UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു ദുരന്തമാണ്; കണ്ണൂരിലെ പാര്‍ട്ടി ഒരു പരിഹാസവും

ചിരിക്കുന്ന പിണറായിയാണ് കോടിയേരി. പക്ഷേ പിണറായിയേക്കാള്‍ തന്ത്രശാലി. പിണറായിയേക്കാള്‍ ബുദ്ധിമാന്‍ (മണ്ടനായി അഭിനയിക്കുമെങ്കിലും). എന്നിട്ടും കോടിയേരിയ്ക്ക് ആദ്യ ചാട്ടം തന്നെ പിഴച്ചു. ഇരുന്നൂറു പേജ് നോട്ട്ബുക്കില്‍ കുനുകുനെ എഴുതിക്കൊണ്ടുവന്ന വി എസ്സിനെതിരെയുള്ള പ്രമേയത്തിലാണ് ഇപ്പോള്‍ വഴിവാണിഭക്കാര്‍ കടലപൊതിഞ്ഞു കൊടുക്കുന്നത്. മാത്രമല്ല, പുല്ലുവിലയുള്ള ഈ ”വച്ചുപൊറുപ്പിയ്ക്കില്ല” എന്ന ശാസനയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയും കോടിയേരിയും, മിക്കവാറും ശാസനയേറ്റുവാങ്ങാനും സാധ്യതയുണ്ട്.

എന്താണ് കോടിയേരിയെ ഇത്രയേറെ പ്രകോപിപ്പിച്ചത്? പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി  നടന്ന ‘ഓപ്പറേഷന്‍ വി എസ്’ – സംസ്ഥാന സമ്മേളനത്തിന് മുമ്പ് പിണറായി വിജയന്‍ പത്രക്കാരുടെ മുന്നില്‍ വായിച്ച പ്രമേയത്തേക്കാള്‍ കടുത്ത ഭാഷയില്‍ പ്രമേയം പാസാക്കാന്‍ കോടിയേരിയെ പ്രേരിപ്പിച്ചത് എന്തായിരുന്നു? എന്തുകൊണ്ടാണ് കോടിയേരിയുടെ പ്രമേയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസന്നവദനായ വി എസ് ചാനലുകാരെ നോക്കി ”നിങ്ങള്‍ ആ മൈക്കു കൊണ്ട്  എന്റെ മുഖത്ത് കുത്തരുത്” എന്ന് സരസമായി പറഞ്ഞിട്ട് കാറില്‍ കയറിപ്പോയത്? എന്തുകൊണ്ടാണ് പിണറായിയുടെ പഴയ പാണന്‍മാരും പിന്നെ ആരുടെ പാണനാണ് താനെന്നറിയാതെ ഉഴലുന്ന എം എം ലോറന്‍സും ചാനല്‍ചര്‍ച്ചകളില്‍ ഉറഞ്ഞുതുള്ളിയിട്ടും വി എസ് പ്രതികരിക്കാതിരുന്നത്?

കക്കാനും കൊള്ളയടിക്കാനും ചാണ്ടിക്കും കൂട്ടുകള്ളന്‍മാര്‍ക്കും ഇനി ഒരു കൊല്ലം കൂടിയുണ്ട്.  അതിനിടയ്ക്ക് മന്ത്രിസഭ മറിച്ചിടാനാണ് വി എസിന്റെ നീക്കം. കാണിക്കാവുന്ന സകല കൊള്ളരുതായ്മയും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും കാട്ടിയിട്ടും തന്നെ പുറത്താക്കാന്‍ പാര്‍ട്ടിയ്ക്ക് ഉള്‍ക്കരുത്തില്ല എന്ന് വി എസ് കരുതുന്നു. അങ്ങനെ കരുതുന്നതിന് ന്യായമുണ്ട്. വി എസ്സിനെ മാറ്റി നിര്‍ത്തിയാല്‍ കമ്മ്യൂണിസ്റ്റുകാരല്ലാത്ത ആള്‍ക്കാരുടെ ഇടയില്‍ വേരോട്ടമുള്ള എത്ര നേതാക്കളാണ് കേരളത്തില്‍ തെക്കു മുതല്‍ വടക്കുവരെ വേരോട്ടമുള്ള ഈ പാര്‍ട്ടിയില്‍ ഉള്ളത്? അതുകൊണ്ടാണല്ലോ, 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ്സിന്റെ ചോരയ്ക്കുവേണ്ടി വാദിച്ചവര്‍ പോലും  വി എസ്സിന്റെ ഫ്‌ളക്‌സ് അടിച്ചു വോട്ടു ചോദിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പും അടുത്തുനില്‍ക്കെ തന്നെ പിരിച്ചുവിടാന്‍ പാര്‍ട്ടിയ്ക്കാവില്ല എന്ന് വി എസ്സിന് നല്ല പോലെ അറിയാം. (പതിനഞ്ച് കൊല്ലം കൊണ്ട് പാര്‍ട്ടിയെ ഏകശിലാരൂപത്തിലാക്കിയ  പിണറായി വിജയനു കഴിയാത്തതാണോ രണ്ടു വെള്ളിയാഴ്ച കൊണ്ട് കോടിയേരി നടപ്പിലാക്കാന്‍ പോകുന്നത്?)

2011 ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി തല്ലിച്ചതച്ച വി എസ് സട കുടഞ്ഞെണീറ്റു. ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസില്‍ ജയിലിലാക്കിയും റൗഫിന്റെ മൊഴിയിന്‍മേല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അന്വേഷണത്തിന് ഉത്തരവിട്ടും വി എസ് പ്രതിപക്ഷത്തിനെ വിറപ്പിച്ചു. ഭരണതുടര്‍ച്ച വരുത്താനുള്ള വി എസിന്റെ നീക്കങ്ങള്‍ ശക്തി നേടിയ ദിവസങ്ങളായിരുന്നു അത്.  എല്ലാ ഇടതുപക്ഷസ്ഥാനാര്‍ത്ഥികള്‍ക്കും – വി എസ്സിനെതിരെ കടന്നാക്രമണം നടത്തിയ മാര്‍ക്‌സിസ്റ്റ് നേതാക്കളടക്കം – മണ്ഡലത്തില്‍ പ്രസംഗിക്കാന്‍ വി എസ് വേണമെന്നായി. എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന ഒരു തോന്നല്‍ കേരളത്തില്‍ പരക്കെ ഉണ്ടായി. അങ്ങനെയുണ്ടായാല്‍ തീര്‍ച്ചയായും വി എസ് വീണ്ടും മുഖ്യമന്ത്രിയാകും. ഇപ്രാവശ്യം പിണറായിയുടെ വിരട്ടല്‍ പൂര്‍ണ്ണമായും തള്ളിക്കളയാനും വി എസ്സിന് പദ്ധതിയുണ്ടായിരുന്നു. കാത്തിരുന്നു കൊത്തുന്നയാളാണ് വി എസ് എന്നറിയാമായിരുന്ന പിണറായി പക്ഷം മൂക്കുമുറിച്ചു ശകുനം മുടക്കാന്‍ തീരുമാനമെടുത്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നുറപ്പുള്ള അഞ്ചാറുമണ്ഡലങ്ങളില്‍ പിണറായിയും കൂട്ടരും എല്‍ ഡി എഫിന്റെ പരാജയം ഉറപ്പാക്കി. അങ്ങനെയാണ് കപ്പിനും ചുണ്ടിനുമിടയ്ക്ക് വി എസിന് രണ്ടാമത്തെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. വെറും രണ്ടു സീറ്റിന്.

പിന്നീടുള്ള നാലുവര്‍ഷം വി എസ്സിനു പീഢനകാലമായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും എല്ലാ മീറ്റിംഗിലും വി എസിനെ വിമര്‍ശിക്കുക എന്നത് അജണ്ടയിലെ ഈശ്വര പ്രാര്‍ത്ഥനയ്ക്കു പകരമുള്ള ഐറ്റമായി മാറി. ഓരോ സമ്മേളനം കഴിയുമ്പോഴും ”ഇതാ വി എസ് തെറിച്ചു” എന്ന് പാണന്‍മാര്‍ നാടാകെ പാടിനടന്നു. പിണറായി വിജയനോട് ഏറ്റവും വിധേയത്വമുള്ള മാര്‍ക്‌സിസ്റ്റ്, വാസ്തവത്തില്‍ പ്രകാശ് കാരാട്ടായിരുന്നു. ജയലളിതയുമായി ചങ്ങാത്തത്തിനു പോയതും ജയലളിത പടിയടച്ച് പുറത്താക്കിയതും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നുമൊക്കെയുള്ള ആ പഴയ ജെ എന്‍ യു എസ് എഫ് ഐക്കാരന്റെ മലര്‍പ്പൊടി സ്വപ്നങ്ങള്‍ ബംഗാള്‍ ഘടകം പണ്ടേ തള്ളിക്കളഞ്ഞിരുന്നു. പിന്നെ, ആകെയുള്ള ആശ്രയം പിണറായി. അങ്ങനെയാണ് പിണറായി യജമാനനും കാരാട്ട് തൊമ്മിയുമായത്. അതിന്റെ നൈരന്തര്യമായിരുന്നു, എസ് ആര്‍ പിയിലൂടെ പിണറായി സ്വപ്നം കണ്ടത്. അതു തകര്‍ന്നതോടെ (അതു തകര്‍ത്തതില്‍ 92 വയസ്സായ വി എസിനും പങ്കുണ്ടെന്നാണ് വാര്‍ത്ത) വി എസിന് വീണ്ടും ജീവന്‍ വച്ചു.

അതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, പുതിയ ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് പണ്ടുതൊട്ടേ വി എസ്സിനോട് പ്രത്യേക ബഹുമാനമുണ്ട്. വി എസ്സിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ പല നീക്കങ്ങളും പി ബിയില്‍ യെച്ചൂരിയുടെ ഇടപെടല്‍ മൂലം തണുത്തുപോയിട്ടുണ്ടത്രെ! ആ യെച്ചൂരിയാണ് പുതിയ ജനറല്‍ സെക്രട്ടറി. യെച്ചൂരിക്കെതിരെ എസ് ആര്‍ പി എന്ന ശുദ്ധകോമാളിയെ എഴുന്നള്ളിച്ചത് പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകമായിരുന്നു. കേരളഘടകത്തിന്റെ നീക്കത്തിനെതിരെ യെച്ചൂരിക്ക് അഡ്വാന്‍സ് നമോവാകം നേര്‍ന്നയാളാണ് വി എസ്. രണ്ട്, വിശാഖപട്ടണം കോണ്‍ഗ്രസ്സില്‍ ജനതാദളും ആര്‍ എസ് പിയും ഇടതുമുന്നണിയില്‍ നിന്നു വിട്ടുപോയത്  കേരളത്തില്‍ മുന്നണിയ്ക്ക് ക്ഷീണമുണ്ടായിട്ടുണ്ടെന്നും ഇടത് അടിത്തറ വിപുലപ്പെടുത്തണമെന്നും  നിര്‍ദ്ദേശിക്കപ്പെട്ടു.

പിണറായി ചവിട്ടിപുറത്താക്കിയ ജനതാദളിനേയും ആര്‍ എസ് പിയേയും ഇടതുമുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് വി എസ് ശ്രമിക്കുന്നത്. എം പി വീരേന്ദ്രകുമാറിന്റെ ജനതാദളിനേയും ഇടതുപക്ഷത്തെ ഏറ്റവും മികച്ച പോരാളികളില്‍ ഒരാളായ പ്രേമചന്ദ്രന്‍ ഉള്‍പ്പെടുന്ന ആര്‍ എസ് പിയേയും തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് ഇടതുമുന്നണിയുടെ വിപുലീകരണത്തേക്കാളേറെ വലതുമുന്നണിയുടെ ശിഥിലീകരണത്തിന് വഴിവയ്ക്കും. മൂന്നംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുന്ന യു ഡി എഫില്‍ നിന്ന് ആര്‍ എസ് പിയും ജനതാദളും പുറത്തുപോയാല്‍ മന്ത്രിസഭ വീഴും. നിയമസഭ തിരഞ്ഞെടുപ്പ് നേരത്തേയാക്കേണ്ടിവരും. വി എസ്സിന്റെ കണക്കുകൂട്ടല്‍ അതായിരുന്നു. പിണറായി പുറന്തള്ളിയവരെ തിരിച്ചുകൊണ്ടുവന്ന് യു ഡി എഫ് മന്ത്രിസഭ മറിച്ചിട്ടാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റ് അതിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വി എസിനു കിട്ടും. ആ ക്രെഡിറ്റിന്റെ കെയര്‍ ഓഫില്‍ പ്രതിപക്ഷനേതാവായ വി എസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അങ്ങനെ വന്നാല്‍ മത്സരം എല്‍ ഡി എഫ് ജയിക്കും. അപ്പോള്‍ ആരാകും മുഖ്യമന്ത്രി? ന്യായമായും നറുക്ക് വി എസിനു തന്നെ. കാരണം, കഴിഞ്ഞ നാലുവര്‍ഷം ഇടതുമുന്നണി വിചാരിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയുടെ ഭരണം  അട്ടിമറിച്ച നേതാവാണ് വി എസ്.

വി എസ്സാണ് യെച്ചൂരിയോട് പ്രത്യേകം ആവശ്യപ്പെട്ട് വീരേന്ദ്രകുമാറും പ്രേമചന്ദ്രനുമായി ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. മാത്രമല്ല, വി എസ്സും വീരേന്ദ്രകുമാറുമായി പ്രത്യേക ചര്‍ച്ചയും നടന്നു. ദേശീയതലത്തില്‍ ജനതാ പാര്‍ട്ടികള്‍ ഒന്നാകാന്‍ ഉള്ള ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍, ആര്‍ എസ് പിയുടെ ചന്ദ്രചൂഢന്‍ യു ഡി എഫിനെ കടന്നാക്രമിച്ച പശ്ചാത്തലത്തില്‍, കാര്യങ്ങള്‍ വി എസ് ആഗ്രഹിച്ചതുപോലെ നീങ്ങുകയായിരുന്നു.

വി എസ്സിന്റെ സ്വപ്നങ്ങള്‍ പക്ഷെ, തകര്‍ത്തത് കോടിയേരിയുടെ സ്വപ്നങ്ങളെയായിരുന്നു. കാരണം കോടിയേരിയുടെ കണക്കുകൂട്ടലുകള്‍ വേറെയായിരുന്നു. യു ഡി എഫിന്റെ ഭരണം ഒരു കൊല്ലം കൂടി കഴിഞ്ഞാല്‍ സാധാരണ നിലയില്‍ ഉണ്ടാകുന്ന നിയമസഭ തിരഞ്ഞെടുപ്പ് മാത്രമായിരിക്കും 2016ലേത്. വി എസ്സിന്റെ നേതൃത്വത്തില്‍ യു ഡി എഫ് ഭരണം അട്ടിമറിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വി എസ്സിനു കിട്ടുന്ന ഒരു മേല്‍ക്കൈ സാധാരണഗതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് കിട്ടില്ല. അങ്ങനെയായാല്‍ 92 വയസ്സായ വി എസ്സിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കോടിയേരിക്ക് വലിയ പ്രയാസമുണ്ടാകില്ല. അതോടെ ഒരു തടസ്സം ഒഴിവായിക്കിട്ടും. മറ്റേ തടസ്സം പിണറായിയാണ്. പാണന്‍മാര്‍  പിണറായിയാണ് അടുത്ത മുഖ്യമന്ത്രി എന്ന പാട്ടുകള്‍ ഇപ്പോഴേ പാടിത്തുടങ്ങി. അത്, ഒരര്‍ത്ഥത്തില്‍ നല്ലതാണ്. ഒരു വര്‍ഷം കൊണ്ട് പാണന്‍മാരുടെ തൊണ്ട കഴയ്ക്കും. ശബ്ദം ഇടറും. എതിര്‍ ശബ്ദത്തിനു പറ്റിയ സമയം അതാണ്. അതിനു സമയം വേണം. മാത്രമല്ല, ഒരു വര്‍ഷം കൊണ്ട് പാണന്മാരെക്കൊണ്ട് പേരുമാറ്റി പുതിയ പാട്ട് പഴയ ഈണത്തില്‍ തന്നെ പാടിയ്ക്കാനും കഴിയും. പാണന്‍മാര്‍ എന്നും അങ്ങനെയാണ്. അവര്‍ക്കവരുടെ പാണക്കലയാണ് വലുത്. പാടുമ്പോള്‍ കിട്ടുന്ന അരിയും പണവുമാണ് വലുത്. ആരേക്കുറിച്ചു പാടുന്നു എന്നത് അത്രയ്ക്ക് പ്രധാനപ്പെട്ടതല്ല.

കോടിയേരിയുടെ സ്വപ്നത്തില്‍ ഒരു കോടതിവിധിയെക്കുറിച്ചുള്ള ആകാംക്ഷയുമുണ്ട്. ലാവ്‌ലിന്‍ കേസില്‍, വളരെ വിചിത്രമായ രീതിയില്‍, പ്രതിയായ പിണറായി വിജയനെതിരെയുള്ള കുറ്റപത്രം  റദ്ദാക്കിയ നടപടിയ്‌ക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് അതിന്മേല്‍ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിധി പിണറായിക്കെതിരായാല്‍ അതോടെ പിണറായിയെ കോടിയേരി കുളിപ്പിച്ചുകിടത്താനും പുതയ്ക്കാനുമുള്ള ചെങ്കൊടി എപ്പോഴേ തയ്യാറാക്കി വച്ചിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് രണ്ട് മുന്തിയ നേതാക്കള്‍ വേണ്ട. ഒരു കാട്ടില്‍ രണ്ട് സിംഹരാജാക്കന്‍മാര്‍ എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്.

വി എസ്സും പിണറായിയും ഒഴിഞ്ഞുപോകാന്‍ ഈ സാഹചര്യത്തില്‍ ഏറ്റവും വേണ്ടത് സമയമാണ്. ഒരു വര്‍ഷം. അതാണ് വി എസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കൊടിയേരിക്ക് ദേഷ്യമുണ്ടാകാന്‍ കാരണമിതാണ്. ആര്‍ക്കാണെങ്കിലും ദേഷ്യമുണ്ടാകും.

ആ ദേഷ്യത്തോടെയാണ് കോടിയേരി ആര്‍ എസ് പി യെ കടന്നാക്രമിച്ചത്. വി എസ്സും യെച്ചൂരിയും കൂടെ നട്ട വിത്ത് മുളപൊട്ടുന്നതിനു മുമ്പേ നുള്ളിക്കളയാന്‍. പക്ഷെ, വി എസ്. അതിനെ എതിര്‍ത്തു. കോടിയേരി പഴയ സെക്രട്ടറിയുടെ വഴിയേയാണെന്നു പറഞ്ഞു. സ്വയം പുതിയ വഴി ഉണ്ടാക്കി പഴയ സെക്രട്ടറിയുടെ വഴി ശത്രുസംഹാരപൂജയിലെ പൂകൊണ്ടുമൂടാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ് താന്‍ പിണറായിയുടെ വഴിയിലൂടെ യാത്രചെയ്യുകയാണെന്ന് പറഞ്ഞ് പിണറായിയെ തന്റെ നേതാവാക്കാനുള്ള ശ്രമം.

പിന്നെ, ആകെ ചെയ്യാന്‍ കഴിയുന്നത് കോടിയേരി ചെയ്തു. പ്രമേയം പാസ്സാക്കി. അത് പത്രക്കാര്‍ക്ക് വിതരണം ചെയ്തു. (പാര്‍ട്ടിയില്‍ ഇരുമ്പുമറയാണെന്ന് ഇനിയാരും പറയില്ലല്ലോ.)

പക്ഷെ, ക്രോധം മനുഷ്യനെ അന്ധനാക്കുന്നു. അതുതന്നെയാണ് കോടിയേരിക്ക് പറ്റിയതും.  200 പേജ് നോട്ടുബുക്കില്‍ വി എസ് ജനിച്ചതുമുതലുള്ള ചരിത്രമെഴുതി. ഓരോ വരിയിലും വി എസ് വിരുദ്ധത പ്രകടിപ്പിച്ചു. തൊട്ടാല്‍ പൊട്ടുന്ന ആറ്റംബോംബാക്കി മാറ്റി. വിധിവൈപരീധ്യം എന്നല്ലാതെ എന്തു പറയാന്‍? ആ ബോംബാണ് ഇഴപിരിച്ച് കടലപൊതിഞ്ഞ് കൊടുക്കുന്നത്.

സാമാന്യയുക്തിയ്ക്കു നിരക്കാത്തചില ചോദ്യങ്ങള്‍ കോടിയേരിയുടെ പ്രവര്‍ത്തി ഉയര്‍ത്തുന്നു.

വി എസ്സിനെതിരായ പ്രമേയം പാസ്സാക്കിയ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി എസ് ഉണ്ടായിരുന്നോ? കമ്മിറ്റിയില്‍ അംഗമല്ലാത്ത ഒരാള്‍ യോഗത്തിന് പുറത്തുള്ള ആളല്ലേ? വി എസ്സിന്റെ വാദം കേള്‍ക്കാതെ വി എസിനെതിരെ പ്രമേയം പാസ്സാക്കുന്നത് Administrative Lawയുടെ അടിസ്ഥാന പ്രമാണമായ Principle of Natural Justiceന്റെ ലംഘനമല്ലേ? സ്വാഭാവിക നീതി പ്രകടമായി നിഷേധിച്ച ഒരു തീരുമാനത്തിന് ജനാധിപത്യവ്യവസ്ഥയില്‍ എന്തു സ്ഥാനമാണുള്ളത്? നിലവില്‍ വി എസ് പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആ ഘടകത്തില്‍ ആയിരുന്നില്ലേ, വി എസ്സിനും കൂടി സ്വന്തം ഭാഗം വിശദീകരിയ്ക്കാനുള്ള അവസരം നല്‍കിയശേഷം, വി.എസ്സിനെതിരായ പ്രമേയം പാസ്സാക്കേണ്ടിയിരുന്നത്? വി എസ് പ്രതിപക്ഷ നേതാവാണ്. പക്ഷെ, പാര്‍ട്ടിയില്‍ അദ്ദേഹം ഏത് ഘടകത്തിലാണ്? പത്രവാര്‍ത്തയനുസരിച്ച് വി എസ് കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. അപ്പോള്‍ വി എസിനെതിരെയുള്ള പ്രമേയം  അവതരിപ്പിക്കേണ്ടത് കേന്ദ്രകമ്മിറ്റിയില്‍ വച്ചായിരുന്നില്ലേ? ഇങ്ങനെയാണെങ്കില്‍, നാളെ കേരള സെക്രട്ടേറിയറ്റ് മാണിക് സര്‍ക്കാരിനെതിരേയും ബുദ്ധദേവിനെതിരെയും പ്രമേയം പാസാക്കുമല്ലോ?

ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ ചോദ്യമാണ്. ‘പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്ത’വരുടെ ചോദ്യങ്ങള്‍. ഒരു രൂപയ്‌ക്കോ രണ്ടു രൂപയ്‌ക്കോ മറ്റോ ചിന്ത പബ്ലിഷിംഗ് കമ്പനി  അച്ചടിച്ചു വില്‍ക്കുന്ന സാധനം തന്നെയല്ലേ കോടിയേരി സഖാവേ, നിങ്ങളുടെ ഭരണഘടന? സഖാക്കള്‍ക്ക് എത്രപേര്‍ക്ക് അതൊക്കെ വായിച്ചാല്‍ മനസ്സിലാകും എന്നറിയില്ല. പക്ഷെ, എഴുത്തും വായനയും അറിയാവുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളേ അതിലുള്ളു. അതിലെവിടെയാണ് കോടിയേരി സഖാവെ, ഇത്തരം സാമാന്യനീതിയുടെ ലംഘനം നടത്താന്‍ പറഞ്ഞിട്ടുള്ളത്?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വാസ്തവത്തില്‍ വി എസ് എന്ത് അപരാധമാണ് ഇത്തവണ കാട്ടിയത്? പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് വച്ചെടുത്ത തീരുമാനത്തിനനുസൃതമായി ജനതാദളും ആര്‍ എസ് പിയുമായി രാഷ്ട്രീയം സംസാരിച്ചതോ? ഇക്കാര്യത്തില്‍ കേന്ദ്രതലത്തില്‍ യെച്ചൂരിയുടെ കൂടെ ഇടപെടല്‍ ആവശ്യപ്പെട്ടതോ? കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ഈ നീക്കങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആര്‍ എസ് പിയെ കടന്നാക്രമിച്ച കോടിയേരിയുടെ നീക്കത്തിനെതിരെ സംസാരിച്ചതോ? കേരളം കണ്ട എക്കാലത്തെയും അഴിമതിക്കാരനായ, കമ്മ്യൂണിസം തൊട്ടുതീണ്ടിയിട്ടില്ലാത്ത, എളമരം കരീമിനെതിരെ മലബാര്‍ സിമന്റ്‌സ് കേസിലെ 164 സ്റ്റേറ്റ്‌മെന്റില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് പറഞ്ഞതോ? (ബാര്‍കോഴക്കേസില്‍ ബിജുരമേശിന്റെ 164 സ്റ്റേറ്റ്‌മെന്റിന്റെ വെളിച്ചത്തില്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടത് ഇതേ വി എസ്സാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരുന്നു.) വാസ്തവത്തില്‍ വി എസ് പറഞ്ഞത് ഏത് കമ്മ്യൂണിസ്റ്റുകാരനും പറയേണ്ടതല്ലേ? ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും ചക്കിട്ടപ്പാറ ഖനനാനുമതിക്കേസിലും എളമരം കരീമിന് പങ്കുണ്ടെന്ന് സാധാരണ ജനങ്ങള്‍ (പിണറായി വിജയന്റെ കുഴലൂത്തുകാരല്ല) വിശ്വസിക്കുന്നു. പക്ഷെ, വി എസ് അന്വേഷണം ആവശ്യപ്പെട്ടത് തെറ്റാണെന്നാണ് കോടിയേരിയുടെ പ്രമേയം പറയുന്നത്.

എന്നാല്‍, ഇതിനിടയ്ക്ക് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഇ പി ജയരാജന്‍ ഒരു പ്രസ്താവന നടത്തി. മുസ്ലിംലീഗുമായുള്ള ചങ്ങാത്തം. മുസ്ലിംലീഗ് അത് പുച്ഛിച്ചുതള്ളി എന്നത് വേറെ കാര്യം. പക്ഷെ, ജയരാജന്‍ പറഞ്ഞത് ശരിയായില്ല എന്ന ഒരു പരാമര്‍ശം മാത്രമേ കോടിയേരിയുടെ പ്രമേയത്തിലുള്ളു. ജയരാജനെ താക്കീതുപോലും ചെയ്യാത്തതും  കരീമിനെ സംരക്ഷിച്ചതും കോടിയേരിയുടെ അതിബുദ്ധിയാണ്. പ്രമേയം മുഴുവനായും പിണറായി വിജയന്റെ ഇംഗിതത്തിനനുസരിച്ച് എന്ന് കരുതിക്കൊള്ളും.

വാല്‍ക്കഷണം: ബര്‍ലിന്‍ കുഞ്ഞനന്തന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് തിരിച്ചുകിട്ടി. പത്തുവര്‍ഷത്തിനുശേഷം. നാറാത്ത് ഏരിയാ കമ്മിറ്റിയില്‍ നിന്നും പത്തുകൊല്ലത്തിനുമുമ്പാണ് ഈ അന്താരാഷ്ട്ര സഖാവിനെ പുറത്താക്കിയത്. പുറത്താക്കിയ ഈ സഖാവിന്റെ വീട്ടിലേക്ക് പോകരുതെന്നായിരുന്നു വി എസ്സിനെ പാര്‍ട്ടി വിലക്കിയത്. വിലക്കു ലംഘിച്ചതിനാണ് സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും വി എസ്സിനെ നിര്‍ത്തിപ്പൊരിച്ചത്. ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുണ്ടായിരുന്ന കുഞ്ഞനന്തന്‍ അവിടെ എന്തായിരുന്നുവെന്ന് പണ്ട് നായനാര്‍ സരസമായി പറഞ്ഞിട്ടുണ്ട്. ചില കത്തുകളും മറ്റും രഹസ്യമായി പാര്‍ട്ടി പറയുന്നിടത്ത് എത്തിച്ചുകൊടുക്കുന്ന പണി. കടുത്ത പിണറായി വിരുദ്ധനായിരുന്ന കുഞ്ഞനന്തന്‍ ഇക്കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തിലെ വി എസ്സിന്റെ  സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തെ കടുത്ത ഭാഷയിലാണ് എതിര്‍ത്തത്. കുഞ്ഞനന്തന്റെ മനംമാറ്റത്തിന് കാരണമെന്താണെന്ന് അന്ന് മനസ്സിലായില്ല. ഇപ്പോള്‍ മനസ്സിലായി. പാര്‍ട്ടി മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ കുഞ്ഞനന്തന്‍ ഒരു വര്‍ഷം മുമ്പ് കൊടുത്തിരുന്നു. ഒരു വര്‍ഷം കുഞ്ഞനന്തന്‍ നല്ല നടപ്പിലായിരുന്നു. നല്ല നടപ്പെന്നാല്‍, പിണറായിയെ വിമര്‍ശിക്കാതിരിക്കുക; വി എസിനെ  വിമര്‍ശിക്കുക എന്നൊക്കെയാണ് പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. മെമ്പര്‍ഷിപ്പു തിരിച്ചുകിട്ടിയത് പ്രമാണിച്ച് കുഞ്ഞനന്തന്‍ പിണറായിയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് പറഞ്ഞുകഴിഞ്ഞു. (ഉപകാരസ്മരണ). വി എസ് കാട്ടിയത് തെറ്റാണെന്നും, വി എസ് രാഷ്ട്രീയം നിര്‍ത്തി ജീവിതകഥ എഴുതണമെന്നും ഉപദേശിക്കുകയും ചെയ്തു. വി എസ്സിന്റെ സ്ഥാനത്ത് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റായ താന്‍ എത്തിക്കഴിഞ്ഞു. ഇനി വി എസ്സിനു വിശ്രമിക്കാം.

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു ദുരന്തമാണ്; കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു പരിഹാസവും. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍