസ്ച്ചറിനെ അവഹേളിക്കുന്നത് പോലെ പൃഷ്ടം തള്ളലും കലയ്ക്കും കാലത്തിനും യാതൊന്നും നല്‍കുന്നതല്ല. പിന്നേയും വ്യാഖ്യാനിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഗൂഢതാത്പര്യങ്ങളിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

 

വിപ്ലവം എന്ന പ്രിഫിക്‌സ് ചേര്‍ത്തു സവര്‍ണ പരിസരങ്ങളില്‍ വളര്‍ന്ന് പരിലസിച്ചിരുന്ന ഒരു സവര്‍ണ സ്ത്രീവിരുദ്ധ ആചാരത്തിന്റെ അരികുപറ്റി വളര്‍ന്ന കലയെ ‘ജനകീയമാക്കുവാന്‍’ ഉള്ള ശ്രമം അഭിനന്ദനാര്‍ഹം തന്നെ! ഇനി ഇതുപോലെ ഇപ്പോഴും സവര്‍ണതയുടെ പിടിയില്‍ നിന്നും പൂര്‍ണമായും മുക്തമാകാത്ത പൂജാദി കര്‍മങ്ങള്‍ ജനകീയമാക്കാന്‍ ഇനി മുതല്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഒരു’വിപ്ലവ ഗണപതിഹോമവും’ ഒടുക്കംഒരു ‘വിപ്ലവ ഭഗവതിസേവ’യും കൂടിയാകാം.

 

(ലേഖകന്‍ ബാംഗ്ളൂരില്‍ ഐ.റ്റി മേഖലയില്‍ ജോലി ചെയ്യുന്നു)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍