UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമർശനങ്ങളാൽ വ്രണപ്പെടുന്ന ‘വിപ്ലവത്തിരുവാതിര’

Avatar

വിശാഖ് ശങ്കര്‍

നമ്മുടെ പരമ്പരാഗത കലാരൂപങ്ങളിൽ ഏതാണ്ട് എല്ലാറ്റിലും തന്നെ പ്രത്യക്ഷമോ, പരോക്ഷമോ ആയ സവർണ്ണ,  ഫ്യൂഡൽ, പിതൃകേന്ദ്രീകൃത മൂല്യങ്ങളുടെതായ ഉള്ളടക്കം വായിച്ചെടുക്കാനാവും. അധികാരമുള്ളവന്റെ കലാ, സാംസ്കാരിക, ലാവണ്യ ശീലങ്ങളെ മാത്രം രേഖപ്പെടുത്തുന്നതായിരുന്നു ചരിത്രം എന്ന നിലയ്ക്ക് പരമ്പരാഗതം എന്ന് അടയാളപ്പെടുന്ന കലകളുടെ കാര്യത്തിൽ അത്തരമൊരു ഉള്ളടക്കം സ്വാഭാവികമാണ് താനും. ഇത്തരം കലകളിൽ നിലനില്ക്കുന്ന മിത്തിക്കലും, ആചാരാനുഷ്ഠാനബന്ധിയുമായ ബാഹ്യ പരിസരങ്ങളാണ് സാംസ്കാരിക ബിംബങ്ങൾ എന്ന നിലയിൽ പുനരുദ്ധാനവാദികളുടെ സജീവതാല്പര്യങ്ങളെ അവയിലേയ്ക്ക്  ആനയിക്കുന്നതും. ആ ഒരു പശ്ചാത്തലത്തിൽ നിന്ന് കൂടിവേണം വിവാദമായ ‘വിപ്ലവത്തിരുവാതിര’യെ സമീപിക്കേണ്ടത് എന്ന് തോന്നുന്നു.  

 

സിപിഎം എന്തുചെയ്താലും അത് വിവാദമാകുന്ന ഒരു സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ നിലവിലുള്ളത് എന്നത് ഒരു സത്യമായിരിക്കുമ്പോഴും വിപ്ലവത്തിരുവാതിരാവിവാദത്തെ ആ പട്ടികയിലെ മറ്റൊന്ന് എന്ന നിലയിൽ എഴുതിത്തള്ളാനാവാത്തത് സാംസ്കാരിക സംഘിവൽക്കരണം ലഭ്യമായ എല്ലാ ഉറവകളും ഉപയോഗപ്പെടുത്തി ഹിന്ദുത്വത്തിന്റെ അജണ്ടകളെ പൊതുബോധത്തിലേയ്ക്ക് ഒളിച്ച് കടത്താൻ നടത്തുന്ന ശ്രമങ്ങളുടെ മേല്പറഞ്ഞ പശ്ചാത്തലത്തിലാണ്. ജീർണ്ണിച്ച ഫ്യൂഡൽ, സവർണ്ണ, പിതൃകേന്ദ്രീകൃത മൂല്യങ്ങൾക്ക് കൃത്രിമമായ ഒരു മതേതര, ജാതിയേതര പരിപ്രേക്ഷ്യം പടച്ച് നൽകിക്കൊണ്ടാണ് അവർ ഈ കടത്ത് സാധ്യമാക്കുന്നത്. ആ പരിസരത്തിൽ നിന്ന് നോക്കുമ്പോഴാണ് ഒരു പുരോഗമന രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഇനിയും ബാക്കിവയ്ക്കുന്ന രാഷ്ട്രീയ സംഘടന, ജനപ്രിയതയിൽനിന്ന് കേവലമായി എടുത്ത് ചേർക്കുന്ന ‘വിപ്ലവത്തിരുവാതിര’ പ്രശ്നങ്ങൾ ഉല്പാദിപ്പിക്കുന്നത്.

 

കലകളോട് അയിത്തം വേണമോ?

കലാപം അന്തർലീനമായുള്ള ജനകീയ ആവിഷ്കാരങ്ങളാണ് ഓരോ കലയും. അതങ്ങനെ ആയിരിക്കുമ്പോഴും അതിന്മേൽ അധികാരത്തിന്റെ താല്പര്യങ്ങൾ ഇല്ലാതാകുന്നില്ല. കലയും അധികാരവുമായുള്ള മെരുക്കൽ-കുതറൽ  ബന്ധം ബൈനറികൾ കൊണ്ട് വ്യാഖ്യാനിച്ച് തീർക്കാവുന്നതുമല്ല. കേരളത്തിലെ പല കലാരൂപങ്ങളും അവയുടെ സവർണ്ണ,  ഫ്യൂഡൽ , പിതൃകേന്ദ്രീകൃത രക്ഷകർതൃത്വത്തെ അവയുടെ ജനകീയ പരിണാമചരിത്രത്തിലൂടെ അതിജീവിച്ചിട്ടുമുണ്ട്. തീർച്ചയായും ആ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ് കലയുടെ ചരിത്രം. 

 

എല്ലാ കലയും അതാത് കാലങ്ങളുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിസരങ്ങളോട്, ചരിത്രത്തോട് സംവദിച്ചുകൊണ്ടാണ് നിലനില്ക്കുന്നതും, വികസിക്കുന്നതും, പരിണമിക്കുന്നതും. ഈ പരിണാമം കലയുടെ രൂപവും (ഫോമും) ഉള്ളടക്കവും (കണ്ടന്റ്) തമ്മിലുള്ള ജൈവവും, വേർതിരിക്കാനാവാത്തതുമായ അലിഞ്ഞുചേരലിനെ സമഗ്രാർത്ഥത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് സാധ്യമാകുന്നത് എന്ന് മാത്രം. ഇതിൽ ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ഉപരിപ്ലവമായി വേർതിരിച്ച്  പരിഷ്കരിച്ചുകൊണ്ട്  അത്തരമൊരു പരിണാമം സാധ്യമാവില്ല. അതിന് സമഗ്രവും, സംഘർഷാത്മകവുമായ ഒരു ചരിത്രം ഉണ്ടാവും. തിരുവാതിരയുടെ നാളിതുവരെയുള്ള ചരിത്രം അത്തരമൊരു സംഘർഷാത്മക പരിണാമത്തിന്റേതായിരുന്നുവോ, അതോ വിപണിയും അധികാരവും പൊതുബോധവുമായി ഉണ്ടാക്കിയ ഒത്തുതീർപ്പുകളുടെതായിരുന്നുവോ  എന്നതാണ് അന്വേഷിക്കേണ്ടത്.

 

 

ഒരു കലയെയും അതിന്റെ  സവർണ്ണ, ഫ്യൂഡൽ, പിതൃകേന്ദ്രീകൃത രക്ഷാകർതൃഘടനയുടെ പേരിൽ പുറത്ത് നിർത്തേണ്ടതില്ല. മനുഷ്യകുലത്തിന്റെ സഞ്ചിത സാംസ്കാരിക മൂലധനം എന്ന നിലയിൽ അവയെ മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് വീണ്ടെടുക്കുകയാണ് വേണ്ടത് എന്നതും ശരി തന്നെ. പക്ഷേ അപ്പോഴും ഒരു സാംസ്കാരിക ബിംബം എന്ന നിലയിൽ ആ കല വർത്തമാന ചരിത്രത്തിൽ എന്തിനെയാണ് പ്രതിനാധാനം ചെയ്യുന്നതെന്ന് അതിനെ ഉപയോഗിക്കുന്നതിനു മുമ്പ് പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെങ്കിലും അന്വേഷിക്കേണ്ടതുണ്ട്. കേവലമായ ജനപ്രിയതയ്ക്കപ്പുറം അത്തരമൊരു അന്വേഷണം തിരുവാതിരയെ ‘വിപ്ലവത്തിരുവാതിര’യാക്കുന്നതിനു മുമ്പ് നടന്നിരുന്നുവോ എന്നതും, ഇല്ലെങ്കിൽ അത് ഉല്പാദിപ്പിക്കാവുന്ന സാംസ്കാരിക പരിണാമത്തിന്റെ ദിശയുമാണ് പ്രശ്നം.

 . 

തിരുവാതിരയുടെ ചരിത്രം 

തിരുവാതിരയുമായി ബന്ധപ്പെട്ട് കേരളത്തിൽ പറഞ്ഞുകേൾക്കുന്ന രണ്ട് പ്രമുഖ മിത്തുകളിൽ ഒന്ന്  ശിവനെ വീണ്ടും ഭർത്താവായി ലഭിക്കാൻ പാർവതി നടത്തിയ നോമ്പും, മറ്റേത്  കാമദേവനെ വീണ്ടും ഭർത്താവായി ലഭിക്കാനായി ഭാര്യയായ രതിദേവി നടത്തിയ നോമ്പുമായി ബന്ധപ്പെട്ടവയാണ്. പ്രത്യക്ഷത്തിൽ ശിവന്റെ ജന്മദിനവും, കാമദേവന്റെ അന്ത്യദിനവും ആണത്.

 

ശിവപുത്രനാൽ മാത്രമേ കൊല്ലപ്പെടൂ എന്ന വരം ലഭിച്ച താരകാസുരൻ. തന്റെ മുന്നറിയിപ്പ് അവഗണിച്ച് പിതാവിന്റെ യാഗത്തിന് പോയി അവിടെവച്ച് കൊല്ലപ്പെടുന്ന സതീ ദേവീയുടെ വിയോഗം ജനിപ്പിച്ച താപത്തിൽ ദക്ഷനെ നിഗ്രഹിച്ച് ഉഗ്രതാണ്ഢവമാടി തപസ്സിൽ അമർന്ന മഹാദേവൻ. ഇയാൾക്കെങ്ങനെ മകനുണ്ടാകും എന്ന ധൈര്യത്തിൽ താരകാസുരൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളിൽ പൊറുതിമുട്ടിയ ദേവേന്ദ്രൻ. ഇതിനിടയിലാണ് സതി  പുനർജനിച്ച് ശിവന്റെ പ്രണയം വീണ്ടെടുക്കുന്നതിനായി നോമ്പ് നോല്ക്കുന്നത്. സാഹചര്യങ്ങൾ എപ്പോഴും ദേവേന്ദ്രനൊപ്പമായിരുന്നു. അദ്ദേഹം ശിവന്റെ തപസ്സിളക്കി ശിവശക്തീ സംഗമത്തിനരങ്ങൊരുക്കാൻ കാമദേവനെ നിയോഗിക്കുന്നു. പാവം അകാലത്ത്‌ വസന്തം സൃഷ്ടിച്ച് മലരമ്പുകൾ കൊണ്ട് ശിവനെ തപസ്സിൽനിന്ന് ഉണർത്തുന്നു. തൃക്കണ്ണുതുറന്ന ശിവൻ കാമദേവനെ ചാരമാക്കുന്നുവെങ്കിലും ശിവശക്തി സംയോഗം നടക്കുന്നു. 

 

ശിവന്റെ ഉഗ്രതപസ്സിന് മലരമ്പുകൾകൊണ്ട് വിഘ്നം വരുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ കോപത്തിന്റെ മൂന്നാം കണ്ണിന്റെ രക്തസാക്ഷിയായ കാമദേവനെ വീണ്ട് കിട്ടാനായി അദ്ദേഹത്തിന്റെ ഭാര്യയായ രതിദേവി നടത്തിയ ഉഗ്രവൃതങ്ങളുടെ ധനാത്മകമായ പരിസമാപ്തിയുടെ ഓർമ്മ എന്ന നിലയിലും അത് മുന്നോട്ട് വയ്ക്കുന്ന ഉള്ളടക്കം ഭർതൃസുഖത്തിനായി ഭാര്യ നോൽക്കേണ്ട നോമ്പുകൾ തന്നെയാണ്. അപ്പോൾ പോലും രതിയെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ ഉപകരണമായ, രണ്ടാംകിട ദൈവമായ കാമദേവൻ രക്തസാക്ഷിയാവുക മാത്രമല്ല, പുനർജ്ജന്മം സാധ്യമായിട്ടും അംഗഹീനനായി ജീവിക്കേണ്ടിവരികയായിരുന്നു. ഇത്  പുത്തൻ തിരുവാതിരയ്ക്കും, പൂത്തിരുവാതിരയ്ക്കും ഒക്കെ പൊതുവായുള്ള അധികാരപക്ഷ, പുരുഷകേന്ദ്രീകൃത  ഉള്ളടക്കമാണ്. അതാവട്ടെ പരസ്പരസ്നേഹത്തിന്റെയോ, കൊടുക്കൽ വാങ്ങലിന്റെയോ പ്രതീകമല്ല താനും. ഭാര്യാ സുഖത്തിനായി, ഇഷ്ട പത്നീലബ്ധിയ്ക്കായി പുരുഷൻ നോൽക്കേണ്ട നോമ്പുകളൊന്നും പ്രചാരത്തിൽ ഇല്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല.

 

പുരുഷൻ ഉഗ്രമായ വികാരവിക്ഷോഭങ്ങളിലൂടെയും, അവയുടെ ആവിഷ്കാരങ്ങളായ ശപഥങ്ങളിലൂടെയും തപസ്സിലൂടെയും ഒക്കെ  കടന്നുപോകുന്ന ഒരു വിരാട് രൂപമാണ്. സ്ത്രീയ്ക്കും തപസ്സും, ശപഥവുമൊന്നുമില്ലെന്നല്ല. പക്ഷേ അവ മിക്കതും തന്റെ പുരുഷനെ, അവൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ അധികാര വ്യവസ്ഥയുടെ സംസ്ഥാപനത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും. അധികാരത്തിന്റെ രാഷ്ട്രീയാവശ്യമായ ഉൽപാദന, പ്രത്യുല്പാദന വ്യവസ്ഥയെ നിലനിർത്തുക എന്നതാണ് മുഖ്യ കടമ. അതുകൊണ്ട് തന്നെ അവരുടെ തപസ്സുകൾ പലപ്പോഴും പുരുഷന്റെ തപസ്സ് ഇളക്കാനാണ്. അത്തരം ഒന്നായിരുന്നു പുനർജനിച്ച സതിയുടെത്.  അതിന് പരിഹാരമായി പിന്നീട് നോമ്പ് നോൽക്കേണ്ടി വന്നതും രതീദേവി എന്ന മറ്റൊരു സ്ത്രീയ്ക്കായിരുന്നു. ഇവയിലെല്ലാം പൊതുവായുള്ള ആത്മീയ ദർശനം പുരുഷകേന്ദ്രീകൃതമാണെന്നതിന് ഇനിയും വിശദീകരണങ്ങൾ ആവശ്യമില്ലല്ലൊ. ഇവയുടെ ഓർമ്മദിവസം എന്ന നിലയിൽ തിരുവാതിരയുടെ മിത്തിക്കൽ ഉറവിടം തന്നെ എത്രകണ്ട് പുരുഷകേന്ദ്രീകൃതമാണെന്ന്, അതിലുള്ള പാർശ്വവൽക്കരണങ്ങളുടെ ചരിത്രം എന്താണെന്ന് വ്യക്തമാണ് .

 

 

മിത്തും കഴിഞ്ഞുള്ള ചരിത്രം 

മിത്തുകൾ ആദ്യം ഉണ്ടാകുകയും ആചാരങ്ങളും, അനുഷ്ഠാനങ്ങളും അവയുമായി ബന്ധപ്പെട്ട കലാരൂപങ്ങളും  പിന്നീട് രേഖീയമായി കെട്ടിയിറക്കപ്പെടുകയും ആണ് എന്നല്ല. നിലനില്ക്കുന്ന പല ആചാരങ്ങളുടെയും മിത്ത് വൽക്കരണത്തിലൂടെ അധികാരം അവയെ തങ്ങൾക്കനുകൂലമായി സ്വാംശീകരിക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ. സ്വാഭാവികമായും തിരുവാതിരയുമായി ബന്ധപ്പെട്ട മിത്തുകൾക്കും അത് ബാധകമാണ്. 

 

കേവലം മിത്തുകളും, അനുഷ്ഠാനാചാരങ്ങളും കൊണ്ട് അവയുടെ ഇരകളുടെ ചരിത്രത്തെ എന്നെന്നേയ്ക്കുമായി തമസ്കരിക്കാൻ, ചെറുത്തുനിൽപ്പുകളെ  അവസാനിപ്പിക്കാൻ അധികാരത്തിനാവില്ല. പാർശ്വവൽകൃതർ വ്യവസ്ഥയിൽ വീണ് കിട്ടുന്ന വിടവുകളിലൂടെ തങ്ങളുടെ ചെറുത്തുനില്പ്പ് തുടർന്നുകൊണ്ടേയിരിക്കും. പക്ഷേ അത് വ്യവസ്ഥയിലെ, അതിന്റെ പ്രചരണാത്മക ബിംബങ്ങളിലെ ആന്തരികനന്മയെ അവലംബിച്ചാണ് എന്ന വാദം അധികാരത്തിന്റെ തന്നെ വാദങ്ങൾ ആയിരിക്കും. 

 

പിതൃകേന്ദ്രീകൃത അധികാര യുക്തിയുടെ ഇരകൾ അത് അവർക്ക് അനുവദിച്ച കുളങ്ങളിൽ കൈ കുഴയുവോളം പാടി തുടിച്ച് പ്രതിരോധങ്ങളെ ആവിഷ്കരിച്ച ചരിത്രത്തെ അവർ ആവിഷ്കരിച്ച വിപ്ലവമാർഗ്ഗമായല്ല, മറിച്ച് അവരുടെ വൈകാരികവും, ശാരീരികവുമായ നിവർത്തികേടുകളുടെ തുറന്നുവിടൽ സാധ്യതയായി വേണം വായിക്കാൻ. ഇളമുറ നമ്പൂരിമാർ സംബന്ധം തേടി പുറപ്പെട്ടതിനെ തുടർന്ന് ഉല്പാദിപ്പിക്കപ്പെട്ട സ്ത്രീമാത്ര ഇടങ്ങളെ അവർ കൈകൊട്ടി കളിക്ക് പാട്ടെഴുതാനായി ഉപയോഗിച്ചത് ആ സങ്കേതം നല്കുന്ന സാധ്യതകളെ മാത്രം മുൻനിർത്തിയല്ല, മറിച്ച് അവ അവരുടെ ഗതികേടിന്റെ കൂടി ആവിഷ്കാരങ്ങളായിരുന്നു. വളയിട്ട കൈകൾ കുഴയുവോളം കൈകൊട്ടിപ്പാടി സ്ത്രീകൾ ആവിഷ്കരിച്ച പ്രതിഷേധത്തെയും അത്തരമൊരു മുഖമില്ലാത്ത, ആത്മപീഢാപരമായ പ്രതിഷേധമായിക്കൂടി കാണേണ്ടതുണ്ട്. അത് അവരുടെ പരിമിതിയല്ല, അകപ്പെട്ട തടവറ അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിമിതിയാണ്. ജയിലിൽ ഇട്ടാലും കാലിൽ കൂച്ചുവിലങ്ങിട്ടാലും നടക്കാനാവും. തടവറ അനുവദിക്കുന്ന ചതുരശ്രയടികൾക്കുള്ളിൽ കണങ്കാൽ തളരുവോളം ഒരാൾ രേഖീയമായി കൂട്ടിയാൽ പല കിലോമീറ്ററുകൾ വരുന്ന ദൂരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു തീർത്തു എന്നുവച്ച് ജയിൽ തടവുപുള്ളികളുടെ സ്വാതന്ത്ര്യത്തെ ആവിഷ്കരിക്കുന്നു എന്ന് പറയാനാവില്ലല്ലോ.

 

തിരുവാതിരകളിയെന്ന സ്വതന്ത്ര സ്ത്രീവർഗ്ഗ കല 

തിരുവാതിരകളി ഒരു സ്വതന്ത്ര സ്ത്രീവർഗ്ഗ കലയാണ് എന്ന വാദം പ്രാഥമികമായി പിന്തുടരുന്നത് അതിന്റെ സ്ത്രീമാത്ര ഇടത്തെയാണ്. തിരുവാതിര നാളിൽ വാല്യക്കാരികളെ മാത്രം കൂട്ടി നായർ ഭവനങ്ങളിലേയ്ക്കുള്ള യാത്ര പലതരം സദാചാര ലംഘനങ്ങൾക്കുമുള്ള മറയാകുന്നു എന്നും, നമ്പൂതിരി യുവാക്കൾ ജാഗരൂകരാകണമെന്നുമുള്ള മനോരമയുടെ ഓർമ്മപ്പെടുത്തൽ ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. ഇവിടെ ഒരു ചോദ്യം ഉണ്ടായിവരുന്നു. എന്തുകൊണ്ട് അന്നത്തെ യാഥാസ്ഥിതിക, പുരുഷ കേന്ദ്രീകൃത സാമൂഹ്യ അധികാര വ്യവസ്ഥ അത്തരം ഒരു സ്വാതന്ത്ര്യം സ്ത്രീകൾക്കനുവദിക്കാൻ നിർബന്ധിതമായി? ആണ്‍കോയ്മയുടെ അധികാരശാസ്ത്രം ഒരു തിരുവാതിരനാളിൽ മാത്രം സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു എങ്കിൽ അത് ആ കലാരൂപത്തിൽ ഉൾചേരുന്ന കലാപസാധ്യതകളെ അംഗീകരിച്ചു കൊണ്ടായിരുന്നില്ല എന്ന് വ്യക്തം. അപ്പോൾ അതിനെ അവർ വ്യവസ്ഥാപിതമായ അധികാരം ഉപയോഗിച്ച് ഉച്ചാടനം ചെയ്തില്ലെങ്കിൽ അതിന് കാരണം വ്യവസ്ഥയെ തകർക്കുന്ന തരം പ്രതിഷേധങ്ങളിൽ ഉപരി അവയെ നിലനിർത്താൻ ഉതകുന്ന മെരുക്കൽ സാധ്യതകളാണ് അവ മുന്നോട്ട് വച്ചിരുന്നത് എന്ന പ്രതിവാദത്തെ അങ്ങനെയങ്ങ് മുഖമടച്ച് ആട്ടിക്കളയാനാവുമോ?

 

ദളിതർക്കിടയിൽ പോലും കൈകൊട്ടികളി നിലനിന്നിരുന്നു എന്നതാണ് മറ്റൊരു വാദം. ദളിതർക്ക് ഏതൊക്കെ കലയിൽ പ്രവേശനം ആകാം എന്നതുപോകട്ടെ അവർക്ക് എന്തൊക്കെ വാക്കുകൾ ഉച്ചരിക്കാം എന്നതുപോലും തീരുമാനിക്കുംവിധം പ്രബലമായിരുന്ന കീഴാചാരങ്ങളുടെ ചരിത്രം കൈകൊട്ടിക്കളി ദളിതർക്കും അനുവദിച്ചിരുന്നു എങ്കിൽ അത് യാദൃശ്ചികമായിരുന്നു എന്നാണോ? അതോ ആ കളിയിൽ ഉണ്ടായിരുന്ന വിപ്ലവക്ഷമതയുടെ നിദാനമായിരുന്നോ? ഇനി അതങ്ങനെ ആണെന്ന് വാദത്തിന് സമ്മതിച്ചാൽ പോലും ചില ദളിതർ  തിരുവാതിര കളിച്ചിരുന്നു എന്നതിനപ്പുറം അതൊരു  ദളിതവർഗ്ഗ കലാരൂപം ആയിരുന്നു എന്നതിന് വ്യക്തിഗത സാക്ഷ്യങ്ങൾക്കപ്പുറം എന്ത് ചരിത്രപരമായ തെളിവാണുള്ളത്?

 

തിരുവാതിരയുടെ പിൽക്കാലചരിത്രം 

‘വിപ്ലവത്തിരുവാതിര’യുടെ വിമർശകർ മുഴുവൻ യുവജനോൽസവങ്ങളെയും, ജനപ്രിയ സിനിമകളെയും ആധാരമാക്കി ആ കലയുടെ ചരിത്രം വായിക്കുന്നവരാണെന്നാണ് മറ്റൊരു വിമർശനം. ഫ്യൂഡലിസം ബാഹ്യമായെങ്കിലും പിൻവാങ്ങുകയും നഗരവല്ക്കരണം, അണുകുടുംബ വ്യവസ്ഥ തുടങ്ങിയവ വ്യാപകമാവുകയും ചെയ്തതോടെ ഇല്ലാതായ തറവാടുകളും, നാലുകെട്ടും, എട്ടുകെട്ടും തിരുവാതിരയെ ഒരു സ്റ്റേജ് ഐറ്റമാക്കി മാറ്റിയെന്നത് അതിന്റെ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. യുവജനോൽസവം, ഓണാഘോഷം, ക്ലബ്ബ് വാർഷികം തുടങ്ങി ജനപ്രിയ സിനിമകൾ വരെ ഉപയോഗിച്ചാണ് പ്രായോഗികമായി തിരുവാതിര ഇന്ന് നിലനില്ക്കുന്നത്. ചരിത്രം എന്നത് ഒരു ഘട്ടം വരെ ആഴമുള്ളതും, പിന്നീട് അടിതട്ടുന്നതും ആണെന്നത് ഒരുതരം ഉദ്ദണ്ഢവാദമാണെന്ന് പറയാമല്ലോ, അല്ലേ…?

 

പൃഷ്ഠത്തിൽ സ്പോഞ്ച് വച്ച് കെട്ടി തിരുവാതിര കളിക്കുന്ന വർത്തമാന വേദികളെ പരാമർശിച്ചുകൊണ്ടുതന്നെ ഒഴിവാക്കുമ്പോൾ സംഭവിക്കുന്നത് ശ്രദ്ധയോടെയുള്ള ഒരു കണ്ണടയ്ക്കലാണ്. അതല്ല ‘യഥാർത്ഥ’ തിരുവാതിര എന്നതാണ് ഭാഷ്യം. മിത്തിനെ പിടിച്ച് വ്യാഖ്യാനിക്കാൻ പഴയ നോമ്പുപോയിട്ട്, പുഴുക്കും, ദശപുഷ്പവും, തുടികുളിയും പോലും ഇന്ന് ഓണാഘോഷവേദികളിലും, യുവജനോത്സവങ്ങളിലും ബാക്കിയില്ലല്ലോ എന്ന വാദവുമാകാം. പക്ഷേ ഇവയൊക്കെ പോയ ബാഹ്യമായ ഫ്യൂഡൽ ശൂന്യതയിലേയ്ക്കാണ് ഉള്ളടക്കം കാര്യമായൊന്നും മാറാതെ തന്നെ പെണ്ണുടലിന്റെ വസ്തുവൽക്കരണം എന്ന സാധ്യത തുറന്നിടുന്ന കാഴ്ചക്കമ്പോളം നിലവിൽ വരുന്നതും. ഇവിടെ കാഴ്ചയുടെ നിലയൊക്കെ കണ്ണിനനുസരിച്ച് മാറും എന്ന സാമാന്യവല്ക്കരണം പൊതുബോധത്തെ അഭിസംബോധന ചെയ്യുന്നതേയില്ല. 

 

 

സംവാദസാധ്യതകളെ റദ്ദ് ചെയ്യുന്ന വൃണവികാരം 

തിരുവാതിര പോലെ ഓണാഘോഷത്തിന്റെ ഭാഗമായോ, യുവജനോത്സവത്തിന്റെ ഭാഗമായോ, ക്ലബ് തല മത്സരങ്ങളിൽ ഒരു തവണയെങ്കിലും പങ്കെടുക്കാത്ത പെണ്ണുങ്ങൾ കുറവായ, അവരുടെ അപ്പനും മകനും സഹോദരനും കാമുകനും ഭർത്താവുമായ പുരുഷന്മാർ ഏറെയുള്ള ഒരു സമൂഹത്തിൽ ഇത്തരം സംവാദങ്ങൾ ഉണ്ടാക്കുന്ന പ്രകോപനങ്ങൾ മനസിലാക്കാം. ഫ്യൂഡൽ, സവർണ്ണ, പിതൃകേന്ദ്രീകൃത മൂല്യങ്ങളെ പ്രതിപക്ഷത്ത് നിർത്തുന്ന പുരോഗമന ബുദ്ധിജീവികൾക്ക് ഇത് തീവ്രവാദത്തെക്കാൾ ഭയാനകമാകുന്നതിന്റെ രീതിശാസ്ത്രമാണ് മനസിലാകാത്തത്. അതിനേക്കാൾ ഭയപ്പെടുത്തുന്നത് അവ നല്കുന്ന സൂചനകളും.

 

പറഞ്ഞുവരുന്നത് ഒരു കലാരൂപമെന്ന നിലയിൽ തിരുവാതിര ഇനി ഒരു സാധ്യതയും മുന്നോട്ട് വയ്ക്കുന്നില്ല എന്ന തീർപ്പല്ല; കാബറെ ഉൾപ്പെടെ എല്ലാം പിന്നണിയിലെ പാട്ട് മാറ്റി വിപ്ലവൽക്കരിക്കപ്പെട്ട് വരട്ടെ എന്ന, ‘വിപ്ലവ കാബറെ’ വരട്ടെ എന്ന, കേവലവാദം വിമർശിക്കപ്പെടേണ്ടതുണ്ടെന്നാണ്. കലയിലെ ഫോം, കണ്ടന്റ് ദ്വന്ദ്വവൽക്കരണം പരിശോധിക്കപ്പെടെണ്ടതുണ്ടെന്നാണ്.

 

തിരുവാതിര നിരോധിക്കണമെന്ന് ‘വിപ്ലവത്തിരുവാതിര’യുടെ തീവ്രവിമർശകർ പോലും പറഞ്ഞതായി അറിവില്ല.  സംഘിവൽക്കരണം ചരിത്രമുൾപ്പെടെയുള്ള സാംസ്കാരിക ഉപാധികളെ മുഴുവൻ അധിനിവേശിക്കുന്ന പശ്ചാത്തലത്തിൽ പുരോഗമനപരിപ്രേക്ഷ്യം സ്വീകരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന ബഹുജനസംഘടനകൾ എടുക്കുന്ന ചുവടുകൾ പിഴയ്ക്കുന്നുവോ എന്ന സംശയം മാത്രമാണ് പ്രകടിപ്പിക്കപ്പെടുന്നത്. അമ്പലക്കമ്മിറ്റികളിൽ സഖാക്കൾ കയറിക്കൂടി അവയെ വൈരുദ്ധ്യവൽക്കരിക്കുന്ന, ഭൗതീകവല്ക്കരിക്കുന്ന അടവുനയം എത്തിനില്ക്കുന്ന അവസ്ഥയിൽ തിരുവാതിര പോലെയുള്ള ഒരു സാംസ്കാരിക ബിംബം നിലനില്ക്കുന്ന പശ്ചാത്തലത്തിൽ നിന്ന്  പാർട്ടി പരിപാടിയിലേക്ക് നേരിട്ട് കയറിക്കൂടുന്നതിന്റെ യുക്തിയെ പ്രശ്നവൽക്കരിക്കുന്ന സംവാദങ്ങളോടുള്ള യുദ്ധകാല പ്രതികരണങ്ങൾ യഥാർഥത്തിൽ സാധ്യമാക്കുന്നത് വിശാല ഇടതുപക്ഷ ഇടങ്ങളുടെ നിഷേധമാണ്. സംഘികൾ രാഷ്ട്രീയ അധികാരത്തിലൂടെ ഇന്ന് നടപ്പിലാക്കാൻ ശ്രമിക്കുന്ന നിലനിൽപ്പിന്റെ രീതിശാസ്ത്രമായിക്കുടാ ഇടതുപക്ഷത്തിന്റേത്. അത് സംവാദാത്മകമായിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

 

(വിശാഖ് ശങ്കര്‍- എഴുത്തുകാരന്‍)

 

അഴിമുഖം പ്രസിദ്ധീകരിച്ച വിശാഖിന്റെ മറ്റു ലേഖനങ്ങൾ:

ഒന്നൊന്നരയല്ല, ഒരറുപത്താറു കരിനിയമം

എവിടംവരെ പിന്‍വലിക്കും നിഷേധങ്ങളെ നമ്മള്‍?

 

*Views are personal

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍