UPDATES

വായന/സംസ്കാരം

എന്‍ പ്രഭാകരന്റെ ‘തീയൂര്‍ രേഖകള്‍’ നാടകം കാണുന്നതിന് സിപിഎം വിലക്ക്

ആവിഷ്ക്കാര സ്വാതന്ത്ര്യം വേണമെന്ന് ആവര്‍ത്തിച്ചു പറയുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു നിലപാട് എടുക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് എന്‍ പ്രഭാകരന്‍

കോഴിക്കോട് പുറമേരിയില്‍ നാടകം കാണുന്നതില്‍ നിന്ന് പ്രവര്‍ത്തകരെ വിലക്കിക്കൊണ്ട് സിപിഎം ഏരിയാ കമ്മിറ്റിയുടെ സര്‍ക്കുലര്‍. അന്തരിച്ച മുന്‍ സിപിഎം- ഡിവൈഎഫ്‌ഐ – എസ്എഫ്‌ഐ നേതാവും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെഎസ് ബിമലിന്റെ ഓര്‍മ്മയ്ക്കായി എടച്ചേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക ഗ്രാമത്തിന്റെ ധനശേഖരണാര്‍ത്ഥം ഫെബ്രുവരി 18, 19 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന  നാടകം കാണുന്നതില്‍ നിന്നാണ് പ്രവര്‍ത്തകരെ സിപിഎം വിലക്കിയത്. എന്‍ പ്രഭാകരന്റെ ‘തീയൂര്‍ രേഖകള്‍’ എന്ന നോവലിനെ ആധാരമാക്കി നരിപ്പറ്റ രാജുവാണ് നാടകം സംവിധാനം ചെയ്തത്.

ഏരിയ കമ്മിറ്റി സര്‍ക്കുലറിലാണ് നാടക വിലക്ക് വ്യക്തമാക്കുന്നത്. കെഎസ് ബിമലിന്റെ പേരില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടികളില്‍ പാര്‍ട്ടി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു എന്നാണ് സര്‍ക്കുലറിലുള്ളത്. പുറമേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന നാടകം അടക്കമുള്ള പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കെഎസ് ബിമലിന്റെ പേരിലുള്ള പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നത്. ഫോണ്‍ വഴിയും നേതാക്കള്‍ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരനെ വധിച്ച ശേഷം സിപിഎം നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയും ടിപി അനുസ്മരണ പരിപാടി സംഘടിപ്പിച്ചും ബിമല്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‌റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന കെഎസ് ബിമല്‍ സിപിഎമ്മിന്റെ എടച്ചേരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ടിപി വധത്തെ തുടര്‍ന്നാണ് ബിമല്‍ പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായും അകന്നത്.

അതേ സമയം നാടക പ്രവര്‍ത്തനത്തെയും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളെയും ഇത്തരത്തില്‍ തടയുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് എഴുത്തുകാരന്‍ എന്‍ പ്രഭാകരന്‍ അഴിമുഖത്തോട് പറഞ്ഞു. ‘ഇങ്ങനെ ഒരു നീക്കം ഉണ്ട് എന്ന് കേട്ടിരുന്നു. പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതില്‍ നിന്നു അത് ബോധ്യപ്പെടുന്നുണ്ട്, ഇപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത വരികയും ചെയ്തിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും അങ്ങനെയെന്തൊ നടന്നിട്ടുണ്ട് എന്നു വിശ്വസിക്കാവുന്നതാണ്.   ഇന്നലെ 700 ല്‍ കുറവ് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയിരത്തില്‍ അധികം ആളുകള്‍ക്ക് ഇരിക്കാനുള്ള സൌകര്യം അവിടെ ഉണ്ടായിരുന്നു. ടിക്കറ്റും വിറ്റു പോയതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. നാടകപ്രവര്‍ത്തനത്തിനെയും കലാസാംസ്കാരിക പ്രവര്‍ത്തനത്തിനെയും ഇങ്ങനെ തടയുന്നതിന് ഒരു ന്യായീകരണവുമില്ല. ഈ നാടകം സമകാലിക രാഷ്ട്രീയ സംഭവങ്ങളെ എന്തെങ്കിലും പക്ഷം പിടിക്കുന്ന ഒന്നല്ല. ഇത് ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട ഒരു നോവലിന്റെ നാടകാവിഷ്കാരമാണ്. അത് കേരളീയ സമൂഹത്തിന്റെ 100 വര്‍ഷകാലത്തെ സാമൂഹ്യമാറ്റങ്ങളെയും ആശയരംഗത്തെ  മാറ്റങ്ങളുടെയും ചരിത്രം സൂചിപ്പിക്കുന്ന ഒരു നാടകമാണ്. അങ്ങനെയൊരു നാടകത്തിന്റെ രംഗാവിഷ്കാരം ഉണ്ടാവുന്നത് ഒരു തരത്തിലും തടയേണ്ട കാര്യമില്ല. എന്തു ഭീതിയുടെ അടിസ്ഥാനത്തിലാണ് ഇത് തടയുന്നത് എന്നു എനിക്കു മനസിലാവുന്നില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം വേണമെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു പറയുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു നിലപാട് എടുക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇതിനെപ്പറ്റി ഇങ്ങനെ ചെയ്തവരുടെ ഭാഗത്ത് നിന്നു ഒരു പുനരാലോചന ഉടന്‍ ഉണ്ടാകണം. അവര്‍ അതിനു തയ്യാറാവുമെന്ന് ആഗ്രഹിക്കുന്നു.’

എന്‍ പ്രഭാകരന്റെ നോവലിനെ ആധാരമാക്കി നരിപ്പറ്റ രാജു സംവിധാനം ചെയ്ത തീയൂര്‍ രേഖകള്‍ തൃശ്ശൂര്‍ ചേര്‍പ്പ് നാടകപ്പുരയാണ് അവതരിപ്പിച്ചത്. നാടകത്തിന്റെ രണ്ടാം പ്രദര്‍ശനം ഇന്ന് വൈകുന്നേരം 7.30നു പുറമേരി ഹൈസ്കൂള്‍ മൈതാനത്ത് നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍