UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.പി.ഐ പറയുന്നതിലും കാര്യമുണ്ട്; സി.പി.എം പറയാത്തതിലും

Avatar

വിനോദ് കുമാര്‍

ഇടതുപക്ഷ രാഷ്ട്രീയത്തിലെ നിലപാടുയുദ്ധത്തിന് കച്ചമുറുകുന്നത് ‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് ആഘോഷിക്കുന്ന സിപിഎം’ എന്ന മുന്നറിയിപ്പുമായി സിപിഐ രംഗത്തു വരുന്നതോടെയാണ്. മുന്നണിക്കുള്ളിലെ തിരുത്തല്‍ രാഷ്ട്രീയമായിരുന്നു സിപിഐയുടെ ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍ നിന്നും ഇടതുപക്ഷം തുടച്ചുമാറ്റപ്പെട്ടുപോയേക്കാവുന്നൊരു കാലത്തിന്റെ സാമിപ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള തിരുത്തല്‍. 

 

കാലാകാലങ്ങളായി സിപിഎം എന്ന വല്യേട്ടന്‍ നടത്തിവന്നിരുന്ന താന്തോന്നിത്തരങ്ങളെ സഹിച്ചു ജീവിക്കുകയായിരുന്നു സിപിഐ. തെരഞ്ഞെടുപ്പ് തോല്‍വികളടക്കം അതിന്റെ ഫലങ്ങളും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്നവര്‍ യാത്രപോലും പറയാതെ പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. സിപിഎം എന്ന പാര്‍ട്ടിയല്ല, അതിന്റെ ഏതാനും നേതാക്കള്‍മാത്രമാണ് എല്ലാത്തിനും കാരമെന്നും സിപി ഐക്ക് അറിയാമായിരുന്നു. മുന്നണി ബന്ധങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല, രാഷ്ട്രീമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിലും വീഴ്ച്ച വരുത്തുന്ന സിപിഎമ്മിനെയാണ് സിപിഐക്ക് സഹിക്കേണ്ടിയിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിറപൂണ്ടു നിന്ന സമയത്തൊക്കെ അവര്‍ക്ക് പുതയ്ക്കാന്‍ കമ്പളിപ്പുതപ്പ് ഇട്ടുകൊടുക്കുകായിരുന്നു സിപിഎം നേതാക്കള്‍. ചരിത്ര വിജയമാകേണ്ടിയിരുന്ന സോളാര്‍ സമരത്തെപ്പോലും നാണക്കേടിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചിട്ടതിനും സിപിഎം അല്ലാതെ മറ്റാരും കുറ്റക്കാരല്ലെന്ന് സിപിഐ പറയുന്നതും ഇതുകൊണ്ട് തന്നെ.

മുഖ്യമന്ത്രിയുടെ രാജിവേണ്ട, അന്വേഷണം മതിയെന്ന കോടിയേരിയുടെ ഒറ്റപ്രസ്താവനയാണ് ഉമ്മന്‍ ചാണ്ടി ആയുധമാക്കിയത്. യുഡിഎഫ് സര്‍ക്കാരിനെ അടിക്കാന്‍ കിട്ടിയ ഒരവസരം പോലും ഇക്കാലത്തിനിടയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇടതുമുന്നണിക്കായിട്ടില്ല. അതേസമയം സര്‍ക്കാരിനെതിരെ സിപിഎം സമരപ്രഖ്യാപനം നടത്തുകയും അതിനൊപ്പം നില്‍ക്കാന്‍ സിപിഐയെ അവര്‍ നിര്‍ബന്ധിക്കുകയും ഒടുവില്‍ ഈ സമരങ്ങള്‍ സിപിഎം തന്നെ പരാജയപ്പെടുത്തുകയും ചെയുമ്പോള്‍ നാണക്കേടിന്റെ പങ്കുപറ്റാതിരിക്കാന്‍ സിപി ഐക്ക് കഴിയാതെയും വന്നു. ഇനി അത്തരം നാണക്കേടുകള്‍ സഹിക്കേണ്ടതില്ലെന്ന പ്രഖ്യാപനമാണ് അട്ടിപ്പാടിയിലെ ആദിവാസി സമരം രണ്ടായി പിരിഞ്ഞ് നടത്താന്‍ തീരുമാനിക്കുന്നതിലെത്തിയത്. വിജയിച്ചാല്‍ ക്രെഡിറ്റ് ഒറ്റയ്‌ക്കെടുക്കുകയും, സ്വന്തം നിലപാടുകള്‍കൊണ്ട് പരാജയപ്പെട്ടാല്‍ അതിന്റെ കുറ്റം തങ്ങളുടെ തലയിലും കൂടി വച്ചുതരുന്ന സിപിഎം തന്ത്രത്തിന് തടയിടലാണ് സിപിഐ അട്ടപ്പാടിയില്‍ തൊട്ട് തുടങ്ങിയിരിക്കുന്നത്. നിങ്ങളുടെ തോന്ന്യാസങ്ങള്‍ക്ക് ഇനി ഞങ്ങള്‍ നിന്നുതരില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടെയതായ സ്വത്വവും നിലപാടുകളുമുണ്ടെന്ന് വ്യക്തമാക്കി, സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരെ ശക്തമായ യുദ്ധപ്രഖ്യാനമായി അട്ടപ്പാടി സമരത്തത്തിലെ ആ വേര്‍പിരിയല്‍ കണാവുന്നതാണ്. എടുത്തുപറേയണ്ട ഒരുകാര്യം, ഇത്തരത്തില്‍ വിഭിന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോഴും വാചോടാപം നടത്താന്‍ സിപി ഐ ശ്രമിക്കാറില്ലെന്നതാണ്. മിതമായി സംസാരിക്കാനാണ് സിപിഐ നേതാക്കന്മാര്‍ എപ്പോഴും ശ്രമിക്കാറുളളത്. കഴിഞ്ഞ ദിവസം പന്ന്യന്‍ രവീന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനംപോലും അതിനുദാഹരണമാണ്. എന്നാല്‍ മറുഭാഗത്തെ സ്ഥിതിയതല്ല. ശബ്ദതാരവലിയില്‍ ഇല്ലാത്ത പദങ്ങള്‍ സൃഷ്ടിച്ചാണ് ചില സിപിഎം നേതാക്കള്‍ സംസാരിക്കുന്നത്. കൂട്ടത്തില്‍ നിന്നവരെ ശത്രുക്കളാക്കാനും തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുമൊക്കെയാണ് ഇവര്‍ വാ തുറക്കുന്നതെന്നുതോന്നും.

മാണി വിഷയത്തില്‍ നിജസ്ഥിതി അറിഞ്ഞിട്ട് പ്രതികരിക്കാനാണ് സിപിഎം കാക്കുന്നതെന്ന് കഴിഞ്ഞദിവസം ഒരു സിപിഎം ബുദ്ധിജീവി ചാനലില്‍ പറയുന്നതുകേട്ടു. കേരളരാഷ്ട്രീയ ചരിത്രത്തില്‍ അതൊരു പുതിയ അറിവാണ്. ഒരു നേതാവിനെതിരെ അഴിമതിയരോപണം ഉയര്‍ന്നാല്‍, അതിന്റെ നിജസ്ഥിതി അറിഞ്ഞിട്ട് പ്രതിഷേധം നടത്തിയാല്‍ മതിയെന്ന് ഇതിനുമുമ്പ് ഏതു പാര്‍ട്ടിയാണ് തീരുമാനിച്ചിട്ടുള്ളത്? സിപിഎം അങ്ങനെയാണോ ഇതുവരെ സമരങ്ങള്‍ നടത്തിവന്നത്? കാള പെറ്റെന്നു കേള്‍ക്കാന്‍പ്പോലും നില്‍ക്കാതെ കയറിനായി ഓടുന്നവരാണ് ഏതുകാലത്തും രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഇപ്പോള്‍മാത്രം ആ പതിവ് തെറ്റിക്കാന്‍ സിപിഎമ്മിന് ബോധോദയം ഉണ്ടായെങ്കില്‍ അവരുടെ നല്ല മനസല്ല, അതിലെ കള്ളത്തരമാണ് കാണേണ്ടത്. ഒന്നുകില്‍ ബാര്‍ കോഴയില്‍ സിപിഎമ്മിനും പലതും മറയ്ക്കാനുണ്ട്, അല്ലെങ്കില്‍ മാണിയെ അവര്‍ക്ക് ആവശ്യമുണ്ട്.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലെയും യുഡിഎഫിലെയും രാഷ്ട്രീയസാഹചര്യങ്ങള്‍ മാറിമറിയുമെന്നുറപ്പാണ്. ഇതിന്‍പ്രകാരം കനത്ത നഷ്ടം സംഭവിക്കാന്‍ പോകുന്നത് എല്‍ഡിഎഫിന് തന്നെയായിരിക്കും. യുഡിഎഫ് ഈ കളിയില്‍ സ്ട്രാറ്റജിക്കായി എല്‍ഡിഎഫിനെ നേരിടുകയാണ്. അവര്‍ക്ക് കൃത്യമായ ഗെയിം പ്ലാനുണ്ട്. ഇടതുപക്ഷത്തിനാകട്ടെ, വിശിഷ്യ സിപിഎമ്മിനാകട്ടെ അതെക്കുറിച്ച് ഇതുവരെ ഒരുപിടിയും കിട്ടിയിട്ടില്ലതാനും. ശെല്‍വരാജിനെ കൊണ്ടുപോയതും ആര്‍എസിപിയെ കൂടെക്കൂട്ടിയതുമെല്ലാം യുഡിഎഫിന്റെ തന്ത്രങ്ങള്‍ തന്നെയാണ്. ഇതൊന്നും മുന്‍കൂട്ടി കാണാനോ തടയിടാനോ സിപിഎമ്മിന് കഴിഞ്ഞില്ലെന്നു വരുന്നത്, ആ പാര്‍ട്ടി എത്രദുര്‍ബലമായി തീര്‍ന്നിരിക്കുന്നുവെന്നതിന് തെളിവാണ്. എല്‍ഡിഎഫിലെ നേതാക്കളെയും പാര്‍ട്ടികളെയും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവര്‍ വലതുപക്ഷത്തുണ്ട്. അവരിനിയും ചരടുവലികള്‍ നടത്തും. അതും വിജയിച്ചാല്‍ ഇടതുപക്ഷത്തിന്റെ കൂടുതല്‍ വേരുകളറ്റുപോകും. എന്നിട്ടും സിപിഎമ്മിന് ധാര്‍ഷ്ട്യമാണ്. പോകുന്നവര്‍ പോകട്ടെയെന്നാണവര്‍ പറയുന്നത്. ഘടക കക്ഷികളെ സംരക്ഷിക്കാനോ അവരെ ഗൗരവത്തിലെടുക്കാനോ ഇപ്പോഴും സിപിഎം തയ്യാറാകുന്നില്ല. ഇതിന്റെ പരിണിതഫലങ്ങളെല്ലാം അനുഭവച്ച് കഴിഞ്ഞുകൂടുകയായിരുന്നു സിപിഐ.

വെളിയം ഭാര്‍ഗവന്റെയോ സി കെ ചന്ദ്രപ്പന്റെയോ വ്യക്തിപ്രഭാവവും നേതൃത്വപാടവവും ഇല്ലാത്ത നേതാവാണ് പന്ന്യന്‍ രവീന്ദ്രനെന്ന് പറയാം. എന്നാല്‍ പന്ന്യന് സ്‌കോര്‍ ചെയ്യാന്‍ കിട്ടിയ അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. സിപിഎമ്മിനെതിരെ തന്റെ മുന്‍ഗാമികള്‍ക്കുപോലും ചെയ്യാന്‍ കഴിയാത്തതാണ് പന്ന്യന്‍ തുടങ്ങിവച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ സ്വത്വം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഇടതുപക്ഷത്തെ ശിഥിലമാക്കുന്ന സിപിഎം അന്തഃഛിദ്രം കണ്ടുനില്‍ക്കാനേ ഇതുവരെ മറ്റുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ, അല്ലെങ്കില്‍ അതിനെ അവരെ അനുവദിച്ചിരുന്നുള്ളൂ. തങ്ങളെ തിരുത്താന്‍ ആരും വരണ്ടെന്നാണ് സിപിഎം ചെറുപാര്‍ട്ടികള്‍ക്ക് തിട്ടൂരം നല്‍കിയിരുന്നത്. ഇനിയുമിങ്ങിനെ അടിമയാകാന്‍ തങ്ങളില്ലെന്നും നിങ്ങള്‍ സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ക്കതിന് ശ്രമിക്കേണ്ടി വരുമെന്നും പന്ന്യന്‍ പറഞ്ഞു കഴിഞ്ഞു. സ്വയം വിമര്‍ശനങ്ങളാണ് നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞാലും കരടെടുക്കുന്നത് സിപിഎമ്മിന്റെ കണ്ണിലെ തന്നെയാണ്.

സിപിഎമ്മിനെ സംബന്ധിച്ച് (സിപിഎം എന്നു പറയുമ്പോള്‍ അതിന്റെ തലപ്പത്തിരിക്കുന്ന ഏതാനും നേതാക്കള്‍ എന്നുമാത്രം വിവക്ഷ) സിപിഐക്കാള്‍ ഒരു പണത്തൂക്കം താല്‍പര്യം കേരള കോണ്‍ഗ്രസ് എമ്മിനോട് തോന്നിപ്പോയിട്ടുണ്ട്. തികഞ്ഞ രാഷ്ട്രീയലക്ഷ്യം തന്നെയാണതിന്റെ പിന്നില്‍. കൂടിവന്നാല്‍, കൊല്ലവും ആലപ്പുഴയും പിടിച്ചെടുക്കാന്‍ മാത്രം സിപിഐയുടെ സഹായം വേണ്ടി വരുന്നിടത്ത് മാണിയെ ഒപ്പം നിര്‍ത്തിയാല്‍ മധ്യതിരുവിതാംകൂര്‍ ബല്‍റ്റ് മുഴുവനായി കയ്യിലെടുക്കാം. ഈ ചിന്തയാണ് എകെജി സെന്ററിലിരിക്കുന്ന ചില ബുദ്ധിമാന്മാര്‍ക്ക്. കേരള കോണ്‍ഗ്രസ് ആണോ സിപിഐ ആണോ തങ്ങള്‍ക്ക് ലാഭമെന്ന് അവര്‍ ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും പാലയിലേക്ക് തന്നെയാകും കണ്ണുപോകുന്നത്. എന്നാല്‍ ഈ മോഹം നുള്ളിക്കളയാന്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ആളുണ്ടായതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. വിഎസ് ഉള്ളിടത്തോളം കാലം മാണിക്ക് ഇടതുമുന്നണിയിലേക്ക് വരാന്‍ കഴിയില്ല. ഇനിയിപ്പോള്‍ അത് കൂടുതല്‍ ബുദ്ധിമുട്ടാകും. നേരത്തെ സിപിഎമ്മുകാര് തന്നെ പറഞ്ഞിരുന്ന മാണിയുടെ സംശുദ്ധരാഷ്ട്രീയത്തിന്റെ അടപ്പ് തെറിച്ചിരിക്കുന്നു. പാലായിലെ മാണിക്യത്തിന്റെ തിളക്കം പോയി. എത്ര കഴുകിയെടുത്താലും അഴിമതിയുടെ കറ മാണിയുടെ വെള്ളക്കുപ്പായത്തില്‍ കാണാം. ഇത് വി എസ്സിന് കൂടുതല്‍ അവേശം പകരും, പോരാത്തതിന് ഡല്‍ഹിയില്‍ യെച്ചൂരി സഖാവും ബംഗാളിലെ ഒരുവിഭാഗവും ശക്തിപ്രാപിച്ചു വരുന്നുണ്ട്. അവരുടെ പിന്തുണയെന്തായാലും അച്യുതാനന്ദന് തന്നെയായിരിക്കും. ഈ സഹാചര്യങ്ങളെയൊക്കെയാണ് സിപിഐയും ഉപയോഗിക്കുന്നത്. മാണിയെ എന്തുവിലകൊടുത്തും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരില്ലെന്ന് പറയാന്‍ തക്ക ആര്‍ജ്ജവം സിപി ഐ കാണിക്കുന്നത് ഇതൊക്കെ മുന്നില്‍ കണ്ടുകൂടിയാണ്. 

എന്തായാലും ഇപ്പോഴുണ്ടായിരിക്കുന്ന പൊട്ടിത്തെറികള്‍ രാഷ്ട്രീയ മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് സിപിഐക്കു തന്നെയാണ്. പന്ന്യന്റെ വാര്‍ത്താസമ്മേളനം ഒരുപിരിധിവരെ സിപിഐയയുടെ നിലപാടുകള്‍ക്ക് ജനപിന്തുണ നേടിക്കൊടുക്കുമെന്ന് കരുതാം. പികെവിയെപ്പോലൊരു നേതാവിനെവരെ അപമാനിച്ചുകൊണ്ടാണ് പിണറായി വിജയന്‍ സിപിഐയെ കടന്നാക്രമിച്ചത്. പികെവിയെ വെരുമൊരു രാഷ്ട്രീയ നേതാവായിട്ടല്ല കേരളം കാണുന്നത്. സത്യസന്ധനും സൗമ്യനുമായ ഒരു വ്യക്തിയെ ആക്ഷേപിച്ചാല്‍ അത് ജനം അംഗീകരിക്കില്ല. തന്റെ സഹപ്രവര്‍ത്തകരായിരുന്നവരെപ്പോലും കടുത്തവാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന പതിവ് ഇവിടെയും പിണറായി കാണിച്ചുവെന്നതാണ് ശരി. എന്നാല്‍ ആ പരാമര്‍ശത്തെ വൈകാരികമായി തന്നെ നേരിടാന്‍ സിപിഐ സെക്രട്ടറിക്ക് കഴിഞ്ഞത് അവരില്‍ ജനങ്ങളുടെ മതിപ്പ് ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വാസ്തവത്തില്‍ പിണറായി സിപിഐക്കെതിരെ നടത്തിയ ഓരോ ആക്ഷേപങ്ങളും സിപിഎമ്മിനെ തന്നെ തിരിഞ്ഞുകൊത്തുന്നവയാണ്. തെരുവ് പ്രസംഗമെന്ന് പിണറായി കളിയാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്നെയാണ്. ഈ നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത് തെരുവില്‍ പ്രസംഗിച്ചും ബക്കറ്റ് പിരിവു നടത്തിയുമാണ്. കോര്‍പ്പറേറ്റ് കൊത്തളങ്ങളിലിരുന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നിലനില്‍പ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് ആ ചരിത്രം ഓര്‍മ്മയില്ലാതെ പോവുന്നതായിരിക്കാം.സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുനരുജ്ജീവനം ഇപ്പോഴും ജനം സ്വപ്‌നം കാണുന്നുണ്ടെന്നതാണ് വാസ്തവം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നില്‍ നിന്നു നയിക്കുന്ന സമരങ്ങളെ ആവേശപൂര്‍വം ഏറ്റെടുക്കാനും ജനങ്ങള്‍ തയ്യാറാണ്. പക്ഷേ അതിനൊന്നും ശ്രമിക്കാതെ ജന്മികളായി വാഴാനാണ് സിപിഎമ്മിന് താല്‍പര്യം. ഈ സുഖലോലുപതയും ജനവിരുദ്ധ നിലപാടുകളെയുമാണ് സിപിഐ എതിര്‍ക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും. അതോടൊപ്പം, സ്വന്തം കൂട്ടത്തിലെ ചില പുഴുക്കുത്തുകളെ പുറത്തുകളയാനും സി.പി.ഐ തയാറാകണം. 

ഇടതുപക്ഷം യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് മറ്റൊരു തരത്തില്‍ കൂടി ഈ കാലത്ത് ആവശ്യമായിരിക്കുകയാണ്. മോദി തരംഗം കേരളത്തില്‍ ശക്തിപ്രാപിക്കുന്നുണ്ടെന്നത് സത്യമാണ്. ഇടതുപക്ഷത്തുനിന്നും വലതുപക്ഷത്തു നിന്നും യുവാക്കള്‍ ബിജെപിയിലേക്കും സംഘ്പരിവാറിലേക്കും കൊഴിഞ്ഞുപോകുന്നുണ്ട്. കേരളത്തില്‍ പലയിടങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ പുനരുജ്ജീവിപ്പിച്ച് കൊണ്ടുവരുന്നുണ്ട്. ഈയവസരത്തില്‍ മതേതരപാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ മുന്നറിയിപ്പുപോലും കാര്യമാക്കാതെ ദിവാസ്വപ്‌നങ്ങളും കണ്ട് ചാഞ്ഞുകിടക്കുന്ന വിഡ്ഢി കാരണവരെപ്പോലെ സിപിഎം പെരുമാറിയാല്‍ അവരെ രക്ഷിക്കാന്‍ സിപിഐയൊന്നും പോരാതെ വരും.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍ )

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍