UPDATES

വി എസിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ശ്രമം

അഴിമുഖം പ്രതിനിധി

കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വി എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. അടിയന്തിര സംസ്ഥാന സമിതിയോഗം ഇന്ന് രാത്രി 8 മണിക്ക് ചേരുന്നുണ്ട്. വി.എസിനെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വിശ്വസ്തരായ എം.ചന്ദ്രനെയും ചന്ദ്രന്‍ പിള്ളയേയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഈ നേതാക്കള്‍ വി എസിനെ വീട്ടില്‍വന്നു കണ്ട് സംസാരിക്കുമെന്നാണ് അറിയുന്നത്. കേന്ദ്ര നേതാക്കളും വി.എസുമായി ചര്‍ച്ച നടത്തും. ആലപുഴയില്‍ നടന്ന അവയ്‌ലബിള്‍ പി ബിയുടെതാണ് തീരുമാനം. കാര്യങ്ങള്‍ ഒരുപരിധിവരെ തന്റെ വഴിക്കു വരുന്നതിനാല്‍ ഇന്നു നടത്തുമെന്ന് പറഞ്ഞിരുന്ന വാര്‍ത്ത സമ്മേളനം വി എസ് ഒഴിവാക്കിയിട്ടുണ്ട്. കുറച്ചുകൂടി കാത്തിരിക്കാനാണ് വി എസിന്റെ തീരുമാനം.

വി.എസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ രാത്രിയില്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പിണറായിക്കെതിരെ സംഘടന നടപടി വേണമെന്നതാണ് വി.എസിന്റെ പ്രധാന ആവശ്യം. ടി.പി.കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും തന്നെ കുറ്റപ്പെടുത്തുന്ന പ്രമേയം പിന്‍വലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളെല്ലാം സമിതിയില്‍ ചര്‍ച്ചയ്ക്കുവരുമെന്നുതന്നെയാണ് അറിയുന്നത്. വി എസിനെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും നിലനിര്‍ത്താനും പി ബി ഇടപെടുമെന്നും കരുതുന്നു.

അതേസമയം വി എസിനെ യോഗേന്ദ്ര യാദവ് ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. സത്യസന്ധര്‍ക്കും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോഴും സ്വാഗതമെന്നും യാദവ് പറഞ്ഞു. വി എസ് പാര്‍ട്ടി വിട്ട് പുറത്തുവരണമെന്ന് ആര്‍ എം പി നേതാവ് എന്‍ വേണു പറഞ്ഞു. ചന്ദ്രശേഖരന്റെ ചോരയ്ക്കുള്ള മറുപടിയാണ് സി പി എം ഇപ്പോള്‍ പറയുന്നതെന്നും വേണു പറഞ്ഞു. വി.എസിനെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്ന് സരോജിനി ബാലാനന്ദന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനം വി.എസിനെതിരായ വിചാരണയാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു. വി.എസ് പാര്‍ട്ടി വിട്ടാലും കുറ്റം പറയാനാകില്ല. വി.എസ് ഇല്ലാത്ത സിപിഎമ്മിന് പ്രസക്തിയില്ലെന്നും സരോജിനി ബാലാനന്ദന്‍ പ്രതികരിച്ചു. 90 വയസ്സായ സഖാവിനെ പിള്ളേര്‍ വിമര്‍ശിക്കുന്നത് എങ്ങനെ നേതാക്കള്‍ കേട്ടിരുന്നു എന്നും ഒരു ചാനലിന്റെ ചോദ്യത്തിന് മറുപടിയായി അവര്‍ ചോദിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍