UPDATES

ട്രെന്‍ഡിങ്ങ്

വി എസ് എന്ന സിപിഎമ്മിന്റെ കരുതല്‍ധനം

വി എസിനെതിരേ കടുത്ത നടപടി പ്രതീക്ഷിച്ചവര്‍ നിരാശരായെങ്കിലും പാര്‍ട്ടി നല്‍കിയ താക്കീത് വി എസ് ചോദിച്ചു വാങ്ങിയതാണ്

കെ എ ആന്റണി

കെ എ ആന്റണി

ദേര്‍ ഈസ് ബിഗ് മണി ഇന്‍ കമ്മ്യൂണിസ്റ്റ് ബാഷിങ് എന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ മാധ്യമവും തങ്ങളുടെ രീതിയില്‍ ഇന്നും കമ്മ്യൂണിസ്റ്റ് ബാഷിങ് തുടരുന്നു. ഇരുമ്പു മറയ്ക്കു പിന്നില്‍ എന്ത് നടക്കുന്നുവെന്നു കണ്ടെത്താനും അതു വെളിയില്‍ പറഞ്ഞു കയ്യടി നേടാനും മാധ്യമങ്ങള്‍ നടത്തുന്ന ഈ ശ്രമം സോവിയറ്റ് യൂണിയന്റെ രൂപീകരണ കാലം മുതല്‍ തുടങ്ങിയതാണ്. സാഹിത്യ രംഗത്തും ഉണ്ടായി ഇതിന്റെ അനുരണനങ്ങള്‍. ജോര്‍ജ് ഓര്‍വെല്ലും മിലന്‍ കുന്ദേരയും ഒക്കെ തങ്ങളുടെ സാഹിത്യ രചനക്ക് വിഷയമാക്കിയതും പ്രധാനമായും കമ്മ്യൂണിസ്റ്റ് വിമര്‍ശനമായിരുന്നു. സോവിയറ്റ് യൂണിയന്റെ രൂപീകരണ കാലത്ത് ആരംഭിച്ച ആ പ്രവര്‍ത്തി ഇന്നും അവിരാമം തുടരുന്നു. കേരളത്തില്‍ സിപിഎം രഹസ്യങ്ങള്‍ ചോര്‍ത്താനും അവ പരസ്യമാക്കാനും മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തെയും ഇങ്ങനെ തന്നെ കാണേണ്ടതായയുണ്ട്.

ഒളിവിലും വെളിച്ചത്തും പ്രവര്‍ത്തിച്ചു വളര്‍ന്നുവന്ന ഒന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. നിരോധനത്തെ അതിജീവിച്ചു 1957ല്‍ ആ പ്രസ്ഥാനം കേരളത്തില്‍ അധികാരത്തില്‍ വന്നതു ലോക രാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിച്ചു. ആ സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള തന്ത്രങ്ങളില്‍ ഒന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ ചമയ്ക്കല്‍ ആയിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മുഖ്യ ലക്ഷ്യം കൂടുതല്‍ അംഗബലമുള്ള സിപിഎം ആയി എന്നതു തികച്ചും സ്വാഭാവികം.

സിപിഎം കേരള ഘടകത്തിലെ വിഭാഗീയത സംബന്ധിച്ചായാലും വി എസ് വിഷയത്തില്‍ ആയാലും മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രതയെ ഇതിന്റെ വെളിച്ചത്തില്‍ തന്നെ കാണേണ്ടതായുണ്ട്. വേലിക്കകത്തു ശങ്കരന്‍ അച്യുതാനന്ദന്‍ വേലിക്കകത്തോ പുറത്തോ എന്ന് അവര്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തിനു പിന്നിലും ഇരുമ്പു മറയ്ക്കു പിന്നിലെ രഹസ്യം തോണ്ടിയെടുത്തു പുറത്തു കൊണ്ടുവരുന്നതിന് ഒപ്പം സിപിഎമ്മിനു പ്രഹരം ഏല്‍പ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നു കാണാതിരുന്നുകൂടാ. ചുരുക്കി പറഞ്ഞാല്‍ വി എസ്സിനെ സംരക്ഷിക്കലല്ല, മറിച്ചു സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ ആക്കാന്‍ ലഭിച്ച അവസരം വൃത്തിയായും കൃത്യമായും ഉപയോഗപ്പെടുത്തുക കൂടിയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തങ്ങളെ അടിക്കാനുള്ള വടി ഇട്ടുകൊടുക്കുന്നതു സിപിഎം തന്നെയാണ്. മാധ്യമങ്ങള്‍ ആ വടി ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം.

പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച വിഷയത്തിലായാലും മറ്റേതു വിഷയത്തിലായാലും അടിക്കാനുള്ള വടി എടുത്തു കൊടുക്കുന്നവരുടെ കൂട്ടത്തില്‍ പാര്‍ട്ടിയുടെ ഇന്നു ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവ് കൂടിയായ വി എസ് ഉണ്ടെന്നതാണ് ഏറെ കൗതുകകരമായ ഒരു കാര്യം.

നിരന്തരമായി നടത്തിയ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് ഏറ്റവും ഒടുവിലായി സിപിഎം കേന്ദ്ര കമ്മിറ്റി ഇന്നലെ വി എസ്സിനെ താക്കീതു ചെയ്തത്. വി എസ് കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രായവും പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളും മാനിച്ചാണ് ശിക്ഷയില്‍ ഇളവ് വരുത്തിയത് എന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ യാഥാര്‍ഥ്യം ഇതു മാത്രമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വി എസ്സിന് നല്‍കുന്ന കടുത്ത ശിക്ഷ കേരളത്തില്‍ പാര്‍ട്ടിയെ എത്രമാത്രം പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ കൂടിയാണ് ഇതെന്നതു പകല്‍ പോലെ വ്യക്തമാണ്.

സത്യത്തില്‍ വി എസ്സിനെതിരെ കടുത്ത നടപടി പ്രതീക്ഷിച്ച ഏവരെയും നിരാശപ്പെടുത്തുന്ന ഒന്നായി ഇന്നലത്തെ കേന്ദ്ര കമ്മിറ്റി തീരുമാനം. മാത്രമല്ല വി എസ്സിന് തെല്ലൊരു നേട്ടവും ഉണ്ടായി. ഇനി മുതല്‍ കേന്ദ്ര കമ്മിറ്റി കൂടാതെ സംസ്ഥാന കമ്മിറ്റയിലും വി എസ്സിന് പങ്കെടുക്കാം. ഇങ്ങനെ പറയുമ്പോഴും തനിക്കെതിരെയുള്ള ശിക്ഷ വി എസ് ചോദിച്ചു വാങ്ങിയതാണ് എന്നു പറയേണ്ടതുണ്ട്. സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോകുക വഴി വി എസ് കടുത്ത അച്ചടക്ക ലംഘനം തന്നെയാണ് നടത്തിയത്. അതിനു വി എസ് നല്‍കുന്ന വിശദീകരണം സാധാരണ ജനത്തിന് ശരിയെന്നു തോന്നിയേക്കാം. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വി എസ് ചെയ്തത് ഉത്തരവാദിത്തമുള്ള ഒരു നേതാവ് പോയിട്ട് പ്രവര്‍ത്തകന്‍ പോലും ചെയ്യാന്‍ പാടില്ലാത്തതാണ്.

എന്നിട്ടും കടുത്ത ശിക്ഷ നല്‍കാതെ വി എസ്സിനെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തുക വഴി സീതാറാം യെച്ചൂരിയും കൂട്ടരും ഒരു കാര്യം അടിവരയിട്ടു പ്രഖ്യാപിച്ചു കഴിഞ്ഞു. അതായതു സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വി എസ് എന്നും ഒരു കരുതല്‍ ധനം ആണെന്ന്.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍